ഭാ​ഗം 1: ആരോഹണം (68)

അഞ്ചാം ഭാഗം: ബാഹ്യമായവയിൽനിന്ന് എന്റെ സ്വർഗ്ഗത്തിലേക്ക്

61. ആരോഹണം

497. - വരിക!

- വരിക! നമുക്ക് കർത്താവിന്റെ ഗിരിയിലേയ്ക്കു പോകാം. അവിടുന്ന് നമ്മെ അവിടുത്തെ വഴികൾ പഠിപ്പിക്കുകയും നാം അവിടുത്തെ പാതകളിൽ ചരിക്കുകയും ചെയ്യും. കർത്താവിന്റെ വിശുദ്ധ ഗിരികൾക്കിടയിൽ ഉത്ഥാനത്തിന്റെ ഗിരി ഞാൻ കാണുന്നു. ആ ഗിരിയിൽ നിന്ന് അതിശയകരമാംവിധം പ്രശോഭിക്കുന്ന എന്റെ കർത്താവിനെയും അവിടുന്ന് എന്നെ ഭരമേൽപ്പിക്കുന്ന ദൗത്യവും എനിക്കായി വരച്ചുകാട്ടുന്ന എന്റെ സഞ്ചാരപാതയും എന്നെ ഏൽപ്പിക്കുന്ന കർമ്മപദ്ധതിയും എന്റെ വിശുദ്ധീകരണത്തിനുള്ള മാർഗ്ഗവും ഞാൻ കാണുന്നു. വരിക! കർത്താവിന്റെ ഉത്ഥാന ഗിരി നമുക്കു കയറാം. അവിടുന്ന് നമ്മെ അവിടുത്തെ വഴി പഠിപ്പിക്കുകയും ചെയ്യും. അവിടുന്ന് തന്റെ നിയമം നമുക്കു നൽകും, അവിടുത്തെ ശക്തി നമുക്കു നൽകും, അവിടുത്തെ ജോലി നമ്മെ ഭരമേൽപ്പിക്കുകയും ചെയ്യും. അവിടുത്തെ സൗന്ദര്യം നമ്മെ കാണിക്കുകയും അവിടുത്തെ മഹത്വത്തിൽ നമ്മെ ആമഗ്നരാക്കുകയും ചെയ്യും - സ്വർഗാരോഹണം!

498. - ഞാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഞാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്

"ഞാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഞാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്!'' ഞാനവിടുത്തെ ഉത്ഥാനത്തിൽ വിശ്വസിച്ചിട്ടില്ലെങ്കിൽ, അവിടുത്തെ വീണ്ടും കാണാമെന്ന എന്റെ ആഗ്രഹം എന്നെ വിഴുങ്ങുമായിരുന്നില്ലെന്നും അവിടുത്തെ സാന്നിദ്ധ്യം അനുഭവിക്കുകയില്ലെന്നും അവിടുത്തെ ശ്രവിക്കുകയില്ലെന്നും അവിടുത്തോടൊത്ത് അവിടുത്തെ അനുധാവനം ചെയ്യുകയില്ലെന്നും അവിടുത്തോടൊപ്പം ഞാൻ സഞ്ചരിക്കുകയില്ലെന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇപ്പോൾ ഞാനവിടുത്തെ ഉത്ഥാനത്തിൽ വിശ്വസിക്കുന്നു. എനിക്കായുള്ള അവിടുത്തെ സ്നേഹത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്റെ അമ്മയായ തിരുസ്സഭ വർഷം മുഴുവനും ഹല്ലേലൂയ്യകളാൽ നിറയ്ക്കുന്നു. ഓരോ ഹല്ലേലൂയ്യയിലും എന്റെ കാതുകളിൽ "ഞാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഞാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്'' എന്നു മുഴങ്ങുന്നു. ഞാനവിടുത്തെ വീണ്ടും തേടുന്നു. ഞാനവിടുത്തേയ്ക്കായി എന്നും കാത്തിരിക്കുന്നു. ഹൃദയശുദ്ധിയുള്ളവർ അവിടുത്തെ കാണും. ശക്തമായി ആഗ്രഹിക്കുന്നവർ അവിടുത്തെ പ്രാപിക്കും.

499. - എമ്മാവൂസ്

- ഈ ജീവിതത്തിന്റെ സൂര്യാസ്തമയത്തിലേയ്ക്ക്, ആ ജീവിതത്തിന്റെ പുലരിയിലേക്ക്, രാത്രിക്കായുള്ള ഒരു സത്രം, സങ്കേതത്തിനായുള്ള ഒരു മണിമന്ദിരം കാത്തിരിക്കുന്ന മല കയറിക്കൊണ്ട്, നാമൊരുമിച്ചു പോകുന്നു. അവിടുന്ന് എന്നെ സമീപിക്കുന്നു. കാരണം അവിടുത്തെ കൂടാതെ ഞാൻ ദുഃഖപൂരിതനായിരിക്കുന്നു. എന്റെ സഹോദരനുമായുള്ള എന്റെ സംഭാഷണത്തിൽ അവിടുന്ന് ചേരുന്നു. കാരണം ഞാൻ അവിടുത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവിടുന്ന് സംസാരിക്കാൻ തുടങ്ങുന്നു. കർത്താവ് പ്രചോദിപ്പിച്ചതും ഇപ്പോൾ കർത്താവ് വിശദീകരിക്കുന്നതുമായ ഓ തിരുലിഖിതങ്ങളേ! ഓ വചനമാകുന്ന വ്യക്തി എപ്രകാരമാണ് നിന്റെ വാക്കുകളെ അവിടുത്തെ സത്യത്താലും അവിടുത്തെ യാഥാർത്ഥ്യത്താലും അവിടുത്തെ സത്തയാലും നിറയ്ക്കുന്നത്! അവിടുന്ന് എല്ലായിടത്തുമുണ്ട്. ഞാൻ അവിടുത്തോടൊപ്പമായി എന്നെത്തന്നെ കാണുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരിടത്തും ഇത്രയും വ്യക്തമായി ഈ ദൈവിക തത്വം പ്രകാശിതമാകുന്നില്ല: "ക്രിസ്തു സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നു.''

500. - അപ്പം മുറിയ്ക്കലിൽ

- ആത്മാവിൽ അനുഭവവേദ്യമാകുന്നതും ഹൃദയം കാത്തിരിക്കുന്നതും ശരീരം വൈമുഖ്യം കാണിക്കുന്നതുമായ ദൈവിക സാന്നിദ്ധ്യം! അകന്നുപോകുന്നതായി അവിടുന്നു ഭാവിക്കുന്നു. ഓ, ഞങ്ങളോടൊത്തു വസിക്കണമേ! അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ ആസ്വാദനത്തിന്റെ പാരമ്യത്തിലേക്ക് നമുക്ക് നീട്ടിക്കൊണ്ടുപോകാം. ഞങ്ങളോടൊത്തു വസിക്കുക! അങ്ങേയ്ക്കുവേണ്ടി പോലും! പുറമെ, അങ്ങേയ്ക്ക് ഇടമില്ലാത്ത, അങ്ങയെ അവഗണിക്കുന്ന ഹൃദയങ്ങളിൽ, ഇരുൾ പരക്കുന്നു. ഞങ്ങളുടെ മേശയ്ക്കരികിൽ ഇരിക്കുക. ഞങ്ങൾ അവിടുത്തെ മേശയ്ക്കരികിലും ഇരിക്കുന്നു. ഞങ്ങൾക്കായി അപ്പം, അങ്ങയുടെ വചനമാകുന്ന അപ്പം, അങ്ങയുടെ മേനിയാകുന്ന അപ്പം മുറിയ്ക്കലിൽ അങ്ങ് സ്വയം ഞങ്ങൾക്കു വെളിപ്പെടുത്തുന്നു. അത്തരം മഹനീയവും തീക്ഷ്ണവുമായ ആനന്ദത്തിൽ ഇനിയും ജീവിക്കാൻ ഞങ്ങൾ പ്രാപ്തരല്ലാത്തതിനാൽ, തുടർന്ന് അങ്ങ് ഒരു തരത്തിൽ അദൃശ്യനാകുന്നു. എന്റെ ഹൃദയം വേദനയാൽ മുറിയുന്നു. അവിടുന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അകമേ ജ്വലിച്ചുകൊണ്ടിരുന്ന അതേ ഹൃദയം. അവിടുന്ന് ഹൃദയത്തോട് സംസാരിക്കുകയും ഹൃദയം ജ്വലിക്കുകയും ചെയ്തു.

501. മാളികമുറിയിൽ

- കണ്ടാലും! അവിടുന്ന് വരുന്നു. ആദ്യം പ്രകൃതി അതിന്റെ ഇന്ദ്രിയങ്ങളിൽ ഭയവിഹ്വലമാകുന്നു, ഹൃദയം നുറുങ്ങുന്നു (വിറയലും കണ്ണുനീരും). ദൈവിക അഭിവാദനവും അവിടുത്തെ സാന്നിദ്ധ്യത്തിന്റെ ആദ്യഫലവും അവിടുത്തെ സന്ദർശനത്തിന്റെ ആദ്യ ദാനവും അവിടുത്തെ സമാധാനമാണ്! അവിടുത്തെ സമാധാനം ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് അവിടുന്ന് വ്യാപിപ്പിക്കുന്നു. സ്വത്വം മുഴുവനും സമാധാനത്തിന്റെ സൗഭാഗ്യം ആസ്വദിക്കുന്നു. "സമാധാനം നിങ്ങളോടുകൂടെ.'' ചിന്തകളുടെയും ആഗ്രഹങ്ങളുടെയും അഭിനിവേശങ്ങളുടെയും വികാരങ്ങളുടെയും പ്രലോഭനങ്ങളുടെയും മായാദർശനങ്ങളുടെയും എല്ലാ ക്രമരാഹിത്യവും ദൈവൈക്യത്തിലേക്കു നയിക്കുന്ന സമാധാനത്തിന്റെ ശീഘ്രവും ശാന്തവും വിശാലവും ആഴമുള്ളതുമായ പ്രവാഹത്താൽ കർത്താവിലേക്ക് ഉയർത്തപ്പെടുകയും അടുപ്പിക്കപ്പെടുകയും ചെയ്യുന്ന ആത്മാവിൽ സമന്വയിപ്പിക്കപ്പെടുന്നു. അപ്രകാരം, സമാധാനമാണ് ഐക്യം. കർത്താവിൽനിന്നുള്ള സമാധാനമാണ് ദൈവൈക്യം.

502. - നിങ്ങൾക്കു സമാധാനം

- ആദിയിലുണ്ടായിരുന്ന ബാഹ്യമായ രൂപരഹിതാവസ്ഥയ്ക്കുമേൽ ആദ്യത്തെ ദൈവിക വചനം മാറ്റൊലിക്കൊണ്ടു: "പ്രകാശമുണ്ടാകട്ടെ!'' പ്രകാശത്തിന്റെ നിർഗളനത്തോടുകൂടെ പ്രപഞ്ചത്തിലെ മൂലകങ്ങളിൽ ദൈവിക പ്രവർത്തനമായ വേർതിരിവ്, ക്രമം, സൗന്ദര്യം, ജീവൻ എന്നിവ ആരംഭിച്ചു. രണ്ടാമത്തെ ആന്തരികമായ രൂപരഹിതാവസ്ഥയ്ക്കുമേൽ, ഹൃദയത്തിന്റെ അഗാധ ഗർത്തത്തിൽ, ദൈവിക വചനം മാറ്റൊലിക്കൊണ്ടു: "സമാധാനം നിങ്ങളോടുകൂടെ.'' സമാധാനത്തിന്റെ നിർഗളനത്തോടുകൂടെ പുതിയ മനുഷ്യന്റെ ആന്തരിക പ്രവർത്തനം എന്ന ദൈവിക പ്രവൃത്തി ആരംഭിക്കുന്നു. അഥവാ കൂടുതൽ മെച്ചമായി പറഞ്ഞാൽ, തിരഞ്ഞെടുക്കപ്പെട്ട ഒാരോ വ്യക്തിയിലും യേശുവിന്റെ ജീവിതം പുനരാരംഭിക്കുന്നു. ആദ്യത്തെ ആദം സ്രഷ്ടാവിന്റെ ശ്വാസത്തിൽ നിന്ന് ആത്മാവിനെ സ്വീകരിച്ചതുപോലെ, പിതാവിൽ നിന്നും യേശുവിനുണ്ടായിരുന്ന അതേ ആജ്ഞ, അതേ ദൗത്യം, ("പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു'') സ്വീകരിക്കാനും പിന്തുടരാനും കെല്പുള്ള, മറ്റൊരു ക്രിസ്തുവായിത്തീരുന്നതുവരെ, ക്രിസ്തുവിൽ വീണ്ടും ജീവിക്കേണ്ട പുതിയ മനുഷ്യൻ. യേശു നിശ്വസിച്ചുകൊണ്ട് തന്റെ ആത്മാവിനെ നിവേശിപ്പിക്കുന്നു: "നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.''

503. - അവിടുത്തെ അടയാളങ്ങൾ

- അവിടുത്തെ മഹത്വീകൃത ശരീരത്തിൽ, ആണികളും കുന്തവും തീർത്ത പ്രധാന മുറിവുകൾ യേശു നിലനിർത്തുന്നു. അവിടുന്ന് അവ നിത്യകാലം സൂക്ഷിക്കുന്നു. ഇന്നത്തെ വിശ്വാസ ലോകത്തിൽ ദിവ്യകാരുണ്യമാണ് അവിടുത്തെ ബലിയുടെ നിത്യവും സജീവമായ ഒാർമ. അനിയന്ത്രിതമായ സൗഭാഗ്യദർശനത്തിന്റെ ലോകത്തിൽ അവിടുത്തെ മുറിവുകൾ അവ തന്നെയാണ്. എങ്കിലും, ഭൂമിയിലും സ്വർഗത്തിലും ഇക്കാലയളവിലും നിത്യതയിലും ആ പീഢാസഹനത്തിന്റെയും മരണത്തിന്റെയും ആരാധന സ്നേഹം ആഗ്രഹിക്കുന്നു. കാരണം, ഈ സ്നേഹം മൂലം അവിടുന്ന് നമുക്കുവേണ്ടി സഹിച്ചു. കുരിശാകുന്ന അതേ പാതയിലും അതേ പാത ഉപയോഗിച്ചും പിതാവിന്റെ തിരുവിഷ്ടവും സ്നേഹവും മഹത്വവും നാം ഉളവാക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. കുരിശാകുന്ന അതേ വഴികളിലൂടെയും അതേ നിധിയോടുകൂടെയും പിതാവിന്റെ വക്ഷസ്സിലേക്കു നാം പോകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. കുരിശിന്റെ യഥാർത്ഥമായ ജ്ഞാനവും ബഹുമാനവും സ്നേഹവും പരിശീലനവും ദൈവമഹത്വത്തിന്റെ രഹസ്യത്തിൽ അതു ധ്യാനിച്ചുകൊണ്ടും ആശ്ലേഷിച്ചുകൊണ്ടുമാണ് നേടിയെടുക്കുന്നത്. "സന്തോഷത്തെപ്രതി അവൻ കുരിശു സഹിച്ചു.''

504. - ശാസനകൾ

- എന്നിട്ടും, അത്രമാത്രം അവിടുന്ന് പ്രസാദിക്കുകയും ദൈവികമായി പരിശീലിപ്പിക്കുകയും ചെയ്ത തന്റെ ശിഷ്യരിൽ ശാസിക്കാനുള്ള ചില കാര്യങ്ങൾ അവിടുന്ന് കണ്ടെത്തുന്നു. വിശ്വാസരാഹിത്യവും, യേശുവിനെയും അവിടുത്തെ രഹസ്യങ്ങളെയും കുറിച്ച് വെളിപ്പെടുത്തപ്പെട്ടവ വിശ്വസിക്കാൻ വിസമ്മതിക്കുന്ന ഹൃദയ കാഠിന്യവും മൂലമുള്ളതാണ് എപ്പോഴും പ്രധാനമായ ശാസന. ആയതിനാൽ, വിശ്വാസത്തിന്റെ പൂർണ്ണത യാചിച്ചുകൊണ്ട്, വിശ്വാസമെന്ന പുണ്യം വളർത്തിക്കൊണ്ട്, വിശ്വാസത്തിന്റെ പ്രകടവും പ്രത്യേകവുമായ പ്രവൃത്തികളുടെ നിർവ്വഹണത്തിലൂടെ മരണം വരെ ഞാനതിൽ നിലനിൽക്കണം. എന്റെ കർത്താവിന്റെ മഹത്വത്തിന്റെ രഹസ്യത്തിൽ നിരന്തരം വസിക്കുകയും ആ മഹത്വത്തിൽ ദർശനത്തിൽ നിന്ന് ദർശനത്തിലേക്കും പുണ്യത്തിൽ നിന്ന് പുണ്യത്തിലേക്കും എന്റെ ദൈവത്തിലേക്കും എന്റെ പിതാവിലേക്കും ആരോഹണം ചെയ്യുകയും വേണമെങ്കിൽ, എന്റെ വിശ്വാസം എത്ര ആഴമാർന്നതും ഭാസുരവുമായിരിക്കണം!

505. - വിശ്വാസത്തിന്റെ പരിശീലനവും തെളിവും

- വിശ്വാസം ശക്തിപ്പെടുകയും പൂർണ്ണമാക്കപ്പെടുകയും വേണമെങ്കിൽ അത് അഭ്യസിക്കണം. ദർശനത്തിലേക്ക് അതു നമ്മെ നയിക്കണമെങ്കിൽ വിശ്വാസം പരീക്ഷിക്കപ്പെടണം. ആത്മാവിനോടുള്ള കർത്താവിന്റെ സ്നേഹത്തിലും ആത്മാവിലേക്ക് അതിന്റെ കഴിവിനനുസരിച്ച് ചൊരിയപ്പെടുന്ന അവിടുത്തെ യോഗ്യതകളുടെയും ശക്തികളുടെയും അനന്തതയിലുമുള്ള വിശ്വാസത്തെ പരീക്ഷണം പ്രത്യേകമായി ബാധിക്കുന്നു. ഇക്കാരണത്താൽ, അവിടുത്തെ പീഢാനുഭവത്തെക്കുറിച്ചുള്ള ഒരു ധ്യാനം യേശു ആഗ്രഹിക്കുന്നു, അവിടുത്തെ സ്നേഹത്തിലും യോഗ്യതകളിലും ശക്തികളിലുമുള്ള നമ്മുടെ വിശ്വാസം സദാ മഹത്തരവും സജീവവും പ്രവർത്തനനിരതവുമാകുന്നതിനുവേണ്ടി, നമ്മുടെ കരങ്ങളിൽ - ഒരു വിധത്തിൽ പറഞ്ഞാൽ - അവിടുത്തെ മുറിവുകളുടെ മഹത്വീകൃത അടയാളങ്ങൾ, സവിശേഷമായി അവിടുത്തെ ഹൃദയത്തെ, സ്പർശിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിനായി അത് ഒരേ സമയം നിരന്തരവും സമുന്നതവും തീക്ഷ്ണതരവുമായിരിക്കണം.

506. - വിശ്വാസദർശനം

- കൂടുതൽ ആവൃത്തിയിലും നേരിട്ടും യേശുവിന്റെ ഉത്ഥാനരഹസ്യത്തിലുള്ള എന്റെ വിശ്വാസം ഞാൻ അഭ്യസിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ പ്രധാന രഹസ്യങ്ങൾ ത്രിത്വവും മനുഷ്യാവതാരവുമാണെങ്കിലും, നമ്മുടെ യഥാർത്ഥമായ ഭക്തിയുടെയും ആദ്ധ്യാത്മികതയുടെയും അടിസ്ഥാനമായി വർത്തിക്കുന്നത് നമ്മുടെ കർത്താവിന്റെ ഉത്ഥാനവും സ്വർഗാരോഹണവുമാണ്. വി. പൗലോസ് എന്നോടു പറയുന്നു: "യേശു ഉയിർത്തെഴുന്നേറ്റുവെന്ന് സദാ മനസ്സിൽ സൂക്ഷിക്കുക.'' മാലാഖ എന്നോട് ആവർത്തിച്ചു പറയുന്നു: "ജീവിക്കുന്നവനെ മരിച്ചവർക്കിടയിൽ അന്വേഷിക്കരുത്.'' എന്റെ കർത്താവീശോ സജീവനായ ദൈവമാണ്. ഓരോ ചിത്രത്തിലും, ആരാധനക്രമത്തിന്റെ ഓരോ അനുസ്മരണത്തിലും സജീവനായ അവിടുത്തേയ്ക്കായി ഞാൻ അന്വേഷിക്കും. സജീവനായി അവിടുത്തെ ഞാൻ സ്വീകരിക്കും. ദിവ്യകാരുണ്യത്തിൽ ജീവിക്കുന്നവൻ. തിരുസ്സഭയിൽ ജീവിക്കുന്നവൻ. അവിടുത്തെ ശുശ്രൂഷകരിൽ ജീവിക്കുന്നവൻ. പിതാവിന്റെ വലതു ഭാഗത്തു വസിക്കുന്നവൻ. നഷ്ടപ്പെട്ടുപോയ തന്റെ ആടിനെ തിരഞ്ഞു ജീവിക്കുന്നവൻ. ദിവ്യകാരുണ്യത്തിലും പാപികൾക്കായുള്ള അവിടുത്തെ അന്വേഷണത്തിലും പ്രത്യേകമാംവിധം ഞാനവിടുത്തേയ്ക്കായി അന്വേഷിക്കും. മറ്റേതൊരിടത്തേക്കാളുമുപരി ഞാനവിടുത്തെ ദിവ്യകാരുണ്യത്തിലും പാപികൾക്കായുള്ള അന്വേഷണത്തിലും ഞാൻ കണ്ടെത്തും. അവിടുത്തെ വിശുദ്ധരിലും മറിയത്തിലും പിതാവിലും ഞാൻ അവിടുന്നുമായി ഐക്യപ്പെടും.

507. - അവസാനത്തെ നിയമനം

- താബോറിൽ തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർ മാത്രം രൂപാന്തരീകരണത്തിലേക്കു പ്രവേശിച്ചതുപോലെയല്ല. തോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർ മാത്രം പ്രാണവേദനയിൽ അടുത്തായിരിക്കാൻ ആഗ്രഹിച്ചതുപോലെയല്ല. ഇപ്പോൾ, കർത്താവിന്റെ സ്വർഗാരോഹണത്തിലേക്ക് ശിഷ്യരെല്ലാവരും ക്ഷണിക്കപ്പെടുകയും ഒന്നായി വിളിക്കപ്പെടുകയും ചെയ്യുന്നു. കാരണം, ഓരോ വ്യക്തിയുടെയും ജീവിതം ഉത്ഥാനത്തിൽ നിന്ന് സ്വർഗാരോഹണത്തിലേക്കു നീളുന്നു, ഉത്ഥാനത്തിനുശേഷം ഉടൻതന്നെ സ്വർഗാരോഹണത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നു. യേശു ആദ്യം മഗ്ദലന മറിയത്തിനു പ്രത്യക്ഷപ്പെട്ട് ഏറ്റവും മധുരതരമായ സന്ദേശം അവളെ ഭരമേൽപ്പിക്കുന്നു: "നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.'' "എന്നെ അനുഗമിക്കുക'' എന്ന് കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം, അവരുടെ ആദ്യ കൂടിക്കാഴ്ചയിൽ അവരെ അഭിവാദനം ചെയ്ത വചനം, അതിന്റെ ആകർഷണത്തോടും ശക്തിയോടും കൂടെ, അപ്പോഴും അവരുടെ ഹൃദയങ്ങളിൽ നിലനിന്നിരുന്നു. ഗുരു ഉള്ളിടത്തെല്ലാം അവിടുത്തെ ശിഷ്യരും ഉണ്ടായിരുന്നു. അവിടുന്ന് എവിടെയാണോ അവിടെ അവിടുത്തെ ശുശ്രൂഷകരും ഉണ്ടായിരിക്കണം. "ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു'' എന്ന് മരിച്ചവരിൽ നിന്ന് അവിടുത്തെ ജീവൻ പോലെ, തെറ്റുകളിൽ നിന്നും ബലഹീനതകളിൽ നിന്നും ഉയിർത്തെഴുന്നേറ്റ അവരുടെ ജീവിതങ്ങൾ ദൈവത്തിലേക്ക്, നമ്മുടെ പിതാവിലേക്കുള്ള നിരന്തരമായ ഉത്ഥാനമാണ് ഇപ്പോഴും എന്നേയ്ക്കുമുണ്ടാകേണ്ടതെന്ന് അവർ അറിഞ്ഞാൽ മാത്രം മതിയായിരുന്നു.

508. -സ്വർഗാരോഹണത്തിലേക്ക്

- അവർ പോയ്ക്കൊണ്ടിരിക്കുന്നു! ഭൂമിയിലെ നമ്മുടെ അതിസ്വാഭാവിക ജീവിതത്തിന്റെ പ്രതീകമായ സ്വർഗാരോഹണത്തിന്റെ മഹത്വപൂർണ്ണമായ പ്രദക്ഷിണം അപ്രകാരം അവർ രൂപീകരിക്കാനും സംഘടിപ്പിക്കാനും തുടങ്ങുന്നു. കർത്താവായ ദൈവത്തിന്റെ പരമമായ ഈ പ്രത്യക്ഷീകരണത്തിലേക്ക് ആത്മാവിനെ ആകർഷിക്കാനും നയിക്കാനുമായി ആകാശത്തിലെ ഏതു താരകമാണ് പ്രകാശിക്കുന്നത്? കണ്ടാലും, "ക്രിസ്തു സഹിച്ച് മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരിക്കുന്നു'' എന്ന ആശയവും സ്ഥിരീകരണവും ഇപ്പോൾ പ്രബലപ്പെടുന്നു. നമുക്കു മുന്നിൽ പ്രകാശിക്കുന്നതും ഓരോ പ്രദക്ഷിണത്തിനും സ്വർഗത്തിലേക്കുള്ള ആരോഹണത്തിന്റെ ഈ യാത്രപോലെ കൂടുതൽ മഹത്വപൂർണ്ണമായവയുടെ പോലും മുന്നേ ഗമിക്കുന്നതും പരിശുദ്ധ കുരിശാണ്. ഒരുനാൾ, ലോകാവസാനത്തിൽ, വിജയശ്രീലാളിതനായ വിധികർത്താവായുള്ള യേശുവിന്റെ രണ്ടാമത്തെയും അവസാനത്തേതുമായ ആഗമനത്തിന്റെ പ്രദക്ഷിണത്തിനു മുമ്പേ ഗമിക്കാനിരിക്കുന്നതു പോലെ.

509. - കാത്തിരിക്കുമ്പോൾ

- കർത്താവിനായി കാത്തിരിക്കുമ്പോൾ, അവിടുത്തെ വാഗ്ദാനത്തിലും നിയമനത്തിലുമുള്ള വിശ്വാസത്തിൽ തുടരുമ്പോൾ, ആലസ്യത്തിന് നമ്മെ സ്വയം വിട്ടുകൊടുക്കാനാവില്ല. നല്ലവനും വിശ്വസ്തനുമായ ഭൃത്യന്റെ എക്കാലവും പ്രധാനപ്പെട്ട ഒരു കടമയാണ് കഠിനാദ്ധ്വാനം. അവിടുത്തെ രാജ്യവുമായി കൂടുതൽ നേരിട്ടു ബന്ധമുള്ള ജോലിയിൽ കർത്താവു നമ്മെ പങ്കാളികളാക്കുന്നതിനായി നാം കാത്തിരിക്കുമ്പോൾ, നമ്മുടെ ആദ്ധ്യാത്മികവും അതുപോലെത്തന്നെ സ്വാഭാവികവുമായ പ്രവർത്തനങ്ങളുടെ നിരന്തരമായ നിർവ്വഹണത്തിലൂടെ ഇതിനായി നാം സ്വയം സജ്ജരാകും. അപ്രകാരം ഇവിടെ, നമുക്കു പ്രിയപ്പെട്ടവർക്കൊപ്പം നാം ജോലിയിലേർപ്പെട്ടിരിക്കുന്നു. രാത്രി മുഴുവനും, കാരണം കഠിനാദ്ധ്വാനത്തിനു ശേഷവും അതിനൊപ്പവുമുള്ള നല്ലവനും വിശ്വസ്തനുമായ ഭൃത്യന്റെ മറ്റൊരു പ്രധാന കടമ ജാഗ്രതയാണ്. നമ്മുടെ കർത്താവു നമ്മെ പരീക്ഷയ്ക്കു വിധേയരാക്കിയിരിക്കുന്നു. നമ്മുടെ എല്ലാ കഠിനാദ്ധ്വാനത്തോടും ജാഗ്രതയോടും കൂടെ, നാമൊന്നും നേടിയിട്ടില്ല, നാമൊന്നും കൈവരിച്ചിട്ടില്ല. നിഷ്ഫലത ഒരു ശാപമായി അനുഭവപ്പെടുന്നു.

510. അതു കർത്താവാണ്!

- നാം ക്ഷീണിതരാണ്, മരണത്തോളം ക്ഷീണിതരാണ്! നാം ഉന്മേഷരഹിതരും പ്രയത്നം ഉപേക്ഷിക്കാൻ പോകുന്നവരുമാണ്. അപ്പോൾ നാമൊരു ശബ്ദം കേൾക്കുന്നു: "മക്കളേ, നിങ്ങൾക്കെന്തെങ്കിലും കിട്ടിയോ?'' ആന്തരികമായി നമ്മുടെ ഹൃദയം തരളിതമാകുമ്പോഴും ബാഹ്യമായി വരണ്ട, വേദന നിറഞ്ഞ "ഒന്നുമില്ല'' എന്ന മറുപടി വരുന്നു. "വലതു വശത്ത് വലയെറിയുവിൻ.'' നാം ക്ഷീണിതരും വിവശരും വിപരീതാനുഭവത്തിന്റെ വൈമനസ്യമുള്ളവരുമാണെങ്കിലും നാം അനുസരിക്കുന്നു. നാം അനുസരിക്കുന്നു. ഫലമോ ഒരു മഹാ അനുഗ്രഹമാണ്. ഒരു മഹാ വെളിപാട്. സ്നേഹാർദ്രമായ ഹൃദയം "അതു കർത്താവാണ്" എന്നു തുടിച്ചുകൊണ്ട് അവിടുത്തെ അടുത്തേയ്ക്കു ചെന്ന് അവിടുന്ന് ലഘുഭക്ഷണം ഒരുക്കിയിരിക്കുന്നതായി കണ്ടെത്തുന്നു. നല്ലവനും വിശ്വസ്തനുമായ ഭൃത്യന്റെ കഠിനാദ്ധ്വാനത്തിനും ജാഗ്രതയ്ക്കുമുള്ള പ്രതിഫലത്തിന്റെ ആരംഭമാണിത്.

511. - സ്നേഹത്തിന്റെ പരിശീലനവും അടയാളങ്ങളും

- വിശ്വാസത്തിന്റെ പരിശീലനത്തിനും അടയാളത്തിനും ശേഷം സ്നേഹത്തിന്റെ നിരന്തരമായ പരിശീലനവും അഭ്യാസവും വേണം. ഹൃദയങ്ങൾ പരിശോധിച്ചറിയുന്ന കർത്താവ്, എല്ലാമറിയുന്ന കർത്താവ്, നമ്മിൽ നിന്ന് ഇനിയും കേൾക്കാൻ കൊതിക്കുന്നു: "ഇവരേക്കാളധികമായി നീയെന്നെ സ്നേഹിക്കുന്നുവോ?'' ചിലപ്പോൾ ആനന്ദകരമായ ആവേശത്തോടും ചിലപ്പോൾ വിറയ്ക്കുന്ന വൈമനസ്യത്തോടെയും ആത്മാവ് പ്രത്യുത്തരിക്കുന്നു: "കർത്താവേ, ഞാനങ്ങയെ സ്നേഹിക്കുന്നുവെന്ന് അങ്ങറിയുന്നുവല്ലോ.'' ഉടൻ കർത്താവ് നമ്മോടു പറയുന്നു: "നീയെന്നെ സ്നേഹിക്കുന്നുവെങ്കിൽ ആത്മാക്കളെ പരിരക്ഷിക്കുക.'' അപ്രകാരം വീണ്ടും വീണ്ടും സംഭവിക്കുന്നു. സ്നേഹത്തിന്റെ ഓരോ പരിശീലനത്തോടും വെളിപ്പെടുത്തലോടും കൂടെ സ്വർഗത്തിലെ ഐക്യം വരെയും സ്നേഹത്തിന്റെ കൂടുതൽ മഹത്തായ പരിശീലനവും വെളിപ്പെടുത്തലുമുണ്ടാകുന്നു.

512.- മരണം വരെ

- നാം മരിക്കുന്നതുവരെയും, വർഷാവർഷം എണ്ണത്തിലും തരത്തിലും തീവ്രതയിലും ഏറിവരുന്ന എളിമപ്പെടുത്തലുകളും സഹനങ്ങളുമാണ് മഹത്തായ ഈ പരിശീലനവും വെളിപ്പെടുത്തലും. "പ്രായമാകുമ്പോൾ മറ്റൊരുവൻ നിന്റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേയ്ക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.'' എന്നാൽ, എഴുതപ്പെട്ടിരിക്കുന്നതുപോലെ സ്നേഹം സർവ്വം കീഴടക്കുന്നു: "നിന്നെപ്രതി ഞങ്ങൾ ദിവസം മുഴുവൻ വധിക്കപ്പെടുന്നു; കൊലക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.'' പക്ഷേ നാം ഇതെല്ലാം ഇഷ്ടപ്പെടുന്നു. അവ നാം സഹിക്കുന്നു. നമ്മെ ആദ്യം കുരിശിലെ മരണത്തോളം സ്നേഹിച്ചവന്റെ സ്നേഹത്തെപ്രതി നാമതിനെ തരണംചെയ്യുകയും ചെയ്യുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)