10 ഭാ​​ഗം 1: ആരോ​ഹണം

3. എന്തായിരിക്കണം എന്റെ ചൈതന്യം?

21. എന്റെ ഈ മഹാ സംരംഭം ഞാൻ പൂർത്തിയാക്കുന്നതിന് പരിശുദ്ധ വെളിപാടിൽ, പ്രത്യേകിച്ചും ഏശയ്യാ പ്രവാചകനിലും സുവിശേഷത്തിലും വി. പൗലോസിലും കാണപ്പെടുന്ന ദൈവദാസന്റെ സഹജവും വ്യതിരിക്തവുമായ ഓരോ സവിശേഷതയും എന്നിൽ സംയോജിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

22. ദൈവ-മനുഷ്യനായ യേശുക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം, അവിടുത്തെ രാജ്യത്തിനുവേണ്ടിയുള്ള ഓരോ സംരംഭത്തിലും അവിടുന്ന് വീണ്ടെടുത്തവർക്കു വേണ്ടിയുള്ള ഓരോ പ്രയത്നത്തിലും "അവൻ വളരുകയും ഞാൻ കുറയുകയും വേണം'' എന്നു പറയുന്ന അവിടുത്തെ മുന്നോടിയായ സ്നാപക യോഹന്നാന്റെ ചൈതന്യത്താൽ ഞാൻ നിറയണം.

23. കർത്താവിന്റെ നിയമാനുസൃതമായ പ്രതിനിധികളും ദൈവത്തിന്റെ ശുശ്രൂഷകരുമായുള്ള ബന്ധത്തിൽ, താൻ വിളിക്കപ്പെട്ടപ്പോൾ ഒന്നിൽക്കൂടുതൽ തവണ തന്റെ വിശ്രമം വിട്ട് ഓടിച്ചെന്ന് "ഞാൻ ഇതാ! അങ്ങ് എന്നെ വിളിച്ചല്ലോ'', "കർത്താവേ, അരുൾചെയ്താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു'' എന്നു പറഞ്ഞ യുവപ്രവാചകനായ സാമുവലിൽ കാണപ്പെടുന്ന എളിമയുടെയും ഉപവിയുടെയും ചൈതന്യത്താൽ ഞാൻ നിറയണം.

24. അംഗീകൃത പ്രചോദനങ്ങളിലൂടെയും സന്യാസ നിയമാവലിയിലൂടെയും സ്വയം വെളിപ്പെടുന്ന കർത്താവിന്റെ തിരുവിഷ്ടത്തെ സംബന്ധിച്ചിടത്തോളം, മാലാഖയുടെ പ്രഖ്യാപനത്തോട് "ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!'' എന്നു പ്രതിവചിച്ച് ദൈവമാതാവായിത്തീർന്ന കന്യകാമറിയത്തിന്റെ എളിമയുടെയും ഉപവിയുടെയും ചൈതന്യത്താൽ ഞാൻ നിറയണം.

25. വിശുദ്ധീകരണത്തിന് പരോക്ഷമായ ഒരു സഹായം പോലും സാധ്യമായ സന്ദർഭത്തിൽ, എനിക്കു ചുറ്റുമുള്ളവരെ സംബന്ധിച്ചിടത്തോളം "എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്കെല്ലാം ചെയ്യാൻ കഴിയും'' എന്നും തത്ഫലമായി "കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി'' എന്നും പ്രസ്താവിക്കുന്ന വിജാതീയരുടെ അപ്പസ്തോലനായ വി. പൗലോസിന്റെ എളിമയുടെയും ഉപവിയുടെയും അരൂപിയാൽ ഞാൻ നിറയണം.

26. എന്നെ സംബന്ധിച്ചിടത്തോളം, നീതിയുടെയും ഉപവിയുടെയും ദൗത്യത്തിന്റെയും എന്റെ എല്ലാ കടമകളും പരിപൂർണ്ണമായി ഞാൻ നിർവ്വഹിച്ചിട്ടുണ്ടെങ്കിലും, പ്രതിഫലത്തിനോ അംഗീകാരത്തിനോ ഉള്ള യാതൊരു അവകാശവാദവും കൂടാതെ, "ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാരാണ്. കടമ നിർവ്വഹിച്ചതേയുള്ളൂ'' എന്ന് സകല സത്യസന്ധതയോടും ലാളിത്യത്തോടും കൂടെ ഞാൻ ചിന്തിക്കുകയും പറയുകയും വേണം.

27. എല്ലാ കാര്യത്തിലും എല്ലായിടത്തും യേശുവിന്റെ തന്നെ എളിമയുടെയും ഉപവിയുടെയും അരൂപിയെ ഒരു ദൈവിക ആനുകൂല്യമെന്നോണം ഞാൻ സ്വായത്തമാക്കണം: "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനുമാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്.''

28. എളിമയുടെയും ഉപവിയുടെയും എന്റെ അരൂപിയുടെ പ്രയോഗവും തെളിവും അടയാളവും സമൂഹജീവിതത്തിലും പ്രവർത്തനത്തിലുമുള്ള ബാഹ്യവും ആന്തരികവുമായ സന്യാസ അനുസരണത്തിന്റെ പൂർണ്ണതയായിരിക്കണം. എന്റെ അനുസരണം ഉദാരമായ ഇച്ഛയോടുകൂടെയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, ദൈവിക പദ്ധതിയോടും ഹിതത്തോടും "ഇതാ ഞാൻ, എന്നെ അയച്ചാലും'' എന്നു പ്രത്യുത്തരിക്കുന്ന ഒരുവനെപ്പോലെ, ഒരാൾ സഹിക്കുമ്പോൾ അയാൾ കൂടുതൽ സമർപ്പിക്കുന്നു.

29. എളിമയുടെയും ഉപവിയുടെയും ഈ അരൂപി നേടിയെടുക്കുന്നതിന്, എല്ലാവരിലും എല്ലാറ്റിലുമുള്ള ദൈവത്തിന്റെ മഹത്വവും സ്നേഹവും തിരുവിഷ്ടവുമാകുന്ന എന്റെ ആനന്ദത്തിൽ വിശ്വാസവും, യേശുക്രിസ്തുവിനോടൊപ്പം "തനിക്കു മുന്നിലുള്ള സന്തോഷത്തെപ്രതി അവിടുന്ന് കുരിശു സഹിച്ച'' കഠിനാദ്ധ്വാനിയും വിശ്വസ്തനുമായ ഭൃത്യനു വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കർത്താവിന്റെ ആനന്ദമായ ദൈവൈക്യത്തിനായുള്ള പ്രത്യാശയും ഞാൻ വളർത്തിയെടുക്കണം.

30. മാത്രമല്ല, ദൈവിക പരിഗണനകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ദൈവദാസന്റെ പരമമായ മാതൃകയും പിതാവിന്റെ യഥാർത്ഥ സന്യാസിയുമായ ദൈവ-മനുഷ്യനായ യേശുക്രിസ്തുവിനോടുള്ള സംയോജക സ്നേഹത്തിന്റെ പൂർണ്ണത ഞാൻ എന്നിൽ പരിപാലിക്കണം: "ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാൻ എന്റെ ആത്മാവിനെ അവനു നൽകി.''

Comments

Popular posts from this blog

ഭാ​ഗം 1: ആരോഹണം (011)

(134) ഭാ​ഗം 1: ആരോഹണം

ഭാ​ഗം 1: ആരോഹണം (115)