(119) ഭാഗം 1: ആരോഹണം
111. മാതൃഭക്തി
939. അവതരിച്ച വചനമായ ദൈവപുത്രൻ അമലോത്ഭവ ദൈവമാതാവായ കന്യകാ മറിയത്തിൽ നിന്ന് അവിഭാജ്യനായിരിക്കുന്നതുപോലെ, ദൈവസഖിയാകാൻ ത്രിത്വം തിരഞ്ഞെടുത്ത ആത്മാവ് മറിയവുമായി അഭേദ്യമായും യഥാർത്ഥമായും ഐക്യപ്പെട്ടിരിക്കണം.
940. തിരുകുടുംബത്തിൽ, ദൈവപുത്രൻ എന്ന വ്യക്തിക്കും ബന്ധത്തിനും, ദൈവമാതാവ് എന്ന വ്യക്തിക്കും ബന്ധത്തിനും പുറമെ, വി. യൗസേപ്പ് എന്ന വ്യക്തിയെയും ദൈവത്തിന്റെ ആത്മ-സഖി ബന്ധവും (കന്യകാമറിയത്തിന്റെ സഖിയും) നാം കണ്ടെത്തുന്നു. ദൈവൈക്യം ലക്ഷ്യമിടുന്ന ഒാരോ ആത്മാവും മറിയവുമായി ഐക്യപ്പെടണം.
941. പരിശുദ്ധ അമ്മയോടുള്ള നമ്മുടെ സവിശേഷ ഭക്തി "കന്യകാമറിയവുമായുള്ള ഐക്യം'' എന്നാണ് വിളിക്കപ്പെടുന്നത്. യേശുവും ഓരോ ദൈവിക വ്യക്തിയും പരിശുദ്ധ കന്യകാമറിയവുമായുള്ള ഐക്യത്തിന്റെ അനുകരണത്തിലും ബഹുമാനത്തിലുമാണെന്നതിനാലും മറിയത്തോടൊപ്പം ദൈവവുമായുള്ള ഐക്യത്തിലേക്ക് ഇതു നമ്മെ നയിക്കുന്നു എന്നതിനാലുമാണത്.
942. മറിയവുമായുള്ള ഈ ഐക്യം വഴി, നമ്മുടെ പരിശുദ്ധ നാഥയ്ക്കൊപ്പം ദൈവത്തെ അറിയാനും സ്നേഹിക്കാനും സ്വന്തമാക്കാനും, ദൈവത്തോടൊപ്പം പരിശുദ്ധ അമ്മയെ അറിയാനും സ്വന്തമാക്കാനും സ്നേഹിക്കാനും നാം ഉദ്ദേശിക്കുന്നു, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നിരന്തരം മാറിക്കൊണ്ട്, രണ്ടാമത്തെയാളെപ്രതി ഒന്നാമത്തെയാളുമായി കൂടുതൽ ഗാഢമായി എക്കാലവും കൂടുതലായി ഐക്യപ്പെട്ടുകൊണ്ടും, തിരിച്ചും.
943. ദൈവത്തിലെ സ്നേഹജീവന്റെ ചംക്രമണം ഒരു വ്യക്തിയിൽ നിന്ന് മറ്റേയാളിലേക്കു പോകുന്നു. ദൈവത്വത്തിനു പുറമെ അതു കണ്ടെത്തുന്നത് ദൈവവും പരിശുദ്ധ കന്യകയും തമ്മിലാണ്. അതിനാൽ സകല വിശുദ്ധരും ആനന്ദലഹരിയിലാകുന്നു. നമ്മുടെ ആത്മാവ് അതിൽ ആമഗ്നമാവുകയും അതിനു വിധേയപ്പെടുകയും ചെയ്യുന്നു. ഇതര ആത്മാക്കൾ മരിയൻ പ്രേഷിതത്വം വഴിയായി അതിലേക്ക് ആകർഷിതരായിത്തീരുന്നു.
944. നമ്മുടെ ശൈലി പ്രകാരം, പരിശുദ്ധ മറിയത്തിന്റെ എല്ലാ രഹസ്യങ്ങളും ആനുകൂല്യങ്ങളും എല്ലാ അവസ്ഥകളും പ്രവൃത്തികളും എല്ലാ ദുഃഖങ്ങളും സന്തോഷങ്ങളും എല്ലാ പ്രത്യക്ഷീകരണങ്ങളും സന്ദർശനങ്ങളും എല്ലാ പൂർണ്ണതകളും കർത്തവ്യങ്ങളും ഓരോന്നോരോന്നായി നാം ആദരിക്കുന്നു.
945. നമ്മുടെ ദൈവവിളി പ്രകാരം, സാർവ്വത്രികതയുടെയും സമന്വയത്തിന്റെയും ചൈതന്യത്തിൽ എല്ലാ വൊക്കേഷനിസ്റ്റുകളും പ്രവേശിക്കുകയും ജീവിക്കുകയും ചെയ്യണമെന്ന് നാം ശുപാർശ ചെയ്യുന്നെങ്കിലും, ഓരോരുത്തനും തനിക്കു കൂടുതൽ ആകർഷണം തോന്നുന്ന പ്രത്യേക മരിയൻ രഹസ്യമോ സംജ്ഞയോ ആദരിക്കാനും അതുമൂലം അതിന്റെ പ്രചാരകനായിത്തീരാനും സ്വാതന്ത്ര്യമുണ്ട്.
946. അതുപോലെ, വിവിധ സന്യാസസഭകളുടെ എല്ലാ മരിയഭക്തികളും, ജപമാല പോലെ വിശാലമായവയ്ക്ക് എപ്പോഴും കൂടുതൽ മുൻഗണന നൽകിക്കൊണ്ട്, അവയെ നാം അതിയായി ആദരിക്കുകയും, സാധിക്കുന്നിടത്തോളം, നമ്മുടെ സ്വന്തമാക്കിത്തീർക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ഇതു പോലും മറിയത്തിന്റെയും വി. യൗസേപ്പിന്റെയും മറ്റെല്ലാ രഹസ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
947. പരിശുദ്ധ അമ്മയോടുള്ള ഓരോ ഭക്തിയിലും നാം വി. യൗസേപ്പിനെ ഉൾച്ചേർക്കുന്നു. കാരണം, അപ്രകാരം ചെയ്യുന്നതുമൂലം നാം അവൾക്ക് കൂടുതൽ ബഹുമതിയും സന്തോഷവും നൽകുന്നുവെന്ന് നാം വിശ്വസിക്കുന്നു. അപ്രകാരം, സകല മാലാഖമാരും വിശുദ്ധരും ഭൂമിയിലെ എല്ലാ നീതിമാന്മാരും, അതായത്, സഭയാകുന്ന തിരുകുടുംബമടങ്ങുന്ന അവളുടെ ബൃഹത് കുടുംബത്തെ ചേർക്കുന്നതുവഴി ഈ ഭക്തി കൂടുതൽ സമ്പന്നമാക്കപ്പെടുന്നു എന്നു നാം വിശ്വസിക്കുന്നു.
948. നമ്മുടെ സാധാരണ വാചിക പ്രാർത്ഥനയ്ക്ക്, ബൈബിൾ വചനങ്ങളുടെ ഒരു തോരണം, വർഷത്തിലെ ഓരോ ആഴ്ചയും മാറിമാറി നാം ഉപയോഗിക്കുന്നു. നമ്മുടെ അതിസാധാരണ വാചിക പ്രാർത്ഥനയ്ക്കായി പരിശുദ്ധ അമ്മയുടെ ദിവ്യബലികളുടെ പ്രവേശക പ്രഭണിതങ്ങൾ, അവയുടെ പ്രത്യേകമായ സമാഹരണ പ്രാർത്ഥനകളോടുകൂടെ ചേർത്ത ഒരു ജപമാല നാം ഉപയോഗിക്കുന്നു. ഇതിനെ നാം നമ്മുടെ സാധാരണവും അതിസാധാരണവുമായ "മരിയാജ്ഞലി'' എന്നു വിളിക്കുന്നു.
949. മാനസിക പ്രാർത്ഥനയ്ക്കായി, നമ്മുടെ സ്വന്തം സവിശേഷതയും, എന്നാൽ ലോകമാസകലും പ്രചരിപ്പിക്കാൻ നാം ആഗ്രഹിക്കുന്നതുമായ, അമ്മയും മദ്ധ്യസ്ഥയും ദൈവിക വരപ്രസാദത്തിന്റെയും ആത്മാവിലെ ഓരോ വ്യക്തിഗത കൃപാവരങ്ങളുടെയും സംരക്ഷകയും പരിപോഷകയുമായ മറിയവുമായുള്ള ഐക്യം നാം അഭ്യസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
950. മറിയവുമായുള്ള എെക്യത്തിന്റെ ഭക്തി, ആത്മാക്കളെ സംബന്ധിക്കുന്ന മറിയത്തിന്റെ ദൗത്യവും മാതൃസഹജമായ കടമയും തനിക്കു തന്നെയും മറ്റുള്ളവർക്കുമുള്ള നമ്മുടെ കൃപാവര പൂർണ്ണതയും നല്ലപോലെ പ്രതിഫലിപ്പിക്കുകയും അവളെ വിശുദ്ധരുടെ രാജ്ഞിയും ദൈവിക സ്നേഹത്തിന്റെ മാതാവും സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയും ദൈവിക വിളികളുടെയും പ്രചോദനങ്ങളുടെയും ദൗത്യങ്ങളുടെയും നാഥയുമായി സ്പഷ്ടമായി അവളെ വണങ്ങുകയും ചെയ്യുന്നു.
951. ആയതിനാൽ, ദൈവവുമായി സ്നേഹപൂർവ്വം സ്വയം എെക്യപ്പെടുന്നതിനും ത്രിത്വത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധരായിത്തീരുന്നതിനുമായി കൃപാവര ജീവിതവും ദൈവവിളികളും പ്രചോദനങ്ങളും ദൗത്യങ്ങളും പരിശുദ്ധ കന്യകയിൽ നിന്ന് നാം പ്രത്യാശിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു.
952. എല്ലാ കൃപകളും മറിയത്തിന്റെ ഹൃദയത്തിലൂടെയും കരങ്ങളിലൂടെയുമാണ് നമ്മിലേക്കു വരുന്നതെന്നതിനാൽ, ആ ഹൃദയത്തിലും കരങ്ങളിലും സ്വയം ഭരമേൽപ്പിക്കാനും അവയോട് വളരെ ഗാഢമായി ചേർന്നിരിക്കാനും, സാധിക്കാവുന്നിടത്തോളം ആഴത്തിൽ നമ്മുടെ അമ്മയായ മറിയത്തിന്റെ വിമല ഹൃദയത്തിൽ ആയിരിക്കാനും നാം അതിയായി ആഗ്രഹിക്കുന്നു.
953. കൃപാവരം നാം സ്വീകരിക്കുന്നതിലും അതിനോടു സഹകരിക്കുന്നതിലുമാണ് സർവ്വം ആശ്രയിച്ചിരിക്കുന്നത് എന്നതിനാൽ, തന്റെ കൃപാവരം കൈമാറുന്നതിൽ കന്യകാമറിയത്തെ നാം ആശ്രയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് നാമറിയുന്നത് പ്രധാന കാര്യമാണ്. തത്ഫലമായി, നാം കൃപ സ്വീകരിക്കുന്നതും അതുമായി സഹകരിക്കുന്നതും മറിയവുമായുള്ള നമ്മുടെ ഐക്യത്തിൽ വളരെയധികമായി ആശ്രയിച്ചിരിക്കുന്നു.
954. എല്ലാ കൃപാവരങ്ങളും ആരംഭിക്കുന്നത് പ്രചോദനത്തോടുകൂടിയും വികസിക്കുന്നത് നമ്മുടെ സഹകരണവുമായി ബന്ധപ്പെട്ടുമാണ്. അതിനാൽ, മറ്റെല്ലാറ്റിനും മുമ്പേ ഇവയ്ക്കായി നാം യാചിക്കുകയും മറിയത്തിൽ നിന്നവ കാത്തിരിക്കുകയും മറിയത്തിൽ നിന്നവ സ്വീകരിക്കുകയും അവയിലൂടെ ദൈവിക പ്രചോദനങ്ങളുടെ രാജ്ഞിയും മാതാവുമായി അവളെ വണങ്ങുകയും വേണം.
955. ഒരു നല്ല പ്രചോദനം നമുക്കുണ്ടായ ഉടനെ, അത് പരിശുദ്ധാത്മാവിന്റെ ഏതു ദാനത്തിൽ നിന്നു വരുന്നതായാലും, നാമതു ബഹുമാന പുരസ്സരം സ്വീകരിച്ച് മറിയത്തിൽ മാത്രം മുളയ്ക്കാൻ സാധിക്കുന്ന ഏറ്റവും അമൂല്യമായ ഒരു വിത്തുപോലെ, അവൾക്കു സമർപ്പിച്ച് അവളെ അതു ഭരമേൽപ്പിക്കുക.
956. ശേഷം, അതിന്റെ ദൈവിക കർത്താവും ഉറവിടവുമായവനോടുള്ള ബഹുമാനത്തിൽ ആ പ്രചോദനം പൂർത്തിയാക്കുന്നതുവഴി, ആ കൃപയോടു പ്രത്യുത്തരിക്കുന്നതിൽ നമ്മെ സഹായിക്കാൻ നാം അവളോടു യാചിക്കുന്നു. അങ്ങനെ, അവൾ പൂർവ്വാഗത (പ്രചോദിപ്പിക്കുന്ന) കൃപയുടെ ഉറവിടമാകയാൽ അവൾ നമ്മുടെ മുഖ്യമായ വാസ്തവ കൃപയായിത്തീരുന്നു.
957. മനുഷ്യന്റെ അപര്യാപ്തതയും ബലഹീനതയും കൂടുതൽ വലുതായിട്ടുള്ള അതിസ്വാഭാവിക കാര്യങ്ങളിൽ വിശേഷിച്ചും, മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല. മറിയത്തേക്കാൾ മികച്ച മറ്റൊരു തുണയായി മറ്റൊരാളില്ല.
958. ഓരോ പ്രവൃത്തിക്കും ശേഷം, സകല മാനുഷിക അപൂർണ്ണതയിൽ നിന്നും ശുദ്ധീകരിക്കപ്പെട്ട് സ്വർഗീയ കലവറിൽ അതു നിക്ഷേപിക്കപ്പെടുകയും അങ്ങനെ ഒരു നാൾ ദൈവസിംഹാസനത്തിൻ മുമ്പാകെ വിശേഷ വസ്ത്രമണിഞ്ഞ് ആത്മാവു നിൽക്കത്തക്കവിധം കൃപയുടെ യോഗ്യതയും വർദ്ധനവും നമുക്കായി സൂക്ഷിക്കാൻ അവൾക്കു കഴിയുംവിധവും നാമത് ബഹുമാനപുരസ്സരം മറിയത്തെ ഭരമേൽപ്പിക്കുന്നു.
959. ദൈവിക കൃപാവരത്തിന്റെ മാതാവെന്നും സകല വരദാനങ്ങളുടെയും മദ്ധ്യസ്ഥയെന്നും വിളിക്കപ്പെടുന്നതും ദൈവൈക്യത്തിലേക്ക് ആത്മാവിനെ ഉയർത്തുന്ന കർമത്തിൽ നമ്മുടെ രക്ഷകനായ യേശുവിനോടും നമ്മുടെ പവിത്രാദാവായ ആത്മാവിനോടും അഭേദ്യമായി ഐക്യപ്പെട്ടിരിക്കുന്ന പരിശുദ്ധ കന്യകയോടുള്ള നമ്മുടെ സഭാസമൂഹത്തിന്റെ തനതായ ഭക്തി ഇതാണ്.
960. ഈ വൊക്കേഷനിസ്റ്റ് മാതൃഭക്തിയോടുകൂടെ, ക്രിസ്തീയ പരിപൂർണ്ണതയിലെ ദ്രുതസഞ്ചാരവും മറിയം ആയിരിക്കുന്ന കൃപാവരത്തിന്റെ പൂർണ്ണതയും വിശുദ്ധീകരണത്തിന്റെ ആൾരൂപവുമായിത്തീരുന്നതിനുള്ള ഗുണപരമായ ഒാരോ മാർഗത്തിന്റെയും സമ്പൂർണ്ണ സംഗ്രഹവും ഇതാണെന്ന് ഒരുവൻ സത്യമായും കണ്ടെത്തുന്നു.
961. പരിശുദ്ധ കന്യകയുമായുള്ള നമ്മുടെ നേരിട്ടുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ പ്രചോദനങ്ങളുമായി ഈ ബന്ധങ്ങളും പരിശീലനങ്ങളും സ്ഥാപിച്ചെടുത്ത വി. ലൂയി മറി ദെ മോൺഫോർട്ട്, വി. ജോൺ യൂദ്സ് എന്നീ പരിശുദ്ധിയുടെ രണ്ട് വീരന്മാർ പ്രതിനിധാനം ചെയ്യുന്നതുപോലെ, ഒരു അത്യുച്ചിയിൽ നിന്ന് മറ്റൊന്നിലേക്കു പോകാൻ ആത്മാവ് സ്വതന്ത്രമാണ്.
962. മറിയത്തിൽ (അതോടൊപ്പം നാം വി. യൗസേപ്പിനെ ചേർക്കുന്നു), യേശുവിനോടുള്ള സ്നേഹത്തിന്റെ ദാസ്യത്വത്തോടുകൂടെ, എളിമയുടെ പാരമ്യത്തിലായി വി. ലൂയി ദെ മോൺഫോർട്ട് കാണപ്പെടുന്നു. ആഗ്രഹിക്കുന്നതിൽ നിന്ന് യാതൊന്നും നമ്മെ തടസ്സപ്പെടുത്താത്ത, പരിശുദ്ധ മാതാവുമായുള്ള അദ്ദേഹത്തിന്റെ വൈവാഹിക ബന്ധത്താൽ, സ്നേഹത്തിന്റെ ശരണത്തിന്റെ പാരമ്യത്തിലായി വി. ജോൺ യൂദ്സ് കാണപ്പെടുന്നു.
963. യഥാർത്ഥത്തിൽ, "ജീവിതപങ്കാളി'' എന്ന വാക്ക് ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മാത്രമായി വിശുദ്ധരുടെ സേവകൻ മാറ്റിവയ്ക്കുന്നു. വിവാഹവിരുന്നിലെ അതിഥികളോടുള്ള സുവിശേഷത്തിന്റെ "അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക'' എന്ന വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, ഒരിക്കൽ "മകൻ'' ... "ജീവിതപങ്കാളി'' എന്നിങ്ങനെ വിളിക്കപ്പെടുമെന്ന് ആഗ്രഹിക്കുകയും പ്രത്യാശിക്കുകയും ചെയ്യുമ്പോൾ പോലും, സ്നേഹദാസന്റെ സ്ഥാനത്തിൽ അയാൾ കൂടുതൽ സന്തോഷിക്കുന്നു.
964. "ഇതാ നിന്റെ അമ്മ'' എന്നു ശ്രവിക്കാൻ അർഹനാകുന്നതിനായി മരിയദാസൻ അവളോടു ചേർന്നു നിൽക്കുന്നു. "എന്റെ മണവാട്ടീ, വരിക!'' എന്നു ശ്രവിക്കാൻ യോഗ്യതയുണ്ടാകുന്നതിനായി മരിയസുതൻ അവളുടെ കരങ്ങളിൽ സ്വയം പ്രതിഷ്ഠിക്കുന്നു.
965. വാസ്തവവും പ്രചോദിപ്പിക്കുന്നതുമായ സകല കൃപാവരങ്ങളെയും സംബന്ധിക്കുന്നതും ദൈവവിളികളുടെ സന്യാസ സമൂഹത്തിന്റെ അംഗീകൃത ഭക്തിയുമായ ഈ മരിയഭക്തിയിൽ നാം ലൂയി ദെ മോൺഫോർട്ടിന്റെ ഭക്തി അവികലമായി അഭ്യസിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. സർവ്വവും "മറിയത്തിൽനിന്നും മറിയത്തിലൂടെയും മറിയത്തിനുവേണ്ടിയും മറിയത്തിലും'', ഓരോ അവസ്ഥയ്ക്കും സ്ഥിതിവിശേഷത്തിനും ഉത്തമമായ ഒരു ഭക്തി.
966. ...യാത്രചെയ്യുന്ന അവസ്ഥ, പോരാട്ടത്തിന്റെ അവസ്ഥ, ഉയർച്ചയുടെ അവസ്ഥ, അധീശത്വത്തിന്റെ അവസ്ഥ എന്നിവയിൽ സദാ ആയിരിക്കുന്ന നമ്മുടെ ആത്മീയ ജീവിതത്തിന്റെ ഓരോ അവസ്ഥയ്ക്കും അനുഗുണമായത്. ജീവിതത്തിന്റെ ഓരോ അവസ്ഥാവിശേഷത്തിലും, മാതാവെന്ന തന്റെ ധർമം നിറവേറ്റിക്കൊണ്ട്, നിത്യസന്ദർശനത്തിൽ പരിശുദ്ധ കന്യക നമ്മുടെ ചാരെയുണ്ട്.
967. ഓരോ ആത്മാവിനോടും, സവിശേഷമായി തങ്ങളുടെ വ്യക്തിപരമായ വിശുദ്ധീകരണത്തിനായി പ്രയത്നിക്കുന്ന ആത്മാക്കളോടുള്ള, പ്രത്യകമായി സന്യാസപരവും വൈദികവുമായ ദൈവവിളിയാൽ അനുഗ്രഹീതരും അതിലുപരി ഓരോ ദൈവവിളിപ്രോത്സാഹകനോടുമുള്ള മറിയത്തിന്റെ നിത്യസന്ദർശനത്തിൽ നാം വിശ്വസിക്കുന്നു.
968. ദൈവിക പരിപൂർണ്ണതകളിലും അപ്രകാരം തന്നെ ദൈവിക അപാരതയിലുമുള്ള മറിയത്തിന്റെ ഭാഗധേയത്തിൽ നാം വിശ്വസിക്കുന്നു. ഇക്കാരണത്താൽ, ഓരോ ആത്മാവിന്റെ ചാരത്തും ദേവാലയങ്ങളിലും പ്രേഷിതത്വത്തിനായുള്ള സന്യാസ പരിശീലന ഭവനങ്ങളിലും നമ്മുടെ വൊക്കേഷനിസ്റ്റ് ഭവനങ്ങളിലും അവളുടെ സാന്നിദ്ധ്യം നാം തിരിച്ചറിയുന്നു!
969. ഇതു നിർവ്വചിക്കാൻ നമുക്കാവില്ലെങ്കിലും മറിയം മാതാവായ അതേ കൃപാവരത്തിലൂടെ ദിവ്യകാരുണ്യ യേശുവും നമ്മിൽ അധിവസിക്കുന്ന പരിശുദ്ധ ത്രിത്വവുമായുള്ള മറിത്തിന്റെ ഐക്യത്തിന്റെ സവിശേഷമാർന്ന ഒരു സാന്നിദ്ധ്യത്തിൽ നാം വിശ്വസിക്കുന്നു!
970. മറിയത്തിന്റെ ഈ സാന്നിദ്ധ്യം ആത്മാക്കളിൽ യേശുവിന്റെ അമ്മ എന്ന നിലയിലും വീണ്ടെടുപ്പിന്റെയും വിശുദ്ധീകരണത്തിന്റെയും ആദ്യ സഹകാരിണിയും ശുശ്രൂഷകയും എന്ന നിലയ്ക്കും നമുക്കായുള്ള ദൈവൈക്യത്തിന്റെ പ്രഥമവും ഏറ്റം അമൂല്യവുമായ ഉപകരണവും പ്രഥമവും മുഖ്യ ഉപാധിയുമെന്ന നിലയ്ക്കുമുള്ള അവളുടെ ധർമത്തോട് ബന്ധപ്പെട്ടിരിക്കുന്നു.
971. സ്വന്തം വിശുദ്ധീകരണത്തിനും മറ്റുള്ളവരുടെ വിശുദ്ധീകരണത്തിനുമുള്ള ആത്മാവിന്റെയും ഓരോ സമൂഹത്തിന്റെയും പ്രതിബദ്ധതയ്ക്ക് ആനുപാതികമായാണ് ഈ സാന്നിദ്ധ്യം അനുഭവപ്പെടുന്നതും സ്നേഹിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും. നമ്മുടെ തീക്ഷ്ണതയെ വെളിപ്പെടുത്തുന്ന അടയാളവും അളവുകോലും ഇതാകാൻ വളരെ സാധ്യതയുണ്ട്.
Comments
Post a Comment