ഭാ​ഗം 1: ആരോഹണം (109)

102. ആശ്രയത്വം, ജാഗ്രത, അനുമതികൾ

863. ഓരോ ഉത്തമ മേലധികാരിയും ശ്രദ്ധിക്കേണ്ടവ: (1) തന്റെ സ്വന്തം ആത്മീയ പരിപൂർണ്ണത വികസിപ്പിക്കുക; (2) തന്റെ മേലധികാരികളോടുള്ള തന്റെ ആത്മാർത്ഥവും സന്നദ്ധവുമായ കീഴ്വഴക്കം വളർത്തുക; (3) തന്റെ സഹമേലധികാരികളുടെ അഭിവൃദ്ധി അന്വേഷിക്കുക; (4) തന്റെ മാതൃക വഴിയായി ഏവരെയും സന്യാസ നിഷ്ഠയിലേക്ക് ആകർഷിക്കുന്നതിനായി സത്യമായ സന്യാസനിഷ്ഠയുടെ ആൾരൂപമാകുക; (5) അതിസ്വാഭാവിക പുണ്യങ്ങളുടെ പരിശീലനത്തിൽ വെറുതെ കാണപ്പെടുക മാത്രമല്ല, യഥാർത്ഥത്തിൽ മുൻപന്തിയിലായിരിക്കുകയും ചെയ്യുക; (6) ഓരോ സമൂഹ നിഷ്ഠയിലും, കാണപ്പെടുക മാത്രമല്ല, ഒന്നാമനായിരിക്കുകയും ചെയ്യുക; (7) ലോകമാസകലം നന്മ പ്രസരിപ്പിച്ചുകൊണ്ട് തന്റെ ഭവനത്തെ ബൃഹത്തായ ഒരു മാളികമുറിയാക്കുക.

864. സ്ഥാനമേറ്റെടുക്കുന്നതിനു മുമ്പ്, സാധ്യമെങ്കിൽ സ്ഥാനമേൽക്കുന്നതിനൊരുക്കമായി നടത്തുന്ന ധ്യാനമദ്ധ്യേ, ഓരോ മേലധികാരിയും പൊതുവും പ്രത്യേകവുമായൊരു കർമപദ്ധതി തയ്യാറാക്കണം. ഈ കർമപദ്ധതി, ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം പൊതുവും മാർഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകവുമായിരിക്കണം. ഈ കർമപദ്ധതിയിൽ, മേൽഖണ്ഡികയിൽ സൂചിപ്പിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം പിന്തുടരണം. തത്ഫലമായി, ഒരു സന്യാസിയും മേലധികാരിയുമെന്ന നിലയിൽ തന്റെ സ്വന്തം വ്യക്തിപരമായ വിശുദ്ധീകരണത്തിനുള്ള പൊതുവും പ്രത്യേകവുമായ കർമപദ്ധതി അദ്ദേഹം ആദ്യമേ തയ്യാറാക്കണം. പിന്നീട് മുഖ്യ മേലധികാരികളോടുള്ള അദ്ദേഹത്തിന്റെ ആശ്രയബോധം കാത്തുസംരക്ഷിക്കാനും നിലനിർത്താനും അവികലമാക്കാനുമായുള്ള പൊതുവും പ്രത്യേകവുമായ കർമപദ്ധതി അദ്ദേഹം തയ്യാറാക്കണം. തുടർന്ന്, തന്റെ സഹമേലധികാരികളെയും മറ്റ് ഉദ്യോഗസ്ഥരെയും നിരന്തരമായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തന്റെ കർത്തവ്യത്തെ സംബന്ധിക്കുന്ന പൊതുവും പ്രത്യേകവുമായ കർമപദ്ധതി. ശേഷമുള്ളവ സ്വയമേവ പിന്തുടർന്നു വന്നുകൊള്ളും.

865. മുഖ്യമേലധികാരികളോട് അനുയോജ്യമായ കീഴ്വഴക്കം കാട്ടുന്നതിന് നമ്മുടെ മേലധികാരി എല്ലാറ്റിലുമുപരിയായും ആത്യന്തികമായും വിശ്വസ്തനായിരിക്കണം: (1) തന്നെക്കുറിച്ചും തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും തന്റെ ഭവനത്തെക്കുറിച്ചും തനിക്കധീനരായവരെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ അയയ്ക്കുന്നതിൽ; (2) പരിശീലനങ്ങൾക്കുവേണ്ടിയും, പൊതുവായി, സഭാസമൂഹത്തിനും, തദ്വാരാ സന്യാസ സമൂഹത്തിന്റെ എല്ലാ പ്രവൃത്തികളുടെയും പ്രത്യേകിച്ച് വിദേശ മിഷനുകളുടെ നന്മയ്ക്കുവേണ്ടി പൊതുധനശേഖരണത്തിനുമുള്ള തന്റെ പണപരമായ സംഭാവനകൾ സദാ വർദ്ധിപ്പിക്കുന്നതിൽ; (3) മുഖ്യ മേലധികാരികളോടും മാർപ്പാപ്പയോടും രൂപത മെത്രാനോടും ജനറാളച്ചനോടും പ്രൊവിൻഷ്യാളച്ചനോടും, അവരാരായിരുന്നാലും, അവരോടുള്ള ബഹുമാനവും ആദരവും സ്നേഹവും ഭക്തിയും തനിക്കധീനരായ എല്ലാവരിലും പ്രചോദിപ്പിക്കുന്നതിലും.

866. മേലധികാരി വളരെ വിശ്വസ്തനായിരിക്കേണ്ടത്: (4) ഓരോ അമ്പതു ദിവസം കൂടുമ്പോഴും മുഖ്യ മേലധികാരികൾ ഓരോ ഭവനത്തിലേക്കും മേലധികാരിക്കും സഭാസമൂഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളും വാർത്തകളുമടങ്ങുന്ന സമൂഹ വാർത്താപത്രിക ചോദിക്കുന്നതിൽ (പിന്നീട് കൃതജ്ഞത പ്രകാശിപ്പിക്കുന്നതിലും); (5) ഏറ്റവും സത്യ സാന്ത്വനമായ സന്യാസ നിഷ്ഠയിലുള്ള പരസ്പര ആത്മീയോത്ക്കർഷത്തിനായി ഓരോ ഭവനത്തിനുമുള്ള മുഖ്യ മേലധികാരികളുടെ സന്ദർശനങ്ങളും അതുപോലെത്തന്നെ മറ്റ് കാനോനിക സന്ദർശനങ്ങളും അഭ്യർത്ഥിക്കുന്നതിലും ദീർഘിപ്പിക്കുന്നതിലും; (6) സന്യാസ വിളിയോടും സന്യാസ കുടുംബത്തോടുമുള്ള ജ്ഞാനവും ആദരവും സ്നേഹവും പ്രചരിപ്പിക്കുന്നതിൽ, എങ്കിലും ഏറ്റവും വലിയ മിതത്വത്തോടുകൂടിയല്ലാതെ, പ്രകടമായോ നേരിട്ടോ നമ്മുടെ ഭവനത്തിനു പുറത്ത് നമ്മുടെ സ്വന്തം ഭവനങ്ങളെക്കുറിച്ച് ഒരിക്കലും പറയാതെ; (7) ആളെച്ചേർക്കാനുള്ള മാർഗ്ഗമായി സാധാരണ ദൈവവിളി പ്രേഷിതത്വം മാത്രം ഉപയോഗിച്ചുകൊണ്ട് നമ്മുടെ പരിശീലന ഭവനങ്ങളിൽ നല്ല ആളുകളെ തിരഞ്ഞുപിടിച്ച് സമർപ്പിക്കുന്നതിൽ.

867. പ്രാദേശിക മേലധികാരി, അദ്ദേഹത്തിന്റെ അഭാവത്തിൽ മാത്രം അദ്ദേഹത്തിന്റെ പകരക്കാരനും, സർവ്വോപരി ജാഗ്രതയുള്ളവനായിരിക്കണം. ജാഗ്രതയുടെ ഈ കടമ അച്ചടക്കത്തിന്റെ മേധാവിയും ട്രഷററും സെക്രട്ടറിയും സഹായിയും ഓരോ ചെറു ഉദ്യോഗസ്ഥനുമായും പങ്കുവയ്ക്കുന്നു. മേലധികാരിയും അച്ചടക്കത്തിന്റെ മേധാവിയും എല്ലാവർക്കും എല്ലാറ്റിനും മേൽനോട്ടം വഹിക്കണം. മറ്റുള്ളവർ മേൽനോട്ടം വഹിക്കേണ്ടത് അവരുടെ കർത്തവ്യവുമായി ബന്ധപ്പെട്ടവ മാത്രമാണ്. മേലധികാരിയിൽ നിന്നും അച്ചടക്കത്തിന്റെ മേധാവിയിൽ നിന്നും ഏറ്റവും വലിയ ജാഗ്രത നാം പ്രതീക്ഷിക്കുന്നതിനാൽ, രാത്രി അല്പം വിശ്രമം കിട്ടുന്നതിനു മാത്രമായി അവർക്കു സ്വന്തമായൊരു മുറിയുണ്ടായിരിക്കണം. പക്ഷേ, പൊതുവെ ഭവനം മുഴുവനുമാണ് അവരുടെ മുറി. എല്ലാവർക്കും എല്ലാവർക്കുമായും അവർ സംലഭ്യരാകണം., അങ്ങനെ ഒരു പ്രത്യേക വിധത്തിൽ അവർ അവിടുത്തെ അനന്തതയിലെ ദൈവിക സർവ്വവ്യാപിത്വം ആദരിക്കുകയും അവർ അതിന്റെ ഓർമപ്പെടുത്തലുമായിരിക്കുന്നു.

868. മേലധികാരികളുടെ ജാഗ്രത സമ്പൂർണ്ണമായും പ്രവർത്തനനിരതമായിരിക്കണം, ഒരിക്കലും നിഷ്ക്രിയമാകരുത്. "എല്ലാം അറിയുക, പല കാര്യങ്ങളും കണ്ടില്ലെന്നു നടിക്കുക, വളരെ ചുരുക്കം ചില കാര്യങ്ങൾ തിരുത്തുക'' എന്ന വി. ബെർണാഡിന്റെ വാക്കുകൾ വ്യക്തിഗത ഭവനങ്ങളിൽ സന്നിഹിതരല്ലാത്ത മുഖ്യ മേധികാരികൾക്ക് ബാധകമാണ്. അവരെ സംബന്ധിച്ചുപോലും, വളരെ വിരളവും അപൂർവ്വവുമായുണ്ടാകേണ്ട വ്യക്തിപരവും നേരിട്ടുള്ളതുമായ ശകാരങ്ങൾക്കും ഇത് മനസ്സിലാക്കേണ്ടതും പ്രയോഗിക്കേണ്ടതുമാണ്. പകരം, മറ്റുള്ളവരുടെ കടമകളിൽ കൈകടത്തുന്നത് ഒഴിവാക്കാനും മറ്റുള്ള ധാരാളം മേഖലകൾക്കും കടമകൾക്കുമുള്ള തന്റെ സ്വന്തം ഉത്തരവാദിത്വം അവഗണിക്കുന്നത് തടയുന്നതിനുമായി തൊട്ടടുത്ത മേലധികാരികളിലൂടെ വേണം അത് അവർ നിർവ്വഹിക്കേണ്ടത്. അവസാനമായി, പ്രാദേശിക മേലധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഇത് മനസ്സിലാക്കാവുന്നതാണ്, പക്ഷേ, തനിക്കധീനരായ പ്രായപൂർത്തിയായവരെ കൈകാര്യം ചെയ്യുന്നതിൽ മാത്രം, ഉദാഹരണത്തിന് വാചിക ശകാരങ്ങൾ എപ്പോഴും പ്രായോഗികമല്ലാത്ത വൈദികർ. എന്നിരുന്നാലും തെറ്റുതിരുത്തലുകൾ ആവശ്യമാണ്. അവ ഓരോ തെറ്റിനും വ്യത്യസ്ത രീതികളിൽ മാന്യമായി വേണം നിർവ്വഹിക്കാൻ. തെറ്റുതിരുത്തലുകളെ സംബന്ധിച്ചിടത്തോളം മുതിർന്നവർ ചിലപ്പോൾ കുഞ്ഞു കുട്ടികളെപ്പോലെയാണ്.

869. ചെറിയ മേലധികാരികൾ, തങ്ങളുടെ പ്രത്യേക മേഖലകളിൽ, തങ്ങളുടെ പ്രത്യേക ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചവയിൽ "എല്ലാം അറിയുകയും'' ഫലപ്രദമായ തെറ്റുതിരുത്തലിനുള്ള ഏറ്റവും അനുയോജ്യമായ അവസരം പ്രയോജനപ്പെടുത്തുന്നതിനായി "ഹ്രസ്വമായ കാലയളവിൽ'' മാത്രമുള്ളവയൊഴികെ "ഒന്നും കണ്ടില്ലെന്നു നടിക്കാതിരിക്കുക''യും "എല്ലാം തെറ്റുതിരുത്തുക''യും ചെയ്യും! തെറ്റുതിരുത്തലിന് താഴെക്കാണുന്ന മാനദണ്ഡങ്ങൾ അവർ സദാ മനസ്സിൽ സൂക്ഷിക്കണം. കോപം, അസൂയ, അഹങ്കാരം, അഥവാ മറ്റു വികാരങ്ങളാൽ അസ്വസ്ഥരായിരിക്കുമ്പോൾ ഒരിക്കലും അതു ചെയ്യരുത്. ഞാൻ മേലധികാരിയെക്കുറിച്ചും അധീന വ്യക്തിയുടെ മനഃസ്ഥിതിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഓരോരുത്തരും ശാന്തരാകുന്നതുവരെ കാത്തിരിക്കുന്ന സമയത്ത് മേലധികാരി വിചിന്തനം ചെയ്യുകയും ശാന്തമാകുകയും വേണം. തുടർന്ന് തനിക്കധീനനായ വ്യക്തിയെ ശാന്തമാക്കുക. അതിനുശേഷം മാത്രം അത്യാവശ്യമായ എന്തെങ്കിലും തെറ്റുതിരുത്തൽ നടത്തുക.

870. എല്ലാ അംഗങ്ങൾക്കും പൊതുവായുള്ള തെറ്റുകളെപ്രതി പോലും ഒരിക്കലും സമൂഹത്തെ മുഴുവനായി ശാസിക്കരുത്. ശാസന എപ്പോഴും തനിച്ചും സ്വകാര്യമായും പ്രത്യേകമായും നടത്തണം. ഒത്തുചേർന്നിരിക്കുന്ന സമൂഹത്തോട് മേലധികാരി പൊതു അറിയിപ്പുകളും അനുശാസനങ്ങളും നിർദ്ദേശങ്ങളും മാത്രമേ നടത്താവൂ. ശാസനയെക്കുറിച്ച് ഇപ്രകാരമാണെങ്കിൽ ശിക്ഷയെക്കുറിച്ച് അതിൽക്കൂടുതൽ അപ്രകാരമാണ്. പൊതു തെറ്റുകൾക്കുപോലും വിദ്യാലയം മുഴുവനെയും ക്ലാസ്സ് മുഴുവനെയും സമൂഹത്തെ മുഴുവനെയും ശിക്ഷിക്കുന്നത് നല്ലതല്ല. നിഷ്കളങ്കനോ കുറവു തെറ്റു ചെയ്തവനോ ആയ ആരെങ്കിലും എപ്പോഴും കാണും. പേടകത്തിലെ നോഹയെ നാം എല്ലായ്പ്പോഴും രക്ഷിക്കണം! ഒരു സമൂഹത്തിൽ പത്തുപേരുണ്ടായിരിക്കുകയും ഒരേ തെറ്റിന് അതേ ശിക്ഷ പത്തു പേരും അർഹിക്കുകയും ചെയ്താൽ, ഗൂഢാലോചന വഴി ഈ തെറ്റുകൾ അവർ ചെയ്തിരിക്കിലും, ഓരോരുത്തരെയും മാറിമാറി വിളിക്കുകയും നടപടി സ്വീകരിക്കുകയും ബോധ്യപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഒടുക്കം ഒരേ ശിക്ഷ തന്നെ എല്ലാവർക്കും ലഭിക്കുമെങ്കിൽ പോലും.

871. എന്തു ശിക്ഷാവിധിയും നടപ്പാക്കുന്നതിനു മുമ്പ് അധികാരത്തിനു കീഴ്പ്പെട്ടവനെ, തന്റെ തെറ്റിനെക്കുറിച്ച്, അതു ഭൗതികമോ ഔപചാരികമോ ആയാലും, ബോധ്യപ്പടുത്താനും വ്യക്തിനന്മയുടെയും പൊതുനന്മയുടെയും വെളിച്ചത്തിൽ അതു വിചിന്തനം ചെയ്യാനും, അപ്രകാരം ശിക്ഷയുടെ തിരഞ്ഞെടുപ്പും നിർവ്വഹണവും ആ വ്യക്തിയിൽ നിന്നു തന്നെ നൈസർഗ്ഗികമായി വരത്തക്കവിധം, സ്നേഹപുരസ്സരം മനസ്സിലാക്കി ആ വ്യക്തിയെ സഹായിക്കണം. പലപ്പോഴും തനിക്കധീനരായവനോടുള്ള മേലധികാരിയുടെ സന്മനസ്സു കാണിക്കുന്നതിൽ ഇത് പ്രയോജനപ്പെടും. മേലധികാരിയും അധികാരത്തിനു കീഴ്പ്പെട്ടവനും തമ്മിൽ അത്യന്താപേക്ഷിതമായുണ്ടാകേണ്ട പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ബന്ധം, സമൂഹത്തിന്റെയും വ്യക്തിയുടെയും നന്മ നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ, ശിക്ഷാനടപടികളുടെ ഉപയോഗം നിമിത്തം ദുർബലമാക്കപ്പെടുകയല്ല, ശക്തിപ്പെടുകയാണു വേണ്ടത്.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)