ഭാ​ഗം 1: ആരോഹണം (91)

84. നമ്മുടെ അയൽക്കാരൻ

691. നമ്മുടെ അയല്ക്കാരനെ സംബന്ധിച്ചിടത്തോളം, ചോദിക്കുകയോ യാചിക്കുകയോ ചെയ്യാതെതന്നെ (പ്രയത്നവും വേദനയുമുള്ള കാര്യങ്ങളിൽ) സാധ്യമായ ഏറ്റവും വലിയ സേവനം നാം സ്വാഭാവികമായി നല്കും. യാതൊന്നും പ്രതിഫലമായോ കൃതജ്ഞതയായോ ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യാതെയുള്ള നമ്മുടെ സഹായം വിനീതവും ശുഷ്കാന്തിയുള്ളതും നിസ്വാർത്ഥവുമായിരിക്കണം. നമ്മുടെ അയല്ക്കാർ അതെക്കുറിച്ച് അവബോധവാന്മാരാകാത്ത വിധത്തിലായിരിക്കും നാം സേവനമനുഷ്ഠിക്കുന്നത്.

692. നമ്മുടെ പ്രഥമവും സമുന്നതവുമായ സേവനം നമ്മുടെ പ്രാർത്ഥനകളിലാണ് അടങ്ങിയിരിക്കുന്നത്. എന്റെ പ്രാർത്ഥന മൂലം ഞാൻ എല്ലാവർക്കും എല്ലാമായിത്തീരാൻ പരിശ്രമിക്കുന്നു. അതായത്, കർത്താവിന്റെ മുമ്പിൽ എല്ലാവർക്കും വേണ്ടിയുള്ള സ്തുതിയും കൃതജ്ഞതയും അനുതാപവും മാദ്ധ്യസ്ഥ്യവും മൂലം, അവ എല്ലാവർക്കുംവേണ്ടി നിർവ്വഹിച്ചുകൊണ്ട്, അവർ അവർക്കുവേണ്ടിത്തന്നെ അപ്രകാരം ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും.

693. പ്രത്യക്ഷമായോ പരോക്ഷമായോ ആണെങ്കിലും എന്റെ പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്ന ഉടൻ തന്നെ, ഞാൻ അയാൾക്കുവേണ്ടി പ്രാർത്ഥിക്കും. ഉദാഹരണത്തിന്, ഒരു നന്മനിറഞ്ഞ മറിയമേ അഥവാ ഒരു സ്വർഗ്ഗസ്ഥനായ പിതാവേ എങ്കിലും ചൊല്ലിക്കൊണ്ട്. ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ഞാൻ ആഗ്രഹിക്കുമ്പോഴെല്ലാം, ഒരു നന്മനിറഞ്ഞ മറിയമേ അഥവാ ഒരു സ്വർഗ്ഗസ്ഥനായ പിതാവേ എങ്കിലും പ്രാർത്ഥിച്ചുകൊണ്ട് ഉടനെ അക്കാര്യത്തിനായി ഞാൻ പ്രാർത്ഥിക്കും. ഞാൻ കൃതജ്ഞതയോ സഹതാപമോ പ്രകാശിപ്പിക്കുമ്പോഴും അതുപോലെത്തന്നെ ഞാൻ അനുഗ്രഹിക്കുമ്പോഴും ഞാൻ ആശീർവ്വദിക്കപ്പെടുമ്പോഴും ഞാനിക്കാര്യം ചെയ്യും.

694. ആരെങ്കിലും മൂകമായോ പ്രകടമായോ ഒരുപകാരം ആവശ്യപ്പെട്ടാൽ, അതു പൂർണ്ണതയുള്ളതാക്കുന്നതിനായി ഒരു പ്രാർത്ഥനയോടുകൂടെ ഞാനതു നിർവ്വഹിക്കും. അതു നിർവ്വഹിക്കാൻ തീർത്തും അസാധ്യമാണെങ്കിൽ, എന്റെ നിരസനം സൗമ്യമാക്കും എന്നു മാത്രമല്ല, എന്റെ പ്രാർത്ഥന മൂലം സത്യമായും കൂടുതൽ മഹത്തായ ഒരു ഉപകാരം ഞാൻ നല്കുകയും ചെയ്യും.

695. എപ്പോഴെങ്കിലും എന്റെ അയല്ക്കാരന്റെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗതികമോ ധാർമികമോ ആയ തിന്മ ഞാൻ കാണുകയോ അതെക്കുറിച്ച് അവബോധവാനാകുകയോ ചെയ്താൽ ഞാൻ പ്രാർത്ഥിക്കും. ഏതെങ്കിലും തിന്മയോ ദൗർഭാഗ്യമോ ഒരു തെറ്റിന്റെ ഫലമാണെന്ന് ഞാൻ ഒരിക്കലും ചിന്തിക്കുകയില്ല. പാപകരമായ പ്രവൃത്തികളുടെ കാര്യത്തിൽ, അവ മനഃപൂർവ്വമാണെന്ന് ഞാനൊരിക്കലും ചിന്തിക്കുകയില്ല. എന്തുതന്നെയായിരുന്നാലും, എന്റെ സഹായം മൂലം എന്റെ അയല്ക്കാരന്റെ നന്മ പുനഃസ്ഥാപിക്കപ്പെടുന്നതിനായി ഞാനവ രഹസ്യമായി സൂക്ഷിക്കും.

696. നാട്യമോ മുഖസ്തുതിയോ കൂടാതെ എന്റെ അയല്ക്കാരനോടുള്ള ഏറ്റവും സമുന്നതമായ ആദരവ് ഞാൻ പ്രദർശിപ്പിക്കുകയും എന്റെ ആന്തരിക വികാരങ്ങൾ അതിൽക്കൂടുതലായിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. എന്റെ അയല്ക്കാരനുള്ള സന്തോഷത്തിന്റെയും കരുതലിന്റെയും ഒരു കിരണമായിരിക്കാൻ ഞാനാഗ്രഹിക്കുന്നു. ആത്മാർത്ഥമായ നല്ല ആശംസകൾ അവനിൽ ചൊരിയാൻ ഞാനാഗ്രഹിക്കുന്നു (ക്രിസ്തുമസ്, ഈസ്റ്റർ, മംഗലവാർത്ത, സ്വർഗ്ഗാരോപണം, ആ വ്യക്തിയുടെ ജന്മദിനം, തിരുനാൾ ദിനങ്ങൾ, വാർഷികങ്ങൾ, ആദിയായവ).

697. എന്റെ അയല്ക്കാരന് അനാദരവോ ക്രൂരതയോ ആയേക്കാവുന്ന ഏതൊരു നർമത്തിൽ നിന്നും അഭിപ്രായ പ്രകടനത്തിൽ നിന്നും പരുഷമായ എല്ലാ പെരുമാറ്റത്തിൽ നിന്നും മന്ദോഷ്ണതയിൽ നിന്നും നിരാസത്തിൽ നിന്നും ഞാൻ വിട്ടുനില്ക്കും. എന്റെ അയല്ക്കാരന് ആശ്വാസവും സാന്ത്വനവും നല്കുന്നതും അപ്രകാരം അവരെ വിശുദ്ധീകരിക്കുന്നതും എന്റെ നിരന്തരമായ ചിന്തയാക്കി മാറ്റാൻ ഞാൻ അഭിലഷിക്കുന്നു. പാപത്തിന്റെ മുന്നിൽ മാത്രം സുദൃഢമായും നിരന്തരമായും ഞാൻ പറയും: "അരുത്.''


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)