(132) ഭാ​ഗം 1: ആരോഹണം

126. വായനയും ധ്യാനവും

1100. ദിവ്യബലിയർപ്പണത്തിനും മറ്റ് ആരാധനക്രമ ആഘോഷങ്ങൾക്കുമായി പരിശുദ്ധ ദേവാലയം, തിരുപ്പാത്രങ്ങൾ, തിരുവസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ദേവാലയ ശുശ്രൂഷി സദാ മുൻകൂട്ടി ചിന്തിക്കുകയും നല്ലപോലെ ഒരുക്കുകയും വേണം. സമൂഹത്തിന്റെ കർമവിധി നിർവ്വാഹകനും ജനങ്ങളുടെ കർമവിധി നിർവ്വാഹകനും ആരാധനക്രമ കർമങ്ങളിൽ എല്ലാം നിയോഗിച്ച് വിഭജിച്ചു നൽകുകയും ആരാധനക്രമത്തിന്റെ സമയത്ത്, സഭാസമൂഹ ദിവ്യബലി, ഇടവക ദിവ്യബലി, വേസ്പര, ദിവ്യകാരുണ്യാശീർവ്വാദം മുതലായ എന്തായിരുന്നാലും, അവർ സമൂഹത്തെയും ജനങ്ങളെയും വ്യക്തിപരമായി നിയന്ത്രിക്കും.

1101. അതുപോലെ, ദേവാലയ ശുശ്രൂഷിയും കർമവിധി നിർവ്വാഹകനും അഥവാ അത്യാവശ്യമെങ്കിൽ മറ്റൊരാളുമായിരിക്കും മറ്റെല്ലാ ഭക്ത്യാസങ്ങൾക്കും ചുമതലയുള്ളവർ. അപ്രകാരം അവർക്ക് എല്ലാം മുൻകൂട്ടി ചിന്തിക്കാനും ഒരുക്കാനും നിയോഗിക്കാനും നിയന്ത്രിക്കാനും സാധിക്കും. അങ്ങനെ, ദൈവശുശ്രൂഷയുടെ ഓരോ ഭാഗത്തിന്റെയും ബാഹ്യ നിർവ്വഹണം പൂർണ്ണമായി നിർവ്വഹിക്കപ്പെടുകയും സന്നിഹിതരായ എല്ലാവർക്കും ആത്മീയോത്ക്കർഷമുണ്ടാകുകയും ചെയ്യുന്നു.

1102. ഓരോ ഭക്തഭ്യാസത്തിന്റെയും മുഖ്യഭാഗം, മാനസിക പ്രാർത്ഥന എന്നറിയപ്പെടുന്നതാണ് (ഓരോ വ്യക്തിയുടെയും ആന്തരിക ജീവിതത്തിലെ കാര്യവും ഇപ്രകാരം തന്നെയായിരിക്കണം). ഓരോ ധ്യാനത്തിലും സമൂഹത്തിന്റെ ഭക്തകൃത്യങ്ങൾക്കുപയോഗിക്കുന്ന ആത്മീയ ഗ്രന്ഥങ്ങളും ധ്യാനത്തിനുള്ള പാഠ്യഭാഗങ്ങളും ആത്മശോധനയ്ക്കും ആദ്ധ്യാത്മിക പാരായണത്തിനുമുള്ള ആചാരക്രമങ്ങളും തിരഞ്ഞെടുത്ത് നല്കുന്നതിൽ മേധാവി ഏറ്റവും ശ്രദ്ധയുള്ളവനായിരിക്കണം.

1103. സമൂഹ ധ്യാനം, ഭക്ഷണം, അനുദിന വിശുദ്ധഗ്രന്ഥ പാരായണം, മരിയാജ്ഞലി, തിരുരക്ത സമർപ്പണം ആദിയായവയ്ക്കു നിശ്ചയിക്കപ്പെട്ട ഓരോ സ്ഥലത്തും മേൽ സൂചിപ്പിച്ച ഗ്രന്ഥങ്ങൾ സൂക്ഷിക്കാനുള്ള സുന്ദരമായ ഒരു കൊച്ചു പുസ്തകപ്പെട്ടി ഉണ്ടെന്നത് ദേവാലയ ശുശ്രൂഷിയും കർമവിധി നിർവ്വാഹകനും ഉറപ്പാക്കും. അതുപോലെ, വായനക്കാരനുള്ള പ്രൗഢഗംഭീരമായ പ്രസംഗപീഠം അഥവാ അരച്ചുമരുണ്ടായിരിക്കും. വലിയ ഓരോ സമൂഹത്തിലെയും ഗ്രന്ഥശാലയിൽ താപസ ഗ്രന്ഥങ്ങൾക്കും വിശുദ്ധരുടെ ജീവചരിത്രങ്ങൾക്കും മിഷനുകൾക്കും പാഠപുസ്തകങ്ങൾക്കും ഉല്ലാസത്തിനുമള്ള പ്രത്യേക വിഭാഗങ്ങളുണ്ടായിരിക്കണം.

1104. വ്യക്തമായ ശബ്ദത്തിൽ ഭാവങ്ങളോടുകൂടിയും അനുയോജ്യമായ പദപ്രയോഗങ്ങളോടെയും പരിശുദ്ധി പ്രചോദിപ്പിക്കാനുള്ള നിയോഗത്തോടെയും വായിക്കാനറിയുന്നവർ മാത്രമേ വായനക്കാരായി നിയോഗിക്കപ്പെടാവൂ. ആദ്ധ്യാത്മിക പാരായണത്തിനോ ആരാധനക്രമത്തിനോ ഉള്ള വായനക്കാർ ഊഴമനുസരിച്ചല്ല തിരഞ്ഞെടുക്കപ്പെടുന്നത്. എപ്രകാരം വായിക്കാമെന്ന് ജനങ്ങളെ പഠിപ്പിക്കാനോ പ്രഭാഷണകലയിൽ അവരെ അഭ്യസിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല ഈ ജോലി. മറിച്ച്, ഏവരുടെയും ആത്മീയോത്ക്കർഷവും പ്രാർത്ഥനയും ഉദ്ദേശിച്ചിട്ടുള്ളതാണ്.

1105. സമൂഹ വായനയ്ക്ക്, ഒരു സംഭാഷണ ശൈലി വരുത്തുന്നതിനാവശ്യമായ ഉചിതമായ നിറുത്തലുകളോടുകൂടിയ ഒരു സ്വാഭാവിക ഒഴുക്കുണ്ടായിരിക്കണം. ശ്രോതാക്കളുടെ വിചിന്തനത്തിന് സമയമനുവദിച്ചുകൊണ്ടുള്ള സുദീർഘമായ നിറുത്തലുകൾ നാം ആഗ്രഹിക്കുന്നില്ല. ധ്യാനവിഷയത്തിന്റെയോ ആത്മശോധനയുടെയോ വായനയിൽ പോലും സുദീർഘമായ നിറുത്തലുകൾ നാം ആഗ്രഹിക്കുന്നില്ല. കാരണം അവ പലപ്പോഴും ക്ഷീണത്തിന്റെയും അസ്വസ്ഥതയുടെയും ഒരർത്ഥമാണ് കൈമാറാൻ സാധ്യത. ആത്മശോധനയ്ക്കുള്ള കർമക്രമം മറ്റു സമയങ്ങളിലും പഠനമായുമാണ് വായിക്കേണ്ടതും ധ്യാനിക്കേണ്ടതും, ആത്മശോധന സമയത്തല്ല.

1106. സമൂഹ വായനകൾക്ക്, ഈ അനുഷ്ഠാനവിധിയിൽ സൂചിപ്പിച്ചവ നാം പാലിക്കും. പൊതുവെ, നാമെപ്പോഴും ജനസമ്മിതിയുള്ള മതബോധന, വചനപ്രഘോഷണ, ചരിത്ര ഗ്രന്ഥങ്ങൾക്ക് പ്രാമുഖ്യം കല്പിക്കും. വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ ഇഗ്നേഷ്യസിന്റെയും സുൾപ്പീസിന്റെയും പ്രാർത്ഥനാ രീതികളും അതുപോലെത്തന്നെ തിരുസ്സഭയുടെ അംഗീകാരമുള്ള മറ്റുള്ളവയും വായിക്കണം. ദിവ്യബലിയുടെയും കൂദാശകളുടെയും എല്ലാ കത്തോലിക്കാ ഭക്തികളുടെയും ആരാധനക്രമപരവും രഹസ്യാത്മകവുമായ വിശദീകരണങ്ങളും അതുപോലെത്തന്നെ വിശുദ്ധരുടെ ജീവിതങ്ങളും രചനകളും മിഷൻ പ്രവർത്തനങ്ങളും വായിക്കണം.

1107. ധ്യാനം നടത്തേണ്ടത് ഏതൊരു പ്രവൃത്തിയും ആരംഭിക്കുന്നതിനു മുമ്പേ പ്രഭാതത്തിലാണ്, ആത്മീയവും അഥവാ പൗരോഹിത്യപരവുമായ ഏതൊരു ശുശ്രൂഷയ്ക്കും മുമ്പു പോലുമാണ്. വൈദികാർത്ഥികളും സന്യാസ സഹോദരന്മാരും പരിശീലന വർഷങ്ങൾ മുഴുവനും ഇതു പൊതുവായി നിർവ്വഹിക്കണം. കൃത്യമായി പറഞ്ഞാൽ, സന്യാസ സഹോദരന്മാർ നിത്യവ്രതവാഗ്ദാനം നടത്തുന്നതുവരെയും വൈദികാർത്ഥികൾ ദൈവശാസ്ത്രപഠനത്തിന്റെ മൂന്നാം വർഷാവസാനം വരെയും. മറ്റെല്ലാവരും ഇത് തങ്ങളുടെ സ്വകാര്യ മുറിയിൽ, അഥവാ മേലധികാരികളുടെ അനുവാദത്തോടുകൂടെ തോട്ടം, ടെറസ്, അഥവാ കപ്പേള തുടങ്ങിയ മറ്റിടങ്ങളിലുമാണ്.

1108. ധ്യാനത്തിന് അരമണിക്കൂറെങ്കിലും ദൈർഘ്യമുണ്ടായിരിക്കണം. അടുത്ത ഒരുക്കമോ നാമെപ്രകാരം കർത്താവിനെ ശ്രവിച്ചു എന്നതിനെക്കുറിച്ച് പിന്നീടുള്ള ഹ്രസ്വ ആത്മശോധനയോ അനുശാസനമോ, ധ്യാനചിന്തകളെ നിർദ്ദേശിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന വായനയോ ഇതിലുൾപ്പെടുന്നില്ല. ഇത് കണിശമായ വ്യക്തിപര മാനസിക പ്രാർത്ഥനയുടെ ഒരു സമ്പൂർണ്ണ  അരമണിക്കൂറായിരിക്കണം. വളരെ ശ്രദ്ധാപൂർവ്വമാണെങ്കിലും വെറും കേൾവിയും വായനയും അനുശാസനവും ഒരിക്കലും നമ്മുടെ യഥാർത്ഥ ധ്യാനമായി പരിഗണിക്കരുത്.

1109. പൊതുവായി ധ്യാനിക്കുന്നവർ പരസ്പരം അടുത്തിരിക്കരുത്. അപ്രകാരം, ഓരോരുത്തർക്കും അനായാസേനയും പൂർണ്ണമായും മറ്റുള്ളവരിൽ നിന്നകന്ന് കർത്താവിന്റെ സാന്നിധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. സമൂഹത്തിലെന്നതിനേക്കാൾ തനിച്ചായിരിക്കുമ്പോൾ തിരഞ്ഞെടുപ്പ് കൂടുതൽ എളുപ്പമാണെങ്കിലും ഓരോരുത്തരുടെയും വിചിന്തനത്തെ കൂടുതൽ സഹായിക്കുന്ന ഒരു ശരീരസ്ഥിതി തിരഞ്ഞെടുക്കണം (അധികം മാറ്റം വരുത്താതെ അതു കാത്തുസൂക്ഷിക്കുകയും വേണം).

1110. ദിവ്യകാരുണ്യ സ്വീകരണത്തിനു ശേഷമുള്ള ധ്യാനമാണ് നാം കൂടുതൽ ഇഷ്ടപ്പെടുന്നത്. ഉത്ഥാനത്തിന്റെ ഭക്തഭ്യാസങ്ങൾക്ക്, അതായത് പ്രഭാത പ്രാർത്ഥനകൾക്ക്, തൊട്ടു പിന്നാലെയായി ദിവ്യബലിയർപ്പിക്കാമെങ്കിൽ മാത്രമാണിങ്ങനെ. അല്ലെങ്കിൽ, ദിവ്യബലി നീട്ടിവയ്ക്കാനുള്ള കാരണം എന്തായിരുന്നാലും, പ്രഭാത പ്രാർത്ഥനയ്ക്കു ശേഷമായിരിക്കണം ധ്യാനം.

1111. പ്രഭാത ധ്യാനത്തിന്റെ പരിശുദ്ധമായ കടമ അസാധ്യമാക്കുന്ന അജപാലന ശുശ്രൂഷകളിൽ വ്യാപൃതരായിരിക്കുന്നവർ ധ്യാനസമയം കണ്ടെത്തുന്നതിൽ മേലധികാരിയോട് ഉപദേശം ആരായുകയും അദ്ദേഹത്തെ അനുസരിക്കുകയും വേണം. എന്നിരുന്നാലും, ഏവരും തങ്ങളുടെ പ്രവൃത്തികൾ ഒരുദിവസം മുമ്പായി ക്രമീകരിക്കാൻ ശ്രമിക്കണം. അപ്രകാരം, ഉണർന്നെഴുന്നേറ്റാൽ, തന്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പായി സൗകര്യപ്രദമായി ധ്യാനിക്കാൻ കഴിയും.

1112. വ്യക്തിപരമായ ധ്യാനത്തിന് ഉത്കൃഷ്ടമായൊരു പാഠപുസ്തകത്തിന്റെ ഉപയോഗം അനുവദനീയവും ശുപാർശ ചെയ്യുന്നതു പോലുമാണ്. എങ്കിലും പതിവായ, അഥവാ തുടരെത്തുടരെയുള്ള ധ്യാനാത്മക വായനകളിൽ ആരും തൃപ്തരാകരുത്. ധ്യാന വിചിന്തനങ്ങൾക്കായി തലേന്നു രാത്രി ഒരു പുസ്തകം ഉപയോഗിക്കാമെങ്കിലും ധ്യാനത്തിന്റെ അരമണിക്കൂറിൽ ഒരിക്കലും അതുപയോഗിക്കരുത്, എന്തെങ്കിലും രോഗാവസ്ഥയിലോ സുഖപ്രാപ്തിക്കുള്ള കാലയളവിലോ സംഭവ്യമായ വിധത്തിൽ ധ്യാനിക്കാൻ താല്ക്കാലികമായി കഴിയാത്ത സാഹചര്യത്തിലൊഴികെ.

1113. ഒരുവന്റെ പ്രാർത്ഥനയുടെ ദാനത്തിന്റെ കൃപാവരത്തോട് ഓരോ ദിവസവും മണിക്കൂറും പ്രത്യുത്തരിക്കാനുള്ള നമ്മുടെ കടമയ്ക്കു പുറമെ, കർത്താവിനോടുള്ള പരിശുദ്ധ ഭയം വളർത്തിയെടുക്കുന്നതിനായി ആഴ്ചയിലൊരിക്കൽ അന്ത്യങ്ങളെക്കുറിച്ചും, ദൈവത്തോടുള്ള പരിശുദ്ധ സ്നേഹം വളർത്തിയെടുക്കാനും ദിവ്യകാരുണ്യത്തോടുള്ള ആരാധനക്രമ ഭക്തി ഉണർത്താനുമായി ഒരിക്കൽ പീഢാനുഭവത്തെക്കുറിച്ചും ആഴമായി ധ്യാനിക്കാൻ ഓരോരുത്തരും യത്നിക്കും.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)