2 വാല്യം 1: ആരോഹണം: മുഖവുര

ദൈവശാസ്ത്രക്കുറിപ്പ്

    ആരോഹണം എന്ന പുസ്തകത്തിന് അതിന്റെ പേര് ലഭിച്ചത് കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിരുന്നാളിൽ നിന്നാണ്. ജസ്റ്റിനച്ചനെ സംബന്ധിച്ചിടത്തോളം, അവതരിച്ച വചനത്തിന്റെ ദൗത്യത്തിന്റെയും വീണ്ടെടുക്കപ്പെട്ട ഓരോ വ്യക്തിയുടെ പദ്ധതിയുടെയും പൂർത്തീകരണമാണ് ആരോഹണം. റോമിൽ തന്റെ സന്യാസസഭകൾക്കായി തിരഞ്ഞെടുത്ത "വൊക്കേഷനിസ്റ്റുകൾ" എന്ന പേര് സ്വീകരിക്കാൻ പ്രയാസമായപ്പോൾ, ഈ രഹസ്യത്തിന് സമർപ്പിച്ചിരിക്കുന്ന സന്യാസസഭകളൊന്നും തന്നെയുണ്ടായിരുന്നില്ല എന്ന് ഏതാണ് ഇച്ഛാഭംഗത്തോടെ കണ്ടറിഞ്ഞ്, ഒരു സാധ്യതയെന്ന നിലയിൽ, "ആരോഹണ മിഷനറിമാർ" എന്ന പേര് നിർദ്ദേശിക്കാൻ സ്ഥാപകൻ മടിച്ചില്ല. 
    തപസ്സ് എന്ന വാക്കിന്റെ അതേ മൂലമാണ് ആരോഹണത്തിനുള്ളത്. പൂർണ്ണതയും ദൈവവുമായുള്ള ഐക്യവും കൈവരിക്കാനുള്ള ശ്രമകരവും നിരന്തരവുമായ പരിശ്രമങ്ങളെ സൂചിപ്പിക്കുന്നതിനൊപ്പം, യേശുവിനെ അനുഗമിക്കുന്നതിൽ എന്നെന്നേയ്ക്കുമായി ഉന്നതങ്ങളിലേക്ക് പുരോഗമിക്കാനുള്ള ആന്തരിക നിമന്ത്രണങ്ങൾക്കൊപ്പം അവയുടെ ക്രമാനുഗത്വത്തെ അഥവാ പുരോഗമനത്തെ ഇത് സൂചിപ്പിക്കുന്നു. കുരിശിന്റെ വി. യോഹന്നാൻ ആത്മാവിനെ കർമലമല കയറ്റത്തിലേക്ക് നയിക്കുകയും വിശുദ്ധർ നമ്മെ "ദിവ്യ പരിപൂർണ്ണതയുടെ പർവ്വതങ്ങളിലേക്ക്" ക്ഷണിക്കുകയും ചെയ്യുന്നു, ജസ്റ്റിനച്ചനോ യേശുവിന്റെ സ്വർഗ്ഗാരോഹണ പർവ്വതത്തിലേക്ക് അനുഗമിച്ച് അവിടുത്തെ പിതാവിങ്കലേക്കും നമ്മുടെ പിതാവിങ്കലേക്കും ഉയർന്ന് ദൈവിക ഐക്യം ആസ്വദിക്കാനും നമ്മെ നയിക്കുന്നു.
    സ്വർഗ്ഗാരോഹണത്തിന്റെ എട്ടാമിടത്തിന്റെ  സമർപ്പണത്തിൽ (1), വൊക്കേഷനിസ്റ്റ് ആത്മാവിലും ജീവിതത്തിലും സ്വർഗ്ഗാരോഹണത്തിന്റെ വ്യത്യസ്ത അർത്ഥങ്ങൾ ജസ്റ്റിനച്ചൻ പ്രകടിപ്പിക്കുന്നു: സഭയുടെ അജപാലന ദൗത്യം; നമ്മുടെ ഇടയിൽ ക്രിസ്തുവിന്റെ നിത്യസാന്നിധ്യത്തിന്റെ ഉറപ്പ്, എത്രയും ഉന്നത മൈത്രിയിൽ, എത്രയും മികച്ച യാഥാർത്ഥ്യത്തിൽ; ക്രിസ്തുവിന്റെ സ്വന്തം ദൗത്യത്തിന്റെ തുടർച്ചക്കാർ എന്ന നിലയിലുള്ള നമ്മുടെ ദൗത്യം പരിശുദ്ധാത്മാവിന്റെ ദാനങ്ങളോടും സിദ്ധികളോടും കൂടി, നിരുത്സാഹവും അഹമ്മതിയും കൂടാതെ; കൂടുതൽ അടുപ്പമുള്ള ഐക്യത്തിനായുള്ള നിരന്തര രൂപീകരണം.
    വരിക! നമുക്ക് കർത്താവിന്റെ ഗിരിയിലേക്ക് പോകാം. അവിടുന്ന് നമ്മെ അവിടുത്തെ വഴികൾ പഠിപ്പിക്കുകയും നാം അവിടുത്തെ പാതകളിൽ ചരിക്കുകയും ചെയ്യും. കർത്താവിന്റെ വിശുദ്ധ ഗിരികൾക്കിടയിൽ ഉത്ഥാനത്തിന്റെ ഗിരി ഞാൻ കാണുന്നു. ആ ഗിരിയിൽ നിന്ന് അതിശയകരമായ വിധം പ്രശോഭിക്കുന്ന എന്റെ കർത്താവിനെയും അവിടുന്ന് എന്നെ ഭരമേൽപിക്കുന്ന ദൗത്യവും എനിക്കായി വരച്ചുകാട്ടുന്ന എന്റെ സഞ്ചാരപാതയും എന്നെ ഏല്പിക്കുന്ന കർമ്മപദ്ധതിയും എന്റെ വിശുദ്ധീകരണത്തിനുള്ള മാർ​ഗവും ഞാൻ കാണുന്നു. വരിക! കർത്താവിന്റെ ഉത്ഥാനഗിരിയിൽ നമുക്ക് കയറാം. അവിടുന്ന് നമ്മെ അവിടുത്തെ വഴി പഠിപ്പിക്കുകയും ചെയ്യും. അവിടുന്ന് തന്റെ നിയമം നമുക്ക് നൽകും, അവിടുത്തെ ശക്തി നമുക്ക് നൽകും, അവിടുത്തെ സൗന്ദര്യം നമ്മെ കാണിക്കുകയും അവിടുത്തെ മഹത്വത്തിൽ നമ്മെ ആമഗ്നരാക്കുകയും ചെയ്യും - സ്വർഗ്ഗാരോഹണം! (2).
    പൊതുവായ സന്യാസ തത്വങ്ങൾ പിന്തുടർന്ന്, ആരോഹണത്തിൽ നമ്മുടെ സന്യാസത്തെ തടസ്സപ്പെടുത്തുന്നതോ മന്ദഗതിയിലാക്കുന്നതോ ആയ ആന്തരികവും ബാഹ്യവുമായ പ്രതിബന്ധങ്ങളെ ഇല്ലാതാക്കുന്നതിനാൽ നിഷേധാത്മകമെന്ന് വിളിക്കപ്പെടുന്ന സന്യാസ ഘടകങ്ങളും അത്യുന്നത വിശുദ്ധരൂപങ്ങളിലേക്കും എത്രയും പരി. ത്രിത്വവുമായുള്ള അത്യഗാധമായ ഐക്യത്തിലേക്കുമുള്ള നമ്മുടെ യാത്രയെ സുഗമമാക്കുന്ന വഴികളും മാർഗങ്ങളും നിർദ്ദേശിക്കുന്ന ക്രിയാത്മക സന്യാസ ഘടകങ്ങളും ഉൾക്കൊള്ളുന്നു. നൂറ്റാണ്ടുകളോളം വിശുദ്ധന്മാർ പരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്ത, ആത്മീയതയുടെ വിവിധ സ്രോതസ്സുകളിൽ നിന്നും ജസ്റ്റിനച്ചൻ സ്വതന്ത്രമായും ഉദാരമായും കോരിയെടുക്കുന്നു. വാസ്തവത്തിൽ, വി. ബേസിൽ, വി. അഗസ്റ്റിൻ, വി. ബെനഡിക്റ്റ്, അസ്സീസിയിലെ വി. ഫ്രാൻസിസ്, വി. ഡൊമിനിക്, സിയാന്നായിലെ വി. കത്രീന, വി. ഇഗ്നേഷ്യസ് ലയോള, ആവിലായിലെ വി. അമ്മത്രേസ്യ , കുരിശിന്റെ വി.  യോഹന്നാൻ , വി. ഫ്രാൻസിസ് ഡി സെയിൽസ്, വി. ലൂയി ഗ്രിഗ്നോൺ ഡി മോണ്ട്ഫോർട്ട്, വി. അൽഫോൻസ് ലിഗ്വോരി, വി. ജോൺ ബോസ്കോ, ഫാദർ ഫേബർ, ബെറുല്ലെ തുടങ്ങി നിരവധി പേരുടെ ആത്മീയതയുടെ ഘടകങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും. അദ്ദേഹത്തിന്റെ സന്യാസവും നിഗൂഢവുമായ പ്രതിഭയ്ക്ക് ആത്മീയ ജീവിതത്തിന്റെ യജമാനന്മാരുടെ പഠനങ്ങളുടെ ഉൾക്കാമ്പ് ഗ്രഹിക്കാനും അവയുടെ അത്ഭുതകരമായ സമന്വയങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞു, അങ്ങനെ തന്റെ ആത്മീയതയുടെ സങ്കീർണ്ണമായ ഖചിതചിത്രം രചിക്കാൻ അദ്ദേഹം പല ഇഷ്ടികപ്പൊട്ടുകളെന്നോണം അവ ചേർത്തുവച്ചു.
    ആരോഹണം എഴുതപ്പെട്ടിരിക്കുന്നതും അഭിസംബോധന ചെയ്തിരിക്കുന്നതും പ്രാഥമികമായി വൊക്കേഷനിസ്റ്റുകൾക്ക് വേണ്ടിയാണെങ്കിലും, അതിന്റെ തത്വങ്ങൾ സാർവ്വത്രികമാണ്, പരിശുദ്ധ ത്രിത്വവുമായി യഥാർത്ഥത്തിൽ പ്രണയത്തിലാകാനിച്ഛിക്കുന്നവർക്ക് അത് പിന്തുടരാനാകും. "സ്വകാര്യസംവൃത നിയന്ത്രണം" എന്ന് ജസ്റ്റിനച്ചൻ ഉപശീർഷകം നൽകിയ ആരോഹണപ്പുസ്തകത്തിൽ, കഴമ്പുള്ളതും സുശുശ്രൂഷിതവുമായ ഒരു കൃതി നമുക്ക് കാണാം. നിയമസംഹിതകളുടെ മുൻ പതിപ്പുകളിൽ അതിന്റെ വേരുകൾ ഉള്ളതിനാൽ, ദൈവവിളി സന്യാസിനീസന്യാസികളും ആത്മീയ യാത്രയെ അത് ചൂണ്ടിക്കാണിക്കുന്നു... ദൈവിക ഐക്യം നേടുന്നതിനുള്ള ഒരു യഥാർത്ഥ ദ്വിമാനപാളം ഈ വാല്യം രൂപപ്പെടുത്തുന്നുണ്ട്."(3)
     ജസ്റ്റീനിയൻ തപസ്സിന്റെ ആരംഭ ബിന്ദു "നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം" (4 ഉല്പ. 1:26) എന്നതാണ്. ജസ്റ്റിനച്ചൻ ഇതുകൊണ്ട് അർത്ഥമാക്കുന്നത്  "നമുക്ക് സ്നേഹത്തിന്റെ ഒരു ബന്ധം സൃഷ്ടിക്കാം, കാരണം നാം സ്നേഹത്തിന്റെ ബന്ധമാണ്". "മനുഷ്യൻ എന്നത് ഏറ്റവും പരി. ത്രിത്വത്തോടുള്ള സ്നേഹബന്ധത്തിന്റെ ഒരു പദമാണ് ", "ത്രിത്വവുമായുള്ള സ്നേഹബന്ധം ആകാൻ വേണ്ടി മാത്രമാണ് നിലനിൽക്കുന്നത് തന്നെ" (5) എന്ന് സ്വയം ബോധ്യപ്പെടുത്തണം, ഈ ബന്ധം മറ്റാരുമായല്ല, മറ്റാർക്കും ആകാൻ കഴിയുകയുമില്ല; ഞാൻ അതുല്യനാണ്, ഈ എന്റെ തരത്തിൽ ഞാൻ ഏകനാണ്!” (6) 
    ദൈവത്തിന്റെ പ്രതിച്ഛായയും സാദൃശ്യവും ആയതിനാൽ, മനുഷ്യൻ സഹജമായി ബഹുമാനത്തിനും ആദരവിനും യോഗ്യനാണ്; അവൻ ദൈവത്തിന്റെ പ്രതിച്ഛായയായതിനാൽ, അവൻ ത്രിത്വമായ ദൈവത്തെപ്പോലെ പരിശുദ്ധനും പരിപൂർണ്ണനായിരിക്കണം, അതിനാൽ ഒരേ സൃഷ്ടിയുടെ ശക്തിയാൽ, എല്ലാ മനുഷ്യരും വിശുദ്ധിയിലേക്ക് വിളിക്കപ്പെടുന്നു. സാർവ്വത്രിക വിശുദ്ധീകരണം നമ്മുടെ ആത്മീയതയുടെയും ദൈവവിളിസഭയുടെയും അടിസ്ഥാന ഘടകമാണ്.
    "നമുക്ക് സൃഷ്ടിക്കാം ..." എന്നതിൽ, "ആ ദിവ്യ ബഹുത്വത്തിലേക്ക്" പ്രവേശിച്ച് അങ്ങനെ നമ്മുടെ വിശുദ്ധീകരണ പ്രക്രിയയിൽ സഹകരിക്കാനുള്ള ത്രിത്വദൈവന്റെ ഓരോ മനുഷ്യനുമുള്ള ഒരു ക്ഷണം ജസ്റ്റിനച്ചൻ കാണുന്നു. നമ്മുടെ താപസയാത്ര ദൈവത്തിന്റെ സൃഷ്ടിപരവും വിശുദ്ധീകരിക്കുന്നതുമായ പ്രവൃത്തിയിൽ സഹകരിക്കുന്നതിലും അടങ്ങിയിരിക്കുന്നു.
    സൃഷ്ടിയുടെ പ്രവർത്തനത്തിലെന്നപോലെ, വിശുദ്ധീകരണത്തിലും കർത്താവ് എപ്പോഴും മുൻകൈയെടുക്കുകയും നമ്മുടെ സഹകരണത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. നമ്മുടെ വിശുദ്ധീകരണ പ്രവർത്തനത്തിൽ ഫലപ്രദമായി സഹകരിക്കാൻ ഒറ്റക്ക് നമുക്ക് കഴിവില്ലാത്തതിനാൽ, പിതാവ് ഏക മദ്ധ്യസ്ഥനായി പുത്രനെ അയയ്ക്കുന്നു, അവൻ ആദ്യം നമ്മെ വഴി പഠിപ്പിക്കുകയും പിന്നീട് വ്യക്തിപരമായി നമ്മെ സ്വർഗ്ഗാരോഹണ പർവതത്തിലേക്ക് അനുഗമിച്ച് പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി നമ്മെ ഒരുക്കുകയും ചെയ്യുന്നു.
    "ദൈവിക രഹസ്യങ്ങളുടെ വിഭജനത്തിൽ", നമ്മുടെ മഹത്തായ ഭാഗ്യത്താലും ദൈവിക മുൻ​ഗണനയാലും, "സത്താപര ഐക്യത്തിന്റെ രഹസ്യം"  വചനമെന്ന ഏക വ്യക്തിയിലെ മനുഷ്യ പ്രകൃതിയുടെയും ദൈവിക പ്രകൃതിയുടെയും ഐക്യം നമുക്ക് നൽകപ്പെട്ടുവെന്ന് ജസ്റ്റിനച്ചൻ പ്രസ്താവിക്കുന്നു (8). ഈ രഹസ്യം യേശുവിന്റെ വ്യക്തിത്വത്തിൽ മാത്രമായി നിക്ഷിപ്തമായിരിക്കെ, മനുഷ്യനുമായി ഐക്യപ്പെടാനുള്ള ദൈവത്തിന്റെ പരമമായ, അതിരറ്റ ആഗ്രഹം ജസ്റ്റിനച്ചൻ ഇതിൽ കാണുന്നു; മനുഷ്യനും ദൈവവുമായുള്ള ഐക്യത്തിന്റെ ഏറ്റവും ഉയർന്നതും അതിഗാഢവുമായ രൂപം. സത്താ ഐക്യത്തിൽ നിന്ന് ദൈവിക ഐക്യത്തിലേക്കുള്ള മാറ്റം എളുപ്പമാണ്! ജസ്റ്റിനച്ചന്റെയും ദൈവവിളി സഭയുടെയും ആത്യന്തിക ലക്ഷ്യം "തന്റെ എല്ലാ മക്കളെയും അവർക്കായി എല്ലാ ആത്മാക്കളെയും ദൈവിക വ്യക്തികളുമായുള്ള സമ്പൂർണ്ണ ഐക്യത്തിലേക്ക് കൊണ്ടുവരിക" (9) എന്നതാണ്. വൊക്കേഷനിസ്റ്റ് ജീവിതത്തിലും തപസിലും ഈ ദൈവിക ഐക്യം വളരെ പ്രധാനവും കേന്ദ്രവുമാണ്; ലത്തീൻ ഭാഷയിൽ v, u എന്നീ അക്ഷരങ്ങൾക്കിടയിൽ നിലനിന്നിരുന്ന സാമ്യം മുതലെടുത്ത് ജസ്റ്റിനച്ചൻ SUD (ദൈവിക ഐക്യത്തിന്റെ സമൂഹം, ചിലപ്പോൾ അദ്ദേഹം ദൈവവിളി സഭയെ വിളിക്കുന്നത് പോലെ) എന്ന ചുരുക്കപ്പേര് ഉപയോഗിച്ചു, അങ്ങനെ പേരുപയോഗിച്ചുകൊണ്ട് നാം വിളിക്കപ്പെടുന്ന ഈ യാഥാർത്ഥ്യം ഒരിക്കലും കാണാതെ പോകാതിരിക്കാൻ.
    ഈ ദൈവിക ഐക്യം ഇവിടെ ഭൂമിയിൽ ജീവിക്കണം; ഈ വിധത്തിൽ മാത്രമേ നമുക്ക് കർത്താവിനെ മുഖാമുഖം കാണുമ്പോൾ പറുദീസയിൽ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ കഴിയൂ.
    അവിടുന്നുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഫലമാണ് ദൈവവുമായുള്ള നമ്മുടെ ഐക്യം. മറ്റൊരു വ്യക്തിയുമായി മാത്രമേ ബന്ധം സ്ഥാപിക്കാനും അത് വളർത്തിയെടുക്കാനും നമുക്ക് സാധിക്കൂ എന്നതിനാൽ ജസ്റ്റിനച്ചൻ തന്റെ പ്രാർത്ഥനകളിലും ദൈവവുമായുള്ള സമ്പർക്കങ്ങളിലും, ഓരോ ദൈവിക വ്യക്തികളുമായും, പ്രത്യേകിച്ച് പിതാവുമായും, പുത്രനുമായും, പരിശുദ്ധാത്മാവുമായും വ്യക്തിപരമായ ബന്ധം കാംക്ഷിക്കുന്നു, അത് വളർത്തിയെടുക്കുന്നു. അതുകൊണ്ടാണ് “എത്രയും പരി. ത്രിത്വമേ, പിതാവേ, പുത്രാ, പരിശുദ്ധാത്മാവേ", "ഓ എന്റെ ദൈവമേ, എന്റെ സർവ്വസ്വവുമേ, പിതാവേ പുത്രാ പരിശുദ്ധാത്മാവേ" എന്ന് അദ്ദേഹം എപ്പോഴും ദൈവത്തെ അഭിസംബോധന ചെയ്യുന്നത്.
    ഈ ബന്ധം വളർത്തിയെടുക്കണം “നേരിട്ട്, തീവ്രമായി, പ്രകടമായി... അത് ഞാൻ മാത്രമായിരിക്കണം, മറ്റാരുമല്ല! മറ്റൊരു സന്യാസിയോ, മറ്റൊരു വൈദികനോ, മറ്റൊരു മനുഷ്യനോ ഞാനായിരിക്കേണ്ട ബന്ധമാകാനാകില്ല! “മൂന്ന് പിതാക്കന്മാരല്ല, ഏക പിതാവ്; മൂന്ന് പുത്രരല്ല, ഏക പുത്രൻ; മൂന്ന് പരി. ആത്മാക്കളല്ല, ഏക പരി. ആത്മാവ്" എന്ന് നാം പറയുന്നു; കൂടാതെ നമുക്ക് "മറ്റേതെങ്കിലും ജസ്റ്റിനല്ല, ഒരു ജസ്റ്റിൻ ..." എന്നിങ്ങനെയും പറയാം.
    ദൈവിക വ്യക്തികളുമായുള്ള നമ്മുടെ വ്യക്തിപരവും സവിശേഷവുമായ ബന്ധം എല്ലായ്പ്പോഴും പുരോഗാത്മകവും ഗാഢപ്പെടുന്നതുമായിരിക്കണം. സൃഷ്ടി, ദാസൻ, ശിഷ്യൻ, സുഹൃത്ത്, യോദ്ധാവ്, സഹോദരൻ മുതലായ ബന്ധങ്ങളിലേക്ക് ജസ്റ്റിനച്ചൻ നമ്മെ ആഹ്വാനം ചെയ്യുകയും ക്ഷണിക്കുകയും ചെയ്ത്, പരി. ത്രിത്വവുമായി ആത്മ-പുത്രി, ആത്മ-മാതാവ്, ആത്യന്തികമായി ആത്മ-സഖി എന്നീ ബന്ധങ്ങൾ സ്ഥാപിക്കാൻ നമ്മെ നയിക്കുകയും ചെയ്യുന്നു! ജസ്റ്റിനച്ചൻ പ്രസിദ്ധീകരിച്ച ആദ്യ രചനകൾ അദ്ദേഹം "ത്രിത്വത്തിന്റെ മണവാട്ടി  സമാഹാരം" എന്ന് വിളിക്കുന്ന ഒരു പരമ്പരയുടെ ഭാഗമായായിരുന്നു. വൊക്കേഷനിസ്റ്റ് മാനസികാവസ്ഥയിലും താപസ സമ്പ്രദായത്തിലും നമുക്ക് നല്ലതും മനോഹരവും വിശുദ്ധവുമായതിൽ മാത്രം സംതൃപ്തരാകാനാവില്ല, പകരം നാം പരമാവധിയും അത്യുന്നതവുമായ വിശുദ്ധിയുടെ ഉയർന്ന തലങ്ങളിൽ ലക്ഷ്യം വയ്ക്കണം. പൂർണ്ണതയിലേക്ക് നമ്മെ ക്ഷണിച്ചുകൊണ്ട് യേശു തന്നെ പറയുന്നു: "നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ."(11)
    യേശുവാണ് ഏക മദ്ധ്യസ്ഥൻ, നമുക്കും ദൈവത്തിനും ഇടയിലുള്ള ഏക കണ്ണി, യേശുക്രിസ്തുവിലും യേശുക്രിസ്തുവിലൂടെയും അല്ലാതെ ഒരാൾക്ക് പിതാവിലേക്ക് ഉയരാനാവില്ല. യേശുക്രിസ്തുവിലും യേശുക്രിസ്തുവിലൂടെയുമല്ലാതെ ഒരാൾക്ക് പരിശുദ്ധാത്മാവിനെ സ്വീകരിക്കാനാവില്ല. ദൈവവുമായുള്ള നമ്മുടെ ഐക്യത്തിന്റെ ഒരു ഉപാധിയായി യേശുവിന്റെ മാനവികതയെ കാണുകയും വിലമതിക്കുകയും ചെയ്യുന്ന തെരേസിയൻ ദൈവശാസ്ത്രമാണ് ഫാ. ജസ്റ്റിൻ പിന്തുടരുന്നത്, എന്നാൽ യേശുവിന്റെ ഈ മനുഷ്യത്വത്തെ "യേശുവിന്റെ ദിവ്യകാരുണ്യ ഹൃദയം" എന്ന പ്രയോഗവും പ്രതീകാത്മകതയും ഉപയോഗിച്ച് കാണാനും പരാമർശിക്കാനുമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
    നിർഭാഗ്യവശാൽ നിലവാരത്തിൽ താഴാൻ പ്രവണത കാണിക്കുന്ന നമ്മുടെ മനുഷ്യത്വത്തെ സ്വീകരിച്ചുകൊണ്ടാണ് യേശു നമ്മോട് തന്റെ സ്നേഹം പ്രകടിപ്പിച്ചത്. നമ്മെ "പരിമിതരും തുടർച്ചയുള്ളവരും" ആക്കുന്ന ഈ മനുഷ്യപ്രകൃതിയെ ഉയർത്താനും ആത്മീയമാക്കാനും വിശുദ്ധീകരിക്കാനും കഴിയും, അതങ്ങനെ ചെയ്യുകയും വേണം. കൂദാശകൾ, താപസാനുഷ്ഠാനങ്ങൾ, പരിശുദ്ധ പുണ്യങ്ങൾ വീരോചിതമായി നേടിയെടുക്കൽ എന്നിവയിലൂടെ നമ്മിലുള്ള ദൈവത്തിന്റെ പ്രതിച്ഛായയെ കൂടുതൽ പരിപൂർണ്ണമാക്കുന്നതിൽ നമ്മുടെ സ്വന്തം ശരീരം ആത്മാവിന്റെ ഏറ്റവും ശക്തമായ സഹായിയായി മാറണം. ഈ ദുഷ്ക്കരമായ ആരോഹണങ്ങളിൽ, ഓരോ മാസഭക്തികൾക്കും ആത്മീയ നിയന്ത്രണങ്ങൾക്കുമായി വിശദമായി എഴുതപ്പെട്ട ആത്മീയ കർമക്രമങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ജസ്റ്റിനച്ചൻ നമുക്ക് വൈവിധ്യമാർന്ന ഒരുപാട് പ്രാർത്ഥനാരൂപങ്ങളും സമ്പ്രദായങ്ങളും ഉപദേശങ്ങളും നൽകുന്നുണ്ട്, അവയിൽ നിന്ന് ആവശ്യാനുസരണം തിരഞ്ഞെടുക്കാം, ആത്മാവിന്റെ ശാശ്വതമായ പുതുമ നിലനിർത്താനും ആത്മീയ യാത്രയിലെ ഏകതാനതയും ക്ഷീണവും തടയാനും.
    നാം മറ്റൊരു യേശുവായിത്തീരുന്നതുവരെ, യേശുവിൽ നമ്മെത്തന്നെ രൂപാന്തരപ്പെടുത്തി അനുകരിക്കുന്നതിലാണ് നമ്മുടെ പൂർണതയുള്ളത്. അവനുമായുള്ള ഒരു സജീവ സാദൃശ്യവും പ്രതിച്ഛായയും, അവനുമായുള്ള വ്യക്തിപര സ്നേഹബന്ധവും ആയിരിക്കാൻ നാം ആഗ്രഹിക്കുന്നു. "അവൻ വളരണം, ഞാൻ കുറയണം" എന്ന് പറഞ്ഞ സ്നാപകന്റെ അരൂപിയുടെ സ്വാംശീകരണത്തിൽ നിന്ന് ഇതാരംഭിക്കുന്നു. വൊക്കേഷനിസ്റ്റ് പിന്നീട് സാമുവൽ പ്രവാചകന്റെ അരൂപിയെ സ്വന്തമാക്കുന്നു "നാഥാ, അരുൾചെയ്താലും, ദാസനിതാ ശ്രവിക്കുന്നു". ദൈവഹിതം വിനീതവും ഉദാരവുമായ സ്വീകാര്യതയോടെ, മറിയത്തിന്റെ അതേ മാതൃക പിന്തുടർന്ന്, "എന്നെ ശക്തനാക്കുന്നവനിൽ എനിക്ക് എല്ലാം ചെയ്യാൻ കഴിയും" എന്നും "എല്ലാവരിലും കർത്താവിനെ സംവഹിക്കുന്നതിനായി ഞാൻ എല്ലാവർക്കും എല്ലാമായി" എന്നുമൊക്കെ വിശ്വാസമർപ്പിച്ച് മറ്റുള്ളവരുടെ സേവനത്തിനായി സ്വയം സമർപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. ദാസന്മാർ ആയിരിക്കെ, പിന്നീട് നമ്മുടെ കർത്താവിന്റെ പുത്രരും പ്രഭുക്കന്മാരും എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടതിനാൽ, എല്ലാ ദൗത്യങ്ങൾക്കും നാം സദാ  തയ്യാറായിരിക്കണം: "ഇതാ ഞാൻ, നാഥാ, എന്നെ അയച്ചാലും". "ഞാൻ ജീവിക്കുന്നു, എന്നാൽ ഇനി ഞാനല്ല, ക്രിസ്തു എന്നിൽ ജീവിക്കുന്നു" എന്ന് വി. പൗലോസിനോടൊപ്പം പറയാൻ നമുക്കാകും.
    യേശു നമുക്ക് ഇമ്മാനുവേലാണ്, കൂടെയുള്ള ദൈവം. അവൻ ജനിച്ചു, മരിച്ചു, ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗാരോഹണം ചെയ്തു, എങ്കിലും സഭയായ യേശു, സുവിശേഷമായ യേശു, കുർബാനയായ യേശു എന്നിങ്ങനെ അവൻ എപ്പോഴും നമ്മോടൊപ്പം നിലകൊള്ളുന്നു. അതുകൊണ്ടാണ് ഒരു വൊക്കേഷനിസ്റ്റ്, സഭയ്ക്കൊപ്പവും സഭയിലും സഭയ്ക്കുവേണ്ടിയും, യേശുവിന്റെയും അവന്റെ മൗതിക ശരീരത്തിന്റെയും വിപുലീകരണം യഥാർത്ഥത്തിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്നത്. ആരാധ്യനായ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയെ വചനം എന്ന് വിളിക്കുന്നു, കാരണം അത് പിതാവിന്റെ സ്നേഹത്തിന്റെ ശാശ്വതമായ വചനമാണ്. ഈ വചനം സജീവവും ജീവദായകവുമാണ്, അതിനാലാണ് നാം അത് പഠിക്കാനും ദിവസവും ധ്യാനിക്കാനും ഹൃദിസ്ഥമാക്കാനും നമ്മുടെ ഓർമ്മയെ ദൈവിക വചനങ്ങളുടെ നിധിപേടകമാക്കാനും ആഗ്രഹിക്കുന്നത്. കുർബാനയായ യേശു യഥാർത്ഥമായും പൂർണ്ണമായും നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാകണം. ഒരു വൊക്കേഷനിസ്റ്റ്, കുർബാനയാൽ, കുർബാനയ്ക്കായി, കുർബാനയിലേക്ക് നയിക്കപ്പെട്ട്, കുർബാന വഴി നയിക്കപ്പെട്ട് ജീവിക്കുന്നു.
    നാം പരിശുദ്ധാത്മാവിന്റെ ആലയമാണെന്നറിഞ്ഞിട്ടും, നമ്മിലെ ത്രിത്വത്തിന്റെ വാസം ഏറ്റവും വിലയേറിയ ദാനമായി അംഗീകരിക്കുമ്പോഴും, നമ്മുടെ ആരോഹണ യാത്രയിൽ, പിതാവായ ദൈവത്തെ നാം എപ്പോഴും നമ്മുടെ മുന്നിൽ കൈകൾ തുറന്നിരിക്കുന്നതായും; നമ്മുടെ അരികിലുള്ള പുത്രൻ, ഒരു ഗുരുവും വഴികാട്ടിയുമായി, നമുക്ക് വഴി കാണിച്ചുതരുന്നുകൊണ്ടും, പരിശുദ്ധാത്മാവ്, നമ്മുടെ ഉള്ളിൽ, നമ്മെ നയിക്കുന്നതും നമ്മുടെ ലക്ഷ്യത്തിലെത്താൻ ശക്തി നൽകുന്നതുമായ ഊർജ്ജസ്രോതസ്സായും നാം കാണുന്നു. നമ്മുടെ ജീവിതം പൂർണ്ണമായും പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും മുഴുകിയിരിക്കുന്നു.
    സൃഷ്ടിയുടെ പ്രവർത്തനത്തെപ്രതി നാം പിതാവിനെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, നന്ദി പറയുന്നു: നമ്മിൽ ഇതിനകം തന്നെ നിർവ്വഹിക്കപ്പെട്ട ഒരു കൃത്യം. നമുക്കുവേണ്ടി ഇതിനകം ഗണ്യമായി നേടിയിരിക്കുന്ന നമ്മുടെ രക്ഷാകര കൃത്യത്തെപ്രതി നാം പുത്രനെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുന്നു. നമ്മിലും നമ്മുടെ അയൽക്കാരിലും വിശുദ്ധീകരണ പ്രവർത്തനം പൂർത്തീകൃതമാകാൻ നാം പരിശുദ്ധാത്മാവിനോട് ഐക്യപ്പെടുന്നു.
നമ്മുടെ വിശുദ്ധീകർത്താവായിരിക്കാൻ യേശു തന്റെ ആത്മാവിനെ     നമുക്ക് വാഗ്ദാനം ചെയ്ത് നൽകിയിട്ടുണ്ട്. പരിശുദ്ധാത്മാവുമായുള്ള ബന്ധവും സഹകരണവും എല്ലാറ്റിനുമുപരിയായി നമ്മുടെ "ദൈവിക പ്രചോദനങ്ങളോടുള്ള വിശ്വസ്തത, അനുസരണ, സ്നേഹപൂർവമായ അനുസരണം" എന്നിവയിൽ അടങ്ങിയിരിക്കുന്നു. ഈ പ്രചോദനങ്ങൾ എപ്പോഴും നമ്മുടെ ആത്മീയ നിയന്ത്രണങ്ങളുടെ പ്രധാന വിഷയമാണ്, അതിന്റെ പകർപ്പ് നമുക്ക് മാനസിക പ്രാർത്ഥനയുടെ ചര്യയായി മാറുന്നു, എല്ലാ ദിവസവും ഇത് നിർബന്ധമാണ്, ഓരോ മണിക്കൂറിലും നിമിഷത്തിലും നമ്മെ സംബന്ധിച്ചുള്ള ദൈവഹിതത്തിന്റെ മൂർത്തമായ പ്രകടനമാണത്. ഈ ദിവ്യ പ്രചോദനങ്ങൾ നാമോരോരുത്തരോടുമുള്ള വ്യക്തിപര സ്നേഹ സന്ദേശങ്ങളാണ്  നമ്മുടെ വിശുദ്ധീകരണത്തിന്റെ ആത്യന്തിക മാനദണ്ഡം.
    ദിവ്യപ്രചോദനങ്ങളോടുള്ള സ്നേഹം, അതേ പ്രചോദനങ്ങളുടെ ഫലമോ കലാശമോ എന്ന നിലയിലും, ദൈവിക മമതയുടെ പ്രകടനമായും, ദൈവിക വിളികളുടെ ഭക്തിയിലേക്കും സേവനത്തിലേക്കും നമ്മെ നയിക്കുന്നു, "ദൈവിക ബഹുത്വത്തിലേക്ക് പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്നു: നമ്മുടെ ഛായയിലും സാദൃശ്യത്തിലും നമുക്ക് മനുഷ്യനെ സൃഷ്ടിക്കാം", സാർവത്രിക വിശുദ്ധീകരണ പ്രക്രിയയിൽ പരിശുദ്ധാത്മാവിനൊപ്പം സഹകാരികളാകാൻ. പ്രചോദനങ്ങളില്ലാതെ ദൈവവിളികളില്ല; ദൈവവിളികളില്ലാതെ വിശുദ്ധരില്ല!
    സ്വർഗ്ഗാരോഹണത്തിന്റെ വിശുദ്ധ പർവ്വതത്തിലേക്കുള്ള നമ്മുടെ യാത്രയിൽ, പരി. കന്യക വളരെ സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു, സുന്ദര സ്നേഹത്തിന്റെയും എല്ലാ കൃപകളുടെയും മധ്യസ്ഥയായ അമ്മ, ദൈവവിളികളുടെ അമ്മ. ജസ്റ്റിനച്ചൻ മാതാവിനോട് മൂന്ന് പ്രത്യേക ഭക്തികൾ പ്രകടിപ്പിക്കുന്നു. ദൈവവിളികളുടെ നാഥ, ആദ്യമായി വിളിക്കപ്പെട്ടവൾ, സ്വർഗ്ഗീയ രക്ഷാധികാരിയും എല്ലാ വൊക്കേഷനിസ്റ്റ് ഭവനങ്ങളുടെയും ഏറ്റവും ഉയർന്ന മേലധികാരിയും.  നമ്മുടെ എല്ലാ പ്രചോദനങ്ങളും ദൈവവിളികളും അവളിലൂടെ നമ്മിലേക്കെത്തുന്നു, നാമവ അവളെ ഭരമേപ്പിക്കുന്നു. നിത്യസന്ദർശന നാഥ എപ്പോഴും തന്റെ മക്കളെ സന്ദർശിച്ച് യേശുവിനെ ആത്മാക്കളിലേക്ക് കൊണ്ടുവരികയും അങ്ങനെ വി. സ്നാപക യോഹന്നാനോടെന്നപോലെ നമ്മിൽ വിശുദ്ധീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. വൊക്കേഷനിസ്റ്റുകൾക്ക് സ്വന്തവും അതുല്യവും പ്രത്യേകവുമായ ഭക്തിയായി വിളിക്കപ്പെടുന്നതും അങ്ങനെയായിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത്, മാതാവും പുത്രിയും സഖിയുമായ, ദൈവത്തിന്റെ ഹൃദയത്തോട് ഏറ്റവുമടുത്ത സൃഷ്ടി അവളാണെന്ന് മനസ്സിലാക്കി, സർവ്വത്തിലും മറിയത്തോടോത്തുള്ള ദൈവൈക്യം ആഗ്രഹിക്കുക എന്നതാണ്.
    നമ്മുടെ താപസ കൃത്യങ്ങളിൽ, ദൈവവുമായുള്ള നമ്മുടെ അനേകം ബന്ധങ്ങളിൽ, നാം ഒരിക്കലും തനിച്ചല്ല. പുണ്യവാന്മാരുടെ ഐക്യമെന്ന വിശ്വാസസത്യം ജീവിക്കുന്നതിന് ജസ്റ്റിനച്ചന് സ്വന്തമായൊരു പ്രത്യേക രീതിയുണ്ട്. നാം നമ്മെത്തന്നെ കർത്താവിനു മുന്നിൽ സന്നിഹിതരാകുമ്പോഴോ അവനുമായി സംവദിക്കുകയോ ചെയ്യുമ്പോഴെല്ലാം, കന്യാമറിയത്തോടും വി. യൗസേപ്പിതാവിനോടും, മാലാഖമാരോടും, വിശുദ്ധന്മാരോടും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടും, ഭൂമിയിലെ നീതിമാന്മാരോടുമുള്ള ഐക്യത്തിലാണ് നാം അങ്ങനെ ചെയ്യുന്നത്. "പരി. കന്യകയുടെ ഏതാണ്ട് സർവ്വവ്യാപിത്വത്തിൽ നാം വിശ്വസിക്കുന്നു" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ധീരവും കൃത്യവുമാണ്; പിന്നീട് അവൻ മാലാഖമാരിലേക്കും വിശുദ്ധന്മാരിലേക്കും വ്യാപിപ്പിക്കുന്ന വിശ്വാസപ്രമാണം, സ്വർഗീയ വൃന്ദം എപ്പോഴും ദൈവം ഉള്ളിടത്താണെന്നും ദൈവം തന്റെ സ്വർഗീയ സദസ്സ് ഇല്ലാതെ സന്നിഹിതനല്ലെന്നും ഓർമിപ്പിക്കുന്നു, അതിനാൽ ദൈവം എവിടെയൊക്കെയാണെങ്കിലും അവിടുത്തെ സ്നേഹത്തിന്റെയും മഹത്വത്തിന്റെയും പരിവാരം മുഴുവൻ അവിടെയെല്ലാമുണ്ട്. സ്ഥലകാല പരിമിതികളിൽ നിന്ന് ഒരിക്കൽ മോചിതരായാൽ, ആത്മാക്കളെ മേലിൽ ഒരിടത്തും നിർബന്ധിക്കാനോ തടവിലാക്കാനോ കഴിയില്ലെന്ന് എത്ര ഉറപ്പാണ്! അദൃശ്യവും ആശ്രാവ്യവുമായ ശബ്ദ തരംഗങ്ങളാൽ നാം ചുറ്റപ്പെട്ടിരിക്കുന്നതുപോലെ, നമ്മുടെ സുഹൃത്തുക്കളും മധ്യസ്ഥരുമായ ഈ പരി. അരൂപികളാലും നാമെപ്പോഴും ചുറ്റപ്പെട്ടിരിക്കുന്നു. ശബ്ദ തരംഗങ്ങളും ദൃശ്യ തരംഗങ്ങളും പിടിച്ചെടുക്കാൻ മനുഷ്യന് കഴിയുന്നതുപോലെ, ഒരു ദിവസം നമുക്ക് ചുറ്റുമുള്ള ഈ അസംഖ്യം ആത്മാക്കളെ കണ്ടെത്താനും തിരിച്ചറിയാനും കേൾക്കാനും കഴിയുമെന്ന് ജസ്റ്റിനച്ചൻ പ്രത്യാശിക്കുന്നു.
    ജസ്റ്റിനച്ചന്റെ താപസത്തിന്റെയും മിസ്റ്റിസിസത്തിന്റെയും പഠനത്തിലും പ്രയോഗത്തിലും, നമുക്ക് പല വിശദാംശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ദൈവിക ഐക്യം കാണാതെ പോകാനാകില്ലല്ലോ, എല്ലാം അതിനായാണല്ലോ ക്രമപ്പെടുത്തുകയും അതിനുതാഴെയുമാണല്ലോ. ഒരു താപസചര്യയും അതിൽത്തന്നെ തീരുന്നില്ല. ഓരോ താപസചര്യയും എല്ലാ വ്യക്തികൾക്കും ഒരുപോലെ അനുയോജ്യമോ ഫലപ്രദമോ അല്ല. അവയെല്ലാം ഒരേ സമയം പാലിക്കാനാഗ്രഹിക്കുന്നത് ഭ്രാന്താണ്! വാസ്തവത്തിൽ ജസ്റ്റിനച്ചൻ പറയുന്നത് നാം അവയെല്ലാം അറിഞ്ഞ് പരീക്ഷിക്കണം, എന്നാൽ കർത്താവിന്റെ വഴികളിൽ നമ്മെ ഉയരങ്ങളിലേക്കാനയിക്കുന്ന, നമ്മുടെ ആത്മാവിനും നമ്മുടെ സ്ഥിതിയ്ക്കും ഏറ്റവും അനുയോജ്യമായവ കണ്ടെത്തി അവയിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. (12)
    ജസ്റ്റിനച്ചൻ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി തിരഞ്ഞെടുത്ത കർമപരിപാടി  മുദ്രാവാക്യം  ലാറ്റിൻ പദമായ G.A.U.D.I.U.M. ആണ്, അതിന്റെ അക്ഷരാർത്ഥത്തിലെ അർത്ഥം പരിശുദ്ധാത്മാവിന്റെ ഫലമായ "സന്തോഷം" എന്നാണ്. അതിന്റെ ഗൂഢാക്ഷരശ്ലോക വായനയിൽ "G.A.U.D.I.U.M.", അതായത് ലാറ്റിൻ പദങ്ങൾ gloria, amor, voluntas Dei in universo mundo അഥവാ "ദൈവമഹത്വവും ദൈവസ്നേഹവും, ദൈവഹിതവും ലോകസമസ്തവും" എന്നതിന്റെ ആദ്യാക്ഷരങ്ങൾ ഉൾക്കൊള്ളുന്നു. ദൈവത്തിന്റെ മഹത്വം പ്രോത്സാഹിപ്പിക്കുകയും അവിടുത്തെ സ്നേഹത്തിൽ മുഴുകുകയും അവിടുത്തെ ഇഷ്ടം നിർവ്വഹിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് യഥാർത്ഥ ജീവിതാനന്ദം നുകരാനാകൂ. എല്ലാ വാചിക പ്രാർത്ഥനയുടെയും സമാപനത്തിൽ ജസ്റ്റിനച്ചൻ ഉപയോഗിച്ചിരുന്ന പ്രാർത്ഥനാമന്ത്രത്തിൽ ഈ മുദ്രാവാക്യം-കർമപദ്ധതി അത്ഭുതകരമായി അടങ്ങിയിരിക്കുന്നു: "പിതാവും പുത്രനും പരിശുദ്ധാത്മാവുമായ എന്റെ ദൈവമേ എന്റെ സർവ്വസ്വവുമേ, എന്നിലും മറ്റുള്ളവരിലും സദാ വർദ്ധമാനമായി അങ്ങയുടെ തിരുവുള്ളം നിറവേറുവാനും അങ്ങയുടെ സ്നേഹസാമ്രാജ്യം പുലരാനും അങ്ങയുടെ മഹത്വം വിളങ്ങാനും കനിയണമേ, എന്റെ ദൈവമേ, എന്റെ സർവ്വസ്വവുമേ!"

--------------------------
1. Russolillo, Devozionale, vol. I, ed. Vocazioniste, Posillipo, - Napoli, 1949. p. 615.
2. Ascensione, art. 497.
3. Anella, Chiamato per Chiamare, ed. Postulazione Generale, Roma, 1997, pp. 217-218.
4. ഉൽപത്തി 1: 26
5. Russolillo, Io Sono la Vite Voi i Tralci, ed. Ancora, Milano, 1969, p. 120.
6. Ibid., p. 126.
7. Ibid., p. 126.
8. Ascensione, art. 5.
9. Costituzioni, ed. Vocazioniste, Napoli, 1986, art. 2.
10. Russolillo, Io Sono la Vite Voi i Tralci, ed. Ancora, Milano, 1969, p. 148.
11. മത്താ. 5: 48.
12. Cfr. Ascenione, art. 48.

ചരിത്രക്കുറിപ്പ്

    1936 ഓഗസ്റ്റ് 16ന് ജസ്റ്റിനച്ചൻ തന്റെ ആത്മാവിന്റെ പുസ്തകത്തിൽ കുറിച്ചു; "നീ സ്വർഗ്ഗത്തിലെത്തുകയാണെങ്കിൽ, വൊക്കേഷനിസ്റ്റ് സന്യാസികൾ നിയമാവലിയുടെയോ ഡയറക്ടറിയുടെയോ ഏതെങ്കിലും ഒരു കാര്യം പാലിക്കുന്നത് നിസ്സാരമായി കണക്കാക്കുന്നതായി കാണുകയാണെങ്കിൽ, നിനക്കത് വളരെ ഖേദകരമായിരിക്കും." (13) അതേ വർഷം സെപ്റ്റംബർ 21 ന് അദ്ദേഹം എഴുതി: "സമൂഹത്തിന്റെ ​ഗ്രന്ഥങ്ങളുടെ സമാഹാരവും ഉന്നതങ്ങളിൽ നിന്നുള്ള ശുഭചിന്തകളുടെ ശേഖരണവുമാണ് കർത്താവ് ഇപ്പോൾ എന്നിൽ നിന്ന് ആഗ്രഹിക്കുന്ന ജോലി. ഇതാ ഞാൻ! എഴുതുന്നതിനായി മറ്റെല്ലാ കാര്യങ്ങളും ഞാൻ മാറ്റിവക്കും, അങ്ങനെ അതിലൂടെ മറ്റെല്ലാം ഒരു ഒരുക്കമായും ഈ കൃതിക്കൊപ്പം സ്തോത്രമായും വർത്തിക്കട്ടെ, കാരണമതെല്ലാം മറിയത്തിനായുള്ള ഏറ്റവും പരി. ത്രിത്വത്തിൽ യേശുവിന്റെ സമ്മാനമാണ്. ആമേൻ.” (14)
    1936ൽ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ ആശങ്കാജനകമായി. വിഭൂതി ബുധന് അദ്ദേഹം എഴുതി: "രോഗങ്ങളുടെ നോമ്പുകാലം, ഈ വർഷം... പലതവണ മരണത്തിന്റെ കവാടത്തോളമെത്തിയതായെനിക്ക് തോന്നിയിട്ടുണ്ട്." (15) ഡിസംബർ 1 ന്, ജനങ്ങൾക്ക് ദിവ്യകാരുണ്യം വിതരണം ചെയ്യാൻ കഴിയാത്തവിധം അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ട് തോന്നി: ഡിസംബർ അവസാനത്തോടെ മാത്രമാണ് ആ പ്രതിസന്ധി മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
    മരണഭീതിയും ദൈവവിളിസഭയുടെ സ്വഭാവവും നിയമാവലിയും ഡയറക്ടറിയും പുനർനിർവചിക്കാനുള്ള സഭാധികാരികളുടെ ബദ്ധപ്പാടും, ആരോഹണം പൂർത്തിയാക്കി പ്രസിദ്ധീകരിക്കാൻ ജസ്റ്റിനച്ചനെ പ്രേരിപ്പിച്ചു, വൊക്കേഷനിസ്റ്റ് ആത്മീയതയുടെ "സ്വകാര്യവും സംവൃതവുമായ ആത്മീയ ഡയറക്ടറി"യായി അദ്ദേഹം അതിനെ വിശേഷിപ്പിച്ചു.
    സാഹിത്യപരമായ അപൂർണ്ണതകളുള്ള മൂലവും, പുനരവലോകനത്തിന്റെ അഭാവവും അദ്ദേഹത്തിന്റെ അന്തരാളത്തിൽ പ്രതിഫലിക്കുന്നത് മരണത്തിന്റെ ഭയാനക വിപത്തിന്റെ മുന്നിൽ, സമയക്കുറവോടെ, കർത്താവിന്റെ പ്രചോദനങ്ങൾ എഴുതി സഭയെ അറിയിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയാണ്. വ്യക്തമായും ഈ പുസ്തകം ഒറ്റയടിക്ക് എഴുതിയതല്ല; ആദ്യകാല വൊക്കേഷനിസ്റ്റുകൾക്കിടയിൽ ചില ഭാഗങ്ങൾ ലഘു രൂപത്തിൽ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പദാവലിയിൽ നിന്ന് വ്യക്തമാണ്.
    സമ്മതിമുദ്ര (imprimatur) പോലെ അവതാരികയിലും ഈ പുസ്തകം വൊക്കേഷനിസ്റ്റ് സന്യസ്തർക്ക് വിതരണം ചെയ്ത 1937 ജൂലൈ 1 എന്ന തീയതിയാണ് കൊടുത്തിരിക്കുന്നത്. ദൈവവിളിസഭയുടെ രൂപതാതല അംഗീകാരത്തിന്റെ പത്താം വാർഷികം ആഘോഷിക്കാൻ മാത്രമല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ എത്രയും വിലയേറിയ തിരുരക്ത ഭക്തിയുടെ പ്രാധാന്യം വൊക്കേഷനിസ്റ്റുകളുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിക്കാൻ കൂടിയാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് തോന്നുന്നു.
    സന്യാസവൈദികർക്കും മാതൃഭാവനത്തിലെ (16) വ്രതമെടുത്ത അം​ഗങ്ങൾക്കും ആരോഹണത്തിന്റെ മൂല​ഗ്രന്ഥം വിതരണം ചെയ്ത്, അത് ശ്രദ്ധാപൂർവ്വം വായിച്ച്, പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ ജസ്റ്റിനച്ചൻ അഭ്യർത്ഥിച്ചു. ഘടനയിലെ തിരുത്തലുകൾ, സാധ്യമായ അച്ചടി പിശകുകൾ, ശൈലീപരവും സാഹിത്യപരവുമായ അപൂർണ്ണതകൾ എന്നിവയെക്കുറിച്ചാണ്, പുസ്തകത്തിന്റെ ഉള്ളടക്കത്തെയല്ല അദ്ദേഹം പരാമർശിച്ചത്. ഫാ. മാരിയോ ദി റോസ എസ്.ഡി.വി., സ്ഥാപകൻ ആവശ്യപ്പെട്ട ഉടനെ ഗൗരവമായി എടുക്കുകയും ഒരു നിശ്ചിത സമയത്തിനുശേഷം, തിരുത്തലുകളുടെ ഒരു നീണ്ട പട്ടികയുമായി മടങ്ങിയെത്തുകയും ചെയ്തു; ഫാ. മാരിയോ നിർദ്ദേശിച്ച തിരുത്തലുകൾ ഘടനയേക്കാൾ ഉള്ളടക്കത്തെ പരാമർശിക്കുന്നവയായിരുന്നതിനാൽ, ജസ്റ്റിനച്ചൻ പറഞ്ഞു: "ഞാൻ ഒന്നും തന്നെ മാറ്റില്ല, കാരണം എഴുതിയതെല്ലാം പരിശുദ്ധാത്മാവിനാൽ പ്രചോദിതമാണ്." ഫാ. ഉഗോ ഫ്രാറാച്ചോ എസ്.ഡി.വി. (17)യുടെ ഈ സാക്ഷ്യം, ജസ്റ്റിനച്ചൻ തന്നെ തന്റെ ആത്മാവിന്റെ പുസ്തകത്തിൽ 1937 ജൂലൈ 28ന് എഴുതിയതിൽ സ്ഥിരീകരിക്കുന്നുണ്ട്: “യുക്തിയുടെ പ്രായം മുതൽ എന്റെ നാൽപത് വർഷത്തെ ജീവിതത്തിനിടയിൽ ലഭിച്ച നല്ല പ്രചോദനങ്ങളുടെ ഒരു ശേഖരം ആരോഹണം എന്ന പേരിൽ സന്യാസസഭയുടെ നന്മക്കായി അച്ചടിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത്, അവയുടെ മൊത്തത്തിലും അവയുടെ സത്തയിലും കാര്യമായ, ആഴമുള്ള വാക്കുകളായാണ്, മിക്കവാറും എല്ലാം, ഞാൻ സ്വീകരിച്ചിട്ടുള്ളത് പ്രത്യേകിച്ച് പരി. കുർബ്ബാന മദ്ധ്യേ; ഓരോരോ അദ്ധ്യായങ്ങളായി, ഓരോരോ വരികളായി, പ്രമാണപരമായ ഭാഗത്ത്. പ്രബോധനപരമായ ഭാഗത്ത് കൂടുതൽ മാനുഷിക ഘടകമുള്ളതായാണ് എനിക്ക് തോന്നുന്നത്. (18)
    പ്രസിദ്ധീകരിച്ച് അറുപത് വർഷത്തിലേറെയായിട്ടും, ആരോഹണം അതിന്റെ എല്ലാ പുതുമയും പ്രയോഗക്ഷമതയും കാത്തുസൂക്ഷിക്കുന്നു, കൂടാതെ വൊക്കേഷനിസ്റ്റ് വൈദികർക്കും സന്യാസിനികൾക്കും, സാർവ്വത്രിക വിശുദ്ധീകരണത്തിന്റെ വൊക്കേഷനിസ്റ്റ് അപ്പോസ്തലർക്കും (Vocationist Apostles of Universal Sanctification), ജസ്റ്റിനച്ചന്റെ സുഹൃത്തുക്കൾക്കും (Friends of Fr Justin), ബഹുമാന്യനായ പിതാവിന്റെയും അദ്ദേഹത്തിന്റെ ആത്മീയതയുടെയും എല്ലാ ഭക്തർക്കും വിശുദ്ധിക്കും ദൈവൈക്യത്തിനും വേണ്ടിയുള്ള ഉറച്ച മാർഗനിർദ്ദേശ സ്രോതസ്സായി ഇന്നുമിത് തുടരുന്നു.
-----------
13. Ibid., p. 350.
14. Ibid., p. 351.
15. Il Libro dell'Anima di D. Giustino Maria Russolillo, ed. Societa Divine Vocazioni, Roma, 1994, p. 339.
16. ദെവുസ് കാരിത്താസ് വൊക്കേഷനറി, നേപ്പിൾസിൽ പിയനൂരയിൽ Via Parroco Giustino Russolillo 14 എന്ന മേൽവിലാസത്തിലുള്ള ഭവനം. ഇതേ ഭവനത്തിലാണ് ജസ്റ്റിനച്ചന്റെ ഭൗതികാവശിഷ്ടങ്ങൾ കുടികൊള്ളുന്നത്.
17. അദേഹത്തിന് ജസ്റ്റിനച്ചനോട് വളരെ അടുപ്പമുണ്ടായിരുന്നു; അദ്ദേഹം ജസ്റ്റിനച്ചന്റെ പ്രസംഗങ്ങളിൽ പലതും പകർത്തി എഴുതുകയും അദ്ദേഹത്തിന്റെ രചനകളുടെ ഏതാണ്ട് എല്ലാ ഡ്രാഫ്റ്റുകളും ക്ഷമയോടെ തിരുത്തുകയും ചെയ്തു; സഭയുടെ ഭരണത്തിൽ സഹായമായിരുന്ന അദ്ദേഹം1954ൽ വികാരി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. സന്യാസസഭ അദ്ദേഹത്തിന് "സുപ്പീരിയർ ജനറലിന്റെ എല്ലാ അവകാശങ്ങളും ചുമതലകളും" നൽകാൻ തീരുമാനിച്ചു. അദ്ദേഹം സഭയുടെ ബ്രസീലിലെ ആദ്യ മൂന്ന് വൊക്കേഷനിസ്റ്റ് മിഷനറിമാരിൽ ഒരാളായിരുന്നു, തുടർന്ന് അമേരിക്കാൻ ഐക്യനാടുകളിലെ സഭയുടെ ആദ്യ മിഷനറിമാരിൽ ഒരാളുമായിരുന്നു. മോൺ. അന്തോണിയോ ദെ ഫെലീച്ചേ 2003 ജൂലൈ 21ന് ഒരു മീറ്റിംഗിൽ ഇത് സ്ഥിരീകരിച്ചു.
18. Il Libro dell'Anima, op. cit., p. 366. 

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)