4 ഭാ​ഗം 1 ആരോഹണം

വിശ്വാസ കീർത്തനം


XIV. ചില വ്യക്തികൾക്ക് യേശു നൽകിയ ഏറ്റവും മഹത്തരവും വിരളവുമായ "വലിയ വിശ്വാസം!' എന്ന സ്തുതിവചനം ഗ്രഹിക്കാനും അതിനർഹനാകുവാനും ഞാനെത്ര ആഗ്രഹിക്കുന്നുവെന്നോ! ചില വ്യക്തികൾക്ക് യേശു നൽകിയ ഏറ്റവും ആവൃത്തിയുള്ളതും ഏറ്റവും ഗൗരവതരവുമായ "അല്പവിശ്വാസം!' എന്ന ശകാരം ഗ്രഹിക്കാനും അതൊഴിവാക്കാനും ഞാനെത്ര ആശിക്കുന്നുവെന്നോ! പഴയ നിയമത്തിലെയും അതിലേറെ പുതിയ നിയമത്തിലെയും ദൈവത്തിന്റെ വീരപുരുഷന്മാരുടെ മഹത് ശ്രേണികൾ നമ്മുടെ വിശ്വാസത്തിന്റെ ചൈതന്യത്തോടും പ്രവർത്തനങ്ങളോടും കൂടെ, അപ്പസ്തോലനോടൊപ്പം വിശ്വാസഗീതം ആലപിച്ചുകൊണ്ടും അപ്രകാരം ഉപവിയുടെ ഗീതം ആലപിക്കാൻ കൂടുതൽ പ്രാപ്തനായിക്കൊണ്ടും തുടരാൻ ഞാനെത്ര ആഗ്രഹിക്കുന്നുവെന്നോ.

XV. "വിശ്വാസം മൂലം ആബേൽ കായേലിന്റേതിനെക്കാൾ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമർപ്പിച്ചു. അതിനാൽ, അവൻ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവൻ സമർപ്പിച്ച കാഴ്ചകളെക്കുറിച്ച് ദൈവം തന്നെ സാക്ഷ്യം നൽകി. അവൻ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസം മൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവൻ കാണപ്പെട്ടുമില്ല. അപ്രകാരം എടുക്കപ്പെടുന്നതിനുമുമ്പ് താൻ ദൈവത്തെ പ്രസാദിപ്പിച്ചുവെന്ന് അവന് സാക്ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല.''

XVI. "വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാത്തവയെപ്പറ്റി ദൈവം മുന്നറിയിപ്പു കൊടുത്തപ്പോൾ തന്റെ വീട്ടുകാരുടെ രക്ഷയ്ക്കു വേണ്ടി ഭയഭക്തിയോടെ പെട്ടകം നിർമ്മിച്ചത്. ഇതുമൂലം, അവൻ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തിൽ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്തു. വിശ്വാസം മൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേയ്ക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ അനുസരിച്ചു. എവിടേയ്ക്കാണു പോകേണ്ടതെന്നറിയാതെ തന്നെയാണ് അവൻ പുറപ്പെട്ടത്.''

XVII. "വിശ്വാസത്തോടെ അവൻ വാഗ്ദത്തഭൂമിയിൽ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവൻ കൂടാരങ്ങളിൽ താമസിച്ചു. ദൈവം സംവിധാനം ചെയ്തതും നിർമ്മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവൻ പ്രതീക്ഷിച്ചിരുന്നു. അവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്. അവർ വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. എങ്കിലും ദൂരെ നിന്ന് അവയെ കണ്ട് അഭിവാദനം ചെയ്യുകയും തങ്ങൾ ഭൂമിയിൽ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു.''

XVIII. "വിശ്വാസം മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രഹാം ഇസഹാക്കിനെ സമർപ്പിച്ചത്. ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും അവൻ തന്റെ ഏകപുത്രനെ ബലിയർപ്പിക്കാൻ ഒരുങ്ങി. മരിച്ചവരിൽനിന്നും മനുഷ്യരെ ഉയിർപ്പിക്കാൻ പോലും ദൈവത്തിനു കഴിയുമെന്ന് അവൻ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാൽ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.''

XIX. "മോശ വളർന്നു വന്നപ്പോൾ, ഫറവോയുടെ മകളുടെ മകൻ എന്നു വിളിക്കപ്പെടുന്നത് വിശ്വാസം മൂലം അവൻ നിഷേധിച്ചു. പാപത്തിന്റെ നൈമിഷിക സുഖങ്ങൾ ആസ്വദിക്കുന്നതിനെക്കാൾ ദൈവജനത്തിന്റെ കഷ്ടപ്പാടുകളിൽ പങ്കുചേരുന്നതിനാണ് അവൻ ഇഷ്ടപ്പെട്ടത്. ക്രിസ്തുവിനെപ്രതി സഹിക്കുന്ന നിന്ദനങ്ങൾ ഈജിപ്തിലെ നിധികളെക്കാൾ വിലയേറിയ സമ്പത്തായി അവൻ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവൻ ദൃഷ്ടിപതിച്ചത്.''

XX. "രാജകോപം ഭയപ്പെടാതെ വിശ്വാസത്താൽ അവൻ ഈജിപ്തു വിട്ടു. അദൃശ്യനായവനെ ദർശിച്ചാലെന്ന പോലെ അവൻ സഹിച്ചു നിന്നു. ആദ്യജാതന്മാരെ കൊല്ലുന്നവൻ അവരെ സ്പർശിക്കാതിരിക്കുന്നതിന് വിശ്വാസത്താൽ അവൻ പെസഹാ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്തു. വിശ്വാസത്താൽ അവൻ വരണ്ട ഭൂമിയിലൂടെ എന്ന വിധം ചെങ്കടൽ കടന്നു. എന്നാൽ ഈജിപ്തുകാർ അപ്രകാരം ചെയ്യാൻ ശ്രമിച്ചപ്പോൾ കടൽ അവരെ വിഴുങ്ങി. വിശ്വാസത്തോടെ ഇസ്രായേൽ ജനം ജറീക്കോയുടെ കോട്ടകൾക്കുചുറ്റും ഏഴുദിവസം വലംവച്ചപ്പോൾ അവ ഇടിഞ്ഞുവീണു. ''

XXI. വിശുദ്ധർ "... വിശ്വാസത്തിലൂടെ രാജ്യങ്ങൾ പിടിച്ചടക്കി. നീതി നടപ്പാക്കി. വാഗ്ദാനങ്ങൾ സ്വീകരിച്ചു. സിംഹങ്ങളുടെ വായ്കൾ പൂട്ടി. അഗ്നിയുടെ ശക്തി കെടുത്തി. വാളിന്റെ വായ്ത്തലയിൽ നിന്നു രക്ഷപ്പെട്ടു. ബലഹീനതയിൽ നിന്നു ശക്തിയാർജ്ജിച്ചു. യുദ്ധത്തിൽ ശക്തന്മാരായി. വിദേശ സേനകളെ കീഴ്പ്പെടുത്തി.''

XXII. "മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാൻ വേണ്ടി പീഡയിൽ നിന്നു രക്ഷപ്പെടാൻ അവർ കൂട്ടാക്കിയില്ല. ചിലർ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു. ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലർ രണ്ടായി വെട്ടിമുറിക്കപ്പെട്ടു; ചിലർ വാളുകൊണ്ട് വധിക്കപ്പെട്ടു. ചിലർ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലുധരിച്ച് നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞുനടന്നു. അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവർ അലഞ്ഞു തിരിഞ്ഞു.''

XXIII. ലോകം മുഴുവനും മേലുള്ള നമ്മുടെയും വിജയമാണിത്. അജ്ഞതയുടെയും കാമവെറിയുടെയും ബലഹീനതയുടെയും ലോകം മുഴവന്റെയും മേലുള്ള നമ്മുടെ വിജയമാണിത്. ശാരീരികവും ധാർമ്മികവുമായ നമ്മുടെ എല്ലാ ക്ഷീണത്തിനും അസ്വസ്ഥതയ്ക്കും രോഗത്തിനും മീതെയുള്ള നമ്മുടെ വിജയമാണിത്. എല്ലാ പ്രലോഭനങ്ങൾക്കും വികാരങ്ങൾക്കും മായാദർശനങ്ങൾക്കും മേലുള്ള നമ്മുടെ വിജയമാണിത്. നമ്മുടെ സമ്പൂർണ്ണ സ്വത്വത്തിന്മേലുള്ള വിജയമാണിത്. അഥവാ കൂടുതൽ മെച്ചമായി പറഞ്ഞാൽ, നമ്മെയും ലോകം മുഴുവനെയും വിശുദ്ധീകരിക്കാൻ വേണ്ടിയുള്ള നമ്മിലുള്ള കർത്താവിന്റെ വിജയമാണിത്. "ഇതാണ് വിജയം ... നമ്മുടെ വിശ്വാസം.''

XXIV. വിശ്വാസത്തിന്റെ വിജയം ആത്മാവിലുളവാക്കുന്ന ഫലങ്ങൾ ഹോസിയായിലൂടെ കർത്താവ് പറയുന്നതിന്റെ പൂർത്തീകരണമാണ്: ""ഞാൻ അവളെ വശീകരിച്ച് വിജനപ്രദേശത്തേയ്ക്കു കൊണ്ടുവരും. അവളോടു ഞാൻ ഹൃദ്യമായി സംസാരിക്കും. അവിടെവച്ച് ഞാൻ അവൾക്ക് അവളുടെ മുന്തിരിത്തോട്ടങ്ങൾ നൽകും. ആഖേർ താഴ്വര ഞാൻ പ്രത്യാശയുടെ കവാടമാക്കും. അവളുടെ യുവത്വത്തിലെന്ന പോലെ, ഇൗജിപ്തിൽ നിന്ന് അവൾ പുറത്തുവന്നപ്പോഴെന്ന പോലെ, അവിടെ വച്ച് അവൾ എന്റെ വിളി കേൾക്കും. എന്നേയ്ക്കുമായി നിന്നെ ഞാൻ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാൻ സ്വീകരിക്കും. വിശ്വസ്തതയിൽ ഞാൻ നിന്നെ സ്വന്തമാക്കും. കർത്താവിനെ നീ അറിയും. കർത്താവ് അരുൾച്ചെയ്യുന്നു, അന്നു ഞാൻ ആകാശത്തിന് ഉത്തരമരുളും, ആകാശം ഭൂമിയ്ക്കും.''

XXV. നമ്മുടെ സഹജരിലുള്ള വിശ്വാസ വിജയത്തിന്റെ ഫലം ദൈവത്തിന്റെ വിശുദ്ധരായുള്ള അവരുടെ മാനസാന്തരമാണ്. ഇൗ മാനസാന്തരത്തിന്റെ ആദ്യ ഫലവും വിധവും പന്ത്രണ്ടുപേരെ എന്നവണ്ണം യേശുക്രിസ്തു, ഉത്ഥാനത്തിന്റെയും സ്വർഗ്ഗാരോഹണത്തിന്റെയും യേശു, വിളിക്കുകയും പരിശീലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്ത മറ്റൊരു അപ്പസ്തോലന്റെ വിളിയും പരിശീലനവും ദൗത്യവുമാണ്. ഒാ! ആ അപ്പസ്തോലൻ ഞങ്ങളിലും ഞങ്ങളിലൂടെ അസംഖ്യം സഹോദരങ്ങളിലും രൂപീകൃതരാകട്ടെ.

XXVI. "നമുക്കു ചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാൽ, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഇൗ ഒാട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഒാടിത്തീർക്കാം. നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഒാടാൻ. അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാകെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു.''


നേപ്പിൾസ്, പിയനൂര

ജൂലൈ 1, 1931 - ഏറ്റവും പരിശുദ്ധ തിരുരക്തത്തിന്റെ തിരുനാൾ

ദൈവവിളികളുടെ സന്യാസമൂഹത്തിന്റെ രൂപതാ തലത്തിലുള്ള കാനോനികാംഗീകാരത്തിന്റെ (മെയ് 27, 1927) 10 ാം വാർഷികത്തിൽ,

ദെവൂസ് കാരിത്താസ് വൊക്കേഷനറിയിൽ നിന്ന്

പരിശുദ്ധ ത്രിത്വത്തിന്റെ ഫാ. ജസ്റ്റിൻ എം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)