(120) ഭാഗം 1: ആരോഹണം
112. മരിയൻ വർഷം
972. നമ്മുടെ ആദ്ധ്യാത്മിക വർഷത്തിന്റെ ഓരോ പതിനഞ്ചു ദിവസത്തിനും നമ്മുടെ അനുദിന ഭക്തകൃത്യങ്ങളിൽ നാം ആദരിക്കാനാഗ്രഹിക്കുന്ന ഒരു മരിയൻ രഹസ്യം നാം നിയോഗിക്കുന്നു. അതിസ്വാഭാവിക പുണ്യം, സുവിശേഷാത്മക ഉപദേശം, താപസാത്മക പ്രവൃത്തി എന്നിവയുടെ അഭ്യസനത്തിനു പുറമെയാണിത്.
973. നമ്മുടെ ആദ്ധ്യാത്മിക വർഷത്തിന്റെ ഏഴു പെന്തക്കുസ്തകളിൽ പരിശുദ്ധ കന്യകയെ (1) അമലോത്ഭവ, (2) സമർപ്പിത, (3) മംഗലവാർത്ത, (4) വ്യാകുല, (5) സ്വർഗ്ഗാരോപിത, (6) രാജ്ഞി, (7) സകല കൃപാവരങ്ങളുടെയും മദ്ധ്യസ്ഥ എന്നിങ്ങനെ നാം പരിഗണിക്കുന്നു.
974. അങ്ങനെ ഓരോ ദിവസവും ഏഴു ഭക്തഭ്യാസങ്ങളിലോരോന്നിന്റെയും ഭാഗമായി ഒരു മരിയൻ ഭക്തിയുണ്ടായിരിക്കും, ഓരോന്നും പരിശുദ്ധ മാതാവുമായുള്ള ബന്ധത്തിന്റെ ഏഴു മാനങ്ങൾ അഥവാ തലങ്ങളിൽ ഒന്നിനു യോജിച്ചത്. മറിയവുമായുള്ള ബന്ധത്തിന്റെ ഈ ഏഴു മാനങ്ങൾക്ക് അഥവാ തലങ്ങൾക്ക്, നമ്മുടെ താപസാത്മക വർഷത്തിലെ ഏഴു പെന്തക്കുസ്തകളിൽ അനുയോജ്യമായ ബോധനവും സമർപ്പണവുമുണ്ടായിരിക്കും.
975. കാരണം, മറിയത്തെ നമ്മുടെ മദ്ധ്യസ്ഥയും രാജ്ഞിയും നാഥയും മേധാവിയും ഗുരുനാഥയും പങ്കാളിയും അമ്മയുമായി നാം പരിഗണിക്കുന്നു. ഇവയെല്ലാം മനസ്സിൽ വച്ചുകൊണ്ട്, അവളുടെ ദാസരും അധീനരും പരിചാരകരും സൈനികരും ശിഷ്യരും യോദ്ധാക്കളും പുത്രരുമായി നാം സ്വയം സ്നേഹത്തോടെ സമർപ്പിക്കുന്നു.
976. യേശുവും ത്രിത്വവുമായുള്ള നമ്മുടെ ബന്ധത്തിന് തൊട്ടടുത്തതും നിത്യവുമായ ഒരുക്കമായിത്തീരുന്ന സ്നേഹബന്ധത്തിന്റെ തലങ്ങളായി മറിയവുമായുള്ള ഈ ബന്ധങ്ങളെ നാം കണക്കാക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും പാത്രമായി, ദൈവത്തിന്റെ സത്യമായ ആത്മ-സഖിയായി നാം മാറുന്ന തരത്തിൽ പരിശുദ്ധ മാതാവ് നമ്മെ മെനഞ്ഞെടുക്കുമെന്നു നാം പ്രത്യാശിക്കുന്നു.
977. നമ്മുടെ ദിവസത്തിന്റെ എല്ലാ പ്രവൃത്തികളിലും മണിക്കൂറുകളിലും വച്ച് ഏറ്റവും എളിമയാർന്നവയും പ്രകൃത്യാ ഏറ്റവുമധികം ഏകാഗ്രത കെടുത്തുന്നതുമായവ കന്യകാമറിയത്തിനു പ്രതിഷ്ഠിക്കാൻ നാം പ്രത്യേകമായി ആഗ്രഹിക്കുന്നു. മാത്രമല്ല, നമ്മുടെ അമ്മയെന്ന നിലയ്ക്ക് നമ്മെ അവൾ ഉടനെ ആശ്വസിപ്പിക്കുന്നതിനും അവളുടെ പ്രത്യേക സംരക്ഷണത്താലും സാന്നിദ്ധ്യത്താലും നാം വിശുദ്ധീകരിക്കപ്പെടാനുമായി സമൂഹത്തിൽ, അവയോരോന്നിന്റെയും തുടക്കത്തിലും അവസാനത്തിലും നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയോടുകൂടെ നാം അവളെ അനുസ്മരിക്കുന്നു.
978. വിശുദ്ധീകരിക്കേണ്ടതായ, നമ്മുടെ കൂടുതൽ എളിയതും ഏകാഗ്രത കെടുത്തുന്നതുമായ അത്യാവശ്യ പ്രവൃത്തികൾ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിയിലെ നമ്മുടെ ഉറക്കം, ഉച്ചമയക്കം, നമ്മുടെ പുറത്തുപോകലുകൾ, ഉല്ലാസം എന്നിവയാണ്.
979. വ്യത്യസ്ത ആരാധനക്രമ കാലങ്ങൾക്കനുസരിച്ച് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും അനുയോജ്യമായ പ്രാർത്ഥനകൾ നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ പ്രഭാതഭക്ഷണത്തിനു മുമ്പും ശേഷവും മറ്റ് അസാധാരണ ലഘുഭക്ഷണത്തിനും മാത്രമേ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന നാം ചൊല്ലുന്നുള്ളൂ. രോഗികൾക്ക് ഓരോ ഭക്ഷണത്തിനും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന സദാ ചൊല്ലാവുന്നതാണ്.
980. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പും ശേഷവുമുള്ള നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ സഭാസമൂഹത്തിന്റെ നാമജപത്താലാണ് നാം അവസാനിപ്പിക്കുന്നത്: "സകല വിശുദ്ധരുടെയും രാജ്ഞീ, സകല കൃപാവരങ്ങളുടെയും മദ്ധ്യസ്ഥേ, ദൈവസ്നേഹത്തിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.'' "ദൈവത്തിന്റെ സകല മാലാഖമാരേ, വിശുദ്ധരേ, ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ.''
Comments
Post a Comment