ഭാഗം 1: ആരോഹണം (018)
11. നാലാം ഘട്ടം
78. നാലാം ഘട്ടത്തിൽ, വിവേകം എന്ന മൗലിക സുകൃതത്തിന്റെയും അനുസരണം എന്ന സുവിശേഷോപദേശത്തിന്റെയും പരിശീലനത്തിലും ബഹുമാനത്തിന്റെയും ആദരവിന്റെയും ബാഹ്യ താപസ പ്രവൃത്തിയിലും നാം കൂടുതൽ പ്രത്യക്ഷമായി ഏർപ്പെടുന്നു. താഴെപ്പറയുന്ന അനുഷ്ഠാനങ്ങൾ മേധാവി നിയമിച്ചുനല്കുകയും അഭിപ്രായമറിയിക്കുകയും ചെയ്യണം. എല്ലാവരും അവ പരിശീലിക്കണം.
79. - പരിശുദ്ധ വിവേകത്തിന്:
-1- നിശ്ചിത മണിക്കൂറുകളിൽ എക്കാലവും കൂടുതൽ കൃത്യവും പൂർണ്ണവും സംക്ഷിപ്തവുമായ ധാരണ വളർത്തിയെടുത്തുകൊണ്ട് ദിനംപ്രതി സന്യാസജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വിചിന്തനം ചെയ്യുക.
-2- അതുപോലെ, പ്രതിബന്ധങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും നമ്മുടെ ലക്ഷ്യപ്രാപ്തിയ്ക്കായി ഒാരോ നിയമ മാർഗ്ഗവും അവസരവും ഉപയോഗിക്കാനുമുള്ള നിശ്ചയദാർഢ്യം നവീകരിക്കുക.
-3- ഒാരോ പ്രഭാതത്തിലും, നമ്മുടെ ലക്ഷ്യം നേടുന്നതിലുള്ള പുരോഗതിക്കായി ദിവസം മുഴുവൻ ചെയ്യേണ്ടതെന്തെന്ന് പുനഃപരിശോധിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന ശീലം വളർത്തിയെടുക്കുക. ഓരോ കർത്തവ്യത്തിനും നിയമനത്തിനും പ്രവൃത്തിക്കും സംരംഭത്തിനും മുമ്പും ശേഷവും ഇതേ കാര്യം നിർവ്വഹിക്കുക.
-4- എല്ലാം നിയതമായ സന്യാസ ലക്ഷ്യത്തിലേക്ക്, സാധിക്കുന്നിടത്തെല്ലാം നിയന്ത്രിച്ചുവിടുന്ന ശീലം വളർത്തിയെടുക്കുക. ഉദാഹരണത്തിന് നമ്മുടെ എല്ലാ ഭക്തഭ്യാസങ്ങളോടും ഇപ്രകാരം ചെയ്യുക, ഒന്നുകിൽ മുഴുവനായി അല്ലെങ്കിൽ ഭാഗികമായി. ഉദാഹരണത്തിന് ഒാരോ യാമപ്രാർത്ഥനയുടെ മണിക്കൂറും ജപമാലയിലെ ഓരോ ദശകവും പോലുള്ളവ.
-5- നമ്മുടെയും മറ്റുള്ളവരുടെയും അനുഭവങ്ങൾ പ്രയോജനപ്പെടുത്തുക. വിദഗ്ദ്ധരുടെയും ജീവിതത്തിലെ സുപ്രധാന വശങ്ങളെക്കുറിച്ച് വിജ്ഞരായവരുടെയും അഭിപ്രായങ്ങൾ ആരായുകയും സ്വീകരിക്കുകയും ചെയ്യുക.
-6- നിങ്ങളുടെ വാക്കുകളിലും രീതികളിലും വിധികളിലും പ്രവൃത്തികളിലും സകല കൃത്രിമ സ്വഭാവവും വീണ്ടുവിചാരമില്ലായ്മയും അർത്ഥശങ്കകളും ഭയപ്പാടും കൗശലവും എടുത്തുചാട്ടവും ഒഴിവാക്കുക.
-7- അശ്രദ്ധമായോ പ്രഥമ തോന്നലിൻപ്രകാരമോ സ്വാഭാവിക പ്രേരണയാലോ ഒന്നും പ്രവർത്തിക്കുകയോ പറയുകയോ ചെയ്യാതെ പരിഗണനയോടും വിചിന്തനത്തോടും കൂടെ സദാ പ്രവർത്തിക്കുക.
80. - പരിശുദ്ധ അനുസരണത്തിനായി:
-1- ഈ കാലഘട്ടത്തിൽ, നമ്മുടെ ജീവിതാവസ്ഥയെ സംബന്ധിക്കുന്ന എല്ലാ സഭാനിയമങ്ങളും ചിട്ടയോടുകൂടെ പുനഃപരിശോധിക്കുക.
-2- അതുപോലെ, ഇൗ കാലഘട്ടത്തിൽ, സാധാരണമായ ആരാധനയെ, സവിശേഷമായി ദിവ്യബലിയുടെ പരിശുദ്ധമായ അർപ്പണത്തെ സംബന്ധിക്കുന്ന എല്ലാ ആരാധനക്രമ നിയമങ്ങളും ആചാരവിധികളും വിവേകപൂർവ്വം പുനഃപരിശോധിക്കുക.
-3- അതുപോലെ, ഈ കാലയളവിൽ, നമ്മുടെ നിയമാവലിയുടെ എല്ലാ അനുശാസനങ്ങളും നമ്മുടെ സ്വകാര്യമായ ആത്മീയ സ്ഥിതിവിശേഷവും വീണ്ടും ധ്യാനവിഷയമാക്കുക.
-4- സാധുവായ രാഷ്ട്ര നിയമങ്ങളെ ദൈവതിരുമനസ്സിന്റെ പ്രകടഭാവമായും വ്യക്തിപരവും സാമൂഹികവുമായ വിശുദ്ധീകരണത്തിന്റെ മാർഗ്ഗമായും പരിഗണിച്ചുകൊണ്ട് അവയോട് വലിയ ബഹുമാനം ഉണ്ടായിരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക.
-5- ദൈവേഷ്ടത്തിന്റെ ഈ പ്രകടഭാവങ്ങളെ ധ്യാനങ്ങളുടെയും ആത്മശോധനകളുടെയും ദിവ്യകാരുണ്യ സന്ദർശനങ്ങളുടെയും, സ്തുതി, കൃതജ്ഞത, പശ്ചാത്താപം, മാദ്ധ്യസ്ഥ്യം എന്നിവയുടെ ജപമാലകളുടെയും വിഷയമാക്കുക.
-6- മേലധികാരികളുടെ ഓരോ നിർദ്ദേശത്തോടും ആഗ്രഹത്തോടും അതുപോലെ സാധാരണമായ ഓരോ അറിയിപ്പുകളോടും ആന്തരികമായി പ്രത്യുത്തരിക്കുകയും: "ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!'' ഉടൻ തന്നെ ആ കല്പന മറ്റുള്ളവരുടെ ഇംഗിതം നിറവേറ്റിക്കൊണ്ട് നടപ്പിലാക്കുകയും ചെയ്യുക.
-7- നമുക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സാധിക്കുന്ന കാര്യങ്ങളിൽ പോലും കർത്താവിന്റെ ഒരു പ്രതിനിധിയെ സദാ ആശ്രയിക്കാൻ സന്നദ്ധനായിരിക്കുക. സർവ്വോപരി, നല്ല പ്രചോദനങ്ങളോട് യോജിച്ചുപോകുന്നതിൽ വിശ്വസ്തതയും അനുസരണവും ഉദാരതയും വളർത്തിയെടുക്കുക.
81. - ബഹുമാനത്തിനും ആദരവിനുമായി:
-1- മറ്റുള്ളവരോട് സർവ്വ ബഹുമാനവും വിനയവും പ്രദർശിപ്പിക്കുന്നതിൽ ഒന്നാമനായിരിക്കുക, പ്രത്യേകമായും, കടപ്പെട്ടതും അർഹിക്കുന്നതുമായ സന്ദർഭങ്ങളിൽ.
-2- സ്വന്തം സ്വത്വവും ശരീരവും ആത്മാവും ത്രിത്വത്തിന്റെ ആലയമായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക.
-3- നാം എവിടെയായിരുന്നാലും, നില്ക്കുകയാണെങ്കിലും മുട്ടുകുത്തിയിരിക്കുകയാണെങ്കിലും, സദാ നാമൊരു ദേവാലയത്തിലാണെന്ന പോലെ പെരുമാറിക്കൊണ്ട് ദൈവസാന്നിദ്ധ്യത്തെ ആരാധിക്കുന്ന വിധം അവ നിർവ്വഹിക്കുക.
-4- ഒന്നും പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഏറ്റവും ഉത്കൃഷ്ടസൃഷ്ടിക്ക്, അതിന്റെ സ്രഷ്ടാവിന്റെ സാന്നിദ്ധ്യത്തിൽ നാം നല്കുന്ന അതേ ആദരവോടുകൂടെ ഓരോ വ്യക്തിയോടും പെരുമാറുക.
-5- സംസാരത്തിനു മുമ്പും ശേഷവും ശിരസ്സു നമിച്ചുകൊണ്ട് (അഥവാ തലയാട്ടിക്കൊണ്ട്) ഓരോ വ്യക്തിയിലും അദ്ദേഹത്തിന്റെ മാലാഖയെയും വിശുദ്ധനെയും പരിശുദ്ധ മാതാവിനെയും കണ്ട് വണങ്ങുക.
-6- അലസതയാലോ മന്ദതയാലോ ഒരു നിമിഷവും നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഓരോ നിമിഷത്തെയും അമൂല്യമായൊരു ദാനമായി പരിഗണിച്ച് വിനിയോഗിക്കുക.
-7- നമ്മുടെ പെരുമാറ്റത്തിലെല്ലാം നമ്മുടെ അയല്ക്കാരനിൽ യേശുക്രിസ്തുവെന്ന വ്യക്തിയെ തിരിച്ചറിഞ്ഞ് ആദരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാം. ഇതിന്റെ അടയാളമായി, മറ്റുളളവരോടു സംസാരിക്കുമ്പോൾ, ഇടയ്ക്ക് മറ്റൊരാൾക്കെന്നോണം ഒരു സ്ഥലം സദാ വിടുക.
Comments
Post a Comment