ഭാഗം 1: ആരോഹണം (93)
ആറാം ഭാഗം: ഏവരുമൊരുമിച്ച്
86. ആരോഹണം
705. - "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.''
- അടിസ്ഥാനപരമായ ദൈവിക നിയമത്തിന്റെ പ്രഖ്യാപനത്തിനു മുമ്പേയുള്ള പ്രഖ്യാപനമാണ്, "ഞാനാണ് നിന്റെ ദൈവമായ കർത്താവ്!'' അതുപോലെ, അപ്പസ്തോലിക നിയമസംഹിതയുടെ പ്രഖ്യാപനത്തിനു മുമ്പേ യേശുവിന്റെ ദൈവിക ശക്തികളുടെ പ്രഖ്യാപനം. അവിടുത്തെ ശക്തികളുടെ തികവിൽ നിന്നും അവയിലെ നമ്മുടെ പങ്കാളിത്തത്തിൽ നിന്നും അവിടുത്തെ ജോലി തുടരാൻ അവിടുത്തെ ശുശ്രൂഷകർ പ്രാപ്തരാകും: (1) പോയി എല്ലാ ജനതകളെയും പഠിപ്പിക്കുക; (2) പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ജ്ഞാനസ്നാനം നൽകുക; (3) അവരെ എന്റെ ശിഷ്യരാക്കുക: (4) എന്റെ നാമത്തിൽ നിങ്ങൾ പിശാചുക്കളെ ബഹിഷ്കരിക്കും; (5) എന്റെ നാമത്തിൽ നിങ്ങൾ പുതിയ ഭാഷകൾ സംസാരിക്കും: (6) എന്റെ നാമത്തിൽ നിങ്ങൾ സർപ്പങ്ങളെ ഭയപ്പെടുകയില്ല; (7) എന്റെ നാമത്തിൽ നിങ്ങൾ രോഗികളെ സുഖമാക്കും; (8) മാരകമായ പാനീയങ്ങളിൽ നിന്ന് നിങ്ങൾ പ്രതിരോധിക്കപ്പെടും; (9) വിശ്വസിച്ച് ജ്ഞാനസ്നാനമേൽക്കുന്നവർ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും; (10) യുഗാന്തം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
706. - "നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ''
- അവിടുന്ന് സ്വർഗ്ഗത്തിലേക്കു കയറിപ്പോവുകയും അവിടുത്തെ ശിഷ്യർ ലോകത്തിലുടനീളം അയയ്ക്കപ്പെടുകയും ചെയ്യുന്നു. ഇത് യേശുവിൽ നിന്നുള്ള വേർപാടല്ലേ? ഒരിക്കലുമല്ല! (1) നമ്മുടെ സ്വർഗ്ഗാരോഹണത്തിന്റെ മാർഗ്ഗങ്ങളാണിവ. സുവിശേഷം പ്രസംഗിക്കാനായി ലോകമെങ്ങും പോകുന്നതു വഴിയായി സ്വർഗ്ഗത്തിലേക്കു കയറുന്ന യേശുവിനെ അവർ പിന്തുടരുന്നു. നമ്മുടെ സ്വർഗ്ഗാരോഹണം പ്രാർത്ഥന മൂലമാണ്! നമ്മുടെ സഹോദരങ്ങളുടെ സ്വർഗ്ഗാരോഹണം പ്രഘോഷണം മുഖാന്തിരമാണ്; (2) പിതാവിന്റെ വലതുഭാഗത്തു തന്റെ സ്വർഗ്ഗരാജ്യം അവകാശമാക്കാനാണ് യേശു പോകുന്നത്. ഭൂമിയിൽ ആത്മാക്കളിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ് ശിഷ്യന്മാർ പോകുന്നത്. ഇതൊരു വേർപാടല്ലേ? ഒരിക്കലുമല്ല! യേശു സത്യത്തിൽ ഇപ്രകാരം അരുൾച്ചെയ്യുന്നു: ഈ ഭൂമിയിൽ പോലും "യുഗാന്തംവരെ'' ഞാൻ എപ്പോഴും നിങ്ങളോടു കൂടെയുണ്ടായിരിക്കും. അവരെ വിളിക്കുമ്പോൾ അവിടുന്നു പറയുന്നു, "എന്റെ പിന്നാലെ വരിക, എന്നെ അനുഗമിക്കുക!'' അവരെ അയയ്ക്കുമ്പോൾ അവിടുന്നു പറയുന്നു, "ലോകം മുഴുവൻ പോവുക.'' ക്ഷണത്തോടുകൂടിയ ആ കല്പന അവിടുത്തെ ഐക്യത്തിന്റെ സാന്നിദ്ധ്യമാകുന്ന ദാനം ഉൾക്കൊള്ളുന്നു.
707. - ലോകം മുഴുവൻ പോവുക.
- ലോകം മുഴുവനും വേണ്ടി ഞാൻ സ്വയം തുറവിയുള്ളവനാകണം! അവിഭക്ത ആത്മാവ്, സാർവ്വത്രിക ആത്മാവ്! അതിസ്വാഭാവിക നിയോഗങ്ങളുടെ എന്റെ ആന്തരിക ലോകത്തിലും എന്റെ പൗരോഹിത്യ അധികാരങ്ങളുടെ വിനിയോഗത്തിലും എന്റെ കുടുംബത്തിലും എന്റെ സന്യാസ സമൂഹത്തിലും എന്റെ ഇടവകയിലും എന്റെ രൂപതയിലുമായി എന്നെ പരിമിതപ്പെടുത്തുവാൻ എനിക്കാവില്ല, പകരം ഞാൻ സഭയെ മുഴുവനും, ലോകം മുഴുവനും നിത്യതയ്ക്ക് ആപേക്ഷികമായി എല്ലാ കാലങ്ങളെയും ഞാൻ ആശ്ലേഷിക്കണം, "സകല സഭകളെയും കുറിച്ചുള്ള അനുദിനമായ അപ്പസ്തോലിക ഉത്കണ്ഠയോടു'' കൂടെ. എന്റെ ബാഹ്യലോകത്തിൽ എന്റെ പരിമിതികൾ അംഗീകരിച്ച് ഒരു പ്രത്യേക സ്ഥലത്ത് എന്റെ അപ്പസ്തോലിക പ്രവർത്തനം നടത്തണം. പക്ഷേ, എന്റെ പ്രവർത്തനം എല്ലായ്പ്പോഴും ആത്മാക്കൾക്കു നേർക്കുള്ളതായിരിക്കും. ഓരോ ആത്മാവും, അതിന്റെ അതിസ്വാഭാവിക ബന്ധങ്ങളിൽ, ഇന്ദ്രിയഗോചരമായ പ്രപഞ്ചത്തെക്കാൾ ബൃഹത്തായ ഒരു ലോകമാണ്. ഇതെല്ലാം കർത്താവിന്റെ മഹത്വത്തിനായി കീഴ്പ്പെടുത്തുന്നതിനും കർത്താവിന്റെ സ്നേഹത്തിൽ സകലതും നേടിയെടുക്കുന്നതിനും കർത്താവിന്റെ തിരുവിഷ്ടമനുസരിച്ച് സകലതും സ്ഥാപിക്കപ്പെടുന്നതിനുമായി ഈലോകമാസകലം ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിൽ, "ലോകം മുഴുവൻ പോകുന്നവർ''ക്കിടയിലായിരിക്കും ഞാൻ.
708. - "സകല ജനതകളെയും പഠിപ്പിക്കുവിൻ!''
- ഓ, ജനങ്ങളുടെ വേദപാരംഗതർ എന്ന ബിരുദം, എക്കാലവും സത്യം പഠിപ്പിക്കുവാനുള്ള ഈ ദൗത്യം, ആത്മാക്കളുടെ പിതാവെന്ന, "സുവിശേഷം വഴി നിങ്ങൾക്കു ഞാൻ പിതാവായി'', എന്ന സ്ഥാനം കർത്താവിൽ നിന്നും ലഭിക്കുന്നവർ എത്ര ഭാഗ്യവാന്മാർ. കാരണം, "ഏക സത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ.'' ഒരു അപ്പസ്തോലന്റെ ജീവിതം ഇതു മാത്രമാണ്: "ഞങ്ങൾ പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.'' ഇതു മാത്രമാണ് ഒരു അപ്പസ്തോലന്റെ ജീവിതം! ഇതോടൊപ്പം, ദൈവം തന്നെ പ്രചോദിപ്പിച്ച പ്രാർത്ഥനയ്ക്ക് അവിടുന്ന് ഉത്തരം നല്കുന്നു: "അവർണ്ണനീയമായ നിങ്ങളുടെ വാക്കുകളാൽ സീയോൻ നിറയ്ക്കുക.'' അപ്രകാരം മാത്രമേ അങ്ങയുടെ ജനം അങ്ങയുടെ മഹത്വത്താൽ പൂരിതരാകൂ. തുടർന്ന്, "സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കർത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയു''മ്പോൾ, അവിടുത്തെ ഏറ്റവും അമൂല്യമായ തിരുരക്തത്തിന്റെ ഫലങ്ങളാൽ ലോകം മുഴുവനും പാപത്തിൽ നിന്ന് ശുദ്ധീകരിക്കപ്പെടുകയും കൃപയിൽ പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് "അദ്ധ്യാപനത്തിൽ കർത്താവിനെ മഹത്വപ്പെടുത്തുക'' എന്ന കല്പന മതപരമായ വിദ്യാഭ്യാസം നിരന്തരമായി നൽകേണ്ടതിന്റെയും സ്വീകരിക്കേണ്ടതിന്റെയും കടമയ്ക്ക് ബാധകമാകുന്നത്. "സദ്വാർത്ത അറിയിക്കുകയും സമാധാനം വിതയ്ക്കുകയും ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളിൽ എത്ര മനോഹരമാണ്!''
709. - സ്നാനപ്പെടുത്തുക.
- തിരുസ്സഭയുടെ കവാടങ്ങൾ എല്ലാ ആത്മാക്കൾക്കുമായി തുറക്കുക. പത്രോസിന്റെ കപ്പലിലേക്ക് അവരെ ക്ഷണിക്കുക. പുനർജീവിതത്തിന്റെ കൂദാശയിലേയ്ക്കായുള്ള യഥാർത്ഥമായ അതിസ്വാഭാവിക ജീവിതത്താൽ അവരെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക! ദൈവിക പരിപൂർണ്ണതകളും ദൈവിക പ്രവൃത്തികളുമായുള്ള ഐക്യത്തിൽ, കൃപയുടെ ജീവിതത്തിലും പ്രേഷിതത്വത്തിലും, കൃപമൂലം ആത്മാവുമായി പങ്കിടുന്ന ദൈവിക സ്വഭാവമുള്ള വിവാഹവിരുന്നിലുള്ള നിരന്തരമായ വീണ്ടുംജനനം. ഓരോ ദിവസവും പിറക്കുന്ന ഓരോ മനുഷ്യവ്യക്തിയും കൃപയ്ക്കായി അനുദിനം വീണ്ടും ജനിക്കുകയും പ്രതിദിനം പ്രകൃതിക്ക് മരിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ കൃപയിലേയ്ക്ക് പ്രതിദിനം ഉയരുകയും ചെയ്യുന്ന നിരന്തരമായ ഒരു ജ്ഞാനസ്നാനം.
710. - "പരിശുദ്ധാത്മാവിൽ സ്നാനപ്പെടുത്തുക.''
- ആത്മാവ് അഗ്നിയാലും പരിശുദ്ധാത്മാവിനാലുമുള്ള ജ്ഞാനസ്നാനം സ്വീകരിക്കുന്നതുവരെ, ഉത്ഥാനത്തിന്റെ കൃപയിൽ ആത്മാവായിരിക്കുന്നതു കണ്ടെത്തുന്ന പരിശുദ്ധാത്മാവ് അതിസ്വാഭാവിക ജീവിതത്തിൽ അത് (അതിസ്വാഭാവിക ജീവിതത്തിലേക്കുള്ള നിരന്തരമായ വീണ്ടുംജനനവും ഉത്ഥാനവും) സ്ഥിരീകരിക്കുകയും പൂർണ്ണമാക്കുകയും ചെയ്യും. സദാ ഉന്നതമായ പുണ്യങ്ങളിലേക്കും വീരോചിത പ്രവർത്തനങ്ങളിലേക്കും സദാ കൂടുതൽ ഗാഢമായ ദൈവൈക്യത്തിന്റെ പടവുകളിലേക്കും സിദ്ധികളിലേക്കും അയല്ക്കാരനോടുള്ള ഉപവിയുടെ കൂടുതൽ മഹത്തരവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ഫലങ്ങളിലേക്കും യഥാർത്ഥമായ ദൈവിക പ്രേഷിതത്വത്തിലേക്കുമുള്ള നിത്യമായ ആരോഹണത്തിന്റെ കൃപ അതു വർഷിക്കും. കർത്താവിന്റെ ഭൃത്യന്റെയും ശുശ്രൂഷകന്റെയും ആത്മാവ് മാലാഖയ്ക്കു സദൃശവും അപ്പസ്തോലികവുമായ ഒരാത്മാവായി, കർത്താവിന്റെ ആത്മ-സഖിയായി, അനേകം ആത്മാക്കളുടെ ആത്മ-മാതാവായി മാറും. അഗ്നിയാലും പരിശുദ്ധാത്മാവിനാലുമുള്ള ഒരു ജ്ഞാനസ്നാനം.
711. - "എല്ലാം അനുസരിക്കുക.''
- ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കുക. അവിടുന്ന് നേരത്തെ പഠിപ്പിച്ചവയെല്ലാം എല്ലാ യുഗങ്ങളിലും പഠിപ്പിക്കാനും അവരോട് നേരത്തെതന്നെ കല്പിച്ചിട്ടുള്ളതോ ഉപദേശിച്ചിട്ടുള്ളതോ വെറുതെ അവരിൽ നിന്നും ആഗ്രഹിക്കുക മാത്രമോ ചെയ്തവ അനുനിമിഷം പ്രചോദിപ്പിക്കാനും ശുപാർശിക്കാനുമുള്ള സവിശേഷ ദൗത്യത്തോടുകൂടെ അവിടുന്ന് തന്റെ ആത്മാവിനെ അയയ്ക്കുന്നു. അപ്രകാരം, അവിടുത്തെ എല്ലാ പ്രബോധനങ്ങളും യഥാർത്ഥത്തിൽ പാലിക്കപ്പെടുന്നു. അവിടുത്തെ മാതൃകകളെല്ലാം ക്രിസ്തീയ ജീവിതത്തിന്റെ പരിശീലനത്തിലേക്ക് മാറ്റപ്പെടുന്നു. കർത്താവിന്റെ ശുശ്രൂഷയും ആരാധനയും ജീവിതത്തിന്റെ സമ്പൂർണ്ണ സാഫല്യത്തിനായുള്ള യഥാർത്ഥമായ വലിയ വാഗ്ദാനമായതിനാൽ ഓരോ ജീവിതത്തിന്റെയും മഹനീയ, ശ്രേഷ്ഠ ലക്ഷ്യമാണത്. മറ്റേതൊരു താത്പര്യവും മറ്റേതൊരു പ്രവർത്തനവും വിശുദ്ധീകരണ പ്രവർത്തനത്തിലെ എളിയ ഉപകരണം മാത്രമായിരിക്കണം. യഥാർത്ഥ സുവിശേഷകൻ, വെളിപ്പെടുത്തപ്പെട്ട എല്ലാ സത്യങ്ങളുടെയും എല്ലാ കല്പനകളുടെയും എല്ലാ സദുപദേശങ്ങളുടെയും എല്ലാ പുണ്യങ്ങളുടെയും കർത്താവിന്റെ എല്ലാ മാതൃകകളുടെയും ഒരപ്പസ്തോലനാകുന്ന ഒരു വ്യക്തി മാത്രമായിരിക്കണം. ഓരോ ആത്മാവിനെയും ദൈവത്തിന്റെ സമ്പൂർണ്ണ സന്യാസിയാക്കുന്നതിൽ, വിശുദ്ധനാക്കുന്നതിൽ അയാൾ ലക്ഷ്യം വയ്ക്കുന്നു.
712. - എന്റെ നാമത്തിൽ അവർ പിശാചുക്കളെ പുറത്താക്കും.
- ഈ ഭാവികാലത്തിൽ വാഗ്ദാനങ്ങളുടെ ഉറപ്പായ പൂർത്തീകരണം മാത്രമല്ല, കല്പനകളുടെ ഉറപ്പായ നടപ്പാക്കലും ഞാൻ കാണുന്നു. ഇത് വാഗ്ദാനവും കല്പനയുമാണ്. പിശാചുക്കളെ ബഹിഷ്കരിക്കുക. അപ്രകാരമാണ് നാം കർത്താവിന് വഴിയൊരുക്കുന്നത്. ലോകത്തിനുമേൽ പിശാചുക്കൾക്ക് യാതൊരധികാരവുമില്ല. കാരണം നമ്മുടെ മാരകമായ ശിക്ഷാവിധി കുരിശിനാൽ നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നിട്ടും, അവർ ഭൂമിയിൽ തങ്ങുന്നു, ഗുരുവിന്റെ വിജയത്തിന്റെ ഫലം ശിഷ്യന്മാർ കൊയ്യുന്നതിനുവേണ്ടി മാത്രം. അതുകൊണ്ട്, പ്രതിരോധത്തിൽ മാത്രമായി ശിഷ്യന്മാർ സ്വയം പരിമിതപ്പെടുത്തരുത്. സദാ മുൻകയ്യെടുത്ത് ആക്രമണത്തിലേക്കു നീങ്ങണം. എല്ലാ കെട്ടുകളും പൊട്ടിച്ച് ശത്രുവിന്റെ എല്ലാ സ്വാധീനവും നീക്കംചെയ്യുക.
- യേശുവിന്റെ തിരുനാമമാണ് നമ്മുടെ വിജയരഹസ്യം! ആദ്യം, ഹൃദയത്തെ ഓരോ കെട്ടുപാടിൽ നിന്നും ലോകത്തിന്റെയും പിശാചിന്റെയും സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കാനായി നാം യേശുവിന്റെ നാമത്തിന്റെ ശക്തി ഉപയോഗിക്കുന്നു. തുടർന്ന്, ദൈവിക ജീവൻ കൊണ്ട് ഹൃദയം ശുദ്ധീകരിക്കാനും സമ്പന്നമാക്കാനുമായി ഏറ്റവും അമൂല്യമായ തിരുരക്തത്തിന്റെ ശക്തി നാം ഉപയോഗിക്കുന്നു. പിന്നീട് ഹൃദയത്തെ കൊണ്ടുവന്ന് യേശുവിന്റെ തിരുഹൃദയവുമായും അതുവഴി പരിശുദ്ധ ത്രിത്വവുമായും എെക്യപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ മുഖ്യ ഭക്തകൃത്യങ്ങളിൽ ഇതു സംഭവിക്കുന്നു.
713. - അവർക്ക് അജ്ഞാതമായ ഭാഷകൾ അവർ സംസാരിക്കും.
- ഭാഷാവൈദഗ്ദ്ധ്യമെന്നും ഭാഷാവരമെന്നും കൃത്യമായി പേരുള്ളവയ്ക്കു പുറമെ, ഹൃദയത്തിനും ആത്മാവിനും മനസ്സിലാക്കാവുന്ന കഴിവുകൾ കർത്താവ് തന്റെ സുവിശേഷകർക്ക് നൽകുന്നു. മറ്റൊരു ശബ്ദവും ഉണർത്താൻ പ്രാപ്തമാവുകയില്ല, മറ്റൊരു വചനവും മനസ്സിലാക്കപ്പെടുകയില്ല, മറ്റൊരു താത്പര്യവും അവേശമുണർത്താൻ പര്യാപ്തമാവുകയില്ല. പിതാവിന്റെ വചനം മാത്രം, നിത്യജീവനുവേണ്ടിയുള്ള ചിന്തയും സ്നേഹത്തിന്റെ സ്വരവും. ആത്മാവുകൾ കർത്താവിനായാണ് സൃഷ്ടിക്കപ്പെടുന്നത്, അവയെല്ലാം അവിടുത്തെ സുവിശേഷത്തിനായി കാത്തിരിക്കുന്നു, അവയെല്ലാം പെട്ടെന്ന് വിശുദ്ധിയിലേക്ക് പ്രചോദിതരാകുന്നു. പൊതുവെ, അയയ്ക്കപ്പെടുന്ന ആത്മാവുകളെക്കാൾ സുവിശേഷത്തിന്റെ ശുശ്രൂഷകരുടെ ശോചനീയമായ മനോഭാവമാണ് എല്ലാ പ്രശ്നങ്ങൾക്കും ഹേതുവാകുന്നത്. എന്റെ വചനം നിമിത്തം അതിൽ വചനം എത്തുന്നുവെങ്കിൽ ഓരോ ഹൃദയവും എനിക്കു പ്രത്യുത്തരമരുളുകയും അത്യധികമായ ആനന്ദത്തോടുകൂടെ വീരോചിതമായ ഉയരങ്ങളിലേക്കു പോലും എന്നെ അനുഗമിക്കുകയും ചെയ്യും. എന്നാൽ, സുവിശേഷത്തെ കൂടുതൽ പ്രാപ്യമാക്കുന്നതിനുവേണ്ടി അതിനെ വളച്ചൊടിക്കാനും മൂടിവയ്ക്കാനും ഞാനാഗ്രഹിച്ചാൽ വിപരീത ഫലമാണുണ്ടാകുക. കാരണം ശബ്ദവും ഊന്നലും ദൈവികമല്ല, മാനുഷികമായിരിക്കും. ഹൃദയങ്ങൾ അടയ്ക്കപ്പെടുകയും മൃതിപ്പെടുകയും ചെയ്യും.
714. - അപകടം കൂടാതെ അവർ സർപ്പങ്ങളെ കയ്യിലെടുക്കും.
- അവരുടെ ശുശ്രൂഷയിൽ പിശാചിനെയൊന്നും അവർ ഭയപ്പെടുകയില്ല. കാരണം, അവരവയെ ഭൂമുഖത്തുനിന്നും നിർമ്മാർജ്ജനം ചെയ്യും. അതുപോലെ, ഭയപ്പെടുത്തുന്ന ഒന്നിനെയും, സർപ്പങ്ങളെപ്പോലും, ആരും ഭയപ്പെടേണ്ടതില്ല. അവയുടെ നാശം ഏറെക്കുറെ ഒരു വിനോദമായിരിക്കും. തന്റെ സുവിശേഷകന് വിശുദ്ധീകരണ ശുശ്രൂഷയ്ക്ക് സ്വതന്ത്രമായി സ്വയം സമർപ്പിക്കുന്നതിനുവേണ്ടി അയാൾ വിജയിച്ചിരിക്കണമെന്നും ഏതൊരു ഭയത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും വിമുക്തനായിരിക്കണമെന്നും കർത്താവ് അതിയായി ആഗ്രഹിക്കുന്നു. ശത്രു സർപ്പത്തെപ്പോലെ കൗശലമുള്ളതും രാജ്യത്തിന്റെ മക്കളെ വിഷലിപ്തമാക്കുന്നതുമാണെങ്കിൽ യേശുവിന്റെ ജോലിക്കാരൻ എല്ലായിടത്തും സർപ്പങ്ങളെ കണ്ടേനെ. എങ്കിൽ പോലും അവൻ നിരാശനാവുകയില്ല! "നീ അണലിയുടെ മേൽ ചവിട്ടി നടക്കുകയും സർപ്പത്തെ ചവിട്ടിമെതിക്കുകയും ചെയ്യും.'' അമലോത്ഭവ കന്യകയ്ക്കൊപ്പം സുവിശേഷകൻ അവയെ കീഴ്പ്പെടുത്തും. അവൻ അവയെ മാനസാന്തരപ്പെടുത്തും. അവൻ അവയെ വിശുദ്ധീകരിക്കും.
715. - അവർ രോഗികളുടെ മേൽ കൈകൾവച്ച് അവരെ സുഖപ്പെടുത്തും.
- അനുഗ്രഹീത കരങ്ങൾ, പവിത്രീകൃതമായ കരങ്ങൾ. ഏറ്റവും കരുണാർദ്ര ഹൃദയത്തിന്റെ, തന്റെ ശിഷ്യരിലും പുരോഹിതരിലും വസിക്കുന്ന യേശുവിന്റെ ഹൃദയത്തിന്റെ ശുശ്രൂഷകർ! അവിടുത്തെ കരുണ അവിടുത്തേയ്ക്കു മുമ്പേ പോകുന്നു. മനുഷ്യവംശം തീർത്തും രോഗാതുരമാണ്. രോഗി തന്റെ സഹനത്തിന് തീർത്തും അധീനപ്പെട്ടിരിക്കുന്നു. ശാരീരിക രോഗത്തിൽ നിന്നുള്ള സൗഖ്യം, ശാരീരിക ആശ്വാസം ആദ്യമേ കരുണാർദ്രമായി നാം നൽകിയില്ലെങ്കിൽ, നമ്മുടെ കണ്ണുകൾ കർത്താവിങ്കലേക്കുയർത്താൻ കഴിയുകയില്ല. മനസ്സിന്റെ കണ്ണുകൾ മനുഷ്യന്റെ മറ്റേതൊരവയവത്തെക്കാളും രോഗാതുരമാണ്. ഇതാ കർത്താവ് നമ്മിൽ അധിവസിക്കുന്നതിന്റെ പ്രഥമ അടയാളം: കാരുണ്യപ്രവൃത്തിയുടെ പരിശീലനം. ഇതാ, ലോകവിശുദ്ധീകരണത്തിലെ ദൈവിക ജ്ഞാനത്തിന്റെ മാർഗ്ഗം: കാരുണ്യപ്രവൃത്തികളുടെ പരിശീലനം. കർത്താവ് കാരുണ്യപ്രവൃത്തികളെ അനുഗ്രഹിച്ച് അത്ഭുതങ്ങളാൽ അവയെ സ്ഥിരീകരിക്കുന്നു.
716. - മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല.
- മരണത്തിന്റെ ഏറ്റവും ഹീനമായ ഈ രൂപത്തിൽ നിന്നുമുള്ള പരിരക്ഷയ്ക്കു പുറമെ ചെന്നായ്ക്കൾക്കിടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ, വയലിലെ ലില്ലികൾ പോലെ അവിടുന്ന് അയയ്ക്കുന്ന തന്റെ ശിഷ്യർക്ക് ആത്മീയ വിഷദംശനത്തിൽ നിന്നുള്ള പരിരക്ഷ കർത്താവ് വാഗ്ദാനം ചെയ്യുകയും വധഗൂഢാലോചനകളെ ഭയപ്പെടരുതെന്ന് നമ്മോടു കല്പിക്കുകയും ചെയ്യുന്നു. വാഗ്ദാനവും കല്പനയും! അവിടുന്ന് ലോകത്തെ കീഴടക്കിയിരിക്കുന്നു. ഈ ശിഷ്യരിലൂടെ തന്റെ വിജയം തുടരുകയും ചെയ്യുന്നു. വിഷലിപ്തമായ അന്തരീക്ഷത്തിൽ, മാലിന്യത്തിന്റെ മദ്ധ്യേ, തിന്മ ശ്വസിക്കുക പോലും ചെയ്യുന്ന തരത്തിൽ അവർ ആയിരിക്കുമ്പോൾ, തിന്മയെ അവർ കൈകാര്യം ചെയ്യണം. എന്നാൽ, അവർക്ക് പാനീയമായി തന്റെ രക്തം നല്കിക്കൊണ്ട് അവിടുന്ന് അവരെ വിജയത്തിനായി ശക്തിപ്പെടുത്തിയിരിക്കുന്നു! സുവിശേഷത്തെപ്രതി അവർ ലോകത്തിലായിരിക്കുന്നിടത്തോളം കാലം ഒന്നും അവരെ ഉപദ്രവിക്കുകയില്ല. സർവ്വതും ദൈവരാജ്യത്തിന് അധീനപ്പെടണമെന്നതിനാൽ സർവ്വവും അവരുടെ ആത്മീയ നന്മയ്ക്കായി പരിണമിക്കും.
717. - അവിടുത്തെ നാമത്തിൽ അനുതാപം പ്രഘോഷിക്കുക.
- ദൈവൈക്യത്തിന്റെയും നമ്മിൽ സന്നിഹിതവും പ്രവർത്തനനിരതവുമായ പരിശുദ്ധാത്മാവിന്റെയും ആദ്യഫലം പാപത്തിന്റെ വാഴ്ചയുടെ നാശമാണ്, സൗഖ്യമാക്കാനും പാപത്തിന്റെ ഓരോ ഫലവും ഉന്മൂലനം ചെയ്യാനുമുള്ള അനുതാപത്തിന്റെ പ്രസംഗം. ഓരോ തലമുറയും ഉത്ഭവപാപത്തോടും കർമ്മപാപത്തിന്റെ ഓരോ രൂപത്തോടുമുള്ള പ്രവണതയോടും കൂടെയാണെന്നതിനാൽ പ്രായശ്ചിത്തത്തിനായുള്ള ഈ പ്രയത്നവും പോരാട്ടവും യേശുവിന്റെ മുന്നോടികളുടെ സവിശേഷതയായ, നിരന്തരമായ ഒരു ദൗത്യമാണ്. അപ്രകാരം, കുരിശടയാളം അവിടുത്തെ ശിഷ്യരെ വ്യതിരിക്തരാക്കുന്നതും കുരിശിന്റെ ശക്തി വിശ്വാസികളെ രക്ഷിക്കുകയും കുരിശിന്റെ ജീവിതം ക്രിസ്തീയ വിശുദ്ധിയുടെ അടിസ്ഥാനമായിരിക്കുകയും ചെയ്യുന്നതുപോലെ, യേശുവിന്റെ നാമത്തിൽ ഓരോ കാലത്തും സ്ഥലത്തും സാഹചര്യത്തിലുമുള്ള എല്ലാ മനുഷ്യരോടും പശ്ചാത്താപവും പാപപ്പൊറുതിയും പ്രസംഗിക്കപ്പെടണം.
718. - ഇതാ യുഗാന്തം വരെ സദാ ഞാൻ നിങ്ങളോടുകൂടെയുണ്ടായിരിക്കും.
- ദൈവം നമ്മോടു കൂടെയും നമുക്കുവേണ്ടിയുമാണെങ്കിൽ ആര് നമുക്ക് എതിരു നിൽക്കും? വിജയത്തിന്റെ ആത്യന്തികമായ ദൈവിക ഉറപ്പ്! "എന്റെ യോഗ്യതകളും പുണ്യങ്ങളും ജീവിതവും പ്രവർത്തനങ്ങളും നിങ്ങളുമായി നിത്യമായി പങ്കുവയ്ക്കാനായി ഞാൻ നിങ്ങളോടുകൂടെയുണ്ട്.'' ഓ, ആർക്കാണ് ദിവ്യകാരുണ്യം സ്വീകരിക്കാനാവുക! അതിന്റെ പൂർണ്ണതയിൽ അതു സ്വീകരിക്കുക! ഒരു ജ്ഞാനി എന്റെ അടുക്കലേക്കു വരുന്നു, ഞാൻ അദ്ദേഹത്തിന്റെ അറിവു ഞാൻ സ്വീകരിക്കുന്നില്ല! ഒരു വിശുദ്ധൻ എന്റെയടുത്തേയ്ക്കു വരുന്നു, ഞാൻ അദ്ദേഹത്തിന്റെ വിശുദ്ധി സ്വീകരിക്കുന്നില്ല! ഒരു കായികാഭ്യാസി എന്റെയടുത്തേയ്ക്കു വരുന്നു, ഞാൻ അയാളുടെ കരുത്ത് സ്വീകരിക്കുന്നില്ല! ഒരു രാജാവ് എന്റെയടുത്തേയ്ക്കു വരുന്നു. ഞാൻ അദ്ദേഹത്തിന്റെ അധികാരം സ്വീകരിക്കുന്നില്ല! ഒരു വൈദികൻ എന്റെയടുത്തേയ്ക്കു വരുന്നു, ഞാൻ അദ്ദേഹത്തിന്റെ പൗരോഹിത്യം സ്വീകരിക്കുന്നില്ല! യേശു വന്ന് എനിക്ക് തന്നെത്തന്നെ നൽകുന്നു. അവിടുത്തെയും അയല്ക്കാരന്റെയും സ്നേഹത്തിലും അവിടുത്തെ രാജ്യത്തിനായുള്ള എന്റെ പ്രയത്നത്തിൽ അവിടുത്തെമഹത്വത്തിനായുള്ള തീക്ഷ്ണതയിലും ഞാൻ എത്ര കൂടുതലായി വളരുന്നുവോ അതിൽ കൂടുതലായി ഞാൻ അവിടുത്തെ സ്വീകരിക്കുന്നു. അപ്രകാരം, "ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു, അവിടുന്നിൽ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും.''
719. - കർത്താവേ അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നൽകുന്നത് ഇപ്പോഴാണോ
- വഞ്ചനയോ ഉത്കർഷേച്ഛയുടെ ലാഞ്ചന പോലുമോ ഇല്ലാത്ത നല്ല ഇസ്രായേൽക്കാരായ അപ്പസ്തോലന്മാരും ശിഷ്യന്മാരും, അവരുടെ ജീവിതകാലത്തോ കാലഘട്ടത്തിലോ ഇസ്രായേൽ രാജ്യം പുനഃസ്ഥാപിക്കാൻ അവിടുന്ന് ഉദ്ദേശിക്കുന്നുവോയെന്ന് കർത്താവിനോടു ചോദിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ പരിശുദ്ധ ദൗത്യവും കർത്തവ്യവും പരിശുദ്ധ കത്തോലിക്കാസഭയിൽ, ഭൂമിയിലെ സ്വർഗ്ഗരാജ്യത്തിൽ, പകർന്നു നല്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും അവികലമാക്കപ്പെടുകയും ചെയ്യപ്പെടുന്നതുപോലെ, പൂർവ്വപിതാക്കളുടെ മഹത്തായ പൈതൃകവും പ്രവാചകന്മാരുടെ മഹത്തായ നിധിയും ദൈവിക പരിഗണനകളിൽ നിന്നും ഉരുത്തിരിഞ്ഞുവരുന്ന എല്ലാ ആനുകൂല്യങ്ങളുമുൾപ്പെടുന്ന ഇസ്രായേൽ രാജ്യമെന്ന ആദർശം ഞാൻ സ്വന്തമാക്കണം. ലോകത്തിലെ കർത്താവിന്റെ രാജ്യം. സാർവ്വത്രികവും നിത്യവുമായി ദൈവഭരണം. ആഗ്രഹത്തിന്റെ കൂടുതൽ ശക്തിയോടും നിലനില്ക്കാനുള്ള കൂടുതൽ നിശ്ചയദാർഢ്യത്തോടും പോരാട്ടത്തിലെ കൂടുതൽ വീര്യത്തോടും കൂടെ, യേശുനാമത്തിന്റെ ആധിപത്യം ഞാൻ സ്ഥാപിക്കുകയും യേശുവിന്റെ രക്തത്തിന്റെ യോഗ്യതകൾ വിനിയോഗിക്കുകയും ലോകമാസകലമുള്ള ഓരോ ആത്മാവിലും യേശുവിന്റെ തിരുഹൃദയ വാഴ്ചയുടെ വിജയം സാധ്യമാക്കുകയും വേണം. ഭൗതികവും ധാർമ്മികവുമായ കത്തോലിക്കാ വിശ്വാസം.
720. - സമയമോ കാലമോ നിങ്ങൾ അറിയേണ്ടതില്ല.
- രാജ്യത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നം യേശു നശിപ്പിക്കുന്നില്ല, പക്ഷേ അവരുടെ ജീവിതകാലത്ത് അവിടുന്ന് അതിനു നാന്ദികുറിക്കുകയും അവരുടെ പുരോഹിത പ്രവർത്തനത്തിന് അതു ഭരമേല്പിക്കുകയും ചെയ്തുകൊണ്ട് അവരുടെ പ്രത്യാശയിൽ അവിടുന്ന് അതു സ്ഥിരീകരിക്കുന്നു. ഈ രാജ്യം വീണ്ടും കീഴടക്കി പിതാവിനു പുനരർപ്പണം ചെയ്യുന്നതിനായി അവിടുന്ന് അവധാനപൂർവ്വം വന്നു. അവിടുത്തെ പ്രാർത്ഥന ആത്മാവിന്റെ ഗദ്ഗദത്താൽ പൂരിതമായി, ഓരോ അൾത്താരയിൽ നിന്നും ഓരോ ദിവ്യകാരുണ്യസ്വീകരണത്തിൽ നിന്നും കൃപാവരാവസ്ഥയിലുള്ള ഓരോ ആത്മാവിൽ നിന്നും നിരന്തരമായി മുഴങ്ങിക്കേൾക്കുന്നു. അവിടുത്തെ രാജ്യം വരണമേ! അങ്ങയുടെ രാജ്യം വരണമേ, പാപത്തിന്മേലുള്ള സമ്പൂർണ്ണ വിജയത്തിന്റെ രാജ്യം, അനുനിമിഷവും സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും അങ്ങയുടെ നാമം മഹത്വപ്പെടുകയും സകലരും അവിടുത്തെ ഹിതം നിറവേറ്റുകയും ചെയ്യുന്ന രാജ്യം. കർത്താവിന്റെ പ്രാർത്ഥന, നമുക്കുവേണ്ടി ചിന്തപ്പെട്ട രക്തത്തിന്റെ സ്വരം, മുറിവേറ്റ അവിടുത്തെ ഹൃദയത്തിന്റെ നാദം കേൾക്കപ്പെടാതിരിക്കുകയില്ല. ദൈവത്തോടുള്ള അവിടുത്തെ വചനശുശ്രൂഷയായ പ്രാർത്ഥനയിലൂടെയും ആത്മാക്കളോടുള്ള അവിടുത്തെ വചനശുശ്രൂഷയായ പ്രഘോഷണത്തിലൂടെയും അപ്പസ്തോലന്മാരുടെ ജീവിതവും ശുശ്രൂഷയും അവിടുത്തെ പ്രാർത്ഥനയുടെ വിജയം വരിച്ച കൃപാവരം എന്നേയ്ക്കും തുടരണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. അപ്രകാരമാണ് അപ്പസ്തോലിക പദ്ധതി: "ഞാൻ പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.''
721. - ലോകം മുഴുവനിലും നിങ്ങൾ എന്റെ സാക്ഷികളായിരിക്കും.
- ഏറ്റവും തികവുള്ളതും ഫലപ്രദവുമായ സാക്ഷികൾ. യേശുവിന്റെ മനുഷ്യാവതാരം, പ്രബോധനം, വീണ്ടെടുപ്പ്, പീഢാസഹനം, ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നീ വസ്തുതകളുടെ ഏറ്റവും വിശ്വസ്ത ആഖ്യാതാക്കൾ മാത്രമല്ല അവർ. കർത്താവിന്റെ സജീവ പ്രത്യക്ഷീകരണങ്ങളെന്ന നിലയ്ക്ക് അവർ ക്രിസ്തുവിന്റെ സംവാഹകരും അവിടുത്തെ പരിപൂർണ്ണതയെ സജീവമായി വെളിപ്പെടുത്തുന്നവരും അവിടുത്തെ കുരിശിന്റെ പിന്തുടർച്ചക്കാരും കൂടിയാണ്. മനുഷ്യന്റെ കഴിവിന് അതീതമായ ആ പരിപൂർണ്ണതയും പ്രവൃത്തിയും മനുഷ്യനിലെ കർതൃസാന്നിദ്ധ്യത്തിന് സാക്ഷ്യം നല്കുന്നു. സാക്ഷ്യം രക്തസാക്ഷിത്വത്തിനു തുല്യമാണ്. രക്തസാക്ഷിത്വം വീരോചിതപുണ്യത്തിനു സമമാണ്. ക്രിസ്തീയ വീരപുരുഷൻ മാത്രമാണ് ജനമദ്ധ്യേ യേശുവിന്റെ സാക്ഷ്യവും വാഹകനും വെളിപ്പെടുത്തുന്നവനും സൂക്ഷിപ്പുകാരനും. "നിങ്ങൾ എന്റെ സാക്ഷികളായിരിക്കും,'' കർത്താവ് അരുൾച്ചെയ്യുന്നു, "നിങ്ങളിലുള്ള എന്റെ സാന്നിദ്ധ്യത്തിന്റെ കൃപയാൽ, നിങ്ങളുടെയുള്ളിലെ നിരന്തരമായ പവിത്രാദാവായിത്തീരാനിരിക്കുന്ന എന്റെ ആത്മാവിന്റെ കൃപയാൽ, നിങ്ങൾ എന്റെ സാക്ഷികളായിരിക്കും.'' ഞാൻ അവിടുത്തെ സാക്ഷിയാവണം. ഈ ദൈവിക വാഗ്ദാനത്തിലും കല്പനയിലും നിന്ന് ബഹിഷ്കൃതനാകണമെന്ന് ആഗ്രഹിക്കാൻ എനിക്കു കഴിയുകയില്ല, അപ്രകാരം ഞാനാഗ്രഹിക്കുന്നുമില്ല.
722. - പിതാവ് വാഗ്ദാനംചെയ്ത പരിശുദ്ധാത്മാവിനെ ഞാൻ നിങ്ങൾക്കുമേൽ അയയ്ക്കും.
- വാഗ്ദാനം ചെയ്യപ്പെട്ട ഇൗ ദാനം, ആശ്വാസദായകനും സഹായകനുമായവൻ, പിതാവിന്റെ പുത്രന്റെയും സത്താപരമായ ഇൗ സ്നേഹം ഒരു ദൈവിക വ്യക്തിയാണ്. അവിടുന്ന് എല്ലായ്പ്പോഴും ഒരു ദൈവിക വാഗ്ദാനമാണ്. ഇതര ദൈവിക വ്യക്തികളിൽ കൃപാവരം മൂലം കൂദാശകളിലൂടെ നാമവിടുത്തെ സ്വീകരിച്ചിരിക്കുന്നതാണെങ്കിലും സൈ്ഥര്യലേപനം, തിരുപ്പട്ടം എന്നീ കൂദാശകളിൽ സവിശേഷമാർന്നവിധം നാമവിടുത്തെ സ്വീകരിച്ചിരിക്കുന്നുവെങ്കിലും അവിടുന്ന് സദാ ദൈവിക വാഗ്ദാനമായി നിലകൊള്ളുന്നു. നിരവധി തവണ അവിടുന്ന് നമ്മെ സന്ദർശിക്കുകയും തന്റെ പ്രചോദനങ്ങളാൽ നമ്മെ അനുഗ്രഹിക്കുകയും അവിടുത്തെ സാന്ത്വനത്താലും ദാനങ്ങളാലും ഫലങ്ങളാലും നിർവൃതിയാലും നമ്മെ ആമഗ്നരാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ മഹത്തരമായ ദാനങ്ങളുടെ, ആത്മാവിന്റെ വാഗ്ദത്ത സഖിയുമായുള്ള കൂടുതൽ ഗാഢമായ ദൈവൈക്യത്തിന്റെ ദൈവിക വാഗ്ദാനമായി അവിടുന്ന് സദാ നിലകൊള്ളുന്നു. അതുകൊണ്ട്, സമരോന്മുഖവും തീർത്ഥാടനാത്മകവുമായ നമ്മുടെ അവസ്ഥയിൽ അതിസ്വാഭാവികമായ നമ്മുടെ ജീവിതത്തിന് അത്യന്താപേക്ഷിതമായ പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈ ആത്മാവിനെ ഞാൻ മനസ്സിലാക്കുന്നു. ആമ്മേൻ! കർത്താവായ യേശുവേ, വരണമേ! ആമ്മേൻ, പരിശുദ്ധാത്മാവേ, വരണമേ!
723. - ഉന്നതങ്ങളിൽ നിന്ന് നിങ്ങൾ ശക്തി ധരിക്കുന്നതുവരെ.
- സാർവ്വത്രിക വിശുദ്ധീകരണ ദൗത്യത്തിനായി നിയുക്തനായവനോടുള്ള ദൈവിക കല്പന: മാളികമുറിയിൽ താമസിക്കുകയും ആത്മാവിന്റെ ശക്തിയാൽ നിറയപ്പെടുന്നതുവരെ യാതൊരു ബാഹ്യപ്രവർത്തനവും ആരംഭിക്കാതിരിക്കുകയും ചെയ്യുക. പൗരോഹിത്യത്തിന്റെ മഹത്തായ പ്രതിഷ്ഠകൾക്കു മുമ്പേ സാംസ്കാരികവും ആദ്ധ്യാത്മികവുമായ ഒരുക്കകാലം മുഴുവനും പരിശീലന ഭവനങ്ങളാകുന്ന മാളികമുറിയിലായിരിക്കുക! പുതിയ അപ്പസ്തോലിക വർഷാരംഭത്തിനു മുമ്പായുള്ള വാർഷിക ആദ്ധ്യാത്മിക ധ്യാനത്തിന്റെ മാളിക മുറിയിൽ, രഹസ്യാത്മക വർഷത്തിന്റെ പാദവാർഷിക വിഭജനങ്ങളോരോന്നും തുടങ്ങുന്നതിനു മുമ്പായി ചതുർ ദിന ധ്യാനത്തിന്റെ മാളിക മുറിയിൽ, താപസാത്മക വർഷത്തിന്റെ ഓരോ കാലഘത്തിനും മുമ്പേയുള്ള ആദ്ധ്യാത്മികോപദേശ സ്വീകരണത്തിനായുള്ള സന്ദർശനത്തിന്റെ മാളികമുറിയിൽ, മറ്റേതൊരു ദിനചര്യയ്ക്കും മുമ്പേയുള്ള പ്രഭാത ധ്യാനത്തിന്റെയും മാനസിക പ്രാർത്ഥനയുടെയും മാളികമുറിയിൽ തീർച്ചയായും ആയിരിക്കുക!
724. - ഏകമനസ്സോടെ നിലനിന്നു.
- സന്യസ്തരും മേലധികാരികളും തമ്മിലുള്ള സമ്പൂർണ്ണ സ്വരുമ തീർത്തും അത്യന്താപേക്ഷിതമാണ്. സഹോദരങ്ങളും മേലധികാരികളും തമ്മിലുള്ള ഇൗ സ്വരുമയിൽ ഒരുവന്റെ ഇച്ഛയുടെയും വ്യക്തിത്വത്തിന്റെയും അത്രമാത്രം ത്യാഗവും എളിമയുടെയും ഉപവിയുടെയും അത്തരത്തിലുള്ള മഹത്തായ അഭ്യസനവും വിവേകത്തിന്റെയും സൈ്ഥര്യത്തിന്റെയും അത്തരമൊരു മഹാ അഭ്യസനവും ഉണ്ടെന്നതിനാൽ അത് വളർത്തിയെടുക്കാതിരിക്കുക എന്നത് ഒരുവന്റെ വ്യക്തിപരമായ വിശുദ്ധീകരണം ഉപേക്ഷിക്കുന്നതിനും ശീശ്മയുടെയും പാഷണ്ഡതയുടെയും അരൂപിയിലും ഭൗതികവും ആത്മീയവുമായ ഓരോ തിന്മയിലും വീണുപോകുന്നതിനും തുല്യമാണ്. സ്വരുമയിൽ അനുരഞ്ജനത്തിനും ആത്മീയോത്കർഷത്തിനും വളരെയധികം ശക്തിയും വിജയത്തിന്റെയും നേട്ടത്തിന്റെയും ഉറപ്പുമുള്ളതിനാൽ അതു നശിപ്പിക്കുന്നതും നഷ്ടപ്പെടുത്തുന്നതും സാർവ്വത്രിക വിശുദ്ധീകരണ കർമ്മം ഉപേക്ഷിക്കുന്നതിനു തുല്യമാണെന്നു മാത്രമല്ല, ഈ ലോകത്തിൽ അന്ധകാരത്തിന്റെ രാജകുമാരന്റെ സേവനത്തിന് സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
725. - പ്രാർത്ഥനയിൽ നിലനിന്നു.
- സ്വർഗ്ഗത്തിലേക്കു പറന്നുയരാനുള്ള ഏക ചിറക്, ലോകത്തെ സ്വർഗ്ഗത്തിലേക്കുയർത്താനുള്ള ഏക ഉത്തോലകം! അതു തടസ്സപ്പെടുത്തുക, അതിന്റെ ഉപയോഗം നിർത്തുക എന്നാൽ വീഴുക എന്നാണർത്ഥം. അത് അവരിൽ നിന്ന് വളരെ വേദനയോടെ എടുക്കപ്പെട്ട ശേഷം അഗാധ ഗർത്തത്തിലേക്ക് പതിക്കാൻ അനുവദിച്ച് ശത്രുവിന് വിട്ടുകൊടുക്കുക എന്നാണർത്ഥം. ദൗത്യം സ്വീകരിക്കുന്നതു വരെ മാളികമുറിയിലും ദൗത്യം ആരംഭിച്ച ശേഷം മാളികമുറിക്കു പുറത്തും പ്രാർത്ഥനയിൽ നിലനിൽക്കുക. അപ്രകാരം, ലോകം മുഴുവനും മാളിക മുറിയും ദേവാലയവും, അതായത്, പ്രാർത്ഥനാലയവുമാണ്. അങ്ങനെ ലോകം മുഴുവനും കൃപയുടെയും ആത്മാവിന്റെയും അരൂപിയായ പരിശുദ്ധാത്മാവിനാൽ പൂരിതമായിരിക്കുന്നു. അവാച്യമായ നെടുവീർപ്പുകളാൽ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാൻ ആത്മാവ് ഇറങ്ങിവസിക്കുന്ന ആന്തരികമായ മാളികമുറി ഇപ്പോഴുമുണ്ട്.
726. - യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പം.
- എല്ലായ്പ്പോഴും എല്ലായിടത്തും, പ്രത്യേകിച്ചും കൃപയുടെ നവീനമായ ധാരാപ്രവാഹത്തിൽ പുതിയ സമർപ്പണങ്ങളിലൂടെ നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോൾ യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിനായുള്ള ആവശ്യം ഓരോരുത്തർക്കും അനുഭവപ്പെടണം. ആയതിനാൽ, അവിടുത്തെ ദാനങ്ങളും ഫലങ്ങളും സൗഭാഗ്യങ്ങളും ആത്മാക്കളിൽ ചൊരിയുന്നതിനായി, അവയിൽ മറിയത്തെ കണ്ടെത്താൻ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. തന്റെ ദൈവിക വ്യക്തിയുമായുള്ള ആത്മാക്കളുടെ ഓരോ സ്വർഗ്ഗീയ വിവാഹവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയെന്ന വിധം കന്യകാമറിയത്തിനു നൽകിയിരിക്കുന്ന ആത്യന്തികമായ ആ കൃപാവരത്തിന്റെ പൂർണ്ണതയുടെ അനുകരണവും അതിലുള്ള പങ്കാളിത്തവുമാണ്. നമ്മുടെ സഹോദരങ്ങളുടെയും നമ്മുടെ തന്നെയും ആത്മാവുകളിൽ യേശുവിനെ രൂപീകരിക്കുന്നതിനു നാം പരിശ്രമിക്കുമ്പോൾ ഇതേ കാര്യം സംഭവിക്കുന്നു. തന്റെ വ്യക്തിപരമായ വിശുദ്ധിയും അപ്പസ്തോലന്റെ പ്രവൃത്തിയായ വിശുദ്ധീകരണവും ഇതുൾക്കൊള്ളുന്നു. കാരണം മനുഷ്യാവതാരം പോലെ തന്നെ ആത്മാവുകളിലെ യേശുവിന്റെ മൗതികമായ പുനഃസൃഷ്ടി ആത്മാവിന്റെയും മറിയത്തിന്റെയും കൂട്ടായ പ്രവർത്തനമാണ്.എത്രമാത്രം ദൈർഘ്യമുള്ളതാണോ വഴി, എത്ര മഹത്തരമാർന്നതാണോ പ്രയത്നം, എത്ര ഉഗ്രമാണോ പോരാട്ടം, അത്രമാത്രം മറിയത്തിന്റെ വഴിവിളക്ക്, അവളുടെ സഹായം, അവളുടെ സാന്ത്വനിപ്പിക്കുന്ന ആർദ്രത ആവശ്യമാണ്. അപ്പസ്തോലന്റെ പോരാട്ടവും പ്രയത്നവും വഴിയും ഏതു പ്രകാരത്തിലും ഏറ്റവും വലിയതാണ്. യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പം മാത്രമേ ഉചിതമായി അതു പൂർത്തീകരിക്കാൻ കഴിയൂ.
727. - കൈകളുയർത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിച്ചുകൊണ്ടിരിക്കെ, അവൻ അവരിൽ നിന്നു മറയുകയും സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു.
- സ്വർഗ്ഗാരോഹണത്തിന്റെ സ്വർഗ്ഗീയ ആശീർവ്വാദം. ആ ആശീർവ്വാദ കർമ്മത്തിൽ എന്റെ ഓർമ്മയിൽ യേശു നിലകൊള്ളുന്നു. ആ പ്രവൃത്തി, നന്മയുടെ നിത്യമായ ഉറവയായുള്ള, നന്മയുടെ നിത്യമായ പ്രവാഹമായുള്ള അവിടുത്തെ അവസ്ഥാവിശേഷം എനിക്കു വെളിപ്പെടുന്നു. അവിടുത്തെ അന്ത്യവചസ്സുകളിലേക്ക് ഗാഢമായും നേരിട്ടും സമ്പൂർണ്ണമായും പോകുന്ന ആശീർവ്വാദം. എനിക്കു വെളിപ്പെടുത്തിയ സർവ്വവും ഉൾക്കൊള്ളുന്ന വചനങ്ങൾ. സ്വർഗ്ഗാരോഹപണത്തിന്റെ കൃപയും പ്രേഷിതത്വവും ചൊരിയുന്ന അനുഗ്രഹം. പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെയും ഫലങ്ങളുടെയും സൗഭാഗ്യങ്ങളുടെയും പൂർണ്ണതയിൽ യേശുവിനോടൊപ്പം ഉന്നതങ്ങളിലേക്ക് നമ്മെ സംവഹിക്കുകയും നമ്മെ വലയം ചെയ്യുന്ന പ്രഭാമയമായ ദൈവിക രഹസ്യത്തിലേക്ക് ചൂഴ്ന്നിറങ്ങാൻ നമ്മെ അനുവദിക്കുകയും ചെയ്യുന്ന ദൈവത്വത്തിന്റെ മൗലിക കാരണമായ പിതാവിലേക്ക് നമ്മെ ലക്ഷീകരിക്കുകയും ചെയ്യുന്ന അനുഗ്രഹം!
728. - ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു. എന്റെ എല്ലാ സഹോദരങ്ങൾക്കുമുള്ള എന്റെ ജീവിതം മുഴുവനും അന്തർലീനമായ സന്ദേശവും ഇതായിരിക്കട്ടെ. എന്റെ അന്ത്യവചനങ്ങൾ ഇതു പ്രതിദ്ധ്വനിക്കട്ടെ. എന്റെ മാർഗ്ഗങ്ങൾ ഇതു വെളിപ്പെടുത്തട്ടെ. എന്റെ പ്രവൃത്തികൾ ഇതു പ്രകടമാക്കട്ടെ. എന്റെ ജോലികൾ ഇതു പ്രാവർത്തികമാക്കട്ടെ. ആത്മീയോത്കർഷത്തിന്റെ ഫലപ്രാപ്തിയോടുകൂടെ ഞാൻ അയയ്ക്കപ്പെടുന്ന എല്ലാവർക്കും, എനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും അതു അനുഭവവേദ്യമാകട്ടെ. ഉയർത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന കൃപകളുടെ ഈ പ്രവാഹത്തിൽ ഓരോരുത്തരും നിർബന്ധിക്കപ്പെടുകയും കീഴ്പ്പെടുത്തപ്പെടുകയും ചെയ്യട്ടെ. എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും അടുത്തേക്ക് ഞാൻ ആരോഹണം ചെയ്യുന്നു. നാം അധിവസിക്കുന്ന ലോകത്തെ ഏവരും പ്രവാസഭൂമിയായും ഭൂമിയിലെ എന്റെ ജീവിതത്തെ പിതാവിലേക്കുളള ആരോഹണത്തിന്റെ ഒരു ജീവിതമായും കരുതട്ടെ. ആമ്മേൻ.
Comments
Post a Comment