ഭാ​ഗം 1: ആരോഹണം (021)

14. ഏഴാം ഘട്ടം

90. ഏഴാം ഘട്ടത്തിൽ, ആത്മനിയന്ത്രണം എന്ന മൗലിക സുകൃതത്തിന്റെയും ബ്രഹ്മചര്യം എന്ന സുവിശേഷോപദേശത്തിന്റെയും പരിശീലനത്തിലും മിതത്വത്തിന്റെ താപസാത്മപ പരിശീലനത്തിലും നാം പ്രത്യക്ഷമായി ഏർപ്പെടുന്നു. താഴെപ്പറയുന്ന അനുഷ്ഠാനങ്ങൾ മേധാവി നിയോഗിച്ചുനല്കുകയും അഭിപ്രായപ്പെടുകയും ഓരോരുത്തരും അവ ധ്യാനിക്കുകയും അഭ്യസിക്കുകയും വേണം.

91. - പരിശുദ്ധമായ ആത്മനിയന്ത്രണത്തിന്:

-1- അപ്രതീക്ഷിത പരാജയങ്ങളുടെ ഭീതിയോടുകൂടെ, നിഷ്കളങ്കതയെന്ന വ്യാജേനയുള്ള കാമത്തിന്റെ ഏതൊരു സൂചനയ്ക്കെതിരായും സ്വന്തം ശരീരത്തിന്റെ പരിരക്ഷ എന്ന വ്യാജേനയുള്ള കൊതിയുടെ ഓരോ സൂചനയ്ക്കെതിരായും തീക്ഷ്ണതയെന്ന വ്യാജേനയുള്ള കോപത്തിന്റെ ഏതൊരു കണികയ്ക്കെതിരായും ജാഗ്രത പുലർത്തുക.

-2- എല്ലാ കാര്യത്തിലും സ്വാർത്ഥപരമോ വിഷയാസക്തിയുള്ളതോ ധാർമികമോ ആയ സംതൃപ്തിയുടെ ചില രൂപങ്ങൾ നാം സദാ അന്വേഷിക്കുന്നതിനെക്കുറിച്ച് പലപ്പോഴും, വൈകുന്നേരത്തെ ആത്മശോധനയ്ക്കിടയ്ക്കെങ്കിലും, വിചിന്തനം ചെയ്യുക.

-3- ഒരുവന്റെ വികാരതീവ്രമായ എല്ലാ പ്രേരണകളെയും പരിചയപ്പെടുകയും തിരിച്ചറിയുകയും അവയുടെ കാരണങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് വിചിന്തനം ചെയ്യുകയും ചെയ്യുക. അവ അനുചിതമാകാതിരിക്കാൻ അവയെ തടയുകയും നമ്മുടെ സന്യാസ ലക്ഷ്യ പ്രാപ്തിക്കായി അവയെ വഴിതിരിച്ചുവിടുകയും ചെയ്യുക.

-4- ലഹരി പാനീയങ്ങളുടെ സമ്പൂർണ്ണ വർജ്ജനവും മാംസാഹാരത്തിന്റെ ഏറെക്കുറെ പൂർണ്ണമായ വർജ്ജനവും ഉച്ചമയക്കത്തിന്റെ വർജ്ജനവും ഉദാരമായി പുൽകുക.

-5- രാത്രിയിൽ ഉണരുമ്പോഴെല്ലാം കിടക്കയിൽ നിന്നെഴുന്നേറ്റ് സുകൃതജപങ്ങൾ ചൊല്ലുന്ന ശീലവും അതുപോലെ ഏതൊരു പ്രവർത്തനത്തിനും ജനങ്ങളോടൊത്തുള്ള പ്രേഷിതത്വത്തിനും മുമ്പേയുള്ള മാനസിക പ്രാർത്ഥനയിൽ ധൃതികൂട്ടാതെ സംബന്ധിക്കാവുന്ന വിധത്തിൽ ഒാരോ ഋതുവിലും വളരെ നേരത്തെ എഴുന്നേല്ക്കുന്നതും ഉദാരമായി പുല്കുക.

-6- പുറത്തുപോകുന്നതിനു വേണ്ടി മാത്രമായുള്ള യാത്രകൾ ഒഴിവാക്കുന്ന ശീലം ഉദാരമായി പുല്കുക; എളുപ്പവും സന്തോഷപ്രദവുമായ ഏതെങ്കിലും ചില കായികാദ്ധ്വാനത്താലോ ഉപകാരപ്രദമായ മറ്റ് പ്രവൃത്തികളാലോ നിങ്ങളുടെ ഉല്ലാസവേളകൾ പൂരിതമാക്കുകയും ചെയ്യുക.

-7- വർഷം മുഴുവനും എല്ലാ ഭക്ഷണ നേരത്തും ശാരീരിക ആശ്വാസത്തിനു നിശ്ചയിക്കപ്പെട്ടിരിക്കുന്ന എല്ലാ സ്ഥലത്തും, പകരം വിശുദ്ധമായ ചിന്തകൾ കൊണ്ടവ നിറയ്ക്കാനായി നിശ്ശബ്ദത ഉദാരമായി പുല്കുക.

92. - പരിശുദ്ധമായ ബ്രഹ്മചര്യത്തിന്:

-1- സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കുമുള്ള ആവൃതി ഉത്സാഹപൂർവ്വം പാലിക്കുക. നിങ്ങളുടെ സ്വകാര്യ മുറിയിൽ ആരെയും സത്കരിക്കുകയോ സ്വീകരിക്കുകയോ അരുത്, പക്ഷേ ഈ ലക്ഷ്യത്തിനായി നിശ്ചയിക്കപ്പെട്ടതും മാറ്റിവച്ചിരിക്കുന്നതുമായ സ്വീകരണ മുറികളിൽ മാത്രം.

-2- അനുവാദം കൂടാതെ സന്ദർശനം നടത്തുകയോ സ്വീകരിക്കുകയോ അരുത്; നിയന്ത്രണമില്ലാതെ എഴുത്തുകൾ എഴുതുകയോ സ്വീകരിക്കുകയോ അരുത്; മേലധികാരിയുടെ അനുവാദമില്ലാതെ യാതൊരു ബന്ധവും സ്ഥാപിക്കുകയോ വളർത്തുകയോ അരുത്.

-3- ശ്രദ്ധതെറ്റിക്കുന്ന, കാല്പനിക രചനകൾ വായിക്കുകയോ എഴുതുകയോ അരുത്; അശുദ്ധമായ വാർത്ത നല്കുകയോ സ്വീകരിക്കാൻ ആകാംക്ഷയുള്ളവരാകുകയോ അരുത്; പ്രകടമായ അനുവാദം കൂടാതെ ശ്രദ്ധതെറ്റിക്കാനിടയുള്ള ഏതൊരു വായനയിൽ നിന്നും വിട്ടുനില്ക്കുക; ലൗകികമായ ഏതൊരു പത്രപാരായണവും ഉപേക്ഷിക്കുക.

-4- ആരെയും സ്പർശിക്കുകയോ നിങ്ങളെ സ്പർശിക്കാൻ ആരെയും അനുവദിക്കുകയോ അരുത്; ഒരേ ഭവനത്തിൽ വസിക്കുന്ന വ്യത്യസ്ത വിഭാഗക്കാർ തമ്മിലുള്ള വേർതിരിവ് ഉത്സാഹപൂർവ്വം സൂക്ഷിക്കുക. സഹചരന്മാർക്കും സ്ഥലങ്ങൾക്കും കടമകൾക്കുമായി മേലധികാരികളെ ആശ്രയിക്കുക.

-5- പ്രത്യേകമായ ഏതൊരു സൗഹൃദവും - ഭൗതിക വസ്തുക്കളോടു പോലുമുള്ള - ഏതൊരു വികാര തീവ്രതയും അമിതമായ സംവേദനക്ഷമതയും തടയുകയും വർജ്ജിക്കുകയും ചെയ്യുക. അനാവശ്യമായ വാത്സല്യപ്രകടനം ഒഴിവാക്കുക; വികാരവായ്പോടുകൂടി സ്നേഹിക്കുകയോ സ്നേഹിക്കപ്പെടുകയോ അരുത്.

-6- സ്വന്തം കുടുംബത്തിൽ നിന്നും അതിന്റെ ഭൗതിക താല്പര്യങ്ങളിൽ നിന്നുമുള്ള സമ്പൂർണ്ണവും ഫലപ്രദവുമായ വിരക്തി. എല്ലാ സ്നേഹാർദ്രതയും യേശുവിന്റെ മനുഷ്യത്വത്തിൽ കേന്ദ്രീകരിക്കുക. കന്യകാമറിയവുമായി അടുപ്പവും മാലാഖമാരുമായി ചങ്ങാത്തവും വളർത്തുക.

-7- വ്യക്തിപരമായ ബ്രഹ്മചര്യം എന്ന സുന്ദരപുണ്യവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട എന്തും സമ്പൂർണ്ണമായി ആത്മീയോപദേഷ്ടാവിനോട് വിശ്വാസപൂർവ്വം പറയുക. ഈ പുണ്യത്തെക്കുറിച്ച് ബാഹ്യമായ എന്തും - അഥവാ ഏതെങ്കിലും തരത്തിൽ മറ്റുള്ളവരെ ബാധിക്കുന്നവ - പൂർണ്ണമായി മേലധികാരികളോട് വിശ്വാസപൂർവ്വം പറയുക.

93. - പരിശുദ്ധമായ മിതത്വത്തിന്:

-1- നടക്കുമ്പോഴായാലും ഇരിക്കുമ്പോഴായാലും, മുറിവേല്ക്കാതിരിക്കാൻ അത്യാവശ്യമാകുമ്പോഴൊഴികെ, സാധിക്കുമ്പോഴെല്ലാം ലംബാകൃതിയിൽ ആയിരിക്കാനും ഒന്നിലും ചാരാതെയുമിരിക്കുക.

-2- സാധിക്കുമ്പോഴെല്ലാം കൈകാലുകൾ ചേർത്തും അടുത്തുമായി വയ്ക്കുക.

-3- നില്ക്കുകയാണെങ്കിൽ (പ്രാർത്ഥനയുടെ അംഗവിക്ഷേപം പോലെ) നിങ്ങളുടെ കൈകൾ നെഞ്ചോടു ചേർത്തു വയ്ക്കുക; ഇരിക്കുകയാണെങ്കിൽ (ആരാധനക്രമത്തിലെ പോലെ) അവ നിങ്ങളുടെ കാൽമുട്ടുകളിൽ വയ്ക്കുക.

-4- അലഞ്ഞു തിരിയാൻ അനുവദിക്കാതെ കണ്ണുകൾ താഴേയ്ക്കായി സൂക്ഷിക്കുക; ആരുടെയും മുഖത്ത് ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക.

-5- ഇടത്തോട്ടോ വലത്തോട്ടോ ചെരിക്കാതെ, എന്നാൽ അല്പം മാത്രം മുന്നോട്ട്ചായ്ച്ചുകൊണ്ട്, നിങ്ങളുടെ ശിരസ്സ് നേരെ സൂക്ഷിക്കുക. നോക്കാനായി പെട്ടെന്ന് തിരിക്കയുമരുത്.

-6- ശാന്തമായ ഭാവം സദാ കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുക; ഒറ്റയ്ക്കായിരിക്കുമ്പോൾ ഗൗരവ പ്രകൃതിയും ഗാഢചിന്തയും സൂക്ഷിക്കുക. സംസാരിക്കുമ്പോൾ സന്തോഷവാനും പുഞ്ചിരിക്കുന്നവനുമായിരിക്കുക.

-7- മിതവും സൗമ്യവുമായ ശബ്ദത്തിൽ, നിയതമായ രീതി അവലംബിച്ചുകൊണ്ട് താരതമ്യേന സാവധാനം സംസാരിക്കുക.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)