(138) ഭാ​ഗം 1: ആരോഹണം

132. സൂര്യാസ്തമയം

1178. സൂര്യാസ്തമയത്തിനുള്ള ആറാമത്തെ ഭക്തഭ്യാസം "തിരുക്കുടുംബവുമായുള്ള ഐക്യം'' എന്നാണറിയപ്പെടുന്നത്. ജപമാല, പരിശുദ്ധ മാതാവിന്റെ ലുത്തിനിയ, ദിവ്യകാരുണ്യാശീർവ്വാദം (വാചിക പ്രാർത്ഥന), ആത്മീയോപദേശ സ്വീകരണത്തിനുവേണ്ടി നമ്മുടെ അനുദിന പ്രചോദനങ്ങളുടെ രേഖപ്പെടുത്തൽ (മാനസിക പ്രാർത്ഥന) എന്നിവ ഇതുൾക്കൊള്ളുന്നു.

1179. കുരിശുമണിയോടും അതിന്റെ പ്രത്യേക പ്രാർത്ഥനയോടും കൂടെയാണ് ഇതാരംഭിക്കുന്നത്. ജപമാലയെ സംബന്ധിച്ചിടത്തോളം, ഏറ്റവും ആഘോഷമായ തിരുനാളുകളിൽ, വി. ലൂയി ദെ മോൺഫോർട്ടിന്റെ രീതിയുടെ വിചിന്തനങ്ങളും നിയോഗങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള സുദീർഘമായ രീതി നാം ഉപയോഗിക്കും. ഓരോ ദശകത്തിനുമൊടുവിൽ ഓരോ ക്രിസ്തീയ രഹസ്യത്തിലും കാണപ്പെടുന്ന എളിമയെന്ന പുണ്യം സവിശേഷമായി നേടിയെടുക്കുന്നതിനായി "ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോ, മറിയം, യൗസേപ്പേ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടേതു പോലെയാക്കണമേ'' എന്നു പ്രാർത്ഥിക്കും. കാരണം, വ്യക്തിപരവും സാർവ്വത്രികവുമായ വിശുദ്ധീകരണത്തിന് എളിമ സർവ്വോപരി ആവശ്യമാണ്.

1180. സന്തോഷ രഹസ്യങ്ങൾ: (1) പരിശുദ്ധ കന്യാമറിയത്തോടുള്ള മാലാഖയുടെ അരുളപ്പാട്; (2) വി. എലിസബത്തിനുള്ള കന്യാമറിയത്തിന്റെ സന്ദർശനം; (3) ബെത്ലെഹെമിലെ പുൽത്തൊഴുത്തിലെ യേശുക്രിസ്തുവിന്റെ ജനനം; (4) ദേവാലയത്തിലെ കുഞ്ഞുയേശുവിന്റെ സമർപ്പണം; (5) ദേവാലയത്തിൽ ഉപാദ്ധ്യായന്മാരുടെയിടയിൽ ബാലനായ യേശുവിനെ കണ്ടെത്തിയത്.

1181. ദുഃഖരഹസ്യങ്ങൾ: (1) തോട്ടത്തിൽ വച്ചുള്ള യേശുവിന്റെ പ്രാണവേദന; (2) കൽത്തൂണിലെ യേശുവിന്റെ ചമ്മട്ടിയടി; (3) മുൾക്കിരീട ധാരണം; (4) കാൽവരിയിലേക്ക് കുരിശു ചുമക്കുന്നത്; (5) യേശുവിന്റെ കുരിശുമരണം.

1182. മഹത്വ രഹസ്യങ്ങൾ: (1) യേശുവിന്റെ പുനരുത്ഥാനം; (2) യേശുവിന്റെ സ്വർഗ്ഗാരോഹണം; (3) കന്യാമറിയത്തിന്റെയും അപ്പസ്തോലന്മാരുടെയും മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവസിച്ചത്; (4) കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണം; (5) കന്യാമറിയത്തിന്റെ കിരീടധാരണവും മാലാഖമാരുടെയും വിശുദ്ധരുടെയും മഹത്വവും.

1183. ദിവ്യകാരുണ്യാശീർവ്വാദത്തിന് എല്ലാ ആരാധനക്രമ ചട്ടങ്ങളും ഉത്സാഹപൂർവ്വം നാം പിന്തുടരണം. സാധാരണയായി, കുസ്തോദി ഉപയോഗിച്ചാണ് ദിവ്യകാരുണ്യാശീർവ്വാദം നല്കുന്നത്. അരുളിക്ക ഉപയോഗിച്ചുള്ള ആഘോഷപൂർവ്വമായ ആശീർവ്വാദം ക്രിസ്തുമസ്സിന്റെയും പെന്തക്കുസ്തയുടെയും നൊവേനകൾ, യേശുവിന്റെ തിരുശ്ശരീരത്തിരുനാളിന്റെ എട്ടാമിടം, വി. മിഖായേൽ, മംഗലവാർത്ത, വ്യാകുലമാതാവ്, സ്വർഗ്ഗാരോപണം എന്നീ തിരുനാളുകൾക്കുള്ള ഒരുക്കത്തിന്റെ ഏഴു ദിനങ്ങൾ എന്നിവയ്ക്കു മാത്രമായി മാറ്റിവച്ചിരിക്കുന്നു. നമ്മുടെ സമൂഹങ്ങളിലും ഇടവകകളിലും നിത്യാരാധന നടത്തുന്നത് സാധാരണയായി സക്രാരി അടച്ചിട്ടുകൊണ്ടാണ്, തിരുഹൃദയത്തിന്റെ ബഹുമാനാർത്ഥം ആദ്യവെള്ളിയും മേലധികാരികൾ അംഗീകരിച്ച ചുരുക്കം ചില വിശേഷാവസരങ്ങളിലും ഒഴികെ.

1184. സമൂഹമായി "നന്മ നിറഞ്ഞ മറിയമേ'' എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ അന്ത്യത്തിലുള്ള രണ്ട് നിറുത്തലുകൾക്കു പുറമെ രണ്ടെണ്ണം കൂടെ നാം ചേർക്കുന്നു, ഒന്ന് "കർത്താവ് നിന്നോടു കൂടെ'' എന്നു പറയുമ്പോഴും മറ്റൊന്ന് "പാപികൾ'' എന്ന വാക്കിനു ശേഷവും. അതുപോലെ, "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ "സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും അങ്ങയുടെ രാജ്യം വരണമേ'' എന്നു പറയുമ്പോഴും "ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ'' എന്നു പറയുമ്പോഴും നാം നിറുത്തുന്നു. "പരിശുദ്ധ രാജ്ഞീ'' ചൊല്ലുമ്പോൾ ഓരോ വാക്യത്തിനുശേഷവും നാം നിറുത്തുന്നു. ഓരോ ത്രിത്വസ്തുതിയിലും നാം ഭക്തിയോടെ കുമ്പിടുന്നു.

1185. പള്ളിയിലോ കപ്പേളയിലോ ആരംഭിക്കുകയും ലഭിച്ച നല്ല പ്രചോദനങ്ങളെക്കുറിച്ച് വിചിന്തനം ചെയ്തുകൊണ്ടും അന്നേദിവസം ലഭിച്ച എല്ലാ കൃപാവരങ്ങളെയും ഓരോ നല്ല ശാസനകളെയും മനഃസാക്ഷിക്കുത്തിനെയും ഓരോ ആന്തരിക ജ്ഞാനപ്രകാശത്തെയും അഥവാ ഉറപ്പിനെയും പ്രതിയും അതുപോലെത്തന്നെ ബാഹ്യമായ ഓരോ അനുഗ്രഹത്തെയും അഥവാ ദാനത്തെയും പ്രതിയും സ്തുതിയുടെയും കൃതജ്ഞതയുടെയും അനുതാപത്തിന്റെയും മാദ്ധ്യസ്ഥ്യത്തിന്റെയും സംഭാഷണം രുചിച്ചറിഞ്ഞുകൊണ്ടും ഈ ഭക്തഭ്യാസം നാം മാനസിക പ്രാർത്ഥന നിർവ്വഹിക്കുന്നിടത്ത്, നമ്മുടെ പഠനസ്ഥലത്ത് അവസാനിക്കുന്നു. ഇത്തരത്തിലുള്ള പ്രാർത്ഥന, നമ്മുടെ ആദ്ധ്യാത്മികോപദേശ സ്വീകരണം സമുന്നതമായി നമ്മുടെ മനസ്സുകളിൽ സൂക്ഷിച്ചുകൊണ്ട്, ആത്മാവിന് ഏറ്റവും പ്രസക്തമായ സംഭവവികാസങ്ങൾ എഴുതിവയ്ക്കുന്നതിലൂടെയാണ് ഭാഗികമായി നിർവ്വഹിക്കപ്പെടുന്നത്. ഇത് പതിനഞ്ചു മിനിറ്റെങ്കിലും ദൈർഘ്യമുണ്ടായിരിക്കണം. തുടങ്ങുന്നതും അവസാനിക്കുന്നതും സാധാരണ അടയാളങ്ങളോടുകൂടെ. ഈ പ്രാർത്ഥന വ്യക്തികൾക്ക് ദീർഘിപ്പിക്കാവുന്നതാണ്, പക്ഷേ ഒരിക്കലും ചുരുക്കരുത്.

1186. പ്രചോദനങ്ങൾ എഴുതി വയ്ക്കുന്നതിന് പൊതുവെ ഏറ്റവും നല്ല സമയം ജപമാലക്കും ദിവ്യകാരുണ്യാശീർവ്വാദത്തിനുമിടയ്ക്കാണ്, പ്രത്യേകിച്ചും ജപമാല പള്ളിയിൽ ചൊല്ലാത്തപ്പോൾ (പുറത്തായിരുന്നുകൊണ്ടോ നടന്നുകൊണ്ടോ അതു ചൊല്ലുന്നത് അനുവദനീയമാണ്, പക്ഷേ എപ്പോഴും തന്റെ സ്വന്തം നിയുക്ത സംഘത്തോടൊപ്പം. ഉദാഹരണത്തിന്, നവസന്യസ്തർ, വിദ്യാർത്ഥികൾ, തുടങ്ങിയവർ). ഈ ഭക്തകൃത്യം ദിവ്യകാരുണ്യാശീർവ്വാദത്തോടെയല്ല അവസാനിക്കുന്നതെങ്കിൽ ഒരു സങ്കീർത്തനമോ ഒരു സങ്കീർത്തനത്തിന്റെ ഒരു ഭാഗമോ ഉപയോഗിച്ച് അവസാനിപ്പിക്കാവുന്നതാണ്.

1187. ആത്മീയ കൈപ്പുസ്തകം അഥവാ ഡയറി ("ആത്മാവിന്റെ പുസ്തകം'') എഴുതുന്നയാളും അതു വായിക്കുന്ന ആദ്ധ്യാത്മികഗുരുവും എന്തെങ്കിലും സാഹിത്യ ചിന്തകളും ഭാവി പ്രസിദ്ധീകരണ ചിന്തയും ഉത്സാഹപൂർവ്വം ഉപേക്ഷിക്കണം. ടെലഗ്രാം പോലെ സംക്ഷിപ്തമായ രൂപത്തിലാവണം അതെഴുതുന്നത്. അതു രഹസ്യമായി സൂക്ഷിക്കുകയും വേണം. സമയാസമയങ്ങളിൽ, ആദ്ധ്യാത്മിക ഗുരുവിന്റെ അനുവാദത്തോടുകൂടെ, അതു നശിപ്പിച്ചുകളയണം, പ്രത്യേകിച്ചും ഭൂതകാലത്തെക്കുറിച്ച് അയവിറക്കുന്നത് ആവശ്യമില്ലാതിരിക്കുകയോ ഉപകാരപ്രദമല്ലാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ. ചിലർ സൂക്ഷിക്കാനാഗ്രഹിക്കുന്ന സ്വകാര്യ ഡയറിയോ ആരെങ്കിലും എപ്പോഴും കാത്തുസൂക്ഷിക്കേണ്ട ഭവനത്തിന്റെ നാളാഗമമോ ആയി ഈ "ആത്മാവിന്റെ പുസ്തകം'' തെറ്റിദ്ധരിക്കരുത്.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)