ഭാ​ഗം 1: ആരോഹണം (107)

100. നമ്മുടെ നേതാക്കളുടെ ആത്മീയത

845. ഓരോ മേലധികാരിയും സ്വയം പൂർണ്ണമായി സമർപ്പിക്കേണ്ട പൊതുനന്മ എന്നത്, തനിക്കു ഭരമേല്പ്പിക്കപ്പെട്ടവരിലും അവരിലൂടെ ലോകം മുഴുവനിലും ത്രിതൈ്വക ദൈവത്തിന്റെ മഹത്വത്തിന്റെയും സ്നേഹത്തിന്റെയും തിരുവിഷ്ടത്തിന്റെയും വിജയമാണ്. അനുയോജ്യമായ രീതിയിലും താരതമ്യപ്പെടുത്താവുന്ന മാർഗ്ഗങ്ങളിലൂടെയുമാണ് പൂർണ്ണമായും അതിസ്വാഭാവികമായ ഈ ലക്ഷ്യം നേടുന്നത്. ഈ മാർഗ്ഗങ്ങളും രീതികളും സത്താപരമായി ആത്മീയമോ ശുദ്ധ നിയോഗങ്ങളാൽ ആത്മീയമാക്കപ്പെടുന്നവയോ ആണ്. എല്ലാ ലൗകായികതയിൽ നിന്നും പ്രകൃതിമാഹാത്മ്യ വാദത്തിൽ നിന്നും സന്യാസ ഭവനവും സന്യാസ സമൂഹവും സന്യാസ പ്രവൃത്തിയും പൂർണ്ണമായും ശുദ്ധീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. മേലധികാരി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പ്രവൃത്തികളും എല്ലാവരിലും എല്ലാ കാര്യങ്ങളിലും ആത്മീയമായൊരു ഫലം പ്രദർശിപ്പിക്കുകയും ഉളവാക്കുകയും വേണം.

846. സന്യാസ മേലധികാരി ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിന്റെ ഒരു മനുഷ്യൻ, പ്രാർത്ഥനയുടെ ഒരു മനുഷ്യൻ, സകല പുണ്യങ്ങളുടെയും ഒരു മാതൃക, സദാ സമൂഹത്തോടും അതിലെ അംഗങ്ങളോടുമുള്ള തന്റെ സ്നേഹത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ സ്നേഹയോഗ്യനാകുന്ന വിധത്തിൽ സത്യവും ആത്മാർത്ഥവുമായ എളിമയിലും മികച്ചു നില്ക്കുന്ന ഒരാളായിരിക്കണം. തന്റെ മാനസിക വിധിനിർണ്ണയത്തെ വികാരം അസഹ്യപ്പെടുത്താതിരിക്കുന്നതിനായി അയാൾ എല്ലാ വിഷയാസക്ത പ്രവണതകളിൽ നിന്നും മോചിതനായ ഒരാളായിരിക്കണം. മിതത്വവും അനുകമ്പയും ഇഴചേർന്ന ന്യായത്തോടും നീതിയോടും കൂടെ തീരുമാനമെടുക്കുന്നതിനായി അയാൾ നല്ല സാമാന്യബോധമുള്ളയാളായിരിക്കണം. അവസാനമായി, ദൈവത്തിന്റെ ഉപരി നന്മയ്ക്കുവേണ്ടി മഹത്തായ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനുവേണ്ടി അദ്ദേഹം ഉദാരവാനും പുരുഷത്വമുള്ളവനുമായിരിക്കണം.

847. തന്നിലുള്ള എല്ലാം തനിക്കധീനരായിരിക്കുന്നവരെയും സമൂഹത്തിനു പുറത്തുള്ളവരെയും മെച്ചപ്പെടുത്തുന്ന വിധത്തിൽ ബാഹ്യമായി മേലധികാരി കാര്യപ്രാപ്തിയും വകതിരിവും പ്രദർശിപ്പിക്കണം. മിതത്വത്തിന്റെ നിഷ്ഠകൾ അദ്ദേഹം സസൂക്ഷ്മം പാലിക്കുകയും മറ്റുള്ളവരിൽ അതു ശക്തമായി പകർന്നുകൊടുക്കുകയും വേണം. തന്റെ അധികാര വിനിയോഗത്തിൽ അദ്ദേഹം ആദ്യം ബൈബിളിലെ ശക്തിയുടെയും പിന്നീട് മാധുര്യത്തിന്റെയും ആൾരൂപമാകണം, നേരെ തിരിച്ച് ആദ്യം മാധുര്യവും പിന്നെ ശക്തിയുമല്ല. കാരണം തെറ്റു തിരുത്തലും താക്കീതും ചില മുറിവുകൾക്കു കാരണമായേക്കാമെങ്കിലും മരുന്ന് പിന്നീടാണ് പ്രയോഗിക്കേണ്ടത്, മുമ്പേയല്ല. അല്ലെങ്കിൽ മുന്നറിയിപ്പിനു യാതൊരു ഫലവുമുണ്ടാകുകയില്ല. ആശ്വസിപ്പിക്കുന്നതിനു പകരം മരുന്ന് കൂടുതലായി വേദനിപ്പിക്കും. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്: "ശക്തിയും മാധുര്യവും.''

848. പരുഷവും കോപാക്രാന്തവുമായ വാക്കുകളിലല്ല ശക്തി കുടികൊള്ളുന്നത്. പ്രത്യുത ആ വ്യക്തി തെറ്റുകാരനാണെന്ന് ആദ്യമേ നിങ്ങൾ ഉറപ്പിക്കുന്നതിലും പിന്നീട് ഗൗരവകരവും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തതുമായ വാക്കുകളുപയോഗിച്ച്, ശകാരം നല്കുന്നത് അയാളുടെ സ്വന്തം ആത്മീയ നന്മയ്ക്കായുള്ള ആത്മാർത്ഥമായ താത്പര്യത്തോടുകൂടെയണെന്ന് അയാളെ ബോധ്യപ്പെടുത്തുന്നതിലുമാണ്.

- അവികലമായ ഒരു സമൂഹമായിരിക്കുക എന്ന ഉത്കൃഷ്ടമായ ആശയം കുറവുകളില്ലാത്ത ഒന്നല്ല. കാരണം മാനുഷികമായി അത് അസാധ്യമാണ്. എന്നാൽ കാലോചിതമായ രീതിയിൽ തെറ്റുകൾ പരിഹരിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യണം. അതുകൊണ്ട്, ഒരു തെറ്റിനെക്കുറിച്ച് മേലധികാരികൾ അവബോധമുള്ളവരാകുമ്പോൾ, തെറ്റുകാരായവർക്ക് അതു കാണിച്ചുകൊടുക്കാനും, അത്യാവശ്യമെങ്കിൽ അതിനു വിരാമമിടാനുമുള്ള ബാധ്യത അവർക്കുണ്ട്.

849. നല്ലൊരു മേലധികാരിക്ക് തനിക്കധീനരായവർക്ക് താക്കീതു നല്കാനുള്ള അധികാരം മാത്രമല്ല, അതു ചെയ്യാനുള്ള കടമ കൂടിയുണ്ട്. അപ്രീതിപ്പെടുത്തുമെന്ന അമിതമായ ഭയം തെറ്റായതും യുക്തിരഹിതവുമാണ്. കാരണം, തനിക്കധീനരായവർ വളരെ സുകൃതികളായതിനാൽ തന്റെ താക്കീതുകളും തെറ്റുതിരുത്തലുകളും അവർ എളിമയോടെ സ്വീകരിക്കുമെന്ന് മേലധികാരികൾ കരുതണം. തെറ്റുകൾ, അവ രൂഢമൂലമാകുന്നതിനു മുമ്പേ, അവയ്ക്കു നേരെ കണ്ണടയ്ക്കുകയും പിന്നീട് അപായ സൂചന മനസ്സിലാക്കി സാരമായ തെറ്റുതിരുത്തലുകളിൽ അഭയം തേടുകയും ചെയ്യുന്ന മേലധികാരികളെ സ്നേഹിക്കാൻ നമ്മുടെ കർത്താവിനാവില്ല. ഇത്തരത്തിലുള്ള പ്രവൃത്തി തിരുത്തുകയല്ല, തനിക്കധീനരായവരെ രോഷാകുലരാക്കുകയേയുള്ളൂ.

850. മേലധികാരികൾ തങ്ങൾക്കധീനരായവരോട് ദൈവവചനം സമൃദ്ധമായി പ്രസംഗിക്കുകയും നിത്യേന ധ്യാനവിഷയം വ്യക്തിപരമായി പറഞ്ഞുകൊടുക്കുകയും വേണം. തിരുനാൾ ദിനങ്ങൾക്കു മുന്നോടിയായി, സവിശേഷമായി ആഗമന കാലത്തും വലിയ നോമ്പിലും, ആ ദിനങ്ങൾ എപ്രകാരം വിശുദ്ധീകരിക്കാമെന്നും കർത്താവിന്റെ മഹാ കൃപകൾക്കായി എപ്രകാരം ഒരുങ്ങണമെന്നും, നാം നേടിയെടുക്കേണ്ട ആത്മീയ ഫലം ഓരോ തവണയും ചൂണ്ടിക്കാണിച്ചുകൊണ്ടും, ഈ കർമവിധി വിശ്വസ്തതാപൂർവ്വം പിന്തുടർന്നുകൊണ്ട് സമൂഹവും വ്യക്തികളും നടത്തേണ്ട പ്രതിഷ്ഠകൾ തയ്യാറാക്കിക്കൊണ്ടുമുള്ള പ്രത്യേക അനുശാസനങ്ങളോടു കൂടെ അദ്ദേഹം ദൈവവചനം പ്രഘോഷിക്കണം.

851. വസ്ത്രം, ഭക്ഷണം, ഭവനങ്ങൾ, പുസ്തകങ്ങൾ തുടങ്ങി തങ്ങൾക്കധീനരായവർ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പൊതുവായൊരു ആശീർവ്വാദത്തോടുകൂടെ അഥവാ കർമക്രമത്തിൽ പ്രത്യേക ആശീർവ്വാദമുള്ളപ്പോഴെല്ലാം പ്രത്യേകാശീർവ്വാദത്തോടുകൂടെ വെഞ്ചരിക്കപ്പെടുന്നുവെന്ന് മേലധികാരികൾ ഉറപ്പുവരുത്തും. അപ്രകാരം, ഉദാഹരണത്തിന്, എല്ലാ ഭക്ഷണ പദാർത്ഥങ്ങളും, അവ സംഭരണസ്ഥലത്ത് വയ്ക്കുന്നതിനു മുമ്പ് പൊതുവായ ഒരു ആശീർവ്വാദത്തോടുകൂടെ വെഞ്ചിരിക്കണം. തുടർന്ന്, ഓരോ ദിവസവും, വൈദികനായ ട്രഷറർ അഥവാ അധികാരപ്പെട്ടയാൾ ആ ദിവസത്തെ ഉപഭോഗത്തിനായി പാചകക്കാരനു നല്കുന്നവ പ്രത്യേകാശീർവ്വാദത്തോടുകൂടെ വെഞ്ചിരിക്കും.

852. വ്യക്തിയുടെ വിശുദ്ധീകരണത്തിൽ പരിശുദ്ധാത്മാവുമായി കൂടുതൽ നേരിട്ട് സഹകരിക്കുന്നവനാണ് സത്യവും ഉചിതവുമായ മേലധികാരി. തന്റെ തൊട്ടടുത്ത മേലധികാരിക്ക് തന്റെ ജീവിതം പൂർണ്ണമായും വെളിപ്പെടുത്തുകയും എല്ലാ കാര്യങ്ങളിലും തന്റെ മനസ്സിലും ഹൃദയത്തിലും പ്രവൃത്തികളിലും വിധേയനും വിശ്വസ്തനും അനുസരണയുള്ളവനുമാണ് തന്റെ ദൈവവിളിയുടെ കൃപാവരത്തിലൂടെ സത്യമായും വിശുദ്ധീകരിക്കപ്പെടുന്ന അധികാരത്തിനു കീഴ്പ്പെട്ട വ്യക്തി. മേലധികാരികളിൽ നിന്നും മറച്ചുവയ്ക്കുമ്പോൾ ദുഃഖം ഉൾക്കൊള്ളുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ചില രഹസ്യങ്ങളിലൂടെ ഒറ്റപ്പെട്ട് സമൂഹത്തിൽ നിന്നു മാറി നടക്കാൻ തിന്മയുടെ അരൂപി നമ്മെ പ്രേരിപ്പിക്കുന്നു. നന്മയുടെ അരൂപി സമ്പൂർണ്ണ ആശ്രയബോധത്തോടുകൂടെ പരിപൂർണ്ണ തുറവിയിലേക്കു നമ്മെ നയിക്കുകയും നമ്മെ ഒരുമിപ്പിക്കുകയും ചെയ്യുന്നു.

853. ഓരോ വ്യക്തിയുമായും മേധാവി കൂടെക്കൂടെയുള്ള കൂടിക്കാഴ്ചകൾ ക്രമീകരിക്കും. പിതൃസഹജമായ കരുതലോടുകൂടെ അദ്ദേഹം അവരുടെ ആരോഗ്യം, മറ്റു സഹസന്യസ്തരുമായുള്ള അവരുടെ ബന്ധം, അവരുടെ കർത്തവ്യം, പഠനങ്ങൾ, ബാഹ്യ ജീവിതം എന്നിവയെക്കുറിച്ച് ആരായും. അത്തരം സന്ദർഭങ്ങളിൽ, വ്യക്തികൾ സ്വയമേവ തങ്ങളുടെ ആന്തരിക ജീവിതം പുനഃപരിശോധിക്കാനും ചർച്ചചെയ്യാനും മേലധികാരിയോട് ആവശ്യപ്പെടുമെന്ന് അഥവാ തങ്ങളുടെ ആത്മീയ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തോട് വിശ്വാസപൂർവ്വം സ്വതസിദ്ധമായി പറയുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)