8 ഭാഗം 1: ആരോഹണം
ഭാഗം ഒന്ന്: എന്റെ സ്വർഗ്ഗത്തെ ധ്യാനിക്കുമ്പോൾ
1. തത്വങ്ങളും പ്രാഥമിക വാദങ്ങളും
1. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ കർത്താവായ ദൈവം, തന്റെ സ്വഭാവത്തിലും വ്യക്തികളിലും, തന്റെ പരിപൂർണ്ണതകളിലും പ്രവർത്തനങ്ങളിലും, സമ്പൂർണ്ണ ജീവനും സത്യവും സ്നേഹവുമാണ്. ഈ ദൈവിക ഉണ്മയെ, അതായത് ഏറ്റവും ലളിതവും പരിപൂർണ്ണവും നിത്യവും അളവറ്റതും അനന്തവും മാറ്റമില്ലാത്തതുമായവനെ, ദൈവിക പരിശുദ്ധി എന്നു നാം വിളിക്കുന്നു. തന്റെ ജീവന്റെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും രഹസ്യത്തിൽ ഞാൻ അവിടുത്തെ ഛായയും സാദൃശ്യവുമാകുന്നതിനായി കർത്താവായ ദൈവം എന്നെ ആഗ്രഹിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു, അവിടുന്ന് എന്നെ സൃഷ്ടിക്കുകയും ഉയർത്തുകയും ചെയ്തു, അവിടുന്ന് എന്നെ വിശുദ്ധീകരിച്ച് പവിത്രീകരിച്ചു. അപ്രകാരം - അവിടുത്തെ മഹത്വത്തിനായും അവിടുത്തെ ശുശ്രൂഷയിലും - ഒരു വ്യക്തി മറ്റു വ്യക്തിക്കു നല്കുന്ന ഒരു സ്നേഹ വാക്കും സ്നേഹ സമ്മാനവും പോലെ, ഞാൻ ദൈവിക വ്യക്തികളുമായുള്ള സ്വതന്ത്രവും സജീവവുമായ ഒരു സ്നേഹബന്ധമായിരിക്കട്ടെ.
2. അതിസ്വാഭാവിക ലോകത്തിൽ, അവിടുത്തെ കൃപയാൽ ഞാൻ പങ്കുപറ്റുന്ന ദൈവിക ജീവന്റെ മേഖലയിൽ ഇതാ ഞാൻ. ദൈവിക സത്യത്തിന്റെ വെളിച്ചത്തിൽ ദൈവിക സ്നേഹത്തിന്റെ ഭ്രമണപഥം മുഴുവനും ഞാൻ സഞ്ചരിക്കണം. സത്താപരമായി ഞാൻ നേരത്തെ തന്നെ ദൈവത്തിന്റേതാണെങ്കിലും മനുഷ്യനായി അവതരിച്ച ദൈവമായ, അവതരിച്ച വചനമായ, രക്ഷകനായ യേശുക്രിസ്തുവിന്റെ സാദൃശ്യത്തിലും പവിത്രാദാവും ആശ്വാസദായകനുമായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മൂലവും - സ്നേഹത്തിന്റെ എല്ലാ പടവുകളിലൂടെയും - ആത്യന്തിക ബന്ധത്തിലേക്കും ദൈവൈക്യത്തിലേക്കും ഞാൻ ആരോഹണം ചെയ്യുന്നതിനായി, ഇനിയും കൂടുതലായി അവിടുത്തേതായിരിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു, സദാ കൂടുതൽ അവിടുത്തെ പോലെയായിരിക്കാൻ ഞാൻ നിയുക്തനായിരിക്കുന്നു, അവിടുത്തെ ഉണ്മയിലും പ്രവൃത്തിയിലും അവിടുത്തോട് സദാ കൂടുതലായി എെക്യപ്പെട്ടിരിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.
3. ഈ സ്വർഗ്ഗത്തിലും ഈ വീഥിയിലും, അനവധി, നിരവധി ജീവജാലങ്ങളിൽ നിന്ന് ദൈവത്തിന്റെ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും നന്മ എനിക്കു സ്വീകരിക്കാൻ കഴിയും, ഞാൻ സ്വീകരിക്കുകയും വേണം. മാലാഖമാരും വിശുദ്ധരും തിരുസ്സഭയുടെ അംഗമായുള്ള ഐക്യത്തിലും തിരുകുടുംബത്തോടൊപ്പവും ദൈവിക ത്രിത്വത്തിനു വേണ്ടിയും ദൈവത്തിന്റെ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും നന്മ അനവധി, നിരവധി മറ്റു ജീവജാലങ്ങൾക്ക് നല്കാൻ എനിക്കു കഴിയും, ഞാൻ നല്കുകയും വേണം. ദൈവിക പരിശുദ്ധിയുടെ നിയമങ്ങളുടെയും ബന്ധങ്ങളുടെയും ഈ അവസ്ഥ ഞാൻ ജീവിക്കുന്നതും എന്റെ ദൈവവും സർവ്വസ്വവുമായവന്റെ മഹത്വത്തിനും സ്നേഹത്തിനും തിരുവിഷ്ടത്തിനുമായി സദാ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുമായ അവസ്ഥ.
4. ഏക സ്രഷ്ടാവും രക്ഷകർത്താവും സംഘാടകനും തനിമയാർന്ന ആദികാരണവും ഏക ആത്യന്തിക ലക്ഷ്യവുമായ കർത്താവായ ദൈവവുമായുള്ള അനിവാര്യ ബന്ധത്തിലാണ് സകല സൃഷ്ടിയും. എന്റെയും എന്റെ അയല്ക്കാരന്റെയും ജീവിതം മുഴുവനായും ചിലവഴിക്കേണ്ടത് ഈ ബന്ധത്തിലാണ്. ഈ ബന്ധം ഗ്രഹിക്കാനും ജീവിക്കാനുമായി ആന്തരികവും ബാഹ്യവുമായ ലോകത്തെ നയിച്ചുകൊണ്ട് എന്റെയും എന്റെ അയല്ക്കാരന്റെയും ജീവിതം മുഴുവനായും വിനിയോഗിക്കണം. ഇതായിരിക്കണം എല്ലായ്പ്പോഴും മതാത്മകത, അതായത് ദൈവവുമായുള്ള സമ്പൂർണ്ണമായൊരു ബന്ധം, ദൈവത്തിനായി മാത്രം പ്രവർത്തിക്കുന്ന സമ്പൂർണ്ണ പരിശുദ്ധി. ദൈവ-മനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപാവരത്താലും അവിടുത്തെ അനുകരണത്തിലുമുള്ള ദൈവത്തിന്റെ സന്യാസി, ദൈവത്തിന്റെ വിശുദ്ധൻ.
5. ആയതുകൊണ്ട്, യേശു നമ്മുടെ ശിരസ്സായിരിക്കുന്നു. അവിടുന്ന് എന്നെ അവിടുന്നുമായി ഏക ശരീരമാക്കിത്തീർത്തിരിക്കുന്നു. അവിടുത്തെ ജീവിതം മുഴുവനും, അവിടുത്തെ രഹസ്യങ്ങളും അവസ്ഥകളും പ്രവൃത്തികളും, എന്നിൽ ജീവിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. വി. പൗലോസിന്റെ അതേ സത്യസന്ധതയോടുകൂടെ ഇപ്രകാരം പറയാൻ എനിക്കു കഴിയണം: "ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്.'' ദൈവത്തിന്റെ സന്യാസിയായ, ദൈവത്തിന്റെ സർവ്വോത്കൃഷ്ട വിശുദ്ധനായ, പിതാവിനു മഹത്വം നല്കുന്നവനായ, ആത്മാക്കളുടെ രക്ഷകനായ യേശുക്രിസ്തു. രൂപാന്തരീകണത്തിലെ സൗന്ദര്യത്തോടും മാധുര്യത്തോടും കൂടെ, ഉത്ഥാനത്തിലെ അവിടുത്തെ ജീവനോടും വിജയത്തോടും കൂടെ, സ്വർഗ്ഗാരോഹണത്തിലെ അവിടുത്തെ വിജയത്തോടും മഹത്വത്തോടും കൂടെ, യേശു എനിക്കു മുമ്പേ ആയിരിക്കുകയും എന്റെ ലക്ഷ്യത്തിലേക്ക് എന്നെ നയിക്കുകും ചെയ്യുന്നു. എന്റെ ലക്ഷ്യപ്രാപ്തിക്കുള്ള ഏറ്റവും ആത്യന്തിക മാർഗ്ഗമായ ദിവ്യകാരുണ്യത്തിൽ ശാശ്വതീകരിക്കപ്പെട്ട അവിടുത്തെ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും രഹസ്യത്തിൽ അവിടുന്ന് എന്നിൽ ആയിരിക്കണം. വിശുദ്ധരുടെ പരിശീലകനായുള്ള അവിടുത്തെ കർമ്മത്തിന്റെ രഹസ്യത്തിൽ, അവിടുത്തെ പ്രബോധന ശുശ്രൂഷയിൽ, എന്റെ പ്രേഷിതത്വത്തിലായിരിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു.
6. സ്വയം അവിടുത്തേയ്ക്കു പ്രതിഷ്ഠിച്ചതും അവിടുന്ന് വസിക്കുന്നതുമായ ആത്മാവിലെ മാരകവും ലഘുവുമായ ഓരോ പാപത്തെയും അവിടുത്തെ ഹൃദയത്തിന്റെയും ആത്മാവിന്റെയും പരിശുദ്ധമായ നാളം നശിപ്പിച്ചുകളഞ്ഞിരിക്കുന്നു. ദൈവത്തിനെതിരായി സാധ്യമായ ഓരോ അതിക്രമത്തോടുമുള്ള നിത്യമായ വിദ്വേഷത്താൽ അത് എരിഞ്ഞുകൊണ്ടേയിരിക്കുന്നു. തന്റെ സ്വന്തം സ്നേഹനിർഭരമായ തീക്ഷ്ണതയിൽ കർത്താവിലേക്കു സ്വതന്ത്രമായി ആത്മാവ് ആരോഹണം ചെയ്യുന്നതിനായി ഈ പരിശുദ്ധ നാളം സൃഷ്ടികളോടുള്ള ഓരോ ബന്ധനവും എരിക്കുകയും വിഴുങ്ങുകയും നശിപ്പിക്കുകയും ചെയ്യുന്നു. സ്നേഹം ഒരിക്കലും മതി എന്നു പറയാത്തതിനാൽ നിരന്തരമായ ഒരു ആത്മീയ വളർച്ചയിലേക്ക് അവിടുന്ന് ഈ ആത്മാവിനെ കൊണ്ടുവരുന്നു. സർവ്വവും ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടുന്നു. അതിൽ നിരന്തരമായ ഒരു തീക്ഷ്ണത അവിടുന്ന് കാത്തുസൂക്ഷിക്കുന്നു. ദൈവത്തിന് ഉപരി സന്തോഷവും മഹത്വവും നൽകുന്നതിനായി സദാ കൂടുതൽ അവിടുത്തോട് സദൃശമായിരിക്കാനും സദാ കൂടുതൽ അടുത്തായിരിക്കാനുമായി എല്ലാം ചെയ്യാനോ ഒഴിവാക്കാനോ, എന്തും, മരണം പോലും ആസ്വദിക്കാനോ സഹിക്കാനോ ആത്മാവ് സജ്ജമാകുന്നതിനായി, എളിമയുടെയും ഉപവിയുടെയും പാരമ്യത്തിലാണ് ജീവിതം പൂർണ്ണമായും ചിലവഴിക്കുന്നത്.
7. കർത്താവിനോടുള്ള തന്റെ ആകർഷണത്തിൽ, പരിശുദ്ധ തീനാളത്തെ കാത്തുസൂക്ഷിക്കാനും ശക്തിപ്പെടുത്താനും അത്യാവശ്യമല്ലാത്തവയെല്ലാം ആത്മാവ് വിസ്മരിക്കുന്നു. അപ്രകാരം മന്ദോഷ്ണത വിട്ടുപേക്ഷിച്ച് ഫലവത്തായ പുരോഗതിയോടെ സദാ കർത്താവിലേക്ക് ആത്മാവ് ഉയരുന്നു. തന്നിൽത്തന്നെയും മറ്റുള്ളവരിലും ആത്മീയ പുരോഗതിയുടെ ലക്ഷണങ്ങൾ കണ്ടെത്തുമ്പോൾ ആത്മാവ് ആനന്ദിക്കുന്നു: (1) ഉത്കണ്ഠ കൂടാതെ തന്നോടുതന്നെയുള്ള അതൃപ്തി; (2) നവീന ആരംഭങ്ങളിലേക്കും പുതിയ ആവേശങ്ങളിലേക്കുമുള്ള തുടരെത്തുടരെയുള്ള മടക്കം; (3) ഒരിക്കലും അലക്ഷ്യമാകാതെ, സദാ വേണ്ടവിധം നിശ്ചയിച്ചുറച്ചതും പ്രത്യേകവുമായ ഒരു ലക്ഷ്യം ഉന്നംവയ്ക്കുന്നത്; (4) കർത്താവ് നമ്മിൽ നിന്നും സവിശേഷമായ എന്തെങ്കിലും പ്രതീക്ഷിക്കുന്നുവെന്നും അതിനോട് ഒരു പ്രത്യേക ആകർഷണം അവിടുന്ന് നമ്മിൽ തോന്നിപ്പിക്കുന്നുവെന്നുമുള്ള ബോധ്യം; (5) പ്രത്യേകമായ പ്രയത്നങ്ങളിലേക്കു പരിവർത്തനം ചെയ്യപ്പെടുന്ന, വളരുന്ന പരിപൂർണ്ണതയ്ക്കുവേണ്ടിയുള്ള പതിവായതും എന്നാൽ ആകാംക്ഷയോടെയുള്ളതുമായ ആഗ്രഹം.
8. സ്വർഗ്ഗത്തിലേക്കുള്ള തങ്ങളുടെ തീർത്ഥാടനത്തിൽ സന്മനസ്സുള്ള ആത്മാക്കളിൽ ഇവയെല്ലാം ഉണ്ടെന്നു നാം കരുതുന്നു. ചില സന്ദർഭങ്ങളിൽ മന്ദോഷ്ണതയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ നിരാശരാകരുത്. ഉണരുമ്പോൾ താൻ മന്ദോഷ്ണാവസ്ഥയിലാണെന്നു കണ്ടെത്തിയാൽ അവർ നഷ്ടധൈര്യരാകരുത്. കർത്താവിന്റെ നാമത്തിൽ അവർ അതു പുനഃരാരംഭിക്കണം. മന്ദോഷ്ണതയുടെ ലക്ഷണങ്ങൾ: (1) ഭക്തകൃത്യങ്ങളുടെ അനായാസേനയുള്ള അവഗണന; (2) എപ്രകാരം ഒരു ഭക്തകൃത്യം ചെയ്തു എന്നതു ശ്രദ്ധിക്കാതെ അതു ചെയ്തുതീർത്തതിൽ തൃപ്തിപ്പെടുന്നത്; (3) കാരണം കണ്ടെത്തി ഒഴിവാക്കുന്നതിനു പകരം കർത്താവിനോട് നീരസം തോന്നുന്നത്; (4) ശരിയായി നിശ്ചയിച്ചുറച്ച നിയോഗങ്ങൾ കൂടാതെ അശ്രദ്ധമായി പെരുമാറുന്നത്; (5) സുകൃത ശീലങ്ങൾ വളർത്തിയെടുക്കുന്നതിലുള്ള അവജ്ഞ; (6) ചെറിയ കാര്യങ്ങളോടും പുണ്യത്തിന്റെ അനുദിന അവസരങ്ങളോടുമുള്ള അവജ്ഞ; (7) ചെയ്യേണ്ട നന്മയെക്കാൾ ചെയ്ത നന്മ നോക്കുന്നത്, നമുക്കു മീതെയും മുമ്പേയുമുള്ളവർക്കുപരി നമുക്കു താഴെയോ പിന്നിലോ ഉള്ളവരെ നോക്കുന്നത്, ഭാവിക്കുവേണ്ടി പോരാടാൻ നമ്മെത്തന്നെ സജ്ജരാക്കുന്നതിനെക്കാൾ ഭൂതകാലത്തിന്റെ ആസ്വാദനം. "നിങ്ങളുടെ ഹൃദയങ്ങൾ ഉയർത്തുവിൻ.''
9. വലിയ ആരാധനയോടും വണക്കത്തോടും കൂടെ വിജയസഭയിലും സഹനസഭയിലുമുള്ള കർത്താവിന്റെ വിശുദ്ധരെയും അവരായിരിക്കുന്നതോ അഥവാ അവർ സ്വയം ഏറ്റെടുത്തിരിക്കുന്നതോ ആയ പരിപൂർണ്ണതയുടെ അവസ്ഥയ്ക്കായി സമരസഭയിലെ കർത്താവിന്റെ വിശുദ്ധരെയും ആത്മാവ് ഉറ്റുനോക്കുന്നു. അപ്രകാരമുള്ളവരാണ് തിരുസ്സഭയുടെ ഇടയന്മാരും കത്തോലിക്കാ ആരാധനയുടെ ശുശ്രൂഷകരും അപ്പസ്തോലിക ജീവിതത്തിന്റെയും ദൗത്യത്തിന്റെയും ഓരോ സന്യാസ സമൂഹത്തിന്റെയും സ്ഥാപനത്തിന്റെയും രൂപത്തിന്റെയും സകല സന്യസ്തരും. അവരുടെ സന്യാസ ജീവിതത്തിൽ ഭാഗഭാക്കാകാൻ ആത്മാവ് ആഗ്രഹിക്കുകയും അവർക്കാവശ്യമായി വന്നേക്കാവുന്ന ഏറ്റവും ഉപകാരപ്രദമായ സേവനത്തിന് ആത്മാർത്ഥമായി സമർപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് അവരുടെ ഏറ്റവും എളിയ സേവകനായി സ്വീകരിക്കപ്പെടാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഓരോരുത്തരും തങ്ങളുടേതായ പരിതഃസ്ഥിതിയിൽ കർത്താവായ ദൈവത്തിന്റെ ഒരു സന്യാസിയാവുകയും യേശുവിന്റെ ആഗമനത്തോടും പരിശുദ്ധാത്മാവിന്റെ ഇറങ്ങിവരവോടും കൂടെ സമാരംഭിച്ച വിശുദ്ധിയുടെ സാമ്രാജ്യം ഓരോ സ്ഥലത്തും ഓരോ വ്യക്തിയിലും സ്ഥാപിതമാകുന്നതിനുമായി, സന്യാസ ജീവിതത്തിന്റെ നന്മ ലോകത്തിലെ സഹോദരങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ആത്മാവ് ആഗ്രഹിക്കുന്നു.
10. പരിശുദ്ധാത്മാവിന്റെ ദൗത്യത്താൽ മകുടമണിയപ്പെട്ട മാംസമായ വചനത്തിന്റെ ദൈവിക ദൗത്യം നമുക്ക് സഭയെ നല്കിയിരിക്കുന്നു. തിരുസ്സഭയിൽ, അംഗങ്ങൾക്കിടയിൽ, മാലാഖമാരുടെയും ദൈവത്തിന്റെ വിശുദ്ധരുടെയും സവിശേഷമായി പരിശുദ്ധ കന്യകാമറിയത്തിന്റെയും ചെറുദൗത്യങ്ങൾ പോലെയുണ്ട്. ഒരുപക്ഷേ സജീവമായ ഏഴു നാളങ്ങൾ, ദൈവസിംഹാസനത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന മാലാഖമാർ, ഈ സമയം ത്രിത്വത്തിന്റെ സ്നേഹിതരുടെ സദസ്സിലേക്ക് എല്ലാ ജനങ്ങളെയും ഒരുമിച്ചുകൂട്ടുന്നതിനായി ഭൂമിയിലൂടെ കടന്നുപോകുകയായിരിക്കാം. ഒരുപക്ഷേ അപ്പസ്താലന്മാരും സഭാസ്ഥാപകരും തങ്ങളുടെ മഹത്വീകൃത സഖ്യത്തിന്റെ സഹായക സൈന്യത്തിലേക്ക് ആളെചേർക്കാൻ ഭൂമിയിലൂടെ കടന്നുപോവുകയായിരിക്കാം. ഒരുപക്ഷേ ദൈവവിളികളാൽ തിരഞ്ഞെടുക്കപ്പെട്ടവരെ പരിശീലിപ്പിക്കാനും വിശുദ്ധീകരിക്കാനുമായി വി. യൗസേപ്പും പരിശുദ്ധ മാതാവും ഭൂമിയിലൂടെ കടന്നുപോവുകയാകാം. കാരണം, തന്റെ ശൈശവവും കൗമാരവും യുവപുരുഷാവസ്ഥയും യൗസേപ്പിനും മറിയത്തിനും ഭരമേല്പിക്കപ്പെട്ടതുപോലെ, മറ്റെല്ലാവരെക്കാളുമുപരി അവർക്കിടയിൽ യേശു സജീവമായിരിക്കണം. ആത്മാക്കളുടെ പരിശുദ്ധ സൈന്യത്തിൽ, ഒരു സന്യാസ കുടുംബത്തിൽ, ഇതാ ഞാൻ. എന്റെ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമായി, എനിക്കു ജീവിതവും മാർഗ്ഗനിർദ്ദേശവും നല്കുന്ന നല്ല ആത്മാവിന്റെ വെളിപ്പെടുത്തലായി, "നമ്മോടൊത്തുള്ള ദൈവ''ത്തിന്റെയും അവിടുന്നിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെയും മഹത്വത്തിന്റെയും സ്നേഹത്തിന്റെയും സദസ്സെന്ന നിലയിലും ആന്തരിക ജീവിതത്തെ ഞാൻ സൂക്ഷ്മമായി ആദരിക്കാനും കാത്തുസൂക്ഷിക്കാനും ആഗ്രഹിക്കുന്നു, അതങ്ങനെ ഞാൻ ചെയ്യുകയും വേണം.
Comments
Post a Comment