ഭാഗം 1: ആരോഹണം (34)
27. ആരാധനക്രമ ചക്രങ്ങൾ
203. ആഗമനകാലം മുതൽ സമർപ്പണ തിരുനാൾ വരെയുള്ള ക്രിസ്തുമസ് കാലത്ത് നമ്മിൽത്തന്നെയും നമ്മുടെ ആത്മാവിലും യേശുവിനായുള്ള ആഗ്രഹം വളർത്തുന്നതിനായി, സഭയ്ക്കു പുറത്തോ കൃപാവരാവസ്ഥയിലല്ലാതെയോ ഉള്ളവർക്കുവേണ്ടിയുള്ള പ്രത്യേക മിഷനറി നിയോഗങ്ങളോടുകൂടെ, ആഗമനകാലത്തിലെ ഞായറാഴ്ചകളിലെയും ഇടദിവസങ്ങളിലെയും എല്ലാ പ്രഭണിതങ്ങളും ഒരു ജപമാല കണക്കെ ഉപയോഗിക്കുക.
204. ക്രിസ്തുമസ് രാത്രിയിലും ദനഹാ തിരുനാളിന്റെ എട്ടാമിടം മുഴുവനിലും ഓരോ സായാഹ്നത്തിലും ദിവ്യശിശുവിനെ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, അവസാനം ചുംബനത്തോടുകൂടെ, നടത്തുക. ആ ചുംബനത്തിൽ, ഒരുവന്റെ താപസാത്മക തീരുമാനങ്ങളുടെ എല്ലാ ആത്മീയ ദാനങ്ങളും കാഴ്ചയർപ്പിക്കുകയും സമർപ്പിക്കുകയും ചെയ്യും. ഈ ഭക്തിക്ക് പ്രത്യേകമായൊരു മിഷനറി നിയോഗമുണ്ടായിരിക്കണം: അവിശ്വാസികളുടെ ദൈവവിളി. നമ്മുടെ ഗതകാലത്തെ സ്വന്തം വ്യക്തിപരമായ പ്രത്യക്ഷീകരണങ്ങൾക്കായുള്ള കൃതജ്ഞതയുടെ ആരാധനയും മറകൂടാതെയുള്ള ദർശനം വരെയുള്ള ഭാവി പ്രത്യക്ഷീകരണങ്ങൾക്കായുള്ള മാദ്ധ്യസ്ഥ്യവും ഇതുൾക്കൊള്ളണം.
205. വലിയ നോമ്പിൽ, ഒരേ ദേവാലയത്തിന്റെ തന്നെ വ്യത്യസ്തമായ അൾത്താരയിൽ അഥവാ പട്ടണത്തിലെ മറ്റു ദേവാലയങ്ങളിൽ ദിനംപ്രതി ദിവ്യബലിയർപ്പിക്കുക. (വിലക്കില്ലാത്തപ്പോൾ) തപസ്സുകാല ദിവ്യബലി ദിനംപ്രതി അർപ്പിക്കുകയും ആലപിക്കുകയും ചെയ്യുക. ഈ അൾത്താരയിൽ നിന്ന് പരിശുദ്ധ കുർബാന വിതരണം ചെയ്യുകയും തുടർന്ന് ദിവ്യബലിയുടെ അവസാനത്തിൽ ഒരു ചെറു പ്രദക്ഷിണമായി (മരുഭൂമിയിലെ തീർത്ഥാടനം) സക്രാരിയിലേക്ക് വിശുദ്ധ കുർബാന സംവഹിക്കുകയും ചെയ്യുക, എപ്പോഴും പ്രത്യേകമായൊരു മിഷനറി നിയോഗത്തോടുകൂടെ. ദിവ്യകാരുണ്യ സ്വീകരണങ്ങളുടെ തപസ്സുകാലങ്ങൾ, ശ്ലീവാപ്പാഥകളുടെ തപസ്സുകാലങ്ങൾ, വ്യത്യസ്ത വർജ്ജനങ്ങളുടെ തപസ്സുകാലം പോലുള്ളവ വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കുകയും അവരിൽ നിന്നവ സമ്പാദിക്കുകയും ചെയ്യുക.
206. തപസ്സുകാലത്തിലെ കുരിശിന്റെ ഒാരോ ദിനത്തിലും (വെള്ളിയാഴ്ചകൾ) വിശുദ്ധ വാരത്തിലെ ആദ്യ മൂന്നു ദിനങ്ങളിലും പീഢാനുഭവത്തെക്കുറിച്ചുള്ള ഒരു അനുശാസനം നല്കുകയോ നിർവഹിക്കുകയോ ശ്രവിക്കുകയോ (വായിക്കുകയെങ്കിലും) ചെയ്യുകയും പീഢാനുഭവത്തിന്റെ ഇതര ഉപകരണങ്ങളോടു കൂടിയതോ അവയില്ലാത്തതോ ആയ കുരിശിന്റെ വഴി (ക്രൂശിതരൂപമില്ലാത്തത്) നടത്തുകയും അവസാനം പരിശുദ്ധ മരത്തിന്റെ ആരാധനയും ചുംബനവും ഉണ്ടായിരിക്കുകയും ചെയ്യും. പെന്തക്കുസ്തായുടെ എട്ടാമിടത്തിന്റെ മൂന്നു ദിനങ്ങളിൽ, ഉദാഹരണത്തിന് തിങ്കൾ, വ്യാഴം, ശനി ദിനങ്ങളിൽ, വിശുദ്ധഗ്രന്ഥമുപയോഗിച്ച് അകത്തുള്ള പ്രദക്ഷിണം ഉണ്ടായിരിക്കും. അവസാനത്തിൽ ചുംബനവും, സന്നിഹിതരായവരുടെ ശിരസ്സിൽ ഈ ഗ്രന്ഥം വയ്ക്കുന്നതും ജനങ്ങൾക്ക് സുവിശേഷ ഗ്രന്ഥ വിതരണവുമുണ്ടായിരിക്കും.
207. ഉത്ഥാനത്തിന്റെ രൂപവും ഈസ്റ്റർ തിരിയും ജ്ഞാനസ്നാനത്തൊട്ടിയും വലിയ ബാഹ്യ പ്രൗഢിയോടുകൂടെ ബഹുമാനിക്കുക. ഈസ്റ്ററിന്റെ ആഴ്ചയിൽ ജ്ഞാനസ്നാനവ്രത നവീകരണത്തോടുകൂടെ, ഈ മാമ്മോദീസത്തൊട്ടിയ്ക്കരികിലേയ്ക്ക് പ്രദക്ഷിണവും അയൽ ദേവാലയങ്ങളിലേക്ക് (എമ്മാവൂസിലേക്കും ഗലീലിയിലേക്കും തടാകത്തിലേക്കും യാത്രചെയ്യുന്ന മട്ടിൽ) ലഘു തീർത്ഥാടനങ്ങളും നടത്തുക. ജോലിക്കാരായ എല്ലാവരെയും പങ്കെടുപ്പിക്കാൻ ശ്രമിച്ചുകൊണ്ട് വലിയ ഭക്തിയോടും ആഘോഷത്തോടും കൂടെ സ്വർഗ്ഗാരോഹണത്തിനുള്ള നൊവേനയും പെസഹാത്രിദിനവും പ്രാർത്ഥനാദിനങ്ങളിലെ പ്രദക്ഷിണങ്ങളും ആചരിക്കുക.
208. പെന്തക്കുസ്തായ്ക്കൊരുക്കമായ നൊവേനയിൽ, ഒരു പുതിയ മാളികമുറി പോലെ, നവീനമായൊരു പെന്തക്കുസ്തായ്ക്കായി വ്യത്യസ്ത വിഭാഗങ്ങളായി എല്ലാ ജനങ്ങൾക്കുമുള്ള വലിയ അപ്പസ്തോലിക ധ്യാനങ്ങൾ സംഘടിപ്പിക്കുക, എപ്പോഴും പ്രത്യേക മിഷനറി നിയോഗങ്ങളോടു കൂടെ. പ്രതിവർഷം ദിവ്യകാരുണ്യത്തിന്റെ വിജയത്തിന്റെ ആഘോഷം, ഇടവകതലത്തിലെ ചെറിയ ദിവ്യകാരുണ്യ കോൺഗ്രസ്സുകളോടുകൂടെ, അവസാനത്തിൽ പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണത്തോടുകൂടെ, എന്നാൽ ഇടവക കുടുംബത്തിനു പുറമെ നിന്നുള്ള അതിഥികളെക്കുറിച്ചുള്ള ആകുലതകളും ആശയക്കുഴപ്പങ്ങളുമില്ലാതെ, ആഘോഷിക്കുക. സവിശേഷമായി, പരിശുദ്ധ ത്രിത്വത്തിന്റെ കേന്ദ്രീകൃത ആഘോഷത്തിനുള്ള ഒരുക്കമായി സ്വർഗ്ഗാരോഹണത്തിന്റെയും പെന്തക്കുസ്തായുടെയും നൊവേനകളും എട്ടാമിടങ്ങളും തിരുശ്ശരീരത്തിന്റെയും തിരുഹൃദയത്തിന്റെയും നൊവേനകളും എട്ടാമിടങ്ങളും കൃതജ്ഞതയായും ആഘോഷിക്കുക.
209. പരിശുദ്ധ മാതാവിന്റെയും വി. യൗസേപ്പിന്റെയും മുഖ്യ തിരുനാളുകളുടെ എട്ടാം ദിനത്തിൽ (അമലോത്ഭവം - ഡിസംബർ 8, മംഗളവാർത്ത - മാർച്ച് 25, സന്ദർശനം - മെയ് 31, സ്വർഗ്ഗാരോപണം - ഓഗസ്റ്റ് 15, ദൈവമാതൃത്വം - ജനുവരി 1, വി. യൗസേപ്പിന്റെ ദിനം - മാർച്ച് 19) തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയത്തിനകത്ത് പ്രദക്ഷിണം നടത്തുക. അവസാനം പാദങ്ങളുടെയോ മേലങ്കിയുടെയോ ചുംബനവും അടിമ സമർപ്പണവും (വി. ലൂയി മറി ദെ മോൺഫോർട്ട്). ഇൗ പ്രദക്ഷിണങ്ങൾ നടത്തേണ്ടത് നമ്മുടെ കപ്പേളകളിലും വരാന്തകളിലും സ്തംഭനിരയോരങ്ങളിലും അഥവാ, അത് ഭക്തിനിർഭരമാകുമെങ്കിൽ, നമ്മുടെ തോട്ടങ്ങളിൽ പോലും നടത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
210. നമ്മുടെ ഭക്തികൾ പ്രദക്ഷിണങ്ങളെ വലിയ ഭക്തിയോടെ വീക്ഷിക്കുകയും സമൃദ്ധമായി അവ ഉപയോഗിക്കുകയും ചെയ്യുന്നു. പ്രായോഗികമായി പറഞ്ഞാൽ, നമ്മുടെ ജീവിതം മുഴുവനും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദക്ഷിണം പോലെയാണ്. പ്രൗഢഗംഭീരമായി നടന്നുനീങ്ങുന്ന, സഹോദരങ്ങൾക്കൊപ്പം വരിവരിയായി, സദാ യേശുവിനെ അനുഗമിക്കുന്നതുപോലെ, പിതാവിലേക്ക് അവിടുത്തെ മഹത്വവും സ്നേഹവും തിരുവിഷ്ടവും എക്കാലവും സമ്പാദിക്കുന്നതിലേക്ക്, ആരോഹണം ചെയ്യാനുള്ള ഉദ്ദേശത്തോടുകൂടെയുള്ള യാത്ര.
211. ഓരോ പ്രദക്ഷിണത്തിലും, ചെറുതും സ്വകാര്യമായവയിലും പോലും, ക്രൂശിതരൂപമുള്ള കുരിശ് അതിന്റെ അഗ്രഭാഗത്തായി നിലകൊള്ളുന്നു. നമ്മുടെ ആത്യന്തികമായ സ്തുതിയുടെയും കൃതജ്ഞതയുടെയും അനുതാപത്തിന്റെയും അപേക്ഷയുടെയും അടയാളമായി ക്രൂശിതരൂപത്തെ നാം അനുഗമിക്കുകയും ഉന്നതത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. കുരിശിന് നമ്മുടെ ഏറ്റവും ഉയർന്ന ഭക്തി.
212. പ്രാർത്ഥനയുടെ ഏറ്റവും സമുന്നതവും അതിതീവ്രവും മഹത്വപൂർണ്ണവുമായ രൂപമായ ഗീതം പ്രദക്ഷിണത്തിലുടനീളം ഉണ്ടായിരിക്കണം. പ്രത്യേകമായ താപസാത്മക, മിഷനറി നിയോഗത്തോടുകൂടെ ഓരോ പാതയോരത്തും നാം ക്രിസ്തുവിനെ അനുഗമിക്കുകയും അനുയാത്രചെയ്യുകയും ചെയ്യുന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നാളത്തെ അതു പ്രോജ്ജ്വലിപ്പിക്കും. നാമെവിടെയായിരുന്നാലും ആർക്കൊപ്പം നടന്നാലും, നാം വരിയായി നടക്കുമ്പോഴെല്ലാം ഇപ്രകാരം തന്നെ നാം ചെയ്യുന്നു.
Comments
Post a Comment