(125) ഭാ​ഗം 1: ആരോഹണം

117. ആഘോഷമായ ജപമാലയുടെ വിധം

1000. - പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

- സ്വർഗ്ഗത്തിലെ സകല വിശുദ്ധർക്കും ഭൂമിയിലെ നീതിമാന്മാർക്കും ഇവിടെ ഇപ്പോഴുള്ള എല്ലാ വിശ്വാസികൾക്കുമൊപ്പം അണിചേരാൻ ഞാനാഗ്രഹിക്കുന്നു. എന്റെ ഈശോയേ, അങ്ങയുടെ പരിശുദ്ധ മാതാവിനെ യോഗ്യമാംവിധം സ്തുതിക്കാനും അപ്രകാരം അവളിലും അവളിലൂടെയും അങ്ങയെ സ്തുതിക്കാനും അങ്ങയോടൊപ്പം ചേരാൻ ഞാനാഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലെ അവസാനത്തേതെന്നപോലെ വിചിന്തനത്തോടും എളിമയോടും ഭക്തിയോടും കൂടെ പ്രാർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഈ ജപമാലയ്ക്കിടെ എന്നിലേക്കു വരാനിടയുള്ള എല്ലാ പലവിചാരങ്ങളെയും നിരാകരിക്കാൻ ഞാനാഗ്രഹിക്കുന്നു.

- പരിശുദ്ധ ത്രിത്വമേ, ഈ വിശ്വാസപ്രമാണം നമ്മുടെ വിശ്വാസത്തിന്റെ എല്ലാ രഹസ്യങ്ങളുടെയും ബഹുമാനത്തിലും ഈ സ്വർഗ്ഗസ്ഥനായ പിതാവേയും മൂന്ന് നന്മനിറഞ്ഞ മറിയമേയും അങ്ങേ വ്യക്തികളുടെ സത്തയുടെയും ഐക്യത്തിന്റെയും ത്രിത്വസ്വഭാവത്തിന്റെയും ബഹുമാനത്തിലും ഞാൻ സമർപ്പിക്കുന്നു. സജീവ വിശ്വാസവും ഉറച്ച പ്രത്യാശയും ജ്വലിക്കുന്ന സ്നേഹവും ഞങ്ങൾക്കു നല്കണമേ. 

വിശ്വാസപ്രമാണം, 1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

സന്തോഷ രഹസ്യങ്ങൾ

(തിങ്കൾ - വ്യാഴം)

1. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും സന്തോഷകരമായ ആദ്യത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. പ്രധാന മാലാഖയായ ഗബ്രിയേൽ പരിശുദ്ധ കന്യകയോട് നമ്മുടെ കർത്താവീശോ മിശിഹായുടെ മനുഷ്യാവതാരത്തെയും ദൈവമാതാവായുള്ള അവളുടെ ഉയർച്ചയെയും കുറിച്ച് പ്രഖ്യാപിക്കുന്നു. കർത്താവിന്റെ എളിയ ദാസിയെന്ന് സ്വയം വിളിച്ചുകൊണ്ട് മറിയം സ്വീകരിക്കുന്നു. പരിശുദ്ധ എളിമ അഭ്യസിക്കുകയും അതിനായി അന്വേഷിക്കുകയും ചെയ്യാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, മാതാവിന്റെ ഉദരത്തിലെ അങ്ങയുടെ മനുഷ്യാവതാരത്തിന്റെ ബഹുമാനാർത്ഥം ജപമാലയുടെ ആദ്യ ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും ആഴമാർന്ന എളിമയ്ക്കുവേണ്ടി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: മനുഷ്യാവതാര രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

2. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും സന്തോഷകരമായ രണ്ടാമത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. പരിശുദ്ധ കന്യക, തന്റെ ആകുലതയിൽ, വി. എലിസബത്തിനെ സന്ദർശിച്ച് സഹായിക്കാൻ പോകുന്നു. നമുക്ക് മറിയത്തിന്റെ പരസ്നേഹം ആദരിക്കുകയും തേടുകയും ചെയ്യാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, തന്റെ ചാർച്ചക്കാരിയായ വി. എലിബത്തിനുള്ള അങ്ങേമാതാവിന്റെ സന്ദർശനത്തിന്റെയും വി. സ്നാപക യോഹന്നാന്റെ വിശുദ്ധീകരണത്തിന്റെയും ബഹുമാനാർത്ഥം ജപമാലയുടെ ഈ രണ്ടാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും അങ്ങയുടെ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും ഞങ്ങളുടെ അയല്ക്കാരോടുള്ള ഉപവിക്കുവേണ്ടി അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: സന്ദർശന രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

3. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും സന്തോഷകരമായ മൂന്നാമത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. ബെത്ലെഹെമിലെ കാലിത്തൊഴുത്തിൽ പിറന്ന യേശുവിനെ ഏറ്റവും പരമ ദാരിദ്ര്യത്തിൽ ഒരു പുൽത്തൊഴുത്തിൽ കിടത്തുന്നു. നമുക്ക് ദാരിദ്ര്യം എന്ന പുണ്യത്തെ വിലമതിക്കാൻ തുടങ്ങുകയും ആ പുണ്യത്തിനായി യേശുവിനോടും മറിയത്തോടും അപേക്ഷിക്കുകയും ചെയ്യാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, ബെത്ലെഹെമിലെ ഒരു കാലിത്തൊഴുത്തിലെ അങ്ങേ ജനനത്തിന്റെ ബഹുമാനാർത്ഥം ജപമാലയുടെ മൂന്നാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും അങ്ങേ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും ലോകത്തിൽ നിന്നുള്ള അകൽച്ചയും സമ്പത്തിനോടുള്ള അവജ്ഞയും ദാരിദ്ര്യത്തോടുള്ള സ്നേഹവും ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: യേശുവിന്റെ ജനനത്തിന്റെ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

4. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും സന്തോഷകരമായ നാലാം രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. കടപ്പെട്ടവളല്ലെങ്കിലും മറിയം യേശുവിനെ ദേവാലയത്തിൽ സമർപ്പിക്കുകയും ശുദ്ധീകരണത്തിനാവശ്യമായ സകലതും സമ്പൂർണ്ണമായി പൂർത്തീകരിക്കുകയും ചെയ്യുന്നു. പരിശുദ്ധ കന്യകയുടെ അനുസരണത്തെ നമുക്കു പരിഗണിക്കുകയും അതു തേടുകയും ചെയ്യാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, അങ്ങയുടെ സമർപ്പണത്തിന്റെയും മറിയത്തിന്റെ ശുദ്ധീകരണത്തിന്റെയും ബഹുമാനാർത്ഥം ജപമാലയുടെ നാലാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും ശരീരത്തിന്റെയും ആത്മാവിന്റെയും സമ്പൂർണ്ണ വിശുദ്ധിക്കുവേണ്ടി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: ശുദ്ധീകരണ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

5. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും സന്തോഷകരമായ അഞ്ചാം രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. യേശുവിനെ കാണാതാകുന്നു, അവനുവേണ്ടി ഉത്സാഹപൂർവ്വം അന്വേഷിക്കുന്നു, പിന്നീട് ദേവാലയത്തിൽ കണ്ടെത്തുന്നു. യേശുവിനെ നഷ്ടപ്പെടുന്നതാണ് പാപം. സകല പാപങ്ങളിൽ നിന്നും ഓടിയകലാനും എക്കാലവും അതു വെറുത്തുപേക്ഷിക്കാനുമുള്ള കൃപയ്ക്കായി നമുക്കപേക്ഷിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, മറിയം അങ്ങയെ ദേവാലയത്തിൽ കണ്ടെത്തിയതിന്റെ ബഹുമാനാർത്ഥം ജപമാലയുടെ അഞ്ചാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും പ്രത്യാശ എന്ന പുണ്യത്തിനായി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: ദേവാലയത്തിൽ യേശുവിനെ കണ്ടെത്തുന്ന രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

118. ദുഃഖ രഹസ്യങ്ങൾ

(ചൊവ്വ - വെള്ളി)

6. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും ദുഃഖകരമായ ആദ്യത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. തന്റെ മരണത്തിന്റെ തലേന്നു രാത്രി ഗെത്സെമെൻ തോട്ടത്തിൽ വച്ച് രക്തം വിയർത്തുകൊണ്ട് എളിമയോടും ആത്മവിശ്വാസത്തോടും നിലനിൽപ്പോടും കൂടെ യേശു പ്രാർത്ഥിക്കുകയും ഒരു മാലാഖ അവിടുത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രാർത്ഥനാരൂപിക്കായി നമുക്കു പ്രാർത്ഥിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, ഒലിവു തോട്ടത്തിൽ വച്ചുള്ള അങ്ങയുടെ മാനുഷികമായ മനോവ്യഥയുടെ ബഹുമാനാർത്ഥം ജപമാലയുടെ ആറാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഇൗ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും ഞങ്ങളുടെ പാപത്തിനുള്ള പശ്ചാത്താപത്തിനായി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: യേശുവിന്റെ മരണവേദനയുടെ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

7. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും ദുഃഖകരമായ രണ്ടാം രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. മനുഷ്യന്റെ സത്യസന്ധതയില്ലായ്മയുടെ ആധിക്യത്തിനു പരിഹാരമായി കൽത്തൂണിൽ കെട്ടപ്പെട്ട് യേശു ക്രൂരമായി ചമ്മട്ടിയടിയേൽക്കുന്നു. ബ്രഹ്മചര്യം എന്ന മനോഹരമായ പുണ്യത്തിനായി നമുക്കപേക്ഷിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, രക്തരൂഷിതമായ അങ്ങയുടെ ചമ്മട്ടിയടിയുടെ ബഹുമാനാർത്ഥം ജപമാലയുടെ ഏഴാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും ഞങ്ങളുടെ ഇന്ദ്രിയങ്ങളുടെ സത്യമായ നിയന്ത്രണത്തിനായി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: യേശുവിന്റെ ചമ്മട്ടിയടിയുടെ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

8. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും ദുഖഃകരമായ മൂന്നാമത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. നമ്മുടെ നിരവധിയായ മലിന ചിന്തകളും വികാരങ്ങളും നിമിത്തം യേശു മുൾമുടി ധരിപ്പിക്കപ്പെടുകയും അധാർമികമായി പരിഹസിക്കപ്പെടുകയും ചെയ്യുന്നു. മനസ്സിന്റെയും ഹൃദയത്തിന്റെയും ശുദ്ധതയ്ക്കുവേണ്ടി നമുക്കപേക്ഷിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, അങ്ങയുടെ മുൾക്കിരീട ധാരണത്തിന്റെ ബഹുമാനാർത്ഥം ജപമാലയുടെ എട്ടാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും ലോകത്തോടുള്ള അവജ്ഞയ്ക്കുവേണ്ടി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: മുൾമുടി ധാരണത്തിന്റെ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

9. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും ദുഃഖകരമായ നാലാം രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. മരണത്തിനു വിധിക്കപ്പെട്ട യേശു കാൽവരിയിലേക്ക് ഭാരമേറിയ കുരിശു വഹിക്കുന്നു. കർത്താവിന്റെ ക്ഷമയെ നമുക്ക്ആരാധിക്കുകയും നമ്മുടെ സ്വന്തം കുരിശുകളോടുള്ള ക്ഷമയ്ക്കായി അപേക്ഷിക്കുകയും ചെയ്യാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, അങ്ങ് അങ്ങയുടെ കുരിശു സംവഹിച്ച ക്ഷമയുടെ ബഹുമാനാർത്ഥം ജപമാലയുടെ ഒമ്പതാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും ഞങ്ങളുടെ എല്ലാ കുരിശുകളോടുമുള്ള ക്ഷമയ്ക്കുവേണ്ടി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: യേശു കുരിശു ചുമക്കുന്ന രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

10. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും ദുഃഖകരമായ അഞ്ചാമത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. രണ്ടു കള്ളന്മാരുടെ മദ്ധ്യേ യേശു ക്രൂശിതനാകുന്നു. അവിടുന്ന് അപമാനിതനാകുന്നു. കുരിശിൽ മൂന്നു മണിക്കൂർ സഹിച്ച് നമ്മെ നരകത്തിൽ നിന്നും രക്ഷിക്കുന്നതിനായി മരണം വരിക്കുന്നു. കാൽവരി യാഗത്തിന്റെ പുനരാവിഷ്കാരമായ ദിവ്യബലിയിലുള്ള ഭക്തിക്കുവേണ്ടി നമുക്കപേക്ഷിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, അങ്ങയെ ക്രൂശിക്കുന്നതിന്റെയും കാൽവരിയിലെ ഹീനമായ മരണത്തിന്റെയും ബഹുമാനാർത്ഥം ജപമാലയുടെ പത്താം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും പാപികളുടെ മാനസാന്തരത്തിനും നീതിമാന്മാരുടെ നിലനില്പ്പിനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനുമായി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: യേശുവിനെ ക്രൂശിക്കുന്നതിന്റെ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

119. മഹത്വ രഹസ്യങ്ങൾ

(ബുധൻ, ശനി, ഞായർ)

11. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും മഹത്വപൂർണ്ണമായ ആദ്യത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. നമ്മുടെ കർത്താവീശോ മിശിഹാ കല്ലറയിൽ നിന്ന് മഹത്വപൂർണ്ണനായി ഉയിർത്തെഴുന്നേല്ക്കുന്നു. നമ്മുടെ പാപങ്ങളും തെറ്റുകളുമാകുന്ന കല്ലറയിൽ നിന്നുള്ള നമ്മുടെ ഉത്ഥാനത്തിന്റെ മാതൃകയാണ് ഈ ഉത്ഥാനം. ഇതിനായി നമ്മുടെ കന്യകാമറിയത്തോട് അപേക്ഷിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, അങ്ങയുടെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിന്റെ ബഹുമാനാർത്ഥം ജപമാലയുടെ പതിനൊന്നാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും അങ്ങുടെ പരിശുദ്ധ സേവനത്തിലെ ദൈവസ്നേഹത്തിനും തീക്ഷ്ണതയ്ക്കുമായി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: ഉത്ഥാന രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

12. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും മഹത്വപൂർണ്ണമായ രണ്ടാമത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. ഉത്ഥാനംചെയ്ത് നാല്പതു നാളുകൾക്കു ശേഷം നമ്മുടെ രക്ഷകൻ മഹിമപ്രതാപങ്ങളോടുകൂടെ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നു. ഭൗമിക ബഹുമതികളെക്കുറിച്ച് ആകുലരാകാതെ ദൈവമഹത്വവും ആത്മീയ നന്മകളും കാര്യങ്ങളും മാത്രം ആഗ്രഹിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, സ്വർഗ്ഗത്തിലേക്കുള്ള അങ്ങയുടെ മഹത്വപൂർണ്ണമായ ആരോഹണത്തിന്റെ ബഹുമാനാർത്ഥം ജപമാലയുടെ പന്ത്രണ്ടാമത്തെ ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും സ്വർഗ്ഗത്തിനായുള്ള ശക്തമായ ആഗ്രഹത്തിനുവേണ്ടി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: സ്വർഗ്ഗാരോഹണത്തിന്റെ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

13. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും മഹത്വപൂർണ്ണമായ മൂന്നാമത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. അപ്പസ്തോലന്മാരെ ജ്ഞാനപ്രകാശിതരാക്കാനും ആശ്വസിപ്പിക്കാനുമായി പരിശുദ്ധാത്മാവ് അവരുടെമേൽ ഇറങ്ങിവരുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി പ്രത്യേകിച്ച് ദൈവിക ജ്ഞാനം, നന്മ ചെയ്യുന്നതിലുള്ള ശക്തി, ആത്മാക്കൾക്കായുള്ള തീക്ഷ്ണത എന്നിവയ്ക്കുവേണ്ടി അപേക്ഷിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, പെന്തക്കുസ്താ രഹസ്യത്തിന്റെ ബഹുമാനാർത്ഥം ജപമാലയുടെ പതിമൂന്നാമത്തെ ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും പരിശുദ്ധാത്മാവിനെ ഞങ്ങൾക്കു തരണമേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: പെന്തക്കുസ്താ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

14. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും മഹത്വപൂർണ്ണമായ നാലാമത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. ദൈവസ്നേഹ നിർവൃതിയിൽ കന്യകാമറിയം ഈ ലോകം വിട്ട് മാലാഖമാരാൽ സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുന്നു. കർത്താവിനെപ്രതിയുള്ള സ്നേഹത്താൽ നാം മരിക്കുന്നതിനായി പരിശുദ്ധമായ ഒരു ജീവിതത്തിന്റെ കൃപാവരത്തിനായി നമുക്കപേക്ഷിക്കാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, പരിശുദ്ധ മാതാവിന്റെ ഉത്ഥാനത്തിന്റെയും മഹത്വപൂർണ്ണമായ സ്വർഗ്ഗാരോപണത്തിന്റെയും ബഹുമാനാർത്ഥം ജപമാലയുടെ പതിനാലാമത്തെ ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും അങ്ങയുടെ മാദ്ധ്യസ്ഥ്യത്തിലൂടെയും സ്നേഹമയിയായ അമ്മയോടുള്ള ആത്മാർത്ഥമായ ഭക്തി ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: സ്വർഗ്ഗാരോപണ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

15. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലും ഐക്യത്തിലും മഹത്വപൂർണ്ണമായ അഞ്ചാമത്തെ രഹസ്യത്തിൽ നാം കന്യകാമറിയത്തെ ആദരിക്കുന്നു. പരിശുദ്ധ മറിയത്തെ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായും പാപികളുടെ സങ്കേതമായും സകല കൃപാവരങ്ങളുടെയും വിതരണക്കാരിയായും നമ്മുടെ ശക്തവും സ്നേഹമയിയുമായ അമ്മയായും കിരീടമണിയിക്കുന്നു. നമുക്ക് കന്യകാമറിയത്തോട് ഭക്തിയുള്ളവരാകാം. പരിശുദ്ധമായ നിലനില്പിന്റെ വരത്തിനായി അപേക്ഷിക്കുകയും ചെയ്യാം.

1 സ്വർഗ്ഗസ്ഥനായ പിതാവേ, 3 നന്മനിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി

നേതാവ്: കർത്താവായ യേശുവേ, അങ്ങയുടെ ഏറ്റവും പരിശുദ്ധ മാതാവിന്റെ കിരീടധാരണത്തിന്റെ ബഹുമാനാർത്ഥം ജപമാലയുടെ പതിനഞ്ചാം ദശകം ഞാനങ്ങേയ്ക്കു സമർപ്പിക്കുന്നു.

മറുപടി: ഈ രഹസ്യത്തിലൂടെയും മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെയും കൃപയിലുള്ള നിലനില്പ്പും മഹത്വപൂർണ്ണമായ കിരീടവും ഞങ്ങൾക്കു നല്കണമേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ആമ്മേൻ.

എല്ലാവരും: മറിയത്തിന്റെ മഹത്വപൂർണ്ണമായ കിരീടധാരണ രഹസ്യത്തിന്റെ കൃപാവരങ്ങൾ നമ്മുടേതാകട്ടെ. ആമ്മേൻ.

സമാപന പ്രാർത്ഥന

16. - പിതാവായ ദൈവത്തിന്റെ പുത്രിയും പുത്രനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയും പരിശുദ്ധ ത്രിത്വത്തിന്റെ ആലയവുമായ മറിയമേ സ്വസ്തി! സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്റെയും രാജ്ഞിയേ സ്വസ്തി! പാപികളുടെ സുരക്ഷിത സങ്കേതമേ, കാരുണ്യത്തിന്റെ നാഥേ സ്വസ്തി! പാപിയായ ഞാൻ അങ്ങയെ പ്രണമിച്ചുകൊണ്ട്, എന്റെ പാപങ്ങൾക്കുള്ള മനഃസ്താപവും പൊറുതിയും ദൈവികജ്ഞാനവും അങ്ങയുടെ പ്രിയസുതനായ യേശുവിൽ നിന്ന് വാങ്ങിത്തരണമെന്ന് അപേക്ഷിക്കുന്നു. എന്റെ മാതാവും മദ്ധ്യസ്ഥയുമായി ഇന്ന് അങ്ങയെ തിരഞ്ഞെടുത്തുകൊണ്ട്, ഞാൻ എന്താകുന്നുവോ അതെല്ലാം, എനിക്കുള്ളതെല്ലാം ചേർത്ത് അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അങ്ങയുടെ മക്കളിൽ ഏറ്റവും ചെറിയവനായും അങ്ങയുടെ ദാസരിൽ ഏറ്റവും താഴ്ന്നവനായും എന്നെ കരുതണമെ. ഓ എന്റെ രാജ്ഞീ, അങ്ങയെ ഏറ്റവും വിശ്വസ്തമായി സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ആഗ്രഹിക്കുന്ന എന്റെ ഹൃദയാഭിലാഷം അങ്ങു ശ്രവിക്കണമെ. അങ്ങിൽ ശരണം ഗമിച്ചവരിൽ അങ്ങുപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി ഞാനാണ് എന്നൊരിക്കലും ആരും പറയാനിടയാകാതിരിക്കട്ടെ. എന്റെ പ്രത്യാശയേ, എന്റെ ജീവനേ! എന്റെ വിശ്വസ്തയും അമലോത്ഭവയുമായ കന്യകാമറിയമേ, എന്നെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ശ്രവിക്കുകയും പഠിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യണമെ. ആമ്മേൻ.

1001. ശ്രദ്ധാപൂർവ്വകവും സന്യാസാത്മകവുമായ മരിയഭക്താനുഷ്ഠാനത്തിനുള്ള മാതൃകയും മാർഗ്ഗദർശിയുമായി ഈ രീതി (വി. ലൂയി ദെ മോൺഫോർട്ടിന്റെ രീതി) പിന്തുടരുക. കന്യകാമറിയത്തിന്റെ ബഹുമാനാർത്ഥം മുഖ്യ തിരുനാൾ ദിനങ്ങളുടെ തലേന്നു മാത്രമാണ് സമൂഹപ്രാർത്ഥനകളിൽ ഈ രീതി ഉപയോഗിക്കേണ്ടത്: മൂന്നു മണിക്കൂർ ഭക്തിക്കും അഥവാ പ്രതിവാര തിരുമണിക്കൂറിനും ഇത് ഉപയോഗിക്കാവുന്നതാണ്.

1002. ഉപവാസമനുഷ്ഠിച്ചു പോലും തലേദിവസം അഥവാ ജാഗരണം നാം ആഘോഷിക്കുന്ന കന്യകാമറിയത്തിന്റെ ബഹുമാനാർത്ഥമുള്ള മുഖ്യ തിരുനാളുകൾ: അമലോത്ഭവം (ഡിസംബർ 8), ജനനം ((സെപ്തംബർ 8), തിരുനാമം (സെപ്തംബർ 12), സമർപ്പണം (നവംബർ 21), വിവാഹം, മംഗലവാർത്ത (മാർച്ച് 25), സന്ദർശനം (മെയ് 31), ശുദ്ധീകരണം (ഫെബ്രുവരി 2), വിമലഹൃദയം (ഓഗസ്റ്റ് 22), കരുണ (സെപ്തംബർ 24), സ്വർഗ്ഗാരോപണം (ഓഗസ്റ്റ് 15), സകല കൃപാവരങ്ങളുടെയും മദ്ധ്യസ്ഥ.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)