(139) ഭാ​ഗം 1: ആരോഹണം

133. നിശ

1188. രാത്രിയിലെ ഏഴാം ഭക്തഭ്യാസം "സ്വർഗ്ഗാരോഹണം'' എന്നാണറിയപ്പെടുന്നത്. ഇത് നിശാപ്രാർത്ഥനകളും അതോടൊപ്പം വി. യൗസേപ്പിന്റെ ലുത്തിനിയയും (വാചിക പ്രാർത്ഥന) പൊതുവും പ്രത്യേകവുമായ നമ്മുടെ ആത്മശോധനയും അതുപോലെത്തന്നെ അടുത്ത ദിവസത്തെ ധ്യാനത്തിനും ദിവ്യകാരുണ്യ സ്വീകരണത്തിനുമായുള്ള ഒരുക്കവും (മാനസിക പ്രാർത്ഥന) ഉൾപ്പെടുന്നു.

1189. ഈ ഭക്തഭ്യാസം നടക്കുന്നത് ദിവസത്തിന്റെ അന്ത്യത്തിലാണ്. ഒരു പള്ളിയിലോ കപ്പേളയിലോ പൊതു വിശ്രമമുറിയിലോ വച്ച് ഇതു നടത്താവുന്നതാണ്. ഏറ്റവും ഹ്രസ്വമായ ഭക്തഭ്യാസമാണിത്. നിശാപ്രാർത്ഥനയിൽ എപ്പോഴും മരണത്തിനുള്ള പ്രത്യക്ഷമായ ഒരുക്കവും പൂർണ്ണ മനഃസ്താപ പ്രകരണവുമുണ്ടായിരിക്കണം. അപ്രകാരം, ഇടയ്ക്കിടെ, പ്രത്യേകിച്ചും ഭൗതികമോ ധാർമികമോ ആയ എന്തെങ്കിലും വിപത്സന്ധിയുള്ളപ്പോൾ ഇതു നിർവ്വഹിക്കുന്നത് ഓരോരുത്തരും ശീലിക്കും. ഈ ഭക്തഭ്യാസം അവസാനിക്കുന്നത് സന്തോഷകരമായ ഒരു മരണത്തിനുള്ള നിയോഗത്തിനുവേണ്ടി വി. യൗസേപ്പിന്റെ ലുത്തിനിയ പ്രകടമായി ഉരുവിട്ടുകൊണ്ടാണ്.

1190. പൊതുവും പ്രത്യേകവുമായ ആത്മശോധന പതിനഞ്ചു മിനിറ്റിൽ കൂടുകയോ പത്തു മിനിറ്റിൽ കുറയുകയോ അരുത്. നിശാപ്രാർത്ഥനാ സമയത്ത്, ദിവസത്തിന്റെ മറ്റെല്ലാ ഭക്തകൃത്യങ്ങളുടെയും സമയത്തെന്ന പോലെ, കുമ്പസാരത്തിനു പോകാനാഗ്രഹിക്കുന്നവർക്കുവേണ്ടി കുമ്പസാരക്കാർ സംലഭ്യരാകും. എന്നിരുന്നാലും, ധ്യാനസമയത്ത് കുമ്പസാരിക്കുന്നത് വ്യക്തികൾ ശീലമാക്കുന്നത് അഭിലഷണീയമല്ല.

1191. ആത്മശോധന അവസാനിക്കുന്നത് മനഃസ്താപ പ്രകരണത്തോടും മരണത്തിനുള്ള ഒരുക്കത്തോടും കൂടിയാണ്. ഉടൻ തന്നെ, ഹ്രസ്വമായ ഒരു അനുശാസനം വഴിയായി അടുത്ത ദിവസം പ്രഭാതത്തിലെ ധ്യാനവിഷയം, അടുത്ത ദിവസത്തെ ദിവ്യബലിക്കും ദിവ്യകാരുണ്യസ്വീകരണത്തിനും ഒരുക്കമെന്ന നിലയിൽ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ചില വിചിന്തനങ്ങൾ സദാ കൂട്ടിച്ചേർത്തുകൊണ്ട്, പ്രഖ്യാപിക്കുന്നു. അതവസാനിക്കുന്നത് ആശീർവ്വാദത്തോടു കൂടിയാണ്. ഈ ആശീർവ്വാദവും അതുപോലെത്തന്നെ വിശുദ്ധജലം തളിക്കുന്നതും പ്രഭാതത്തിലെ സമാധാനാശംസയും വൈദിക-മേലധികാരി മാത്രമാണ് നല്കുന്നത്.

1192. താഴെക്കാണുന്ന പ്രാർത്ഥനയോടെയാണ് സമൂഹാശീർവ്വാദം നല്കുന്നത്: "അവിടുത്തെ സ്നേഹാഗ്നി കർത്താവ് നിങ്ങളുടെ ഹൃദയത്തിൽ ജ്വലിപ്പിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.'' ശിരസ്സിൽ കുരിശടയാളത്തോടും പെന്തക്കുസ്തയിലെ ആഴ്ചകളിലുടനീളം ക്രമമനുസരിച്ചു വരുന്ന, താഴെക്കാണുന്നവയിലൊന്നുകൊണ്ടും വ്യക്തികൾ ആശീർവ്വദിക്കപ്പെടുന്നു: (1) കർത്താവിന്റെ സന്തോഷത്തിലേക്കു പ്രവേശിക്കുക; (2) സ്നേഹിതാ മുന്നോട്ടു കയറിയിരിക്കുക; (3) അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കൽ വരുവിൻ; (4) ആഴത്തിലേക്കു നീക്കി വലയിറക്കുക; (5) ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്നിൽ നിന്നു പഠിക്കുക; (6) എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; (7) സകല സന്യസ്തരേ, കർത്താവിനെ സ്തുതിക്കുവിൻ. അതിനുശേഷം എല്ലാവരും നിശ്ശബ്ദമായി അവിടം വിട്ടു പോകുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)