ഭാഗം 1: ആരോഹണം (83)
76. പ്രലോഭനത്തിനു മുമ്പേ
633. പ്രലോഭനങ്ങൾ ഇല്ലാത്തപ്പോൾ പ്രാർത്ഥനയാൽ - പ്രത്യേകിച്ചും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് - നാം നമ്മെത്തന്നെ ഒരുക്കണം. ശക്തമായി അവയെ തള്ളിക്കളയുകയും എതിർക്കുകയും ചെയ്തതിനും തീക്ഷ്ണമായ ഹ്രസ്വ പ്രാർത്ഥനയ്ക്കും ശേഷം അവയിൽ നിന്നും പൂർണ്ണമായി നമ്മുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി തീർത്തും വിപരീതമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉത്തമം.
634. നമ്മുടെ ലോകത്തേക്ക് ശത്രുവിനെ കൂടുതൽ അടുത്തു കൊണ്ടുവരുന്നതോ, പലവിചാരങ്ങൾ, ലൗകികമോ ഭൗതികമോ ആയവയെക്കുറിച്ചുള്ള വായന, സംസാരം മുതലായവ പോലെ അവന്റെ സ്വാധീനത്തിൽ നമ്മെ കൊണ്ടുവരുന്നതോ ആയ എല്ലാം വർജ്ജിക്കാൻ ശ്രദ്ധിക്കുക.
635. ഏത് പെരുമാറ്റ ദൂഷ്യവും ഉടനടി ഉപേക്ഷിച്ചുകൊണ്ടും ചെയ്തുപോയ ഓരോ ലഘുപാപത്തിനും പരിഹാരം ചെയ്തുകൊണ്ടും അവനു നൽകപ്പെട്ടിരിക്കാവുന്ന ഏതൊരു സ്വാധീനവും പെട്ടെന്ന് നശിപ്പിക്കുകയും ഏതു ശക്തിയെയും നിരാകരിക്കുകയും ചെയ്യുക.
636. നീരസം, നിരാശ, നിരുത്സാഹം, മുൻകോപം, അലംഭാവം, ജിജ്ഞാസ, ഭൗതിക വസ്തുക്കളോടുള്ള ആഗ്രഹം എന്നിവ നമുക്കനുഭവപ്പെടുമ്പോൾ വേദനയാലോ ആനന്ദത്താലോ നാം അസ്വസ്ഥരാകുമ്പോഴെല്ലാം അവന്റെ സ്വാധീനത്തിൽ നാം വീഴാൻ പോകുന്നുവെന്ന് അറിയുകയും ഓർക്കുകയും ചെയ്യുക.
637. നമ്മുടെ പ്രാർത്ഥനകളിൽ മടുപ്പും തടസ്സവും നമ്മുടെ അയൽക്കാരനോട് നീരസവും നിയമത്തോട് എതിർപ്പും നമുക്കനുഭവപ്പെടുമ്പോൾ, നമ്മുടെ പ്രവർത്തനങ്ങൾ, ബന്ധങ്ങൾ തുടങ്ങിയവയിൽ യാതൊരു നിയന്ത്രണവും ജാഗ്രതയും നാം ആഗ്രഹിക്കാത്തപ്പോൾ, നാം അവന്റെ സ്വാധീനത്തിലായിക്കഴിഞ്ഞിരിക്കുന്നു.
638. പ്രലോഭനങ്ങൾ, മായാദർശനങ്ങൾ, വികാരങ്ങൾ, ബലഹീനതകൾ, വീഴ്ചകൾ മുതലായവ ആരോടും, ഏറ്റവും ഉറ്റ ചങ്ങാതിയോടു പോലും, വിശ്വസിച്ചു പറയരുത്. മറിച്ച്, ഒരു കുമ്പസാരക്കാരനോടും ആദ്ധ്യാത്മിക ഗുരുവിനോടും - ബാഹ്യമായവയും സമൂഹത്തെ ബാധിക്കുന്നതുമായ കാര്യങ്ങളിൽ - മേലധികാരിയോടും മാത്രം പറയുക. ഈ മൂവരോടും നമുക്ക് യാതൊരു രഹസ്യവും പാടില്ല.
639. പ്രലോഭന സമയത്ത്, മുമ്പ് എടുത്ത യാതൊരു നല്ല തീരുമാനവും മാറ്റരുത്. തുടങ്ങിവച്ചവയിൽ നിന്നും പിന്മാറരുത്. ഒരു നിമിഷം പോലും ഇന്ദ്രിയങ്ങളുടെയും ഹൃദയത്തിന്റെയും ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തരുത്. പക്ഷേ, കാത്തിരിക്കുക, കാത്തിരിക്കുക, കാത്തിരിക്കുക.
Comments
Post a Comment