ഭാഗം 1: ആരോഹണം (013)
ഭാഗം രണ്ട്: വർഷത്തിലൂടെയുള്ള ഒരു പ്രയാണം
6. സമയത്തിന്റെ വിശുദ്ധീകരണം
51. പരിശുദ്ധമായ പ്രവൃത്തികളുടെ സ്രോതസ്സായ വിശുദ്ധ ചിന്തകൾകൊണ്ട് നമ്മുടെ സമയം പൂരിതമാക്കുന്നതിനായി, നമ്മുടെ പ്രാർത്ഥനാ ജീവിതത്തിൽ, ഭൂമിയെ സ്വർഗ്ഗവുമായി ബന്ധിപ്പിച്ച്, അപ്രകാരം സ്വർഗ്ഗത്തിലേക്ക് ഭൂമിയിൽ നിന്നുള്ള ഉയർച്ച സുസാധ്യമാക്കുന്ന വിധം മഴവില്ലിലെ വർണ്ണങ്ങൾ പോലെ അന്യോന്യം ഒഴിവാക്കാത്തതും എന്നാൽ പരസ്പരം ഇഴപിരിഞ്ഞ് സ്ഥിതിചെയ്യുന്ന ഏഴു വ്യത്യസ്ത ഭാഗങ്ങളായോ വർഗ്ഗീകരണങ്ങളായോ വർഷത്തെ നാം കണക്കാക്കുന്നു. അപ്രകാരം നാം പരിഗണിക്കുന്നവ: (1) സ്വാഭാവിക-ജ്യോതിശാസ്ത്ര വർഷം; (2) സാംസ്കാരിക-രാഷ്ട്ര വർഷം; (3) വ്യക്തിഗത-കുടുംബ വർഷം; (4) ആരാധനക്രമ-സഭാ വർഷം; (5) താപസാത്മക-പൊതു വർഷം; (6) രഹസ്യാത്മക-സാധാരണ വർഷം; (7) പ്രേഷിതാത്മക-രഹസ്യ വർഷം.
ഏകത്വത്തിൽ ശ്രദ്ധയൂന്നുന്നതിന്, "ഒന്നു മാത്രമേ ആവശ്യമുള്ളൂ'' - ദൈവത്തോടൊപ്പവും ദൈവത്തിലും വ്യാപൃതനായിരിക്കാൻ ഈ നാനാത്വം ആത്മാവിനെ സഹായിക്കണം. "എന്റെ ദൈവമേ, എന്റെ സർവ്വവുമേ.''
52. ഭാഗികമായി മുൻനിശ്ചയിച്ച പ്രകാരവും മുഖ്യമായി നിമിഷത്തിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടും പ്രാർത്ഥനാരൂപിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി സ്വാഭാവിക-ജ്യോതിശാസ്ത്ര വർഷത്തിലെ വ്യത്യസ്ത ഋതുക്കളെയും മാസങ്ങളെയും അവയുടെ ആകർഷണീയമായ ക്രമാനുഗതാവസ്ഥയിൽ, ഒാരോ സംഭവവികാസവും പ്രാർത്ഥിക്കാനും ധ്യാനിക്കാനുമുള്ളതായതിനാൽ സാംസ്കാരിക-രാഷ്ട്ര വർഷത്തിലെയും വ്യക്തിഗത-കുടുംബ വർഷത്തിലെയും എല്ലാ പ്രമുഖ ദിവസങ്ങളും വിശുദ്ധീകരിക്കാനുള്ള പ്രചോദനങ്ങൾ പാലിക്കും. ഓരോരുത്തരും തങ്ങളുടെ കർത്തവ്യങ്ങൾക്കും കഴിവിനുമനുസരിച്ച്, തന്നിൽത്തന്നിലും മറ്റുള്ളവരിലും ഇൗ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഏറ്റെടുത്തു പൂർത്തീകരിക്കേണ്ട പ്രവൃത്തികളും പദ്ധതികളും മുൻകൂട്ടി നിശ്ചയിക്കണം. ഇപ്രകാരമാണ് ഒരുവൻ തന്റെ താപസാത്മക-പൊതുവർഷവും രഹസ്യാത്മക-സാധാരണ വർഷവും പ്രേഷിതാത്മക-സ്വകാര്യ വർഷവും ക്രമീകരിക്കേണ്ടത്.
53. തുടർച്ചയായ ദൈവിക സൃഷ്ടിയുടെ അത്ഭുതങ്ങളുടെ പിൻതുടർച്ചാക്രമമുള്ള സ്വാഭാവിക-ജ്യോതിശാസ്ത്ര വർഷം, ആരാധനയിലൂടെയും സ്തുതിയിലൂടെയും കൃതജ്ഞതയിലൂടെയും സ്നേഹത്തിലൂടെയും അനുതാപത്തിലൂടെയും മാദ്ധ്യസ്ഥ്യത്തിലൂടെയും ത്വരിതഗതിയിലും പ്രവർത്തനനിരതമായും ആത്മാവിനെ ദൈവത്തിലേക്കുയർത്താനുള്ളതാണ്. വ്യക്തിപരമായ വിശുദ്ധീകരണവും അതുപോലെ മറ്റുള്ളവരുടെ വിശുദ്ധീകരണവും ആഗ്രഹിക്കുന്ന വ്യക്തി ഓരോ ഋതുവിലും ദൃശ്യമായ, സ്വാഭാവിക സംഭവവികാസങ്ങളിലും അതുപോലെ ഓരോ ഋതുവും മുന്നോട്ടുവയ്ക്കുന്ന പ്രത്യേക പ്രലോഭനങ്ങളുടെയും ആപത്തുകളുടെയും സമയത്തും ഇതു നിർവ്വഹിക്കേണ്ടതെങ്ങനെയെന്ന് ധ്യാനിക്കുന്നതിൽ വീഴ്ച വരുത്തുകയില്ല. ശുദ്ധ നിയോഗവും നൈർമല്യവുമുള്ളവരെ സംബന്ധിച്ചിടത്തോളം ഓരോ ഋതുവുമായും ബന്ധപ്പെട്ട പ്രത്യേക അവസരങ്ങളെയും പ്രചോദനങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചും അവർ ധ്യാനിക്കും. കൃപയുടെയും പ്രാർത്ഥനയുടെയും അരൂപി ഓരോ വസ്തുവിലും സംഭവത്തിലും ദൈവസ്നേഹത്തിന്റെ ഒരു അടയാളവും വാക്കും ദാനവും പതിവായി ദർശിക്കുന്നതിലേക്കും സ്വീകരിക്കുന്നതിലേക്കും നയിക്കും.
54. സമയത്തിലും കൃപയിലും മുദ്രിതമായ വ്യക്തിഗത-കുടുംബ വർഷം നമ്മുടെ ജീവിതത്തിന്റെ അനുസ്മരണീയമായ എല്ലാ മുഹൂർത്തങ്ങളും ഉൾക്കൊള്ളുന്നു: ജ്ഞാനസ്നാനം, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സൈ്ഥര്യലേപനം, തരണം ചെയ്ത മുഖ്യ പ്രലോഭനങ്ങൾ, അനുഭവിച്ച അനർത്ഥങ്ങൾ, അനുക്രമമായ പ്രതിഷ്ഠകൾ, സ്വീകരിച്ച പ്രത്യേക വ്യക്തിപരമായ കൃപകൾ. ആദ്യം നമ്മുടെയും തുടർന്ന് സ്വാഭാവികമോ അതിസ്വാഭാവികമോ ആയ ബന്ധം നിമിത്തം നമ്മോട് എെക്യപ്പെട്ടിരിക്കുന്ന വ്യക്തികളുടെയും ജീവിതത്തിലെ ഈ സംഭവവികാസങ്ങളെല്ലാം, അവയുടെ വാർഷികാഘോഷത്തോടൊപ്പം, നമ്മുടെ വ്യക്തിഗത-കുടുംബ വർഷത്തെ പൂരിതമാക്കുന്നു. അതുപോലെ, പ്രത്യേക ശ്രദ്ധയും ഭക്തിയും നല്കിക്കൊണ്ട്, നാം നേരത്തെ സ്വീകരിച്ച നന്മ കൂടുതൽ പൂർണ്ണമായി ജീവിക്കാനും അതുപോലെ ഭാവിയിൽ നാം പ്രതീക്ഷിക്കുന്ന ഉപരി നന്മയ്ക്കായി കാംക്ഷിക്കാനും നമ്മെ പ്രേരിപ്പിച്ചുകൊണ്ട് അവ നമ്മുടെ വ്യക്തിഗത-കുടുംബ വർഷത്തെയാകമാനം വിശുദ്ധീകരിക്കണം.
55. നിലവിലെയും അതുപോലെ ഗതകാലത്തെയും സാംസ്കാരികവും രാഷ്ട്രപരവുമായ സംഭവങ്ങളെയുംപ്രതി സ്തുതിയുടെയും ആരാധനയുടെയും കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും അനുതാപത്തിന്റെയും മദ്ധ്യസ്ഥത്തിന്റെയും ഭക്തകൃത്യങ്ങൾ വഴി ദൈവത്തെ മഹത്വപ്പെടുത്തുന്ന വ്യക്തികൾ ഉണ്ടായിരിക്കണം. കാരണം, സർവ്വവും ദൈവമഹത്വം എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ക്രമീകരിക്കുകയും തയ്യാറാക്കുകയും ലക്ഷീകരിക്കുകയും ചെയ്യുന്ന ദൈവ പരിപാലനയുടെ വെളിച്ചത്തിൽ നോക്കുമ്പോൾ, അവ ജനതകളുടെ ചരിത്രം രചിക്കുന്നു, അവ ജനതകളുടെ അന്ത്യം സൂചിപ്പിക്കുന്നു, അവ ജനതകളുടെ വിളിയും ദൗത്യവും വെളിവാക്കുന്നു. നമ്മുടെ സ്വന്തം പ്രാർത്ഥനകളാലും ആദ്ധ്യാത്മിക ജീവിതത്താലും സമൂഹവും രാജ്യവുമെന്ന നിലയ്ക്ക് ഏതെങ്കിലും തരത്തിൽ ലോകത്തെ വിശുദ്ധീകരിക്കുന്നത് ആരംഭിക്കാൻ നാം ആഗ്രഹിക്കുന്നു. അപ്രകാരം, രാഷ്ട്ര, കാര്യനിർവ്വഹണ, വിദ്യാഭ്യാസ പഞ്ചാംഗങ്ങളിൽ വിശദമാക്കപ്പെടുന്ന സാംസ്കാരിക-രാഷ്ട്ര വർഷത്തെ വ്യക്തിഗതവുംസാർവ്വത്രികവുമായ വിശുദ്ധീകരണ കർമത്തിൽ നിന്ന് ഏതെങ്കിലും തരത്തിൽ അടർത്തിമാറ്റി പരിഗണിക്കാനാവില്ല.
56. മുഖ്യ ക്രിസ്തീയ രഹസ്യങ്ങളായ ത്രിത്വത്തിനും മനുഷ്യാവതാരത്തിനും കടപ്പെട്ട ബഹുമാനത്തെക്കുറിച്ച് നമ്മെ അനുസ്മരിപ്പിക്കാനും പരിശുദ്ധാത്മാവിന്റെയും പരിശുദ്ധ മാതാവിന്റെയും സംയോജിത പ്രവർത്തനത്തിലൂടെ തിരുസ്സഭയ്ക്കുള്ളിൽ നമ്മിൽ യേശുവിനെ രൂപീകരിക്കുന്നതിൽ നമ്മെ സഹായിക്കാനുമായി ആസൂത്രണം ചെയ്തിരിക്കുന്ന ക്രിസ്തുമസ്സ്, ഈസ്റ്റർ, പെസ്തക്കുസ്ത കാലങ്ങളോടുകൂടിയ ആരാധനക്രമ-സഭാ വർഷം അതിന്റെ കൂടുതൽ സമുന്നതമായ പ്രാമുഖ്യത്തോടുകൂടെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്നു. അനുയോജ്യമായ രീതിയിൽ ആരാധിക്കാനും വിശുദ്ധരുടെയും മാലാഖമാരുടെയും ഐക്യത്തിൽ, യേശുവിന്റെ ഓരോ പ്രവൃത്തിയിലും അവസ്ഥയിലും പ്രത്യേകമായി മതാത്മകതയുടെയും ഭക്തിയുടെയും പാരമ്യമായ, ബലിയും കൂദാശയുമായ, ദിവ്യകാരുണ്യത്തിൽ അവതരിച്ച വചനവുമായും കന്യകാമറിയവുമായും ഐക്യം പ്രാപിക്കാനും ആരാധനക്രമ-സഭാ വർഷം നമ്മെ സഹായിക്കുന്നു. താപസാത്മക, രഹസ്യാത്മക, പ്രേഷിതാത്മക വത്സരങ്ങൾ യേശുവിന്റെ ആരാധനയിലേക്കും അനുധാവനത്തിലേക്കും എെക്യത്തിലേക്കും ഉന്നംവയ്ക്കുകയും ലക്ഷീകരിക്കുകയും വേണം.
57. സ്വാഭാവിക-ജ്യോതിശാസ്ത്ര വർഷത്തിന്റെയും വ്യക്തിഗത-കുടുംബ വർഷത്തിന്റെയും സാംസ്കാരിക-രാഷ്ട്ര വർഷത്തിന്റെയും വിശുദ്ധീകരണം സ്വകാര്യ ഭക്തിയുമായി ബന്ധപ്പെട്ടിരിക്കുകയും അത്തരം കാര്യങ്ങളിലുള്ള ഒരു വ്യക്തിയുടെ താത്പര്യത്തിലും തന്റെ ആദ്ധ്യാത്മിക ജീവിതത്തിൽ അവയ്ക്ക് എന്തെങ്കിലും സ്വാധീനമുണ്ടോ എന്നതിലും ആശ്രയിച്ചിരിക്കുകയും ചെയ്യുന്നു. അതുപോലെ, രഹസ്യാത്മക-സാധാരണ വർഷവും പ്രേഷിതാത്മക-സ്വകാര്യ വർഷവും സകലരെയും, തുടക്കക്കാരെപ്പോലും, അഭ്യസിപ്പിക്കുകയും പ്രാധാന്യം പറഞ്ഞുകൊടുക്കുകയും വേണം. എന്നിരുന്നാലും ആദ്യത്തേത് വ്യക്തിപരമായ തീക്ഷ്ണതയ്ക്കും രണ്ടാമത്തേത് ആത്മാക്കളുടെ വിശുദ്ധീകരണം ഏതെങ്കിലും തരത്തിൽ ഭരമേല്പിക്കപ്പെട്ടവരുടെ തീക്ഷ്ണതയ്ക്കും വിട്ടിരിക്കുന്നു. ആരാധനക്രമ-സഭാ വർഷത്തിലെ സകലതിനെക്കുറിച്ചും സന്യാസ മേലധികാരികൾ നിരന്തരമായി പ്രമുഖമാക്കിക്കാട്ടുകയും ജാഗ്രതയുള്ളവരായിരിക്കുകയും വേണം. അതുപോലെ വ്യക്തി, സന്യാസ സമൂഹത്തിനുള്ളിലായിരുന്നാലും പുറത്തായിരുന്നാലും അത് പൂർണ്ണമായി പാലിക്കണം.
Comments
Post a Comment