ഭാ​ഗം 1: ആരോഹണം (70)

63. യേശുവിന്റെ കുരിശിൻ കീഴിൽ

520. ഏതു തരത്തിലുളള പ്രതിസന്ധിയിലും നിഷ്ക്രിയരായിരിക്കേണ്ടതില്ല, ക്രിസ്തീയ പരിത്യക്തതയിലേക്കു സ്വയം പരിമിതപ്പെടുത്തേണ്ടതുമില്ല. ദൈവഹിതത്തോടുള്ള നമ്മുടെ കാണിക്കയായി ആദ്യമേ അഭ്യസിക്കേണ്ട പ്രഥമ പുണ്യമാണത്. പക്ഷേ പിന്നീട്, ഈ ദൈവഹിതത്തോട് സ്വയം അനുരൂപപ്പെടുന്നതിനുവേണ്ടി മാത്രം നാം പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. കാരണം നമ്മുടെ വ്യക്തിപരമായ വിശുദ്ധീകരണത്തിന്റെയും നമ്മിലൂടെയുള്ള അയല്ക്കാരന്റെ വിശുദ്ധീകരണത്തിന്റെയും കർമം തീവ്രതരമാക്കാനും ദ്രുതഗതിയിലാക്കാനും ഉയർത്താനുമായിത്തന്നെയാണ് പരീക്ഷണങ്ങൾ നമുക്കു നല്കപ്പെടുന്നത്.

521. പ്രതിസന്ധിഘട്ടത്തിലുള്ള നമ്മുടെ പ്രവർത്തനം മുഖ്യമായും ഒരു പ്രതികരണമാണ്. സഹനം ഏറെക്കുറെ നേരിട്ട് വരുന്ന ബാഹ്യ ദ്വിതീയ കാരണങ്ങൾക്ക് (ഒരു അയല്ക്കാരൻ) എതിരായുള്ള പ്രതികരണമല്ല, മറിച്ച് ശത്രുവിനും നമ്മുടെ ഓർമയുടെയും ഭാവനയുടെയും വികാരങ്ങളുടെയും ബുദ്ധിയുടെയും ഇച്ഛയുടെയും മേലുള്ള അവന്റെ എല്ലാ സ്വാധീനങ്ങൾക്കുമെതിരെ. ഉദാഹരണത്തിന്, നമ്മുടെ അയല്ക്കാരനു നേർക്കുള്ള എല്ലാത്തരം വിമുഖതയെയും നമ്മോടു തന്നെയുള്ള നിരുത്സാഹത്തിനെതിരെ, സത്പ്രവൃത്തികളെയും സമാനമായ കാര്യങ്ങളെയും കുറിച്ചുള്ള പ്രത്യാശയില്ലായ്മയ്ക്കെതിരായി പൂർണ്ണമായി പൊരുതുന്നത്.

522. ശാരീരികവും ധാർമികവുമായ തിന്മയെ പെരുപ്പിച്ചു കാണിക്കാൻ പോരുന്ന അത്തരം പൈശാചികമായ മനോഭാവങ്ങളെ ചെറുക്കുക. ഓരോ തിന്മയും അക്രമത്തിന്റെ ഒരു പ്രവൃത്തിയാണ്. അക്രമമായിട്ടുള്ളത് നിലനില്ക്കുകയുമില്ല. എല്ലാം കടന്നുപോകുന്നു! എല്ലാ തീർന്നുപോയെന്ന്, എല്ലാം നിരാശാജനകമാംവിധം നഷ്ടപ്പെട്ടുവെന്നുള്ള പൈശാചിക വശീകരണത്തിനെതിരെ പ്രതികരിക്കുക. പകരം, എല്ലാറ്റിനും കൃപമൂലം ഒരു മറുമരുന്നുണ്ട്, ഏവർക്കും സൗഖ്യത്തിന്റെ കൃപയുണ്ട്. യേശുവിനൊപ്പം, ഓരോ തിന്മയിൽ നിന്നും ഉപരി നന്മയിൽ എത്തിച്ചേരാം.

523. പ്രതിവിധി പ്രയോഗിക്കുന്നതിലുള്ള പതിവായ കാലതാമസത്തെ മറികടക്കാൻ പ്രത്യേകമായി പ്രവർത്തിക്കുക. ആദ്യ പ്രതിവിധി പ്രാർത്ഥനയാണ്. ആത്യന്തികമായ പരിഹാരം: പ്രാർത്ഥന സകലരും പരിവർത്തനം ചെയുന്നു! മറ്റേതൊരു വസ്തുവിൽ നിന്നോ സാഹചര്യത്തിൽ നിന്നോ എന്നപോലെ ആ വേദനയിൽ നിന്ന് കർത്താവിനോട് കൂടുതൽ അടുപ്പം നേടുന്നതിനായി ആത്മാവിന്റെ കൂടുതൽ ആഴമായ ശുദ്ധീകരണത്തിന് യത്നിച്ചുകൊണ്ട് വ്യക്തിപരവും സാർവ്വത്രികവുമായ വിശുദ്ധീകരണത്തിലൂടെ ദൈവമഹത്വത്തിന് സാധ്യമായ ഏറ്റവും വലിയ നേട്ടം നാം കൈവരിക്കുന്നതിനായി പ്രഥമതഃ പ്രാർത്ഥിക്കുക.

524. നമ്മുടെ സഹനങ്ങളിൽ സൃഷ്ടികളുടെ പ്രവർത്തനം മാത്രമായി ഒരിക്കലും ദർശിക്കരുത്. പക്ഷേ, മറയ്ക്കപ്പുറം നമ്മുടെ സ്വന്തം തെറ്റുകളുടെ പ്രവർത്തനവും തത്ഫലമായി നമ്മുടെ തെറ്റുകൾ നമുക്കുമേൽ ശത്രുവിനു നല്കിയ അവകാശവാദംമൂലം ശത്രുവിന്റെയും പ്രവർത്തനം കാണുക. അപ്രകാരം, അവനെ പരാജയപ്പെടുത്താനും നമ്മുടെ പുതിയ ദിശയിൽ സൗഖ്യപ്പെടുത്താനും ശാന്തമാക്കാനും വിട്ടുകൊടുക്കാനും മധുരതരമാക്കാനും തീക്ഷ്ണതയാൽ നമ്മെ സ്വയം നിറയ്ക്കാനുമായി എളിമയെയും എളിമപ്പെടുത്തലുകളെയും ഉടനെ മുറുകെപ്പിടിക്കുക. തിന്മയിൽ നിന്നും തിന്മയുടെ ശക്തികളിൽ നിന്നുമുള്ള മോചനത്തിന്റെ രഹസ്യം എളിമയിലും എളിമപ്പെടുത്തലിലും മാത്രമേ കാണപ്പെടുന്നുള്ളൂ.

525. തിന്മയുടെയും അതിക്രമങ്ങളുടെയും പാപം മൂലമുള്ള വേദനയുടെയും കാര്യമാണെങ്കിൽ പോലും ഒരിക്കലും അവയിൽ ദൈവത്തെ കാണരുത്. ദുഃഖിതനോ സ്നേഹശൂന്യനോ വിദൂരസ്ഥനോ ആയി ഒരിക്കലും അവിടുത്തെക്കുറിച്ച് ചിന്തിക്കയുമരുത്. ദൈവസ്നേഹത്തിന്റെ പ്രകടഭാവങ്ങളെയും അവിടുത്തെ പരിശുദ്ധിയുടെ നവീന വെളിപ്പെടുത്തലുകളെയും ചൊരിയലുകളെയും അവിടുത്തെ വിശുദ്ധീകരണ കർമത്തിന്റെ ആത്മാവിലെ പുതിയ പ്രയോഗങ്ങളെയും അവിടുത്തെ പുത്രനോടുള്ള നവീന അനുരൂപണത്തെയും അവിടുത്തെ പ്രവർത്തനത്തിലും യോഗ്യതയിലും മഹത്വത്തിലുമുള്ള നവീന പങ്കാളിത്തത്തെയും കുറിച്ച് സദാ ചിന്തിച്ചുകൊണ്ട് നാം സത്യത്തോട് അടുത്തുവരുന്നു.

526. അതുകൊണ്ട്, സദാ വർദ്ധമാനമായ വികാരാവേശത്തോടുകൂടെ, അവിടുത്തോടുള്ള നമ്മുടെ സ്നേഹത്തെയും അവിടുന്നിലുള്ള നമ്മുടെ ആത്മവിശ്വാസത്തെയും അവിടുത്തെ പ്രവൃത്തിയ്ക്ക് നാം വിട്ടുകൊടുക്കുന്നതിനെയും ദൈവൈക്യത്തിലേക്കും ദൈവിക സ്വന്തമാക്കലിലേക്കുമുള്ള നമ്മുടെ പുരോഗതിയെയും പറുദീസയ്ക്കായുള്ള നമ്മുടെ പ്രത്യാശയെയും കുറിച്ച് നാം ആലപിക്കുന്നു. വേദന എത്ര കഠിനമാകുന്നുവോ അത്രമാത്രം കർത്താവ് അടുത്തെത്തിയിരിക്കുന്നതായി നാം വിശ്വസിക്കുന്നു. എത്രമാത്രം നാമവിടുത്തെ വിളിച്ചപേക്ഷിക്കുന്നുവോ അത്രമാത്രം അവിടുത്തെ ഹൃദയത്തിൽ നാം മിഴിനീർ തൂകുന്നു.

527. അതേസമയം, ശാരീരികവും ആദ്ധ്യാത്മികവുമായ എല്ലാ കാരുണ്യ പ്രവൃത്തികളുടെയും പരിശീലനം ആവിഷ്കരിക്കുകയും സാധ്യതയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് അവയിൽ സ്വയം ഏർപ്പെടുകയും ചെയ്യുക. നമ്മുടെ ബലഹീനത കണ്ടെത്തുന്നതിനുവേണ്ടി കാരുണ്യപ്രവൃത്തികളിലോരോന്നിലും ആദ്യമായിത്തന്നെ സ്വയം ചോദിക്കണം. തുടർന്ന്, അവയുടെ കൂടുതൽ മെച്ചമായതും കൂടുതൽ തീക്ഷ്ണമായതുമായ പരിശീലനം സിദ്ധിക്കുന്നതിനുവേണ്ടി ഓരോ സത്പ്രചോദനങ്ങൾക്കും സ്വയം തുറവിയുള്ളവനാകുക. അപ്രകാരം, സഹിക്കുന്നതിൽ യേശുവിനെ നാം ആശ്വസിപ്പിക്കുകയും നമുക്കുതന്നെയും സാന്ത്വനവും കരുണയും കണ്ടെത്തുകയും ചെയ്യട്ടെ.

528. കാരുണ്യപ്രവൃത്തികളുടെ പരിശോധനയിലും പരിശീലനത്തിലും തെറ്റുകളുടെ പൊറുതിയിലും ശുദ്ധീകരണസ്ഥലത്തിനായുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിലും സന്നിഹിതരായവരുടെ സാന്ത്വനത്തിലും മുറുകെപ്പിടിക്കുക. നമ്മുടെ പ്രവർത്തനങ്ങളിൽ, പാപത്തോടുള്ള യഥാർത്ഥമായ വിദ്വേഷവും ദൈവത്തിനെതിരായ അപരാധത്തെപ്രതിയുള്ള യഥാർത്ഥമായ അനുതാപവും അവിടുത്തെ മഹത്വത്തിനായുള്ള നിർമലമായ ആഗ്രഹവും വളർത്തിയെടുക്കാൻ നാം ലക്ഷ്യമിടുന്നു. നമ്മുടെ സഹനങ്ങളിലെ മാനുഷികവും സ്വാഭാവികവും വ്യക്തിപരവും സ്വാർത്ഥപരവുമായ സകലതിൽ നിന്നും വിഭിന്നമായുള്ളതാണിത്. സഹിക്കുന്ന എല്ലാവർക്കുമായി ഇതേ കാര്യം നാം ആഗ്രഹിക്കുകയും നേടുകയും ചെയ്യുന്നു.

529. കർത്താവിന്റെ കരുണയിലും നന്മയിലും സ്നേഹത്തിലുമുള്ള നമ്മുടെ വിശ്വാസം വഴിയായി, തന്റെ സൃഷ്ടികളുടെ സഹനങ്ങളിൽ യാതൊരു വിധത്തിലും അവിടുന്ന് ആനന്ദിക്കുന്നില്ലെന്നും അവരുടെ വേദനയിലല്ല, പകരം അവരുടെ പ്രലോഭനങ്ങൾ അവർ തരണംചെയ്യുന്ന സ്നേഹത്താൽ, തങ്ങളുടെ വേദനയിൽ സന്തോഷം കണ്ടെത്താൻ അവരെ പ്രാപ്തരാക്കുന്ന സ്നേഹത്താൽ മാത്രമാണ് മഹത്വീകൃതനാകുന്നതെന്നും പൂർണ്ണമായും ബോധ്യമുളളവരാകാൻ നാം ആഗ്രഹിക്കുന്നു. സകല മാനുഷിക ദുരിതങ്ങളെയും അതിലംഘിക്കുന്ന അവിടുത്തെ ഹൃദയത്തിന്റെ സ്നേഹത്തോടുകൂടെ അവിടുത്തെ സ്വന്തം ജ്വലിക്കുന്ന സ്നേഹത്താലും അവിടുത്തെ മുള്ളുകളാലും മുറിവുകളാലും മാത്രം വേദനിക്കാൻ പ്രാപ്തനാക്കണമേയെന്ന് കർത്താവിനോട് കൂടെക്കൂടെ ആവശ്യപ്പെടുക.

530. സർവ്വോപരി, സൃഷ്ടികളിൽ നമ്മുടെ ആശ്വാസം കണ്ടെത്താൻ നാം ഒരിക്കലും പരിശ്രമിക്കരുത്. പകരം, അവയ്ക്കായുള്ള നമ്മുടെ ആവശ്യം പരിമിതപ്പെടുത്തുകയും നമ്മുടെ സ്വന്തം സുഖത്തിനുവേണ്ടി അവയുമായുള്ള സമ്പർക്കം ദീർഘിപ്പിക്കാതിരിക്കുകയും ചെയ്യുക. എന്നിരുന്നാലും പെട്ടെന്ന് അവയിൽ നിന്ന് സ്വയം അകന്നുമാറുകയോ പ്രത്യേകമായ കാർക്കശ്യത്തോടെ പുറത്താക്കുകയോ ചെയ്യരുത്. അത് ഒരുതരം പ്രതികാരമോ തിന്മയെ കുറയ്ക്കുന്നതിനു പകരം വർദ്ധിപ്പിക്കുന്ന പൈശാചിക ശക്തിയായ മുറിവേറ്റ അഹന്തയുടെ ഫലമോ ആയിരിക്കും.

531. മറ്റുള്ളവരുടെ സഹനഹേതുവായിത്തീർന്നതിന്റെ മനഃസാക്ഷിക്കുത്ത് നമുക്കനുഭവപ്പെടുമ്പോഴെല്ലാം, മറ്റുള്ളവർ മൂലം നാം സഹനമേല്ക്കുമ്പോഴെല്ലാം, നമുക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് അവരെ ശാന്തമായി അറിയിക്കുക - അവരെ വെറുതെ വിട്ടേക്കൂ. ഈ വികാരങ്ങൾ മറ്റുള്ളവരോട് പ്രകടിപ്പിക്കുക എന്നത് തിന്മയുടെ പൈശാചികമായ വ്യാപനവും നമ്മുടെ അയല്ക്കാരനെ അധിക്ഷേപിക്കുന്നതുന്നതുമായിത്തീരും. നേരിട്ടും സ്വകാര്യമായും ഇതുമായി ബന്ധപ്പെട്ടവരോട് അതു നിർവ്വഹിക്കുന്നത്, സംശയങ്ങളുടെ ദൂരീകരണവും തെറ്റിദ്ധാരണകളുടെ വിശദീകരണവും മുറിവേറ്റ ഹൃദയത്തിന്റെ സാന്ത്വനവും സൗഖ്യവുമായിരിക്കും.

532. ഇത് തങ്ങൾക്കധീനരായവരെക്കുറിച്ച് മേലധികാരികൾക്ക്, അവർക്ക് പ്രത്യേകമായ വിധത്തിൽ, ബാധകമാണ്. തങ്ങൾക്കധീനരായവർ എളിമപ്പെടാനും തുറവിയുള്ളവരാകാനും സ്വയം മെച്ചപ്പെടാനുമായി അവർ കാത്തുനില്ക്കരുത്. അവരോട് ചോദിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ഉയർത്തിക്കൊണ്ടുവരികയും വേണം. മാനസാന്തരത്തിനുവേണ്ടിയുള്ള ഫലപ്രദമായ ശിക്ഷ സംസാരിക്കാത്തതിന്റെ നിശ്ശബ്ദതയുടെയും നേരിട്ടുള്ള നോട്ടം ഒഴിവാക്കിക്കൊണ്ടുള്ള കണ്ണുകളുടെ നിശ്ശബ്ദതയുടെയും യാതൊരു പുഞ്ചിരിയുമില്ലാത്ത മുഖത്തിന്റെ നിശ്ശബ്ദതയുടെയും അസ്സഹനീയ പീഢയാണെന്ന് അവർ വിശ്വസിക്കരുത്. ഇതവരെ സത്യമായും നിരാശയിലേക്കു തള്ളിവിടും.

533. കർത്താവിന്റെ അസാന്നിദ്ധ്യത്താലോ പ്രചോദനങ്ങളുടെ അഭാവത്താലോ പ്രലോഭനങ്ങളുടെ ഉഗ്രതയോ നൈരന്തര്യമോ നിമിത്തമോ നിസ്സാര വശീകരണങ്ങളുടെ മുഖത്തുള്ള ഹൃദയത്തിന്റെ ദൗർബല്യത്താലോ ആണ് സഹനമെങ്കിൽ, അൾത്താരകളിലും ഭക്തിഗാനങ്ങളിലും കുരിശിന്റെ ആലിംഗനങ്ങളിലും ആദ്ധ്യത്മിക പാരായണങ്ങളിലും, കർത്താവിന്റെ സാന്നിദ്ധ്യം അനുഭവപ്പെടാതിരുന്നപ്പോൾ വി. ഡൊമിനിക്ക് ചെയ്തതുപോലെ, വിശുദ്ധർ ചെയ്ത നിരവധിയായ - അപ്രകാരം പറയുകയാണെങ്കിൽ - ഭ്രാന്തമായ കാര്യങ്ങളിൽ നാം അഭയം കണ്ടെത്തണം. പക്ഷേ, ആത്യന്തികമായ പ്രതിവിധി എല്ലായ്പ്പോഴും, ആന്തരികവും ബാഹ്യവുമായ എളിമപ്പെടുത്തലുകളിലൂടെ അഭ്യസിക്കുന്ന എളിമയെന്ന പുണ്യമാണ്. എളിമ ശത്രുവിനെ വിദൂരസ്ഥമാക്കുന്നു, മാലാഖമാരെ തിരികെകൊണ്ടുവരുന്നു, കർത്താവിനെ നമ്മിലേയ്ക്കടുപ്പിക്കുന്നു, അവിടുന്നിൽ നമ്മെയും നമ്മിൽ അവിടുത്തെയും കണ്ടെത്താനുള്ള കഴിവ് നമുക്കു നല്കുകയും ചെയ്യുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)