ഭാഗം 1: ആരോഹണം (46)
നാലാം ഭാഗം: ബാഹ്യമായവയിൽ നിന്ന് ആന്തരികമായവയിലേക്ക്
39. സുവിശേഷപ്രകാരമുള്ള ഭൃത്യന്റെ ജീവിതം
308. യേശുവിനെ സംബന്ധിച്ചിടത്തോളം ഭൃത്യന്റെ ജീവിതം മൂന്ന് വ്യത്യസ്ത സമയങ്ങളിലാണ് കണക്കാക്കേണ്ടത്: യജമാനന്റെ അഭാവത്തിൽ, യജമാനൻ തിരിച്ചെത്തുമ്പോൾ, യജമാനന്റെ സാന്നിദ്ധ്യത്തിൽ.
309. ഒരു ഭൃത്യന്റെ ജീവിതം എപ്പോഴും, വിശേഷിച്ചും യജമാനന്റെ അസാന്നിദ്ധ്യത്തിൽ, നിതാന്ത ജാഗ്രതയുള്ളതായിരിക്കണം. അത് പകൽ സമയം മാത്രമല്ല, വിശിഷ്യ രാത്രിയിലും അതപ്രകാരമായിരിക്കണം. ആത്മാവിന്റെ പ്രാർത്ഥന നിരന്തരമായ പ്രാർത്ഥനയാണ്. പ്രാർത്ഥിക്കുന്നവൻ മാത്രമാണ് കർത്താവിന്റെ ദൃഷ്ടിയിൽ യഥാർത്ഥ ജാഗ്രതയുള്ളവൻ. അരൂപിയുടെ മറ്റേതൊരു വിനിയോഗവും ഉപയോഗവും ഏറെക്കുറെ നിദ്രയാണ്.
310. നിശാ ജാഗരണം. രാത്രികാലത്ത് അന്ധകാരത്തിന്റെ രാജകുമാരനായ ശത്രു, പകൽ ചെയ്ത പ്രവൃത്തി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഭൃത്യൻ ഉറങ്ങുമ്പോൾ, നല്ല ധാന്യങ്ങൾക്കിടയിൽ ശത്രു കളകൾ വിതയ്ക്കുന്നു. അപ്രകാരം, അശുഭകരമായ ചില അതിശയങ്ങൾക്ക് രഹസ്യമായി കാരണമായിക്കൊണ്ട്, തികച്ചും അപ്രതീക്ഷിത വെളിപ്പെടുത്തലുകളുടെ നിരാശാജനകമായ ഒരു ദിനം നമുക്കു കൈവരുന്നു.
311. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ദുർബലവും എതിർപ്പു പ്രകടിപ്പിക്കുന്നതുമാകയാൽ, പ്രലോഭനത്തിൽ വീഴാതിരിക്കുന്നതിനായുള്ള നിശാജാഗ്രത. ശരീരം ആത്മാവിനുമേൽ പ്രബലപ്പെട്ട് അതിന്റെ പതിവു അലസതയിൽ അതിനെ തളച്ചിടരുത്. മറിച്ച്, ആത്മാവ് ശരീരത്തിനുമേൽ ശക്തിയാർജ്ജിച്ച് അതിന്റെ രോഗത്തിൽ നിന്നതിനെ സ്വതന്ത്രമാക്കണം.
312. ജാഗ്രത. കാരണം, യജമാനൻ സ്ഥലത്തില്ലെങ്കിൽ, ഒരു പക്ഷേ ഏറെ ദൂരത്താണെങ്കിലും, അദ്ദേഹം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആഗമ മണിക്കൂറാണ് അദ്ദേഹത്തിന്റെ രഹസ്യം. പലപ്പോഴും രാത്രിയിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. തന്റെ ഹൃദയത്തിന്റെ രാജമന്ദിരത്തിൽ, തന്റെ ആത്മാവിന്റെ സ്വർഗ്ഗത്തിൽ അവിടുത്തേയ്ക്കായി സകലതും ഭൃത്യൻ സജ്ജീകരിച്ചിരിക്കണം.
313. തന്റെ വികാരങ്ങൾക്കു മേലുള്ള ജാഗ്രത. കാരണം, കർത്താവിന്റെ അസാന്നിദ്ധ്യത്തിൽ, അദ്ദേഹത്തിന്റെ നിരന്തരവും നേരിട്ടുമുള്ള നിയന്ത്രണമില്ലാതെ വരുമ്പോൾ, വളരെ എളുപ്പത്തിൽ തിമിർത്തുല്ലസിക്കാനും തത്ഫലമായി അയാളെ ഭരമേൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ധൂർത്തടിക്കാനും തനിക്കധീനരായ മറ്റ് ഭൃത്യന്മാരെ ദുരുപയോഗിക്കാനും പ്രലോഭിതനാകുന്നു. സ്വാഭാവികമായും അത് അത്യഗാധമായി കർത്താവിനെ അപ്രീതിപ്പെടുത്തുകയും ചെയ്യുന്നു.
314. യജമാനന്റെ അഭാവത്തിലുള്ള ഭൃത്യന്റെ ജീവിതം പ്രാർത്ഥനയിലുള്ള ജാഗ്രത മാത്രമല്ല, യജമാനന്റെ താത്പര്യങ്ങളോടുള്ള സമ്പൂർണ്ണമായ വിധേയത്വം കൂടിയാണ്. ജീവിതകാലത്തു ലഭിച്ച താലന്തുകൾ (സ്വാഭാവികവും അതിസ്വാഭാവികവുമായ ദാനങ്ങൾ) കണക്കു തീർക്കുമ്പോൾ അത്യന്തം കണിശക്കാരനായ കർത്താവിന് കൊണ്ടുവരുന്നതിനായി, മറ്റെല്ലാറ്റിലുമുപരി അവ വികസിപ്പിക്കുന്നതിലും വർദ്ധിപ്പിക്കുന്നതിലുമുള്ള വിശ്വസ്തത.
315. അപ്രകാരം, നമ്മുടെ പ്രവർത്തനത്തിലുള്ള സമ്പൂർണ്ണ വിശ്വസ്തത. വിതയ്ക്കാത്തിടത്തുനിന്നു കൊയ്യാനാഗ്രഹിക്കുന്ന ഒരു യജമാനനോടൊത്താണ് നാം പ്രവർത്തിക്കുന്നതെന്നോണം, ജീവിതം തീർത്തും വിനിയോഗിക്കപ്പെടണം. കാരണം, അവിടുന്ന് വിതയ്ക്കാത്തിടത്ത് ബുദ്ധിമാനും സ്നേഹമയിയുമായ ഒരു ഭൃത്യനെ നിയമിച്ച് തന്റെ മഹത്വത്തിന്റെ വിത്ത് അവനിൽ പാകിയിരിക്കുന്നു.
316. യജമാനനെതിരെ ഗൂഢാലോചന നടത്താനും, സാധ്യമെങ്കിൽ അദ്ദേഹത്തെ നിഷ്കാസനം ചെയ്യാനും, അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കാത്തവർ വിപ്ലവത്തിന്റെ ദൂതരെ അദ്ദേഹത്തിന്റെ പക്കലേക്കയയ്ക്കാൻ മുതിരുകയും ചെയ്യാൻ അദ്ദേഹത്തിന്റെ അഭാവം മുതലെടുക്കുന്ന മറ്റുള്ളവർ അംഗീകരിക്കാത്തപ്പോൾ പോലും സ്ഥലത്തില്ലാത്ത യജമാനനോടുള്ള വിശ്വസ്തത, യജമാനന്റെ അവകാശങ്ങളോടുള്ള വിശ്വസ്തത. അവിടുന്ന് തിരിച്ചുവരാതിരിക്കുന്നതാണ് നല്ലത്. കാരണം, അവിടുന്ന് സ്വീകാര്യനാവുകയില്ല, അവിടുത്തേയ്ക്ക് സ്വാഗതം ലഭിക്കുകയില്ല.
317. അവിടുത്തെ ദൂതരെ തിരസ്കരിക്കാനും അവരെ ദ്രോഹിക്കാൻ പോലും യജമാനന്റെ ശത്രുക്കൾ ഭൃത്യന്മാരെ പ്രലോഭിപ്പിക്കുമ്പോൾ, കപ്പം ശേഖരിക്കാനായി യജമാനനയയ്ക്കുന്ന എല്ലാ ദൂതന്മാരോടുമുള്ള വിശ്വസ്തത. അവർ യജമാനന്റെ സ്വന്തം പുത്രനെപ്പോലും അംഗീകരിക്കുന്നില്ല. അവനോടവർക്ക് യാതൊരു ബഹുമാനവുമില്ല. യജമാനനോടുളള വിദ്വേഷം നിമിത്തം, യജമാനന്റെ അവകാശം നേടിയെടുക്കാനുള്ള പരിശ്രമത്തിൽ അവർ അവനെ വധിക്കുന്നു.
318. പെട്ടെന്ന് അർദ്ധരാത്രിയിൽ യജമാനൻ എത്തിച്ചേരുന്നു. അദ്ദേഹത്തിനു മുമ്പേ ഇപ്രകാരം ആർപ്പുവിളിയുണ്ടാകുന്നു: "ഇതാ മണവാളൻ! പുറത്തുവന്ന് അവനെ എതിരേൽക്കുവിൻ!'' ഭവനം മുഴുവൻ പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു. വിളക്കുകൾ കത്തിച്ച് എവിടുത്തെ എതിരേൽക്കുകയും വിജയാരവത്തോടെ അവിടുത്തെ അനുയാത്രചെയ്യുകയും വേണം. കാരണം, അദ്ദേഹം തിരികെയെത്തുന്നത് തന്റെ രാജസിംഹാസനത്തിലേക്കാണ്; അദ്ദേഹം കീഴ്പ്പെടുത്തിയ പുതിയ രാജ്യത്തിന്റെ മഹത്വത്തിലേക്കാണ് അദ്ദേഹം തിരികെയെത്തുന്നത്. തന്റെ വിവാഹവിരുന്ന് ആഘോഷിക്കാനാണ് അദ്ദേഹം വരുന്നത്. ഓ, എന്തൊരു വിരുന്ന്!
319. ജാഗ്രതയോടും വിശ്വസ്തതയോടുംകൂടെ ജോലിചെയ്യുകയും അദ്ധ്വാനിക്കുകയും പൊരുതുകയും ചെയ്ത തന്റെ ഭൃത്യനോട് യജമാനൻ എന്താണു പറയുക? ഒരു ഭൃത്യൻ സദാ ഭൃത്യൻ തന്നെയായിരിക്കുമെന്നത് തീർച്ച. അവിടുത്തെ വിവാഹ വിരുന്നിന്റെ മേശയിൽ അവിടുത്തെ ശുശ്രൂഷിക്കുന്നതിലുള്ള മഹത്വത്തെയും ആനന്ദത്തെക്കാളുമുപരിയായി മറ്റൊന്നും അദ്ദേഹം യജമാനനിൽനിന്നും പ്രതീക്ഷിക്കരുത്.
320. ഭൃത്യൻ എപ്പോഴും ഒരു ഭൃത്യൻ തന്നെയാണ്. മറിച്ചു ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ആവശ്യപ്പെടുയോ ചെയ്തവർ ഇപ്പോൾ, ഒന്നുകിൽ വിവാഹവിരുന്നിൽ നിന്ന് പുറന്തള്ളപ്പെട്ട് "എനിക്കു നിന്നെ അറിയുകയില്ല'' എന്ന മറുപടി ലഭിക്കുന്നതിനാൽ "ഞങ്ങൾക്കു വാതിൽ തുറന്നുതരണമേ'' എന്ന് വിഫലമായ അഭ്യർത്ഥന നടത്തുന്ന അലസരായ ഭൃത്യർക്കൊപ്പമോ, അഥവാ കൂടുതൽ ഹീനമായി, തങ്ങളുടെ അധീനതയിലുള്ളവരോട് ഉപവിയോ അനുകമ്പയോ ഇല്ലാത്തവരും തങ്ങളുടെ അധിക്രമങ്ങൾക്കു പരിഹാരം ചെയ്യുന്നതുവരെ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും ചെയ്ത ഭൃത്യർക്കൊപ്പമോ, അഥവാ ഏറ്റവും നിന്ദ്യമാം വിധം, അന്ധകാരത്തിനും വിലാപത്തിനും നിത്യമായി വിധിക്കപ്പെട്ട നിഷേധികളായ ഭൃത്യർക്കൊപ്പമോ ആയിരിക്കും.
321. എന്നിരുന്നാലും, യജമാനൻ നന്മയുളള യജമാനനാണ്. തന്റെ പ്രതിഫലത്തിനായി ജോലിചെയ്ത തന്റെ ഭൃത്യന്റെ കഠിനാദ്ധ്വാനത്തെ അംഗീകാരങ്ങളാലും മഹാസ്തുതിവചനങ്ങളാലും ദൈവികമായി സമ്പന്നമായ പ്രതിഫലങ്ങളാലും പൊതിയുന്നു: "കൊള്ളാം, നല്ലവനും വിശ്തസ്തനമായ ഭൃത്യാ, അൽപകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേകകാര്യങ്ങൾ നിന്നെ ഞാൻ ഭരമേൽപ്പിക്കും.'' അലസരായവരിൽനിന്ന് തിരിച്ചെടുക്കുന്ന താലന്തുകൾ വിശ്വസ്ത ഭൃത്യന് നൽകുകയും ചെയ്യും. നിരവധി നഗരങ്ങളുടെ അധികാരിയായി നിയമിച്ചുകൊണ്ട്, തന്റെ രാജ്യത്തിന്റെ ഒരോഹരി തന്റെ ഭൃത്യന് അദ്ദേഹം നൽകും: "നിന്റെ യജമാനന്റെ സന്തോഷത്തിലേയ്ക്കു നീ പ്രവേശിക്കുക.'' നിന്റെ കർത്താവിന്റെ രാജ്യത്തിന്റെ സന്തോഷമാണത്.
322. പക്ഷേ, കർത്താവ് ഹൃദയങ്ങൾ ചൂഴ്ന്നിറങ്ങുന്ന സ്നേഹമുള്ള കർത്താവാണെന്നതിനാലും ഓരോ ഹൃദയവും അവിടുത്തെ ദൃഷ്ടിക്ക് ഗോചരമാണെന്നതിനാലും (അവിടുത്തെ സ്നേഹിക്കുന്നവരെ അവിടുന്നു സ്നേഹിക്കുന്നു!), തന്റെ സേവകൻ, പ്രതിഫലം കാംക്ഷിക്കുന്നതിനെക്കാളുപരി തന്റെ യജമാനനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹത്താൽ ഏറെ കഠിനാദ്ധ്വാനിയും വിശ്വസ്തനുമാണന്ന് ദർശിക്കുന്നു. തന്റെ യജമാനന്റെ തിരിച്ചുവരവ് ആഗ്രഹിച്ചുകൊണ്ട് ഭൃത്യൻ നിദ്രാവിഹീനമായ രാത്രികൾ ചിലവഴിച്ചിട്ടുണ്ട്.
323. വിദൂരത്തെങ്കിലും തന്റെ ഹൃദയത്തോട് തന്റെ ഭൃത്യന്റെ ഹൃദയം അടുത്തായിരിക്കുന്നതായി കർത്താവിന് അനുഭവപ്പെട്ടു. ഇപ്പോൾ, അവർ ഒരുമിച്ചായിരിക്കുമ്പോൾ, തന്റെ ഭൃത്യന്റെ ഹൃദയം അദ്ദേഹം തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. ബാഹ്യമായിപ്പോലും തന്റെ സ്ഥാനത്ത് മണവാളനായി അവനെ പ്രതിഷ്ഠിക്കുന്നു. തന്റെ സ്നേഹത്തെപ്രതി അദ്ദേഹം തന്നെ തന്റെ യജമാനന്റെ യജമാനനായിത്തീർന്നു. "നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്കുക'' എന്നത് "നിന്റെ യജമാനനെ സ്വന്തമാക്കുക'' എന്ന പ്രതീതി ഉളവാക്കുന്നു.
324. വിവാഹവിരുന്നിനുശേഷം., ആത്മ-സഖിയായിത്തീർന്ന ഭൃത്യനെ ഭവനം മുഴുവനും, രാജ്യം മുഴുവനും തന്റെ നാഥന്റെ ഹൃദയം മുഴുവനും ഭരമേൽപ്പിക്കുന്നു. ഭൃത്യൻ തന്റെ ദൈവത്തിന്റെ താൽപര്യങ്ങൾ വിശാലമായ ചൈതന്യത്തോടും രാജകീയവും പ്രൗഢഗംഭീരവും പുരോഹിതപരവും പ്രധാനാചാര്യപരവും സാർവ്വത്രികവും സമഗ്രവുമായ ചൈതന്യത്തോടുംകൂടെ പരിരക്ഷിക്കാൻ തുടങ്ങുന്നു. കാരണം, സ്നേഹ-സഖി എല്ലാമാണ്, അത് എല്ലാം നിർവ്വഹിക്കുന്നു. അവൻ പറയുന്നു: "പൂർണ്ണ ഹൃദയത്തോടും ഉയർന്നുപൊങ്ങുന്ന അരൂപിയോടുംകൂടെ ഞാൻ ഉണർന്ന് ഇസ്രായേൽക്കാരെയെല്ലാം എന്റെ കർത്താവിങ്കലേയ്ക്ക് ആനയിക്കും...''
325. ആത്മ-സഖിയായിത്തീർന്ന ഭൃത്യൻ, ഈ ദൈവൈക്യത്തിന്റെ നിധി മുഴുവനും ഓരോ ആത്മാവിനും പകർന്നു നൽകാൻ ആഗ്രഹിക്കുന്നു. കാരണം, ഓരോ നന്മയും പ്രസരിക്കുന്നതായതിനാലും ഇത് ഏറ്റവും ഉയർന്ന നന്മയായതിനാലും തത്ഫലമായി ഇത് ഏറ്റവും ഉയർന്ന തോതിൽ പ്രസരിക്കുന്നതാകയാലും തന്റെ ദൈവത്തിന്റെ ഹൃദയം സത്യമായും ആഗ്രഹിക്കുന്നത് അതു തന്നെയാകയാലും അപ്രകാരം ആത്മാക്കൾ കർത്താവിന്റെ ഹൃദയത്തിന്റെ യഥാർത്ഥ സ്വത്തും രാജ്യവുമാകയാലുമാണ്.
326. ആത്മ-സഖിയായ ഭൃത്യൻ ആദ്യം പ്രായശ്ചിത്തത്തിന്റെ മിഷനറിയായി, പീഡനങ്ങളും രക്ഷസാക്ഷിത്വങ്ങളും മരണങ്ങളും ഏല്ക്കത്തക്കവിധം വിളവെടുപ്പിന്റെ ഫലങ്ങൾ, പ്രായശ്ചിത്തത്തിന്റെ ഫലങ്ങൾ ശേഖരിക്കാൻ പോകുന്നു. പ്രായശ്ചിത്തത്തിന്റെ ഈ ഫലങ്ങൾ പുറപ്പെടുവിച്ച ആത്മാക്കൾക്ക് സ്നേഹവിരുന്നിലേയ്ക്ക് - വചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും വിരുന്നിലേയ്ക്കുള്ള കർത്താവിന്റെ ക്ഷണംതിരികെ കൊണ്ടുവരുന്നു.
327. ഓ, "ക്രിസ്തുവിനെ ഉൾക്കൊള്ളുന്ന'' വചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും മഹാ നിത്യ വിരുന്നേ, ക്രിസ്തു-സത്യമായ ബുദ്ധിയുടെ അപ്പമേ, ക്രിസ്തു-ഉപവിയായ ഹൃദയത്തിന്റെ അപ്പമേ, ക്രിസ്തു-ദിവ്യകാരുണ്യമായ ജീവന്റെ അപ്പമേ. ഭൃത്യൻ ആവർത്തിച്ചു വിളിക്കുന്നു. തിരസ്കാരങ്ങളും പീഡനങ്ങളും രക്തസാക്ഷിത്വങ്ങളും ഏല്ക്കത്തക്കവിധം, തന്റെ ദൈവത്തെ പ്രീതിപ്പെടുത്താനും തന്റെ ദൈവത്തിനുവേണ്ടി സഹിക്കാനും സദാ സന്നദ്ധതയുള്ളവനായി അവൻ യാചിക്കുന്നു.
328. വീണ്ടും വീണ്ടും, അവൻ ഓരോരുത്തരെയും ലോകത്തിലെ ഒാരോയിടത്തും ക്ഷണിക്കുകയും യാചിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. കാരണം ഓരോ ആത്മാവും ദൈവൈക്യത്തിൽ എത്തിച്ചേരേണ്ടിയിരിക്കുന്നു. തന്റെ യജമാനനെപ്പോലെ, ദിവസത്തിന്റെ ഓരോ മണിക്കൂറിലും, അവൻ തന്റെ മുന്തിരിത്തോട്ടത്തിലേയ്ക്ക് ജോലിക്കാരെയും സേവകരെയും വിളിച്ചു. ഇപ്പോൾ ആത്മ-സഖിയായിത്തീർന്നിരിക്കുന്ന ആ ഭൃത്യനെപ്പോലും വിളിച്ചു. അപ്രകാരം ഈ സമയം അവൻ തുടരെത്തുടരെ ക്ഷണിക്കുകയും അഭ്യർത്ഥിക്കുകയും യാചിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു.
329. അവർ വന്നുചേർന്നിരിക്കുന്നു! അവർ അനേകം പേരുണ്ടെങ്കിലും ഒഴിഞ്ഞ ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കുമെന്ന് അവൻ മുൻകൂട്ടി കാണുന്നു. കാരണം മാളികമുറി വളരെ, വളരെ ബൃഹത്താണ്. ജീവിത വിരുന്ന് വളരെ, വളരെ വലുതാണ്. കർത്താവിന്റെ ഭവനത്തിൽ അസംഖ്യം വാസസ്ഥലങ്ങളുണ്ട്. ആത്മ-സഖിയായ ഭൃത്യൻ വീണ്ടും പുറത്തുപോകുന്നു. കൂടുതൽക്കൂടുതൽ ജനങ്ങളെ അവൻ കണ്ടുമുട്ടുന്നു. അവർ വന്നണയുന്നതിനായി അവൻ അവരെ ക്ഷണിക്കുകയും യാചിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.
330. അവരെല്ലാവരും അകത്തുവന്ന ശേഷം അവൻ വിരുന്നൊരുക്കുന്നു. ഓരോരുത്തർക്കും വിവാഹവസ്ത്രം നൽകുന്നു. മേശയിൽ ഭക്ഷണം വിളമ്പുന്നു. ആത്മാക്കളിൽ ചൊരിഞ്ഞ കൃപയെപ്രതി, ആത്മാവുകളിൽ ആഘോഷിക്കപ്പെടുന്ന ദൈവൈക്യത്തെപ്രതി, അവൻ തീക്ഷ്ണമായി ആനന്ദിക്കുന്നു. കാരണം, അവന്റെ ദൈവം സംപ്രീതനും മഹത്വീകൃതനുമായിരിക്കുന്നു. അപ്രകാരം വീണ്ടും വീണ്ടും അവന്റെ സ്നേഹത്തിന്റെ പൂർണ്ണദിനം, അവന്റെ സ്നേഹത്തിന്റെ സമ്പൂർണ്ണ വിപ്രവാസം.
331. ഒരു ദിവസം അവന്റെ ദൈവം പറയും, മതി! "അവർ തങ്ങളുടെ അദ്ധ്വാനത്തിൽ നിന്നും വിരമിച്ചു സ്വസ്ഥരാകട്ടെ!'' തന്റെ ഭൃത്യനായ ആത്മ-സഖിയെ തന്റെ പ്രകാശത്തിന്റെ ലോകത്തിലേയ്ക്ക്, അവിടുത്തെ സൗഭാഗ്യ ദർശനത്തിലേയ്ക്ക്, തന്റെ സന്തോഷത്തിന്റെ ഉൗഷ്മളതയിലേയ്ക്ക് കൊണ്ടുപോകാൻ അവിടുന്നു വരും. അവിടെ പോലും, ആത്മ-സഖിയായ ഭൃത്യൻ, മാലാഖമാരുടെയും വിശുദ്ധരുടെയും യൗസേപ്പിന്റെയും മറിയത്തിന്റെയും നിത്യമായ വിവാഹവിരുന്നിൽ ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നു. കാരണം, നിത്യതയിൽ പോലും അവൻ സകലരുടെയും സദാ എളിയവനായ ദാസനാണ്.
Comments
Post a Comment